ADVERTISEMENT

വീട്ടിലിരുന്ന് ഓഫീസിലെ ജോലികൾ ചെയ്യുന്ന  'വർക്ക് ഫ്രം ഹോം' സംസ്കാരം കോവിഡ് മഹാമാരിയോടുകൂടി വ്യാപകമായി മാറി. കൊറോണക്കാലത്ത് പലരുടെയും ജോലി പോകാതെ കാത്തതും സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഈ  വെർച്വൽ തൊഴിലിടം ആണ്. എന്നാൽ ഈ വർക്ക് ഫ്രം ഹോം സ്ഥാനക്കയറ്റം അടക്കമുള്ള തങ്ങളുടെ കരിയർ വളർച്ചയെ പ്രതികൂലമായി  ബാധിക്കുമോ എന്ന് പല ജീവനക്കാരും ഭയക്കുന്നതായി അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. ജീവനക്കാർ ഭയക്കുന്ന അത്ര പ്രശ്നം സത്യത്തിൽ വർക്ക് ഫ്രം ഹോം കരിയർ വളർച്ചയ്ക്ക് ഉണ്ടാക്കില്ലെന്ന് പഠനം നടത്തിയ ന്യൂയോർക്ക് റെൻസലർ പോളിടെക്നിക് ഇൻസ്റ്റിറ്റിയൂട്ടിലെ പ്രഫ. തിമോത്തി ഡി ഗോൾഡൻ പറയുന്നു.

സ്ഥാനക്കയറ്റം സംബന്ധിച്ച ഡേറ്റ പരിശോധിച്ച ഗോൾഡൻ വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും ഓഫീസിൽ വന്നിരുന്നു ജോലി ചെയ്യുന്നവർക്കും ജോലിയിലെ വളർച്ചാ സാധ്യതകൾ ഒരേ പോലെയാണെന്ന് കണ്ടെത്തി. എന്നാൽ വർക്ക് ഫ്രം ഹോം  ചെയ്യുന്ന ജീവനക്കാരന്റെ വിജയം തൊഴിലിടത്തിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയിരിക്കും എന്നും പഠനം പറയുന്നു. സ്ഥാപനം തന്നെ വർക്ക് ഫ്രം ഹോം ആശയത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട ഘടകം. വർക്ക് ഫ്രം ഹോം ഓപ്ഷനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളിൽ ജീവനക്കാർ കരിയർ വളർച്ച നേടുകയും തൊഴിലിടത്തിൽ ഉത്പാദനക്ഷമത പുലർത്തുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടെത്തി. 40 % ജീവനക്കാരെ വർക്ക് ഫ്രം ഹോം വഴി ജോലി ചെയ്യിക്കുന്ന അൾട്ടിമേറ്റ് സോഫ്റ്റ്‌വെയറിലെ തൊഴിൽ സംസ്കാരം ഉദാഹരണമായി പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ വെർച്വലായി  ജോലി ചെയ്യുന്ന ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത 40 % കൂടുതലാണ്. കരിയറിൽ വളർച്ചയുണ്ടാകുമെന്ന തോന്നലും ഇവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 27 % അധികമാണ്.

അതേസമയം കുറച്ചുപേർ മാത്രം വർക്ക് ഫ്രം ഹോം ചെയ്യുന്ന തൊഴിലിടങ്ങളിൽ ഇവർക്ക് ഓഫീസിൽ വന്നിരുന്ന് ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് സ്ഥാനക്കയറ്റ സാധ്യത കുറവാണെന്നും പഠന റിപ്പോർട്ട്‌ പറയുന്നു.

എന്നാൽ വർക്ക് ഫ്രം ഹോം ചെയ്യുന്നവരും ഓഫീസിൽ വരുന്നവരും തമ്മിൽ വേതന വർദ്ധനവിൽ വ്യത്യാസം കണ്ടെത്തി. വെർച്വൽ ഡ്യൂട്ടി ചെയ്യുന്നവർക്ക് ഓഫീസിലെത്തുന്ന തങ്ങളുടെ സഹപ്രവർത്തകരെ അപേക്ഷിച്ച് ശമ്പളം കുറവാണെന്ന് പഠനം പറയുന്നു. ഓഫീസ് ജീവനക്കാരെ അപേക്ഷിച്ച്  വർക്ക് ഫ്രം ഹോം ജീവനക്കാർ കൂടുതൽ മണിക്കൂറുകൾ ജോലിക്കായി ചെലവിടുമ്പോൾ ആണ് വേതനത്തിലെ  ഈ അന്തരം. വർക്ക് ഫ്രം ഹോം ജീവനക്കാർ എത്ര സമയം അധികം ജോലി ചെയ്താലും ഓഫീസിൽ വന്ന് തങ്ങളുടെ മേലധികാരികളെ നേരിട്ട് കാണുന്നവർക്ക് കൂടുതൽ വേതന വർദ്ധനവ് ലഭിക്കാറുണ്ടെന്നും പഠനം കൂട്ടിച്ചേർക്കുന്നു. മാറുന്ന തൊഴിൽ സംസ്കാരം ഓഫീസ് ബന്ധങ്ങളിലും കരിയറിലും ഉണ്ടാക്കുന്ന സ്വാധീനം അടിവരയിടുന്നതാണ് പഠനം.


English Summary: Will working from home hurt your career?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com