ADVERTISEMENT

എസ്എസ്എൽസി നിലവാരത്തിൽ ഈ മാസം 20 നു നടക്കുന്ന ആദ്യഘട്ട പരീക്ഷയ്ക്കു പിഎസ്‌സി തയാറാക്കിയിരിക്കുന്നത് 1,833 കേന്ദ്രങ്ങൾ. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്. ഉദ്യോഗാർഥികളുടെ കമ്യൂണിക്കേഷൻ വിലാസത്തിലാണു പരീക്ഷാകേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഹാൾ ടിക്കറ്റിലെ കേന്ദ്രത്തിൽത്തന്നെ പരീക്ഷ എഴുതണം. 

ഏറ്റവും കൂടുതൽ പരീക്ഷാകേന്ദ്രം തിരുവനന്തപുരം ജില്ലയിലാണ്–278. ഇവിടെ 65,000 പേർ പരീക്ഷ എഴുതുന്നു. കുറവ് കേന്ദ്രങ്ങൾ വയനാട് ജില്ലയിൽ–48. ഇവിടെ 12,000 പേർ എഴുതും. ഉച്ചകഴിഞ്ഞു 2 മുതൽ 3.15 വരെയാണ് പരീക്ഷ. 1.30 നു ശേഷമെത്തുന്നവരെ പ്രവേശിപ്പിക്കില്ല. 

പൊതുനിർദേശങ്ങൾ

∙ ഉദ്യോഗാർഥിയെ അല്ലാതെ കൂടെയുള്ള ആരെയും പരീക്ഷാ കേന്ദ്രത്തിന്റെ വളപ്പിൽ പ്രവേശിപ്പിക്കില്ല 

∙ പരീക്ഷാ സമയത്തിനു 15 മിനിറ്റ് മുൻപു മുതലേ ഉദ്യോഗാർഥികളെ ഹാളിലേക്കു പ്രവേശിപ്പിക്കൂ 

∙ ഉദ്യോഗാർഥിക്ക് അനുവദിച്ച സീറ്റിൽ മാത്രമേ ഇരിക്കാവൂ. 

ഹാൾ ടിക്കറ്റ് ‌സൈറ്റിൽ

ഹാൾ ടിക്കറ്റ് പിഎസ്‌സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലിലെ അഡ്മിഷൻ ടിക്കറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാൾ ടിക്കറ്റ് ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് എ4 സൈസ് പേപ്പറിൽ പ്രിന്റ് എടുത്തു പരീക്ഷയ്ക്കു ഹാജരാകണം. 

സമയമറിയാൻ ബെല്ലടി

പരീക്ഷാ കേന്ദ്രങ്ങളിൽ വാച്ച് നിരോധിച്ച സാഹചര്യത്തിൽ പരീക്ഷയ്ക്കിടെ സമയമറിയാൻ ഉദ്യോഗാർഥികൾ ബെല്ലടി ശ്രദ്ധിക്കണം. പരീക്ഷ തുടങ്ങുന്നതു മുതൽ അവസാനിക്കുംവരെ 7 തവണ ബെല്ലടിക്കും: 

1. പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് (ചീഫ് സൂപ്രണ്ടുമാരും ഉദ്യോഗാർഥികളും പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനുള്ള അറിയിപ്പ്) 

2. പരീക്ഷ തുടങ്ങുന്നതിന് 5 മിനിറ്റ് മുൻപ് (ചോദ്യം വിതരണം ചെയ്യാനുള്ള അറിയിപ്പ്) 

3. പരീക്ഷ തുടങ്ങാനുള്ള അറിയിപ്പ് 

4. പരീക്ഷ അര മണിക്കൂർ പിന്നിടുമ്പോൾ 5. ഒരു മണിക്കൂർ പിന്നിടുമ്പോൾ 

6. പരീക്ഷ അവസാനിക്കാൻ 5 മിനിറ്റ് മാത്രമേ ഉള്ളൂ എന്ന അറിയിപ്പ് 

7. പരീക്ഷ അവസാനിച്ചതായുള്ള അറിയിപ്പ്. 

ഹാളിൽ അനുവദിക്കാത്തവ

പാഠ്യവസ്തുക്കൾ (അച്ചടിച്ചതോ എഴുതിയതോ), കടലാസ് തുണ്ടുകൾ, ജ്യാമിതീയ ഉപകരണങ്ങൾ, ബോക്സ്, പ്ലാസ്റ്റിക് കവർ, റബർ, എഴുത്തു പാഡ്, ലോഗരിതം പട്ടിക, പഴ്സ്, പൗച്ച്, പെൻഡ്രൈവ്, കാൽക്കുലേറ്റർ, ഇലക്ട്രോണിക് പേന, സ്കാനർ, ഹെൽത്ത് ബാൻഡ്, ക്യാമറ പെൻ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർ ഫോൺ, മൈക്രോഫോൺ, പേജർ, റിസ്റ്റ് വാച്ച്, സ്മാർട് വാച്ച്, ക്യമറാ വാച്ച്, ക്യാമറ/ബ്ലൂടൂത്ത്, ഇവ ഒളിപ്പിക്കാൻ തരത്തിലുള്ള ലോഹ/പ്ലാസ്റ്റിക് വസ്തുക്കൾ, പൊതിഞ്ഞതോ അല്ലാത്തതോ ആയ ഭക്ഷണ വസ്തുക്കൾ. 

ഹാളിൽ അനുവദിക്കുന്നവ 

അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ, നില/കറുപ്പ് നിറത്തിലുള്ള ബോൾ പോയിന്റ് പേന, കുടിവെള്ളം (സുതാര്യമായ ബോട്ടിൽ), സാനിറ്റൈസർ (സുതാര്യമായ ചെറിയ ബോട്ടിൽ). 

തിരിച്ചറിയൽ രേഖകൾ 

ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ ഒറിജിനലാണു ഹാജരാക്കേണ്ടത്. രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൂടി മുൻപു നൽകണമായിരുന്നെങ്കിലും ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. പിഎസ്‌സി അംഗീകരിക്കുന്ന തിരിച്ചറിയൽ രേഖകൾ: തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, സർക്കാർ ജീവനക്കാർക്കു ബന്ധപ്പെട്ട വകുപ്പിൽ നിന്നു നൽകുന്ന തിരിച്ചറിയൽ കാർഡ്, ദേശസാൽകൃത ബാങ്കുകളിൽനിന്നു ലഭിക്കുന്ന ഫോട്ടോ പതിച്ച പാസ്‌ബുക്ക്, വികലാംഗർക്കു സാമൂഹികക്ഷേമ വകുപ്പു നൽകുന്ന തിരിച്ചറിയൽ കാർഡ്, വിമുക്‌തഭടന്മാർക്കു ജില്ലാ സൈനികക്ഷേമ ഓഫിസിൽനിന്നു നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഡിസ്‌ചാർജ് സർട്ടിഫിക്കറ്റും, മോട്ടർ വാഹന വകുപ്പ് നൽകുന്ന കണ്ടക്‌ടർ ലൈസൻസ്, ഷെഡ്യൂൾഡ് ബാങ്കുകൾ/സംസ്‌ഥാന സഹകരണ ബാങ്ക്/ജില്ലാ സഹകരണ ബാങ്ക് നൽകുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക്, പൊതുമേഖലാ സ്‌ഥാപനങ്ങൾ/കമ്പനികൾ/കോർപറേഷനുകൾ/ബോർഡുകൾ/അതോറിറ്റികൾ/സർക്കാർ സ്വയംഭരണ സ്‌ഥാപനങ്ങൾ ജീവനക്കാർക്കു നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, സർവകലാശാലാ ജീവനക്കാർക്കു നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, വികലാംഗ ഉദ്യോഗാർഥികൾക്കു മെഡിക്കൽ ബോർഡ് നൽകുന്ന ഫോട്ടോ പതിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്, അഭിഭാഷകനായി എൻറോൾ ചെയ്‌തവർക്കു ബാർ കൗൺസിൽ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, കേന്ദ്ര സർക്കാർ നൽകുന്ന ആധാർ, പിഎസ്‌സി നൽകുന്ന ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്.

English Summary : Kerala PSC 10th Level Preliminary Examination - Guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com