ADVERTISEMENT

ഇന്നേക്ക് പതിനേഴു വർഷം മുൻപുള്ള സംഭവമാണ്. എംബിഎ പഠനം കഴിഞ്ഞ് പത്തനംതിട്ടയിൽ ഒരു സ്വകാര്യ ന്യൂജെൻ ബാങ്കിൽ മാർക്കറ്റിങ് വിഭാഗത്തിൽ  ജോലി ചെയ്യുന്ന സമയം. പുതിയ ഇടപാടുകരെ കണ്ടെത്തി അക്കൗണ്ട് തുറപ്പിക്കുകയും നല്ലൊരു തുക നിക്ഷേപമായി ബാങ്കിലിടാൻ വേണ്ട ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് ജോലി. രാവിലെ ഒാഫിസിൽ ചെന്ന് ഹാജർവച്ച് ബൈക്കുമായി ഇറങ്ങും. മാസത്തിൽ അക്കൗണ്ടിനു ടാർഗറ്റുള്ളതുകൊണ്ട് വെയിലും മഴയുമൊന്നും നോക്കാതെയുള്ള ഒാട്ടമായിരുന്നു. പ്രവാസി സുഹൃത്തുക്കളും അവരുടെ ബന്ധുക്കളുമെല്ലാം പുതിയ അക്കൗണ്ടുകൾ നൽകി സഹായിച്ചതിനാൽ കുറച്ചു നാളുകൾ കൊണ്ട് ‘സെയിൽസ് ടോപ്പ’റായി തിളങ്ങാൻ കഴിഞ്ഞു. അങ്ങനെ കാര്യങ്ങൾ മുൻപോട്ടു പോകുമ്പോഴാണ് സെയിൽസ് ടീമിലേക്ക് സാബു എന്ന പയ്യൻ വരുന്നത് (യഥാർഥ പേരല്ല).  ആള് പഠിച്ചതും വളർന്നതുമൊക്കെ വിദേശത്തായിരുന്നതു കൊണ്ട് മലയാളം നാവിനു വഴങ്ങുന്നില്ല. പച്ചവെള്ളം പോലെ ഇംഗ്ലിഷ് പറയുമെങ്കിലും വകതിരിവ് വട്ടപ്പൂജ്യം. ഞങ്ങളുടെ മാനേജർ എന്തു പറഞ്ഞാലും അതേപടി കേൾക്കും. 

സാബു ജോലിക്ക് കയറി ആദ്യ മാസം കഴിഞ്ഞപ്പോൾ കുറച്ച് പുതിയ ഇടപാടുകാരെ ബാങ്കിനു സമ്മാനിച്ചു. അക്കൗണ്ടിന്റെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും അക്കൗണ്ടിലെ പൈസയ്ക്ക് മാനേജരെ ‘ഇംപ്രസ്’ ചെയ്യാനുള്ള വകയുണ്ടായിരുന്നില്ല. ആദ്യ മാസത്തെ റിവ്യൂ യോഗത്തിൽ മാനേജർ അൽപം ശബ്ദം കടുപ്പിച്ച് സാബുവിന്റെ മുഖത്തു നോക്കി പറഞ്ഞു: ചെറിയ അക്കൗണ്ട് ഒന്നും കിട്ടിയിട്ടു കാര്യമില്ല, നമുക്ക് വേണ്ടത് ‘ബിഗ് ഫിഷ്’

യോഗം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ സാമാന്യം വലുപ്പമുള്ള നെയ്മീനുമായി സാബു മാനേജരുടെ ക്യാബിൻ ‘ചന്തയാക്കി’. ചിരിക്കണോ കരയണോ എന്നറിയാതെ മാനേജർ സാബുവിനെ നോക്കി. ‘ദേ ബിഗ് ഫിഷ്’ എന്ന ലൈനിലായിരുന്നു സാബു. മാനേജർ സാബുവിനോട് മീനുമായി പുറ‍ത്തു കാത്തിരിക്കാൻ പറഞ്ഞു. 

ഞാൻ ക്യാബിനിലേക്കു ചെല്ലുമ്പോൾ മാനേജരുടെ മുഖം ചെമ്പല്ലി പോലെ ‘ചുവന്നു തുടുത്തി’രിക്കുന്നു. സംഭവം കേട്ടപ്പോൾ എനിക്കും ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. അടുത്ത ദിവസം മുതൽ സാബു എന്റെ ശിഷ്യനായി. രാവിലെ തന്നെ പുതിയ ഇടപാടുകാരെ തേടിയിറങ്ങി. ഉച്ചവരെ വെയിൽ കൊണ്ട് അലഞ്ഞിട്ടും ‘ചെറിയ മീൻ’ പോലും കിട്ടിയില്ല. ശിഷ്യന് എന്നോട് സകലബഹുമാനവും തീരുമല്ലോ എന്നോർത്ത് എനിക്ക് ടെൻഷനായി. ദൈവമേ... ഒരു വഴിയും കാണുന്നില്ലല്ലോ എന്നു പ്രാർഥിച്ചു നോക്കുമ്പോൾ പത്തനംതിട്ട കലക്ടറേറ്റ്  തലയുയർത്തി നിൽക്കുന്നു. ശിഷ്യന്റെ മുൻപിൽ ഷൈൻ ചെയ്യാൻ പറ്റിയ അവസരമാണിത്. ഞാൻ അറ്റകൈ പ്രയോഗിച്ചു. കലക്ടറേറ്റിൽ പോയി ജില്ലാ കലക്ടറെക്കൊണ്ട് അക്കൗണ്ട് എടുപ്പിക്കുക. 

എന്റെ പ്ലാൻ കേട്ടതും സാബുവിനും സന്തോഷം. ആശാനേ നമ്മൾ പൊളിക്കും എന്ന ഭാവത്തിൽ എന്നെ നോക്കി. അങ്ങനെ രണ്ടാളും കലക്ടറേറ്റിൽ ഇടിച്ചു കയറി.  ബാങ്കിൽനിന്നാണെന്നും കലക്ടറെ അത്യാവശ്യമായി കാണേണ്ട ആവശ്യം ഉണ്ടെന്നും പറഞ്ഞപ്പോൾ പത്തു മിനിറ്റ് കാണാൻ അനുവാദം കിട്ടി.  ഞങ്ങളോട് പുറത്തു കാത്തിരിക്കാൻ പറഞ്ഞ സമയത്ത് ഞാൻ ശിഷ്യനോടു പറഞ്ഞു: ‘ഞാൻ എങ്ങനാണ് ക്ലയന്റിനെ ഡീൽ ചെയ്യുന്നതെന്ന് കണ്ടുപഠിക്ക്.  ഇടക്ക് കയറി സംസാരിക്കരുത്.  അവസാനം അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സമ്മതിച്ചാൽ പ്രൂഫ് ഓഫ് ഐഡന്റിറ്റി ചോദിച്ചാൽ മതി..’

കലക്ടറെ കാണാനുള്ള ഊഴമെത്തി. നല്ലൊരു യങ് ഡൈനാമിക് ജെന്റിൽമാൻ ആയിരുന്നു കലക്ടർ. അക്കൗണ്ടിന്റെ മികവും ബാങ്കിന്റെ സേവനങ്ങളെയും കുറിച്ച് കൃത്യം ‘അഞ്ചു മിനിറ്റിൽ തള്ളി’. രണ്ടു ചെറുപ്പക്കാരെ നിരാശരായി മടക്കി അയക്കേണ്ട എന്നു കരുതിയാവണം അദ്ദേഹം അക്കൗണ്ട് തുടങ്ങാൻ സമ്മതിച്ചു. 

ഞാൻ വിജയശ്രീലാളിതനായി ശിഷ്യൻ സാബുവിനെ നോക്കി. എന്നിട്ട് അവനോട് പ്രൂഫ് ഓഫ് ഐഡൻഡിറ്റി മേടിക്കാൻ കണ്ണു കൊണ്ട് നിർദേശം നൽകി. അടുത്ത നിമിഷം അവൻ സ്വതസിദ്ധമായ ഇംഗ്ലിഷിൽ കലക്ടറോടു ചോദിച്ചു – Do you have any proof that you are a Collector?

എന്റെ കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി. കലക്ടർ നല്ല മനുഷ്യനായതു കൊണ്ട് അക്കൗണ്ട് തുറക്കാനുള്ള രേഖകൾ തന്നിട്ട് ശിഷ്യനെയും എന്നെയും നോക്കി. ബാങ്ക് എത്തുന്നതു വരെ ഞാനും ശിഷ്യനും മിണ്ടിയില്ല. കലക്ടറേറ്റ് എന്നു കേൾക്കുമ്പോൾ ഞാൻ ഇൗ സംഭവം ഒാർമിക്കും. എന്റെ ശിഷ്യൻ ഇപ്പോൾ എവിടെയാണാവോ? 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. literature@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

English Summary : Career - Work Experience Series - Anoop Kumbanad Memoir

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com