ADVERTISEMENT

ജീവിതപ്രശ്നങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ ഏവരും നേരിടേണ്ടിവരും. പ്രശ്നങ്ങൾ ചിലരെ തളർത്തുമ്പോൾ, മറ്റു ചിലർ അവയെ ആത്മവിശ്വാസത്തോടെ നേരിട്ടു പരിഹരിച്ചു മുന്നേറുന്നു. ആദ്യം തളരുന്നവരും സാധാരണ പ്രശ്നങ്ങളെ ക്രമേണ അതിജീവിക്കും. പരീക്ഷിക്കപ്പെടാത്ത ജീവിതം ജീവിച്ചിട്ടു കാര്യമില്ലെന്നു സോക്രട്ടീസ്.

പ്രതിസന്ധികൾ മറ്റൊരു വിഭാഗമാണ്. കരകാണാക്കടലിൽ പെട്ടതുപോലെ തോന്നിക്കുന്ന സാഹചര്യം. മറികടക്കാൻ ഒരു വഴിയും കണ്ടെത്താനാവാത്ത വലിയ പ്രശ്നം. പരിഹരിക്കാനാവാത്ത ദുഃഖമുളവാക്കുന്ന അവസ്ഥ. ശാന്തമായി യുക്തിപൂർവം ചിന്തിക്കാൻ കഴിയില്ലെന്നു വരാം. ഇത്തരം സാഹചര്യങ്ങളെ മനുഷ്യർ സമീപിക്കുന്നതെങ്ങനെ എന്നതിനെപ്പറ്റി പല പഠനങ്ങളും കണ്ടെത്തലുകളുമുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത്, വലിയ പ്രയാസങ്ങളെ നേരിടുമ്പോൾ മനസ്സിനു ബലം നൽകും.

സ്വയം ചിന്തിക്കാൻ വയ്യാതെ വരുമ്പോൾ അന്യരുടെ ഉപദേശം കേൾക്കാൻ സാധ്യതയേറും. ചില ഉപദേശങ്ങൾ നമ്മെ വഴി തെറ്റിക്കാം. ആത്മവിശ്വാസം തകർക്കുന്ന ‘സഹിച്ചേക്കുക, മറ്റെന്തു ചെയ്യാൻ?’ എന്ന പരാജിതന്റെ മട്ട്. അത് ഒഴിവാക്കുക. വിധിയെ പഴിച്ചുള്ള നിഷ്ക്രിയത്വം അരുത്. ‘ഏതു നിർണായകമുഹൂർത്തത്തിലും ഏറ്റവും നല്ലത് ശരി ചെയ്യുക, ഇല്ലെങ്കിൽ തെറ്റു ചെയ്യുക, ഏറ്റവും മോശം ഒന്നും ചെയ്യാതിരിക്കുക’ എന്ന് മുൻ അമേരിക്കൻ പ്രസി‍ഡന്റ് തിയഡോർ റൂസ്‍വെൽറ്റ്.

പ്രതിസന്ധിയെ സൂചിപ്പിക്കാൻ ചൈനീസ് ഭാഷയിൽ അപകടം, അവസരം എന്നിവ ചേർത്തെഴുതുന്നു. അതിൽ നല്ല ആശയമുണ്ട്. പ്രതിസന്ധിയിലും തളരാതിരിക്കുക എന്ന സന്ദേശം. ഓരോ പ്രതിസന്ധിയിലും വലിയ അവസരം ഉണ്ടെന്ന ഐൻസ്റ്റൈൻ വചനം ഇതിനോടു കൂട്ടിവായിക്കാം.

b-s-warrier-column-dealing-with-crisis-and-anxiety-image
Representative Image. Photo Credit: AJP / Shutterstock.com

പ്രധാന കാര്യങ്ങളിൽ ശ്രദ്ധിച്ച് മനഃപ്രയാസം കുറയ്ക്കാൻ ശ്രമിക്കാം. വിവേകമുള്ള ശുഭകാംക്ഷികളുടെ അഭിപ്രായം പരിശോധിക്കുകയുമാകാം. പ്രതിസന്ധി വരുമ്പോൾ രണ്ടു തരക്കാരെയുള്ളൂവെന്ന് തിരിച്ചറിയും – യഥാർത്ഥ ശുഭകാംക്ഷികളും മറ്റുള്ളവരും. യുക്തിചിന്തയും വിശകലനങ്ങളുമല്ല, കാരുണ്യത്തോടെയുള്ള സമീപനമാവും നാം പ്രതീക്ഷിക്കുക. ‌‌

‘ഒടുവിൽ നാം ഓർക്കുക ശത്രുക്കളുടെ വാക്കുകളല്ല, മിത്രങ്ങളുടെ നിശ്ശബ്ദതയാണ്’ എന്ന് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ. തിരിച്ചറിയാതിരുന്ന ചില കഴിവുകൾ നമുക്കുണ്ടെന്നു പ്രതിസന്ധികൾ മനസ്സിലാക്കിത്തരും.‌

വലിയ ദുഃഖമുളവാക്കുന്ന സാഹചര്യത്തെ മനുഷ്യർ നേരിടുന്നത് അഞ്ചു ഘട്ടങ്ങളിലായാണെന്ന് എലിസബത്ത് കൂബ്ലർ–റോസ് എന്ന മനോരോഗചികിത്സക: 

1. അങ്ങനെയൊരു സാഹചര്യമില്ലെന്ന മട്ടിൽ ആദ്യം നിഷേധിക്കും. അടുപ്പമുള്ളവർ മരിച്ചാൽ മരിച്ചില്ലെന്നു കരുതുംപോലെ 

2. നിരാശപ്പെട്ട് സാഹചര്യത്തോടു കോപിക്കും – എനിക്കിങ്ങനെ വരേണ്ടതുണ്ടോ? 

3. ഒരുതരം വിലപേശൽ. അങ്ങനെ ചെയ്താൽ ഇങ്ങനെ വരുമോ എന്ന രീതി

4. വിഷാദവും ദൈന്യവും 

5. വന്നെത്തിയ സാഹചര്യം ഒടുവിൽ അംഗീകരിക്കും

b-s-warrier-column-dealing-with-crisis-and-anxiety-be-positive
Representative Image. Photo Credit: Sasin Paraksa / Shutterstock.com

കൂബ്ലർ–റോസ്‌സിദ്ധാന്തം ശരിയല്ലെന്ന ശക്തമായ വാദമുണ്ട്. എങ്കിലും മനുഷ്യമനസ്സ് ഏതാണ്ട് ഇതുപോലെയൊക്കെ കടന്നുപോകുമെന്ന് അനുഭവം.

മനുഷ്യമനസ്സ് അവിശ്വസനീയമായ രീതിയിൽ പ്രതിസന്ധികളോടു പ്രതികരിക്കാറുണ്ട്. 1973 ഓഗസ്റ്റിൽ സ്വീഡൻതലസ്ഥാനമായ സ്റ്റോക്ഹോമിൽ രണ്ടു ബാങ്ക്കവർച്ചക്കാർ നാലു ജീവനക്കാരെ ആറു ദിവസത്തേക്ക് പണം സൂക്ഷിക്കുന്ന മുറിയിൽ തടവിലാക്കി. ഈ കാലയളവിൽത്തന്നെ ബന്ദികൾക്കു തടവിലാക്കിയവരോട് നല്ല മാനസികബന്ധം രൂപംകൊണ്ടു. ഒരു തടവുകാരി സ്വീഡിഷ് പ്രധാനമന്ത്രി ഓലോഫ് പാമെയെ ഫോണിൽ വിളിച്ച്, കൊള്ളക്കാരെ വിശ്വാസമാണെന്നും പൊലീസാക്രമണത്തിൽ കെട്ടിടം തകർന്നു മരിക്കുമോയെന്ന  ഭീതിയിലാണെന്നും പറഞ്ഞു. 

മരണഭീഷണിവരെയുള്ള പ്രതിസന്ധിയിൽ ബന്ദികളും തടവിലാക്കിയവരും തമ്മിലുണ്ടാകുന്ന ബന്ധത്തിന് ‘സ്റ്റോക്ഹോം സിൻഡ്രോം’ എന്ന പേർ വീണു. വിമാന ഹൈജാക്കിങ് അടക്കം മറ്റു പല സംഭവങ്ങളിലും മനുഷ്യർ ഇതുപോലെ പെരുമാറിയിട്ടുണ്ട്. സ്റ്റോക്ഹോംബന്ദികൾ സ്വതന്ത്രരായപ്പോൾ, കവർച്ചക്കാർക്കെതിരെ മൊഴി കൊടുക്കാൻ തയ്യാറായില്ല. അവരുടെ കോടതിച്ചെലവിനു പണപ്പിരിവു നടത്തുകപോലും ചെയ്തു. മനുഷ്യമനസ്സിന്റെ വികൃതികളെത്ര വിസ്മയകരം!

അത്യാപത്തിൽപ്പെടുമ്പോഴും നാം സമചിത്തത പുലർത്താൻ ശ്രമിക്കുന്നത് വിവേകപൂർണമായ സമീപനം. പറയാനെളുപ്പം. പക്ഷേ ക്ഷമയും ധീരതയും ജാഗ്രതയും പുതുസാഹചര്യത്തോട് ഇണങ്ങാനുള്ള ശേഷിയും വേണമെന്നു തീർച്ച. ചിന്താശേഷി നഷ്ടപ്പെടുത്തിയാൽ നാം തന്നെ പ്രതിസന്ധിയാകുമെന്നു കരുതുന്നവരുമുണ്ട്. പ്രത്യാശ കൈവിടരുത്. ഏതു കൊടുങ്കാറ്റിനും ശേഷം ശാന്തത വരുന്നു. അസാധാരണ പ്രതിസന്ധിഘട്ടങ്ങളിൽ അസാധാരണ രീതികൾ സ്വീകരിക്കേണ്ടിവരും. 

ഭർത്താവിനെ അകാലത്തു നഷ്ടപ്പെട്ട്, നിരാശ്രരായ സ്ത്രീകൾ ത്യാഗങ്ങൾ സഹിച്ച്, ആത്മവിശ്വാസം  കൈമുതലാക്കി, ചെറുപൈതങ്ങളെ വളർത്തി നല്ല നിലയിലാക്കിയ ആവശോജ്വലമായ സംഭവകഥകളുണ്ട്. കൈകാലുകൾ അപകടത്തിൽ നഷ്ടപ്പെട്ടിട്ടും തളരാതെ പ്രതിസന്ധികളെ ധീരമായി തരണം ചെയ്തവരുമുണ്ട്.

വലിയ കമ്പനികൾ  പ്രതിസന്ധികളെ നേരിടാൻ മുൻകരുതലുകൾ ഉറപ്പാക്കുന്നു. പ്രതിസന്ധികൾ മിക്കപ്പോഴും അപ്രതീക്ഷിതമായിരിക്കും. ജീവിതപ്പാതയിൽ കണ്ടുമുട്ടാവുന്ന പ്രതിസന്ധികളെയും ദൗർഭാഗ്യങ്ങളെയും നേരിടാൻ മനസ്സിനെ  ബലപ്പെടുത്തുന്നതിൽ ശ്രദ്ധ വേണമെന്ന് വിവേകത്തിന്റെ പ്രതീകമായ തോമസ് ജെഫേഴ്സൻ.

പ്രതിസന്ധിയിൽപ്പെട്ട പലരുടെയും അനുഭവം ഷേക്സ്പിയർ എത്രയോ മുൻകൂട്ടിപ്പറഞ്ഞു, ദുഃഖങ്ങൾ വരുന്നത് ഒറ്റയ്ക്കൊറ്റയ്ക്കല്ല, വൻകൂട്ടങ്ങളായിട്ടായിരിക്കും (When sorrows come, they come not single spies. But in battalions – ഹാംലെറ്റ്, 4:5). എത്ര ആഴത്തിലുള്ള പ്രതിസന്ധിയിലും ജീവിതം പരിഷ്കരിക്കുന്നതിനുള്ള അവസരം ഒളിഞ്ഞിരിക്കുമത്രേ. പ്രശ്നത്തിന്റെ കാതൽ കണ്ടെത്തുന്നതു വേഗം വേണം. ആരെയും പഴിച്ചിട്ടു കാര്യമില്ല. കാര്യങ്ങൾ കൂടുതൽ വഷളാകാതെ സൂക്ഷിക്കുകയും വേണം. ദൃഢചിത്തതയുള്ളവർ തന്നിൽത്തന്നെയുറച്ചുനിന്ന് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡിഗോൾ. പ്രതിസന്ധികളാണ് മനുഷ്യരിലെ സാമർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരുന്നത്. വിധിയെ പഴിച്ചുള്ള നിഷ്ക്രിയത്വം അരുത്. 

b-s-warrier-column-dealing-with-crisis-and-anxiety-positive
Representative Image. Photo Credit: AJP / Shutterstock.com

ഗാന്ധിജി നേരിട്ട പ്രതിസന്ധികളെപ്പോലെ പലതും നേരിടേണ്ടിവന്ന എബ്രഹാം ലിങ്കൺ : ‘ഉള്ള കാര്യം ഉള്ളതുപോലെ ജനങ്ങളോടു പറഞ്ഞാൽ, ഏതു പ്രതിസന്ധിയിലും അവർ കൂടെ നിൽക്കും,’ പ്രയാസങ്ങളെയും സംഘർഷങ്ങളെയും ജീവിതത്തിൽ േനരിട്ട് നമ്മുടെ സ്വഭാവം മിനുങ്ങിത്തെളിയും. പക്ഷേ, കടുത്ത പ്രതിസന്ധികളെ തരണം ചെയ്യുമ്പോഴാവും നമ്മുടെ ഉൾക്കരുത്ത് പൂർണമായും തെളിയുക. ഊതിക്കാച്ചിയ പൊന്നുണ്ടാകണമെങ്കിൽ കനൽ കൂടിയേ തീരൂ.

കണ്ടവരോടെല്ലാം ദുഃഖങ്ങൾ പങ്കുവച്ചിട്ടു കാര്യമില്ല. സഹതാപമുള്ളവർ സമൂഹത്തിൽ പൊതുവേ കുറവാണ്. പ്രശസ്ത നോവലിസ്റ്റ് റോബർട് ലൂയിസ് സ്റ്റീവൻസൻ : ‘ഭയങ്ങൾ നിങ്ങളിൽത്തന്നെയൊതുക്കുക. ധീരതകൾ അന്യരുമായി പങ്കിടുക.’

പ്രതിസന്ധികളെപ്പറ്റി പഠിച്ചവരും, വലിയ പ്രതിസന്ധികളെ തരണം ചെയ്ത മഹാന്മാരും പറഞ്ഞ പലതും നാം കണ്ടു. വിവേകപൂർണമായ ഈ വാക്കുകളും നമ്മുടെ വിശേഷസാഹചര്യങ്ങളും പരിഗണിച്ച് പ്രവർത്തിക്കാൻ നമുക്കു കഴിയണം. 

English Summary : B.S. Warrier Column - Dealing with crisis and anxiety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com