ഒരൊറ്റ മിനിറ്റ്; വഴുതിപ്പോയത് ഒരവസരം; പിഎസ്‌സി പരീക്ഷാർഥികൾ കാണണം ഇത്

HIGHLIGHTS
  • ഉദ്യോഗാർഥിയെ അല്ലാതെ കൂടെയുള്ള ആരെയും പരീക്ഷാ കേന്ദ്രത്തിന്റെ വളപ്പിൽ പ്രവേശിപ്പിക്കില്ല
  • പരീക്ഷാ സമയത്തിനു 15 മിനിറ്റ് മുൻപു മുതലേ ഉദ്യോഗാർഥികളെ ഹാളിലേക്കു പ്രവേശിപ്പിക്കൂ
kas-examination-candidate-late-photo-josekutty-panackal
SHARE

ഒരൊറ്റ മിനിറ്റ് എത്ര വിലപ്പെട്ടതാണെന്നു പറഞ്ഞുതരുന്ന ഒരു ചിത്രം. അതാണ് 2020 ഫെബ്രുവരി 22ന് മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കൽ പകർത്തിയത്. ‘കെഎഎസ് പരീക്ഷയ്ക്കായി കൊച്ചി കളമശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ ഉദ്യോഗാർഥി ഒരു മിനിറ്റ് താമസിച്ചതിനാൽ ഗേറ്റിനു പുറത്തുനിന്ന് ഉദ്യോഗസ്ഥരുടെ ദയവിനായി യാചിക്കുന്നു. സുഹൃത്തിനെ മറ്റൊരു പരീക്ഷാകേന്ദ്രത്തിലാക്കി ഇവിടേക്കു വരുന്നതിനിടയിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് വഴി തെറ്റിയതിനാലാണ് വൈകിയതെന്ന് ഇയാൾ പറഞ്ഞു. ഒടുവിൽ പരീക്ഷ എഴുതാതെ മടങ്ങേണ്ടി വന്നു..’ എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ചിത്രം പിഎസ്​സി പരീക്ഷ എഴുതുന്നവർക്ക് സമയത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്നു. 

എസ്എസ്എൽസി നിലവാരത്തിൽ ഈ മാസം 20 നു നടക്കുന്ന ആദ്യഘട്ട പരീക്ഷയ്ക്കു പിഎസ്‌സി എഴുതുന്ന ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ . 

∙ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കാത്ത ഉദ്യോഗാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. 

∙പരീക്ഷാ ഹാളിൽ നൽകുന്ന അഡ്രസ് ലിസ്‌റ്റിൽ ഉദ്യോഗാർഥി ഒപ്പു രേഖപ്പെടുത്തണം. 

∙ഉത്തരക്കടലാസിന്റെ എ പാർട്ടിൽ റജിസ്‌റ്റർ നമ്പർ, ജനനത്തീയതി എന്നിവ നിശ്‌ചിത സ്‌ഥലത്ത് എഴുതുകയും ബന്ധപ്പെട്ട കുമിളകൾ കറുപ്പിക്കുകയും വേണം. പരീക്ഷയുടെ പേരും പരീക്ഷാ തീയതിയും രേഖപ്പെടുത്തണം. 

∙ചോദ്യ ബുക്‌ലെറ്റ് ആൽഫാ കോഡ് ബബിൾ ചെയ്‌ത ഉത്തരക്കടലാസാണു ലഭ്യമാക്കുക. ആൽഫാ കോഡ് ഇരിപ്പിടത്തിൽ റജിസ്‌റ്റർ നമ്പരിനൊപ്പം രേഖപ്പെടുത്തും. അനുവദിച്ച ആൽഫാ കോഡിലുള്ള ചോദ്യ ബുക്‌ലെറ്റാണു ലഭിച്ചതെന്ന് ഉറപ്പുവരുത്തണം. 

∙ഉത്തരങ്ങൾ രേഖപ്പെടുത്തേണ്ടത് ഉത്തരക്കടലാസിന്റെ ബി–പാർട്ടിലാണ്. ഓരോ ചോദ്യത്തിന്റെയും ശരിയുത്തരത്തിനുള്ള ബബിൾ മാത്രം പൂർണമായി കറുപ്പിക്കുക. ഉത്തരക്കടലാസിൽ മറ്റെവിടെയും ഒന്നും രേഖപ്പെടുത്തരുത്. 

∙അച്ചടിയിലെയോ നിർമാണത്തിലെയോ അപാകത മൂലം മാത്രമേ ഒഎംആർ ഉത്തരക്കടലാസ്/ചോദ്യപുസ്‌തകം മാറ്റിനൽകൂ. 

∙ഉത്തരങ്ങൾ രേഖപ്പെടുത്താൻ നീല/കറുപ്പ് മഷിയുള്ള ബോൾ പോയിന്റ് പേന മാത്രമേ ഉപയോഗിക്കാവൂ. 

∙ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് വീതം. ഓരോ തെറ്റിനും മൂന്നിലൊന്ന് മാർക്ക് കുറവ് ചെയ്യും (നെഗറ്റീവ് മാർക്ക്). അതായത് 3 ഉത്തരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാൽ നെഗറ്റീവ് ഉൾപ്പെടെ മൊത്തം 4 മാർക്ക് നഷ്‌ടമാകും. ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ രേഖപ്പെടുത്തുന്നതും ഒരിക്കൽ അടയാളപ്പെടുത്തിയ ഉത്തരങ്ങൾ തിരുത്തുന്നതും നെഗറ്റീവ് മാർക്കിന് ഇടയാക്കും. എന്നാൽ, ഉത്തരങ്ങൾ രേഖപ്പെടുത്താതിരുന്നാൽ നെഗറ്റീവ് മാർക്ക് ബാധകമാകില്ല 

∙ഉത്തരം കണ്ടുപിടിക്കാൻ കണക്കുകൂട്ടലുകളോ കുറിപ്പുകളോ എഴുതണമെങ്കിൽ ചോദ്യപുസ്‌തകത്തിന്റെ അവസാന പേജ് ഉപയോഗിക്കുക. ഉത്തരക്കടലാസ് ഇതിനുപയോഗിക്കരുത്. 

∙ഉത്തരക്കടലാസിൽ ദ്വാരങ്ങൾ ഇടരുത്. നനയുകയോ വൃത്തിഹീനമാകുകയോ ചെയ്യരുത്. 

∙പരീക്ഷ തീരുംവരെ ഒരു ഉദ്യോഗാർഥിയെയും ഹാൾ വിട്ടു പുറത്തുപോകാൻ അനുവദിക്കില്ല.

∙പരീക്ഷ കഴിഞ്ഞശേഷം ഉത്തരക്കടലാസിന്റെ പാർട്ട് എ യും ബി–യും നിശ്‌ചിത ഭാഗത്തു കീറി രണ്ടു ഭാഗങ്ങളും അസിസ്‌റ്റന്റ് സൂപ്രണ്ടിനെ ഏൽപിച്ച ശേഷമേ ഹാൾ വിട്ടുപോകാവൂ. പരീക്ഷ കഴിയുംമുൻപ് എ, ബി പാർട്ടുകൾ മുറിച്ചു വേർപെടുത്താൻ പാടില്ല.

∙പരീക്ഷാജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോടു ഹാളിൽ അപമര്യാദയായി പെരുമാറുകയോ പരീക്ഷയിൽ അനാശാസ്യ മാർഗങ്ങൾ അവലംബിക്കുകയോ ചെയ്യുന്നവരിൽ ഹാളിൽനിന്നു പുറത്താക്കും. (ഈ നിർദേശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഉത്തരക്കടലാസ് അസാധുവാക്കുന്നതും അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതുമാണ്) 

∙യാത്രാപ്പടിക്ക് അർഹതയുള്ളവർ അന്നുതന്നെ ചീഫ് സൂപ്രണ്ടിൽനിന്ന് അറ്റൻഡൻസ് സർട്ടിഫിക്കറ്റ് വാങ്ങണം. 

∙അപേക്ഷകൾ സൂക്ഷ്‌മപരിശോധന നടത്തിയിട്ടില്ലാത്തതിനാൽ അപേക്ഷകരെയെല്ലാം പരീക്ഷ എഴുതാൻ സോപാധികം അനുവദിച്ചിരിക്കുകയാണ്. വിശദ പരിശോധനയിൽ ന്യൂനത കണ്ടാൽ അപേക്ഷ നിരസിക്കും. 

ഫോട്ടോ ഒട്ടിക്കേണ്ട 

അപേക്ഷകന്റെ ഫോട്ടോ സ്‌കാൻ ചെയ്‌ത് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. വീണ്ടും ഫോട്ടോ പതിക്കരുത്. സ്‌കാൻ ചെയ്‌ത ചിത്രത്തിൽ വീണ്ടും ഫോട്ടോ പതിച്ച് ഹാജരാകുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

ബാർ കോഡും എംബ്ലവും 

വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്‌തെടുക്കുന്ന അഡ്‌മിഷൻ ടിക്കറ്റിൽ പിഎസ്‌സിയുടെ എംബ്ലം, ബാർ കോഡ് എന്നിവ വ്യക്‌തമായി പതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യങ്ങൾ അവ്യക്‌തമായ ഹാൾ ടിക്കറ്റുമായി എത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.  

അസാധുവാകുന്നത് എങ്ങനെ? 

∙പരീക്ഷാ ഹാളിൽ അസിസ്‌റ്റന്റ് സൂപ്രണ്ട് നൽകുന്ന അഡ്രസ് ലിസ്‌റ്റിൽ സ്വന്തം പേരിനു നേരെയല്ല ഉദ്യോഗാർഥി ഒപ്പിടുന്നതെങ്കിൽ ഉത്തരക്കടലാസ് അസാധുവാകും. 

∙പരീക്ഷ കഴിഞ്ഞ ശേഷം ഉത്തരക്കടലാസിന്റെ പാർട്ട് എ യും ബി–യും നിശ്‌ചിത ഭാഗത്തുകൂടി കീറി രണ്ടു ഭാഗങ്ങളും അസിസ്‌റ്റന്റ് സൂപ്രണ്ടിനെ ഏൽപിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ ഉത്തരക്കടലാസ് അസാധുവാക്കും.

∙ഉത്തരക്കടലാസിന്റെ എ, ബി പാർട്ടുകൾ ബാർ കോഡ്‌ കൊണ്ടാണു ബന്ധിപ്പിച്ചിരിക്കുന്നത്. എ, ബി പാർട്ടുകൾ വേർപെടുത്തുമ്പോൾ ഈ ബാർ കോഡ് വികൃതമായ ഉത്തരക്കടലാസുകൾ അസാധുവാക്കും. 

∙റജിസ്‌റ്റർ നമ്പർ തെറ്റായി ബബിൾ ചെയ്‌ത ഉത്തരക്കടലാസ് അസാധുവാകും. പിഎസ്‌സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ ഉത്തരക്കടലാസുകൾ അസാധുവാകുന്നത് ഇക്കാണത്താലാണ്. അതിനാൽ റജിസ്‌റ്റർ നമ്പർ അതീവശ്രദ്ധയോടെ വേണം ബബിൾ ചെയ്യാൻ. 

Kerala PSC 10th Level Preliminary Examination - Instructions to Candidates

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA