ADVERTISEMENT

ഇമ്മാനുവൽ എന്ന മലയാള സിനിമ കണ്ട മിക്കവരും സെയിൽസ് ആൻഡ് മാർക്കറ്റിങ്  ജോലിയുടെ സ്വഭാവത്തെക്കുറിച്ച് കുറച്ചൊക്കെ മനസിലാക്കിയിട്ടുണ്ടാകും. ക്ലയന്റിനെ പിടിക്കാനും സെയിൽസ് ടാർഗെറ്റ് നേടാനുമുള്ള മത്സരവും, ഈ ഫീൽഡിലെ ചീത്തവിളിയും, കഷ്ടപ്പാടുമൊക്കെ പ്രസ്തുത സിനിമയിൽ വിശദമായി തന്നെ കാണിക്കുന്നുണ്ട്. എന്തായാലും, ദുബായിയിലെ ഒരു പ്രിന്റിങ് കമ്പനിയിൽ ഞാൻ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന കാലമാണ് ഈ സിനിമ കണ്ടപ്പോൾ എനിക്കോർമ്മ വന്നത്. 

സെയിൽസിൽ അധികം പരിചയമൊന്നുമില്ലാതിരിക്കെ ഒരു പുതിയ പ്രിന്റിങ് കമ്പനിയിൽ ജോയിൻ ചെയ്ത കാലം. ഡെഡ്‌ലൈനുകളുടെ പ്രഷറും, കയ്യാങ്കളിയോളമെത്തുന്ന ക്ളയന്റ്സിന്റെ  ചീത്തവിളികളും, പ്രൊഡക്ഷൻ ടീമുമായുള്ള ഏറ്റുമുട്ടലുകളും ശീലമായി വരുന്നതേ ഉണ്ടായിരുന്നുള്ളു. സെയിൽസ് ടീമിലെ ആരെങ്കിലും അവധിയെടുത്തു നാട്ടിൽ പോകുമ്പോൾ അയാളുടെ ചില ക്ലയന്റ്സിനെ താത്ക്കാലികമായി നോക്കാൻ മാനേജർ മറ്റ് സെയിൽസ് എക്സിക്യൂട്ടീവുകളെ ഏൽപ്പിക്കും. അങ്ങനെയാണ് പാക്കിസ്ഥാനിയായ എന്റെ സഹപ്രവർത്തകൻ തജമാലിന്റെ ക്ലയന്റായ  പാട്രിക്കിന്റെ വർക്കുകളുടെ ചുമതല എന്റെ തലയിൽ വന്നു വീഴുന്നത്. പാട്രിക്ക് അരക്കിറുക്കനും, ചൂടനുമായ ഒരു യൂറോപ്പ്യൻ ആണെന്നും,  ശ്രദ്ധിക്കണമെന്നുമൊക്കെ അവധിയിൽ പോകുന്നതിന്റെ തലേന്ന് തജമാൽ ചെറുതായി എന്നോട് സൂചിപ്പിച്ചിരുന്നെങ്കിലും ഇത്രയും വലിയൊരു വയ്യാവേലിയാണ് ഞാൻ തലയിലെടുത്തു വെച്ചതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. 

തജമാൽ പോയി ദിവസം രണ്ട് കഴിഞ്ഞപ്പോൾ മാനേജർ എന്നെ വിളിപ്പിച്ചു. പാട്രിക്കിന് നൽകാനുള്ള പ്രിന്റിങ് സാമ്പിളുകൾ റെഡിയാണെന്നും, അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്ത് അവ പാട്രിക്കിനെ കാണിച്ച ശേഷം അപ്പ്രൂവൽ വാങ്ങണമെന്നും പറഞ്ഞു. പാട്രിക്കിനെ മുൻപരിചയമുണ്ടോയെന്ന് ചോദിച്ച് മാനേജർ ഒരു കള്ളച്ചിരി ചിരിച്ചപ്പോൾ എനിക്കെന്തോ അസ്വാഭാവികത തോന്നി. എങ്കിലും ഞാൻ അതൊന്നും ഗൗനിക്കാതെ സാമ്പിളുകളുമായി മെട്രോ ട്രെയിനിൽ കയറി പാട്രിക്കിന്റെ ഓഫീസിലേക്ക് തിരിച്ചു.  

ട്രെയിൻ ഇറങ്ങേണ്ട സ്റ്റേഷന്റെ തൊട്ടടുത്തായിരുന്നു പാട്രിക്കിന്റെ ഓഫീസ്. കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. ആ ഓഫീസിൽ പത്തു പേരോളം പല ക്യൂബിക്കിളുകളിലായി ഇരുന്ന് ജോലി ചെയ്യുന്നുണ്ടായിരുന്നു. അവിടെ ചോദിച്ചപ്പോൾ കൂട്ടത്തിലൊരാൾ പാട്രിക്കിന്റെ ക്യാബിൻ കാണിച്ചു തന്നു. സാമ്പിളുകളുമായി സാധാരണ മട്ടിൽ ഞാനങ്ങോട്ട് കടന്നു ചെന്നു. കണ്ണട ധരിച്ച, മൊട്ടത്തലയനായ ഒരാജാനബാഹുവാണ് പാട്രിക്ക്. ഗൗരവഭാവം. ലാപ്ടോപ്പിൽ അയാൾ എന്തോ ടൈപ്പ് ചെയ്ത് കൊണ്ടിരിക്കെയാണ് ഞാൻ കടന്നു ചെന്ന് സ്വയം പരിചയപ്പെടുത്തിയത്. വലിയ ഔപചാരികതയൊന്നും കാണിക്കാതെ അയാൾ എന്റെ കയ്യിൽ നിന്ന് സാമ്പിളുകൾ വാങ്ങി, മൂക്കിന്റെ അറ്റത്തേക്ക് നീക്കി വെച്ച കണ്ണടയിലൂടെ പരിശോധിക്കാൻ തുടങ്ങി. 

ഞാൻ ക്ഷമയോടെ പാട്രിക്കിന് മുൻപിൽ കാത്തു നിൽക്കുകയാണ് . പൊടുന്നനെയാണത് സംഭവിച്ചത്. 

ഒരലർച്ചയോടെ പാട്രിക്ക് ചാടിയെഴുന്നേറ്റു. ‘വാട്ടീസ് ദിസ് ഷിറ്റ്? ഹൗ മെനി ടൈംസ് ഐ  എക്സ്പ്ലെയിൻഡ് റ്റു യുവർ ഗയ്‌സ്...’ സാമ്പിൾ വലിച്ചു കീറിക്കൊണ്ട്  അയാൾ ഉച്ചത്തിൽ ആക്രോശിച്ചു. എന്തോ പിഴവ് പറ്റിയെന്ന് മനസ്സിലായ ഞാൻ ആകെ സ്തംഭിച്ചു പോയി. 

ആ ഓഫീസിലെ എല്ലാ കണ്ണുകളും എനിക്ക് നേരെ നീളുന്നത് ഞാൻ കണ്ടു.  ‘സാർ ഐ ആം സോറി...’ എന്ന് വിക്കി വിക്കി പറഞ്ഞൊപ്പിച്ചതും ‘ഡോണ്ട് യു എവർ സേ ദാറ്റ് എഗെയിൻ റ്റു മി....’ എന്നലറിക്കൊണ്ട് കൈ നീട്ടി അയാൾ എനിക്ക് നേരെ പാഞ്ഞടുത്തു.   

അത്രയേ ഓർമ്മയുണ്ടായുള്ളൂ. പിന്നൊന്നും ഞാൻ ആലോചിച്ചില്ല, പിന്തിരിഞ്ഞു സർവ്വ ശക്തിയും സംഭരിച്ചു നൂറേ നൂറിൽ ഇറങ്ങിയോടി. പാട്രിക്ക് തൊട്ട് പിന്നിലുണ്ടെന്ന തോന്നൽ കാരണം ഓട്ടത്തിന്റെ സ്പീഡിൽ ആ ഓഫീസിന്റെ ഫ്രണ്ട് ഡോർ കടന്നതോ, മെട്രോ സ്റ്റേഷൻ എത്തിയതോ ഞാനറിഞ്ഞില്ല. ട്രെയിനിൽ കയറി ഓഫീസിലെത്തിയപ്പോഴാണ് ബോധം തിരിച്ചു കിട്ടിയത്. ഞാൻ ഓഫീസിലെത്തും മുൻപേ ഓട്ടത്തിന്റെ കഥ അവിടെ പരന്നിരുന്നു. ആരാണത് ഓഫീസിൽ വിളിച്ചു പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. പലരും എന്നെ ആശ്വസിപ്പിക്കാനെത്തി. മുൻപ് ഞങ്ങളുടെ കമ്പനിയിലെ ഒരു സെയിൽസ് എക്സിക്യൂട്ടീവിനെയും, ഡെലിവറി ബോയിയെയും അയാൾ സമാനമായ രീതിയിൽ ഓടിച്ചു വിട്ടിട്ടുണ്ടെന്നും, ഡെലിവറി ബോയ് സ്വന്തം ബൈക്ക് വരെ അവിടെ മറന്നു വെച്ച് ഇറങ്ങിയോടിയെന്നും, പിന്നീട് മറ്റാരോ പോയാണ് ബൈക്ക് എടുത്തതെന്നും എന്നോട് സെയിൽസ് ടീമിലെ സീനിയർ അംഗം കൃഷ്ണേട്ടൻ പറഞ്ഞു. എനിക്ക് തജമാലിനെയും, മാനേജരെയും കൊല്ലാനുള്ള ദേഷ്യം തോന്നി. എന്തായാലും പാട്രിക് ഹാട്രിക് അടിച്ച കഥ കുറച്ചു ദിവസം ഓഫീസിലുള്ളവർ ശരിക്കും ആഘോഷിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. literature@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും സഹിതം അയയ്ക്കുക..തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

English Summary : Career - Work Experience Series - Anoop C. B. Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com