മിസ്സിസ് മുംതാസ് മിസ്റ്റർ മുംതാസ് ആയ കഥ... ഞാൻ അടി കിട്ടാതെ രക്ഷപ്പെട്ടതിന്റെയും....

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ literature@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
career-work-experience-series-girish-nair-memoir
വര: കെ. അനൂപ്കുമാർ
SHARE

എന്റെ ആദ്യത്തെ ജോലി ഒരു പ്രശസ്ത ഹോളിഡേ റിസോർട്ട് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിട്ടാണ്. എറണാകുളം ഹൈക്കോർട്ടിന് സമീപം. ഗൾഫ് യുദ്ധം കഴിഞ്ഞ കാലഘട്ടം. രണ്ടു ദിവസത്തെ ട്രെയിനിങ്ങും കഴിഞ്ഞു ജോലി തുടങ്ങിയ എനിക്ക് ആദ്യ ദിവസം തന്നെ തമിഴനായ മാനേജർ നടരാജൻ ഒരു പ്രിന്റൗട്ട് എടുത്തു നീട്ടി. ‘നമ്മുടെ ഹോളിഡേ ടൈംഷെയർ വാങ്ങാൻ താല്പര്യമുള്ള ആൾക്കാരുടെ ലിസ്റ്റ് ആണിത്. അതിൽ ആദ്യത്തെ പേര് - മിസ്റ്റർ മുംതാസ് ബഷീർ - ആദ്യമേ ഒരു കസ്റ്റമർ ആണ്. ഇനിയും വാങ്ങാൻ താല്പര്യമുള്ളതു കൊണ്ടായിരിക്കും വീണ്ടും ബന്ധപ്പെട്ടത്. ഓടിച്ചെല്ലൂ, ഐശ്വര്യമായി ആദ്യ ദിവസം തന്നെ ഒരു ഓർഡർ ഇരിക്കട്ടെ...’ എന്ന് പറഞ്ഞു മാനേജർ യാത്ര അയച്ചു. 

വളരെ സന്തോഷത്തോടെയാണ് ഞാൻ പുറപ്പെട്ടത്. എംജി റോഡിൽ ഷേണായീസ് തിയേറ്ററിനടുത്തുള്ള ഒരു കടയിലാണ് അദ്ദേഹം. ആദ്യ ദിവസം തന്നെ ഓർഡർ കിട്ടാനുള്ള സാധ്യതയും. ആനന്ദലബ്ധിക്ക് ഇനി എന്തു വേണം? ഞാൻ ഇന്ന് പൊളിക്കും. 

ഒരു ഓട്ടോ പിടിച്ചു പാഞ്ഞു ചെന്നു. കടയിൽ കയറി നോക്കിയപ്പോൾ ഒരാൾ ഒരു സ്റ്റൂളിൽ ഇരിക്കുന്നു. അയാളോട് ഞാൻ ചോദിച്ചു: ‘മിസ്റ്റർ മുംതാസ്സ്?’ തെല്ലൊന്നമ്പരന്ന മട്ടിൽ അയാൾ തല കുലുക്കി. ഞാൻ അയാളുടെ കൈ പിടിച്ചു കുലുക്കി. ഞെരിച്ചു എന്നു പറയുന്നതാണു ശരി. ആദ്യത്തെ കസ്റ്റമർ അല്ലേ. ഇംപ്രസ്സ് ചെയ്യണമല്ലോ.

രണ്ടു ദിവസം കൊണ്ട് പഠിച്ചതെല്ലാം മുറി ഇംഗ്ലിഷിൽ വച്ചു പെരുക്കാൻ തുടങ്ങി. ഇടയിൽ ആദ്യമേ കസ്റ്റമർ ആയ മിസ്റ്റർ മുംതാസ് വീണ്ടും ഞങ്ങളുടെ പ്രോഡക്ട് വാങ്ങാൻ താല്പര്യം കാണിച്ചതിനെ അഭിനന്ദിക്കാനും ഞാൻ മറന്നില്ല.

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചു. ഇയാൾ അന്തം വിട്ടു ഇരിക്കുകയാണ്. എന്തോ പന്തികേടുണ്ട്. എന്റെ ഇംഗ്ലിഷ് കുറച്ചു കട്ടി കൂടിപ്പോയോ? മലയാളത്തിൽ ആക്കാം.

മലയാളത്തിൽ പിടിക്കാൻ തുടങ്ങിയപ്പോഴേക്കും, അയാൾ കൈ ഉയർത്തി എന്നെ തടഞ്ഞു. പിന്നെ അങ്ങോട്ട് തുടങ്ങി: 

‘താനെന്തു പോക്രിത്തരമാണെടോ ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്? മുംതാസ് എന്റെ ഭാര്യ ആണെടോ. ഞാൻ അവരുടെ ഭർത്താവാണ്, ബഷീർ. അതൊക്കെ പോട്ടെ. തന്നോടാരാ പറഞ്ഞത്, എനിക്ക് പ്രോഡക്ട്മേടിക്കണമെന്ന്? ഞാൻ മേടിച്ച പ്രോഡക്ട് നിങ്ങൾക്കു തിരിച്ചെടുത്ത് ആ കാശ് തരാൻ പറ്റുമോ എന്നറിയാനാ ഞാൻ നിങ്ങളെ കോണ്ടാക്ട് ചെയ്തത്. ഏതു കിഴങ്ങനാ തന്നെ ഒക്കെ ജോലിക്കു വച്ചത്...’

കിളി പോയ അവസ്ഥയിലായ എന്റെ മുൻപിൽ അയാൾ ഒരു ബ്രീഫ്‌കേസ് തുറന്നു കുറെ കുവൈത്തി ദിനാർ എടുത്തു കാണിച്ചു. 

‘യുദ്ധം കാരണം പണി പോയി വന്നതാ. ഈ പൈസക്ക് ഇപ്പോൾ പേപ്പറിന്റെ വില പോലുമില്ല. എന്താ ചെയ്യണ്ടതെന്ന് അറിയാതെ വിഷമിക്കുമ്പഴാ അവൻ ഹോളിഡേ വിൽക്കാൻ വന്നിരിക്കുന്നത്...’

ഞാൻ പുറത്തിറങ്ങി തൊട്ടടുത്ത കടയിൽനിന്ന് തണുത്ത രണ്ടു സർബത്ത് മേടിച്ചു മടമടാ കുടിച്ചപ്പോൾ കുറച്ച് ആശ്വാസമായി. 

മലയാളം മനസ്സിലാവാത്ത, ബോധമില്ലാത്ത മാനേജർ കാള പെറ്റു എന്നു പറഞ്ഞത് കേട്ട് കയർ എടുത്ത് ഓടാൻ നിന്ന എന്നെ പറഞ്ഞാൽ മതിയല്ലോ? 

അന്നത്തെ അനുഭവം ഏതായാലും വലിയ ഒരു ഗുരുവായി. പിന്നീട് ഓർത്തു ചിരിക്കാനുള്ള ഒരു വകയും.

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. literature@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും സഹിതം അയയ്ക്കുക..തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

English Summary : Career - Work Expericence Series - Girish Nair Memoir

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA