ADVERTISEMENT

അമേരിക്കൻ ജിയോഫിസിക്കൽ യൂണിയന്റെ ജിയോ ഹെൽത്ത് ജേണലിൽ ഈയിടെ ചൈനയിൽ നിന്നുള്ള ഒരു പഠനം പ്രസിദ്ധീകരിച്ചു– ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ചൂടു കാലാവസ്ഥയും കൊറോണ വൈറസ് ബാധയും തമ്മിലുള്ള ബന്ധം സംബന്ധിച്ചായിരുന്നു അത്. അറ്റ്മോസ്ഫെറിക് സയൻസും ബയോളജിയുമെല്ലാം സംയോജിപ്പിച്ചുള്ള ഈ പഠനം നടത്തിയ ഗവേഷകയുടെ പേര് കീർത്തി ശശികുമാർ; കോഴിക്കോട് സ്വദേശി. ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ സ്കോളർഷിപ്പോടെ ബെയ്ജിങ്ങിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്മോസ്ഫെറിക് ഫിസിക്സിൽ ഗവേഷണം നടത്തുന്നു. ചൂടു കാലാവസ്ഥയിലും കൊറോണ വൈറസ് തളരില്ല എന്നായിരുന്നു കീർത്തിയുടെ കണ്ടെത്തൽ. 

അന്തരീക്ഷ പഠനം 

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് അറ്റ്മോസ്ഫെറിക് സയൻസിൽ എംഎസ്‌സി നേടിയശേഷമാണ് കീർത്തി ചൈനയിലെത്തിയത്. 

അറ്റ്മോസ്ഫെറിക് സയൻസിനു ശാഖകൾ പലതാണ്– കാലാവസ്ഥയെക്കുറിച്ചു പഠിക്കുന്ന ക്ലൈമറ്റോളജി, അന്തരീക്ഷചലനങ്ങൾ പഠിക്കുന്ന ഡൈനമിക് മീറ്റിയറോളജി, മേഘങ്ങളെക്കുറിച്ചു പഠിക്കുന്ന ക്ലൗഡ് ഫിസിക്സ്, അന്തരീക്ഷത്തിലെ രാസഘടകങ്ങൾ സംബന്ധിച്ച അറ്റ്മോസ്ഫെറിക് കെമിസ്ട്രി, അന്തരീക്ഷത്തിലെ ഏറ്റവും ഉയർന്ന ഭാഗത്തെക്കുറിച്ചു പഠിക്കുന്ന എയ്റോണമി, സമുദ്രങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന അന്തരീക്ഷ മാറ്റങ്ങളെക്കുറിച്ചും പഠിക്കുന്ന ഓഷനോഗ്രഫി, അന്തരീക്ഷത്തിലെ ഭൗതികമാറ്റങ്ങളെക്കുറിച്ചുള്ള അറ്റ്മോസ്ഫെറിക് ഫിസിക്സ്... ഇതിൽ അറ്റ്മോസ്ഫെറിക് ഫിസിക്സ് ആണ് കീർത്തിയുടെ ഗവേഷണമേഖല. 

ഇന്ത്യയിലും അവസരം

ഫിസിക്സിലോ മാത്‌സിലോ ബിരുദശേഷം മീറ്റിയറോളജിയിലോ അറ്റ്മോസ്ഫെറിക് സയൻസിലോ എംഎസ്‌സിയോ എംടെക്കോ എടുക്കാം. എംഎസ്‌‌സി മീറ്റിയറോളജി പഠിക്കാവുന്ന സ്ഥാപനങ്ങൾ: കുസാറ്റ്, ആന്ധ്ര സർവകലാശാല, തമിഴ്നാട് കാർഷിക സർവകലാശാല, ശിവജി സർവകലാശാല, ഭാരതിയാർ സർവകലാശാല, അടൽ ബിഹാരി വാജ്പേയ് ഹിന്ദി സർവകലാശാല, ഇന്ദിരാഗാന്ധി കാർഷിക സർവകലാശാല. എംടെക് അറ്റ്മോസ്ഫെറിക് സയൻസ് പഠിക്കാവുന്ന സ്ഥാപനങ്ങൾ: കുസാറ്റ്, ആന്ധ്ര സർവകലാശാല, ഐഐടി ഡൽഹി, എൻഐടി റൂർക്കല, സാവിത്രിബായ് ഫൂലെ പുണെ സർവകലാശാല. 

success-story-of-keerthi-sasikumar-institute-of-atmospheric-physics-chinese-academy-of-sciences
കീർത്തി ശശികുമാർ

ജോലിയെങ്ങനെ ? 

ഇന്ത്യൻ മീറ്റിയറോളജിക്കൽ ‍ഡിപ്പാർട്മെന്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി, നാഷനൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിങ്, നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ഐഎസ്ആർഒ, നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷൻ റിസർച്, എയർ ഫോഴ്സ്, ഡിആർഡിഒ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച് തുടങ്ങിയവയിലൊക്കെ അവസരമുണ്ട്. വിദേശത്താണെങ്കിൽ നാസ വരെയുള്ള സ്ഥാപനങ്ങൾക്ക് അറ്റ്മോസ്ഫെറിക് സയന്റിസ്റ്റുകളെ ആവശ്യമുണ്ട്. അഗ്രി–ബിസിനസ്, കാലാവസ്ഥാ പ്രവചനം തുടങ്ങിയവയിൽ സ്വകാര്യ മേഖലയിലും അവസരങ്ങളുണ്ട്. സ്കൈമെറ്റ് വെതർ സർവീസസ് ഉദാഹരണം. 

വീട്ടുകാര്യം

എയർഫോഴ്സിൽ റഡാർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അച്ഛൻ ശശികുമാറിൽ നിന്നാണ് കീർത്തിക്കു ജീവിതത്തിൽ താൻ ഏതു വഴിക്കു പോകണമെന്ന സിഗ്നൽ ആദ്യം കിട്ടിയത്. ഭർത്താവ് ‍ഡോ. നിതിൻ ദിവാകറും നാനോ സയൻസ് ഗവേഷകനായി ചൈനയിൽ കൂടെയുണ്ട്. കീർത്തിയുടെ അമ്മ ജീജ. 

സ്കോളർഷിപ്പിലേക്കുള്ള വഴി

എർത്ത് ആൻഡ് എൻവിയോൺമെന്റ് വിഷയങ്ങളിൽ ലോകത്തെ മുൻനിര സ്ഥാപനമാണ് ചൈനീസ് അക്കാദമി ഓഫ് സയൻസസ്. യൂണിവേഴ്സിറ്റി ഓഫ് ചൈനീസ് അക്കാദമി ഓഫ് സയൻസസ് (യുസിഎഎസ്) വിദേശ വിദ്യാർഥികൾക്കു നൽകുന്ന പൂർണ സ്കോളർഷിപ്പാണ് കീർത്തിക്കു കിട്ടിയത്. മാസ്റ്റേഴ്സ്, പിഎച്ച്ഡി തലങ്ങളിൽ  ഭാഗിക സ്കോളർഷിപ്പുകളുമുണ്ട്. ആദ്യം ഗവേഷണ വിഷയം അടിസ്ഥാനമാക്കി ഗൈഡിനെ കണ്ടെത്തി, റിസർച് പ്രപ്പോസലും ബയോഡേറ്റയും അയയ്ക്കുക. അനുവാദം കിട്ടിയാൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം. റിസർച് പ്രപ്പോസലിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക്: https://ic-en.ucas.ac.cn/page/ucas-scholarship

English Summary : Career Guru - Success story of Keerthi Sasikumar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com