പരീക്ഷപ്പേടിയെ പരീക്ഷപ്രേമമാക്കാം; ഒാർക്കാം ഈ കാര്യങ്ങൾ

exam-study
Photo Credit : dotshock/ Shutterstock.com
SHARE

സ്കൂൾ, കോളജ് വിദ്യാർഥികൾക്കു മാത്രമല്ല ഉദ്യോഗാർഥികൾക്കും ഇതു ചൂടുള്ള പരീക്ഷക്കാലമാണ്. പുറമെ വേനൽച്ചൂടെങ്കിൽ അകമേ പരീക്ഷച്ചൂടിനോടു മല്ലിടുകയാവും നിങ്ങളൊക്കെ. 

ഇത്തവണ നിങ്ങളൊന്നും നേരിടുന്നതു വെറുമൊരു പരീക്ഷയല്ല. ചരിത്രത്തിൽ ആദ്യമായി ഒരു വർഷത്തോളം വീട്ടിൽ അടച്ചിരുന്നു നടത്തിയ തയാറെടുപ്പിന്റെ ഫലപ്രദമായ പരിസമാപ്തിയാണ് ഈ ‘വലിയ’ പരീക്ഷക്കാലം. സുഹൃത്തക്കളോടൊപ്പമൊക്കെ ഒന്നിച്ചിരുന്നു പഠിക്കുകയും പരിശീലിക്കുകയും തയാറെടുക്കുകയും ചെയ്തുവന്നവരിൽനിന്നു നിങ്ങൾ അങ്ങനെ തികച്ചും വ്യത്യസ്തരാവുന്നു. ഞാനിതിനെ വിശേഷിപ്പിക്കുക, വലിയൊരു അവസരമായാണ്. ഏതു വിപത്തിനു ശേഷവും നമ്മൾ നേടുന്ന ഉന്നതവിജയമാണ് പിന്നെ എക്കാലത്തും നമ്മൾ ഓർത്തുവയ്ക്കുക. 

പരീക്ഷയിൽ വിജയം വരിച്ച് ജോലിയൊക്കെ കിട്ടുമ്പോൾ നിങ്ങൾക്കു കുട്ടികളോടോ സഹോദരങ്ങളോടോ ഒക്കെ പറയാം: ‘കോവിഡ് വന്ന് വീട്ടിൽ അടച്ചിരിക്കേണ്ടിവന്നിട്ടും പട പൊരുതി ജയിച്ചവരാണു ഞങ്ങൾ’. ‘പരീക്ഷപ്പേടി’ ചെറിയ കുട്ടികൾക്കു മാത്രമല്ല, ഏതു പ്രായത്തിലുള്ളവർക്കും ഉണ്ടാകാം. തൊഴിൽ പരീക്ഷകളെ നേരിടുന്നവരും ഇങ്ങനെയുള്ള ഭയം പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. പരീക്ഷപ്പേടിയെ പരീക്ഷപ്രേമമാക്കാൻ വലിയ പ്രയാസമൊന്നുമില്ല. 

ഓരോ പരീക്ഷയെയും ഓരോ അവസരമാക്കുക എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം. ഈ സാഹചര്യത്തിൽ വിജയം ഉറപ്പാക്കാൻ കഴിഞ്ഞാൽ കുറേ കാലം കഴിയുമ്പോൾ നിങ്ങൾക്ക് അവകാശപ്പെടാനുള്ള ഈ വലിയ അവസരത്തെ ശരിക്കും ആസ്വദിക്കാം. പണ്ടു ബഹ്റൈനിൽ ഫയർ എസ്കേപ് ആക്ടിനിടെ മാരകമായ പൊള്ളലേറ്റു കുറേക്കാലം ഞാൻ ആശുപത്രിയിലായിരുന്നു. അതിനുശേഷം ആദ്യം നടത്തിയ ഒരു മാജിക് ഷോ ഇപ്പോഴും മറക്കാനാവില്ല. കയ്യിൽ പഞ്ഞിയൊക്കെ വച്ച് ഗ്ലൗസിട്ടു തുന്നിക്കെട്ടി മുഖത്ത് എന്തൊക്കെയോ ക്രീം പുരട്ടി പെയിൻ കില്ലർ മെഡിസിൻ ഒന്നിലേറെത്തവണ ഇൻജക്റ്റ് ചെയ്ത് സ്റ്റേജിലേക്ക് ഒരു പോക്കായിരുന്നു. രണ്ടു മണിക്കൂർ തകർത്തു എന്നു ഞാൻ പറയും. സത്യം പറയട്ടെ, ഇതുവരെ നടത്തിയ ആയിരക്കണക്കിനു ഷോകളിൽവച്ച് ഏറ്റവും നല്ല ഷോ അതായിരുന്നു! ഇന്നു ഞാനത് ഓർത്ത് ആസ്വദിക്കാൻ കാരണം ആ ഷോ ഒരു വെല്ലുവിളിയായിരുന്നു എന്നതാണ്. അതുപോലെ, നിങ്ങൾ ഈ പരീക്ഷക്കാലവും ആഘോഷമായിട്ടെടുക്കണം. 

അരണ്ട വെളിച്ചത്തിൽ വഴിയിൽ ചുരുണ്ടുകിടക്കുന്ന കയറു കണ്ട് പേടിച്ചോടിയ ഒരാളുടെ കഥയുണ്ട്. അയാൾ കരുതിയത് ആ കയർ പാമ്പാണെന്നാണ്. അയാൾ തിരിഞ്ഞോടി. പിന്നെ ആ വഴിക്കു വന്നതുമില്ല. മരണം വരെ അയാളുടെ മനസ്സിൽ അതു പാമ്പായിത്തന്നെ നിലനിന്നു. അടുത്തയാൾ ആ വഴി വന്നപ്പോൾ ആ കയറു കണ്ടു. അയാൾ ചെയ്തത്, ഒരു വടിയെടുത്ത് അതു പാമ്പാണോയെന്നു കുത്തിനോക്കുകയാണ്. അയാൾ ആ കയറിനു മുകളിൽ കയറി നൃത്തം ചെയ്തു. 

ഇത്രയേ ഉള്ളൂ പരീക്ഷകളോടുള്ള സമീപനവും. പേടിച്ചു പിൻമാറിയാൽ എന്നും ആ പേടി അവിടെക്കിടക്കും. ധൈര്യസമേതം പോയി പരീക്ഷയെ നേരിട്ടാൽ പരീക്ഷ കഴിഞ്ഞ് നമുക്ക് ആനന്ദനൃത്തം ചവിട്ടാം. 

പരീക്ഷ എഴുതാൻ എങ്ങനെ തയാറെടുക്കണമെന്നോ പരീക്ഷ എഴുതുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നോ വിശദമായി പറഞ്ഞുതരേണ്ട പ്രായക്കാരല്ല നിങ്ങളെല്ലാവരും. പരീക്ഷയെ ചിരിച്ചുകൊണ്ടു നേരിടണമെന്നേ എനിക്കു നിങ്ങളോടു പറയാനുള്ളൂ. അങ്ങനെ വിജയകരമായി പരീക്ഷ എഴുതി വീട്ടിൽ വന്ന് ഒരു കടലാസിൽ ഇങ്ങനെ എഴുതി ചുമരിൽ ഒട്ടിച്ചുവയ്ക്കുക: ‘ഒരു ദുരിതകാലത്ത് പരീക്ഷയെ അതിജീവിച്ചവരാണു ഞങ്ങൾ!’. 

English Summary: Magic Lamp Podcast By Gopinath Muthukad

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA