ADVERTISEMENT

"അപ്പപ്പോൾ പാതകം ചെയ്തതിനൊക്കെയും 

ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം"

 

വള്ളത്തോളിന്റെയെന്നല്ല, മലയാളത്തിലെതന്നെ അതിമനോഹരമായ ലഘുകാവ്യങ്ങളിലൊന്നായ മഗ്ദലനമറിയത്തിന്റെ അവസാനവരികൾ. ദുർവൃത്തിയുടെ പാപമാർഗത്തിൽ ചരിച്ച മേരിയെ (Mary Magdalene) മോശെയുടെ നിയമപ്രകാരം കല്ലെറിഞ്ഞുകൊല്ലണമെന്ന് ആർത്തലച്ചുവന്ന ജനക്കൂട്ടം അലറിവിളിച്ചു. അവരെ നോക്കി ക്രിസ്തു പറഞ്ഞു, ‘നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം ഇവളെ കല്ലെറിയട്ടെ’ (യോഹന്നാൻ 8:7). ജനക്കൂട്ടം പിരിഞ്ഞുപോയി. ശിക്ഷയൊന്നും വിധിക്കാതെ, ഇനി പാപം ചെയ്യരുതെന്നു നിർദ്ദേശിച്ച് ക്രിസ്തു മേരിയെ പറഞ്ഞയച്ചു. ആ സന്ദർഭം മനസ്സിൽവച്ച് വള്ളത്തോളെഴുതിയ വരികളാണ് ആദ്യം കണ്ടത്.

 

മഗ്ദലനമറിയം പാപിനിയായിരുന്നോ അല്ലയോ എന്ന തർക്കം ബൈബിൾ പണ്ഡിതന്മാരുടെയിടയിലുള്ളതു നിൽക്കട്ടെ. പ്രചാരമേറിയ കഥയിൽനിന്നു നമുക്കു ഗ്രഹിക്കാവുന്ന പാഠമെന്ത്? ഒരിക്കൽ കുറ്റം ചെയ്തു പോയവരെ എന്നും കുറ്റവാളികളായി കരുതിക്കൂടാ. തിരുത്താൻ അവസരം നല്കണം. പശ്ചാത്തപിക്കാനും, നന്മയുടെ പാതയിലേക്കു മടങ്ങിവന്നാൽ നല്ലവരായി സ്വീകരിക്കാനും സന്മനസ്സു കാട്ടണം. ഇങ്ങനെ െചയ്യേണ്ടത് കുറ്റവാളിയുടെ സമീപനത്തിൽ അത്മാർത്ഥതയുണ്ടെങ്കിൽ.

 

നാം മറ്റുള്ളവരെ നിരന്തരം കുറ്റപ്പെടുത്തുന്നു. ഒരു വിരൽ അന്യനിലേക്കു ചൂണ്ടുമ്പോൾ, മൂന്നു വിരലുകൾ എന്റെനേർക്കു ചൂണ്ടിനിൽക്കുമെന്നതു മറക്കാമോ? നാലു പേർ ചേർന്ന് പത്തു മിനിറ്റ് സംസാരിക്കുമ്പോഴേക്കും ചെന്നെത്തുക കൂട്ടത്തിലില്ലാത്തവരുടെ ദോഷങ്ങളിലാവും. ഇത് നിത്യസംഭവം. 

പല പാപങ്ങളും കഴുകിക്കളയാവുന്നവയാണ്. ഈ ആശയം ശക്തമായി ഭഗവദ്ഗീതയിലുണ്ട്.

‘സർവധർമ്മാൻ പരിത്യജ്യ മാമേകം ശരണം വ്രജ

അഹം ത്വാം സർവപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ’ : (18 : 66). (ധർമ്മങ്ങളെയെല്ലാം ഉപേക്ഷിച്ച് എന്നെത്തന്നെ ശരണം പ്രാപിക്കുക. ഞാൻ നിന്നെ സകല പാപങ്ങളിൽ നിന്നും മോചിപ്പിക്കാം. ദു:ഖിക്കേണ്ട.)

 

ഇപ്പറഞ്ഞതിനെല്ലാം മറുവശവുമുണ്ട്. കുറ്റക‍ൃത്യങ്ങളിൽ നിന്ന് ഒരിക്കലും വിട വാങ്ങാത്തവർ. എന്തെല്ലാം സംഭവിച്ചാലും, അവർ തെറ്റുകൾ ആവർത്തിച്ച് ശിക്ഷകൾ വീണ്ടും വീണ്ടും വാങ്ങിക്കൊണ്ടിരിക്കും. ‘ജെയിൽ ബേഡുകൾ’ എന്ന് ഇവരെ വിശേഷിപ്പിക്കാറുണ്ട്. കുറ്റകൃത്യങ്ങൾ തങ്ങളെ സമൂഹത്തിൽനിന്ന് അകറ്റുന്നതിനെപ്പറ്റി വിഷമമില്ലാത്തവർ. കുറ്റകൃത്യങ്ങൾവഴിയുള്ള താല്ക്കാലികലാഭത്തിലും, അവ അന്യർക്കുണ്ടാകുന്ന ദുഃഖത്തിലും അഭിരമിക്കുന്നവർ. അന്യന്റെ സ്വത്ത് അപഹരിക്കുന്നതിലും, നിഷ്കളങ്കരായ  നിരപരാധികളെ ബോംബുവച്ച് കൂട്ടക്കൊല ചെയ്യുന്നതിലും മനഃസാക്ഷിക്കുത്തില്ലാത്ത പാപമാനസർ.

ഹിറ്റ്ലറുടെ അന്ത്യം ഓർ‌ക്കുക. 60  ലക്ഷത്തോളം യഹൂദരെ നിഷ്കരുണം കൊന്നൊടുക്കുകയും, ലോകരാജ്യങ്ങളിലെ കോടിക്കണക്കിനു ജനങ്ങളുടെ ജീവിതം നരകതുല്യമാക്കുകയും ചെയ്ത നിഷ്ഠുര ഏകാധിപതി അഡോൽഫ് ഹിറ്റ്ലർ, 1945 ഏപ്രിൽ 30ന് പകൽ 3.35ന്, 40 മണിക്കൂർ നേരത്തെ ദാമ്പത്യജീവിതത്തിനു ശേഷം 56–ാം വയസ്സിൽ കൈത്തോക്കുകൊണ്ട് വലുതുചെന്നിയിൽ വെടിവച്ച് ആത്മഹത്യചെയ്തു. തൊട്ടടുത്ത് 33കാരി നവവധു ഈവ ബ്രൗൺ കൊടുംവിഷമായ സയനൈഡ് കഴിച്ചും ജീവൻ വെടിഞ്ഞു. സ്വന്തം ഓഫീസിനു താഴെ  ആഴത്തിലുണ്ടാക്കിയ കൃത്രിമ അറയിൽ കഴിഞ്ഞ ഹിറ്റ്ലർ, ആക്രമിച്ചു പടിക്കലെത്തിയ റഷ്യൻ ചെമ്പടയെ ചെറുക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ്, ബന്ദിയാകാനാഗ്രഹിക്കാതെ ‘സ്വാഭിമാനം’ കാത്ത് മരിക്കുകയായിരുന്നു. ശവംപോലും ശത്രുവിനു കിട്ടരുതെന്ന നിർബന്ധമുണ്ടായിരുന്ന സ്വേച്ഛാധിപതി  ബങ്കറിൽ വേണ്ടത്ര പെട്രോൾ കരുതി വച്ചിരുന്നു. സഹായികൾ ഇരുമൃതദേഹങ്ങളും ദഹിപ്പിക്കുകയും ചെയ്തു.

 

ലോകത്ത് ഒരു ശക്തിക്കും തന്നെ തകർക്കാനാവില്ലെന്ന് ആവർത്തിച്ചു വീമ്പിളക്കി മനുഷ്യരെ വീണ്ടുംവീണ്ടും ഗാസ്ചേംബറിലിട്ട് കൊന്നയാൾ കുറ്റവാളിയുടെ ലേബൽ മാറിക്കിട്ടണമെന്ന്  ആഗ്രഹിച്ചതേയില്ല. 

 

ഇത്തരക്കാരെ അപവാദങ്ങളായി കരുതിയാൽ മതി. സാധാരണ കുറ്റവാളികൾക്ക് നന്മയിലേക്കു മടങ്ങാൻ കഴിയും. അതിനു പ്രോത്സാഹനം നല്കേണ്ടത് സമൂഹത്തിന്റെ കടമ. ‘കണ്ണിനു കണ്ണ്, പല്ലിനു പല്ല്’ എന്ന മട്ടിൽ പകകൊണ്ട് കുറ്റവാളികളോടു പ്രതികാരം വേണ്ട.

 

കുറ്റവാളിക്കു നല്ലവനായി മടങ്ങിവരാമെന്നു ചിന്തിക്കുന്നവരോട് ഒരു കാര്യം ഊന്നിപ്പറയണം. പഴമക്കാർ പണ്ടേ പഠിപ്പിച്ച പാഠം, ‘ചെളിയിൽ ചവിട്ടിയിട്ടു കാൽ കഴുകുന്നതിനെക്കാൾ നന്ന്, ചെളിയിൽ ചവിട്ടാത്തതു തന്നെ.’ നേരത്തും കാലത്തും വേണ്ടതു ചെയ്യാതെ വീഴ്ചവരുത്തിയിട്ടു പശ്ചാത്തപിക്കാൻ ഇട വരുത്താതിരിക്കാം. ഇന്റർനെറ്റിൽ ഏറെക്കാലമായി കറങ്ങിനടക്കുന്ന ഹൃദയസ്പർശിയായ വിധുരവിലാപത്തിലെ ചില വരികൾ കേൾക്കുക. (അടുത്തകാലത്ത് ഒരാൾ സംശയം ചോദിച്ച് കത്തയച്ചിരുന്നു : ഭാര്യ മരിച്ചയാളെ വിധവൻ എന്നാണോ വിളിക്കേണ്ടത്? വിഭാര്യൻ നിലവിലുണ്ടെങ്കിലും, തെല്ലു വ്യാപകാർത്ഥമുള്ള വിധുരൻ എന്ന പദത്തിന് പ്രചാരം കൈവരാത്തതെന്തുകൊണ്ട് എന്നറിഞ്ഞുകൂടാ.)

 

‘അവരുടെ വിലയെന്തെന്ന് ഞാൻ അറിഞ്ഞിരുന്നില്ല – അവർ വിട്ടുപോകുംവരെ. അവർക്ക് എത്ര‌ ക്ഷമിക്കാനാവുമെന്നത് ഞാൻ അറിഞ്ഞിരുന്നില്ല. ഓരോ ദിവസവും ഭാര്യ എന്തെല്ലാം സഹായം ചെയ്തുതരുന്നുവെന്ന്, എത്ര മോശമായി അവരെ ഞാൻ അവഗണിച്ചിരുന്നുവെന്ന്, എനിക്കുവേണ്ടി എത്ര ദുഃഖങ്ങൾ അവർ നിശ്ശബ്ദയായി സഹിച്ചിരുന്നുവെന്ന്, എന്റെ പാതകൾ സുഗമമാക്കാൻ അവർ എത്രയെത്ര ചെറുകാര്യങ്ങൾ തിരിച്ചറിഞ്ഞ് ചെയ്തിരുന്നുവെന്ന്, ആ ചെറിയ സ്ത്രീയുടെ വലിയ ഉന്മേഷവും ശാന്തതയും എന്നെ നിരന്തരം ഉത്സാഹഭരിതനാക്കിയിരുന്നെന്ന്, ഹൃദയവേദനകളെ അവർ എങ്ങനെ പുഞ്ചിരിയോടെ നേരിട്ടുവെന്ന്, അവരോട് അനുകമ്പ കാട്ടി ഞാൻ അവരെ സഹായിക്കാറില്ലായിരുന്നെന്ന് ….. ഞാൻ അറിഞ്ഞിരുന്നില്ല. ഇന്നു ഞാൻ ഒറ്റയ്ക്ക്. എന്റെ കുറ്റബോധം എന്നെ വേട്ടായാടിക്കൊണ്ടേയിരിക്കുന്നു. അന്ന് ഇക്കാര്യമെല്ലാം ഞാൻ ഓർത്തിരുന്നെങ്കിൽ, വേണ്ടപ്പോഴെല്ലാം അവർക്കു സാന്ത്വനമേകി തുണയേകിയിരുന്നെങ്കിൽ – അങ്ങനെ എത്രയോ എങ്കിലുകൾ എന്റെ മനസ്സിനെ മഥിക്കുന്നു. ഇന്നു ഞാൻ പശ്ചാത്തപിക്കുന്നു. പരിഹരിക്കാനാവാത്ത വീഴ്ചകളുടെ കയത്തിലാണു ഞാൻ.’

 

ഭാര്യയുടെ കാര്യത്തിൽ മാത്രമല്ല  ഉപേക്ഷ. പ്രായമായ  അച്ഛനമ്മമാരോടുള്ള കടമ നിർവഹിക്കാതെ, അവർ പോയിക്കഴിഞ്ഞ് പശ്ചാത്താപംകൊണ്ട് മരണാനന്തചടങ്ങുകൾ ആഘോഷമാക്കുന്നവരുണ്ട്. ബന്ധുജനങ്ങളോടും സുഹൃത്തുക്കളോടും ഉള്ള കടമകൾ അപ്പപ്പോൾ ചെയ്യാൻ വിമുഖത വേണ്ട. പശ്ചാത്തപിക്കാൻ ഇട വരുത്താത്തതാണ് വിവേകത്തിന്റെ വഴി.

 

‘പൊറുക്കാനാവാത്ത ഒരേയൊരു തിന്മ കാപട്യം. കപടബുദ്ധിയുടെ പശ്ചാത്താപമാണ് വലിയ കാപട്യം’ എന്ന് പ്രശസ്ത ഉപന്യാസകാരൻ വില്യം ഹാസ്ലിറ്റ്. കുറ്റകൃത്യം നിസ്സാരമെന്നു കരുതുന്നയാൾക്ക് പശ്ചാത്താപം ഉണ്ടാവില്ല.

 

ഗാന്ധിജി ഒതുക്കിപ്പറഞ്ഞു, ‘സത്യസന്ധമായ കുറ്റസമ്മതവും, ഇനി പാപം ചെയ്യില്ലെന്ന് വാഗ്ദാനവും ആണ് പരിശുദ്ധപശ്ചാത്താപം.’

 

‘പഴിക്കൽ തൊഴിലാക്കിയവർ ഒന്നോർക്കണം, വിദ്വേഷവും പഴിചാരലും നമ്മെ തടവറയിലേക്കു തള്ളും. ഒരടി പോലും മുന്നോട്ടുവയ്ക്കാനാവാതെ വരും’ എന്നു പ്രശസ്ത ഗ്രാഫിക് ഡിസൈനറും ഗ്രന്ഥകാരനുമായ മിക്കേൽ റെയിന.  

English Summary: Career Column By B. S. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com