sections
MORE

ചെയ്തുപോയ കാര്യങ്ങളെക്കാൾ നിരാശപ്പെടുത്തുക ചെയ്യാതെ പോയ കാര്യങ്ങൾ

HIGHLIGHTS
  • കഴിവിലേറെ പ്രയത്നമാണ് മിക്ക വിജയത്തിന്റെയും പിന്നിൽ
sad
Representative Image. Photo Credit : fizkes/ Shutterstock.com
SHARE

പഴയൊരു മടിയൻകഥ കേൾക്കുക. ഒരു രാജാവിന് രണ്ടു പരുന്തിൻകുഞ്ഞുങ്ങളെ സമ്മാനം കിട്ടി. വിശേഷ ഇനത്തിൽപ്പെട്ട ഓമനത്തമുള്ള കുഞ്ഞുങ്ങളെ രാജാവിന് ഇഷ്ടമായി. അവയെ പരിപാലിക്കാൻ വിദഗ്ധനെ നിയമിച്ചു. കുഞ്ഞുങ്ങൾ വളർന്നു വലുതായി. രണ്ടിനും മനോഹരരൂപം. കൊഴുത്തുരുണ്ട തക്കിടിമുണ്ടന്മാർ. വർണപ്പൊലിമയുള്ള ചിറകുകൾ. വജ്രംപോലെ തിളങ്ങുന്ന കണ്ണുകൾ.

‘എനിക്കിവ പറന്നുയരുന്നതു കാണണം’ എന്നു രാജാവ് പറഞ്ഞു. പരിശീലകൻ പരുന്തുകൾക്ക് നിർദ്ദേശം നല്കി. രണ്ടും പറന്നുയർന്ന് ആകാശത്തു വട്ടമിടുന്നത് രാജാവ് കൺകുളിർക്കെക്കണ്ടു. പക്ഷേ ഒരെണ്ണം പെട്ടെന്ന് പറക്കൽ നിറുത്തി, തിരിച്ച് അതിന്റെ സ്ഥിരംമരക്കൊമ്പിൽ വന്നിരുന്നു.

‘ഇതെന്താണിങ്ങനെ? മറ്റവൻ ഉത്സാഹത്തോടെ വാനംനിറഞ്ഞ് പറക്കുമ്പോൾ ഇവൻ അതൊന്നും ആസ്വദിക്കാതെ മരക്കൊമ്പിൽ കൂനിക്കൂടി ഉറക്കംതൂങ്ങിയിരിക്കുന്നല്ലോ.’ രാജാവിനു സംശയം.

പരിശീലകൻ : ‘തിരുമേനീ, പണ്ടേ ഇവന്റെ രീതിയിതാണ്. നല്ലവണ്ണം പറക്കാൻ കഴിവുണ്ട്. പക്ഷേ തരംകിട്ടിയാൽ ഈ മരക്കൊമ്പിൽവന്ന് ചടഞ്ഞിരിക്കും.’

ഈ പോരായ്മ പരിഹരിക്കണമെന്ന് രാജാവ് തീരുമാനിച്ചു. ഉറക്കംതൂങ്ങിയെ പ്രോത്സാഹിപ്പിച്ചു പറത്താൻ കഴിവുള്ളയാൾക്ക് വലിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ചെണ്ടകൊട്ടിയറിയിച്ചു. പല വിദഗ്ധരുമെത്തി. പഠിച്ചപണി പതിനെട്ടും നോക്കി. മടിയന് ഇളക്കമില്ല. പറന്നാലും വേഗം തിരികെയെത്തി  മരക്കൊമ്പിലിരിക്കും. രാജാവിന് ആശ നശിച്ചു.

അങ്ങനെയിരിക്കെ ഒരുനാൾ പരുന്തുകൾ രണ്ടും ആകാശത്ത് മത്സരിച്ച് ഏറെനേരം പറക്കുന്നതു കണ്ട് രാജാവ്  വിസ്മയിച്ചു. ആരാണിതു സാധിച്ചെടുത്തെന്ന് പരിശീലകനോട് ചോദിച്ചു. പിറ്റേന്ന് അയാളെ തന്റെ മുന്നിൽ ഹാജരാക്കാൻ കല്പിച്ചു.

പാവപ്പെട്ട കർഷകൻ പിറ്റേന്നു രാജസന്നിധിയിലെത്തി. അയാളെ കണ്ടപ്പോഴേ രാജാവിന് അനുകമ്പ തോന്നി.

‘താനിതെങ്ങനെ പറ്റിച്ചെടോ?’

‘അടിയൻ ആ പരുന്തിരിക്കുന്ന കമ്പങ്ങ് വെട്ടിക്കളഞ്ഞേ.’

‘വിദഗ്ധന്മാർക്കില്ലാത്ത ബുദ്ധി തനിക്കെവിടെ നിന്നു കിട്ടി?’

‘അടിയനു യജമാനന്മാരെപ്പോലെ വലിയ ബുദ്ധിയൊന്നുമില്ലേ. സുഖംപിടിച്ചിരിക്കുന്ന ആ കമ്പങ്ങു മുറിച്ചുകളഞ്ഞാൽപ്പിന്നെ അവനെവിടിരിക്കും? പറക്കാതെ പറ്റുമോ?’ എന്ന് വിചാരിച്ചു. പക്ഷേ അതോടെ അവനങ്ങു പറന്നുകേറി.’

കഥയിൽ ചോദ്യമില്ല. നമ്മളുമൊക്കെ പലപ്പോഴും ആ മടിയൻ പരുന്തിനെപ്പോലെയല്ലേ? സുഖംപിടിച്ചിരിക്കും. ഉള്ള കഴിവൊന്നും പ്രയോജനപ്പെടുത്തില്ല. അർഹതയുള്ള പലതും അലസതമൂലം കളഞ്ഞുകുളിക്കും. നഷ്ടപ്പെട്ടതു വീണ്ടെടുക്കാൻ കഴിയുകയുമില്ല. തങ്ങളെക്കാൾ ബുദ്ധിയും കഴിവും കുറഞ്ഞവർ വലിയ വിജയം വരിക്കുമ്പോൾ, അസൂയപ്പെട്ട് ‘അവനത്ര മിടുക്കനൊന്നുമല്ല’ എന്ന് അന്യരോടു പറഞ്ഞ് ചാരിതാർത്ഥ്യമടയുന്ന അലസരേറെ. സ്വാഭാവിക കഴിവുകൾ ശുഷ്കാന്തിയോടെ പരമാവധി പ്രയോജനപ്പെടുത്തുന്നതിലാവണം സാമർത്ഥ്യം കാട്ടേണ്ടത്. താല്ക്കാലികസുഖം തരുന്ന മരക്കൊമ്പിൽ മടിച്ചിരുന്നാൽ, വലിയ നേട്ടങ്ങൾ കൈവിട്ടുപോകും. നഷ്ടപ്പെടുത്തിയ അവസരങ്ങളെയോർത്തു പശ്ചാത്തപിച്ചിട്ടു പ്രയോജനമില്ല. മടി വളർത്തുന്ന ആ മരക്കൊമ്പ് ഉടൻതന്നെ മുറിച്ചുകളയാം.

കൈനനയാതെ മീൻ പിടിക്കാൻ ആർക്കാണു കഴിയുക? ഉയർന്നു പറന്ന് ആഹ്ലാദിക്കാനുള്ള  കഴിവ് ഉപയോഗിക്കാതിരുന്ന മടിയൻപരുന്ത് നല്ല മാതൃകയല്ല. ആകാശത്തു പറക്കുകയാണ് പരുന്തിന്റെ ധർമ്മം. നമ്മൾ ഉയർന്നു പറക്കേണ്ട പല ആകാശങ്ങളുമുണ്ട്. അവ തിരിച്ചറിഞ്ഞ് ഉത്സാഹത്തോടെ പറക്കണം. കപ്പൽ തുറമുഖത്തു നങ്കൂരമിട്ട് കിടക്കുക മാത്രമായാൽ എന്തു പ്രയോജനം? കാറ്റും കോളുമുള്ള മഹാസാഗരങ്ങളെ തരണം ചെയ്ത് ഭാരം കടത്തുകയാവും കപ്പലിന്റെ ദൗത്യം. അതിൽ വീഴ്ച വരുത്തുന്ന കപ്പൽ കപ്പലേയല്ല.

പ്രയത്നം സുഖമെന്നു കരുതിയാൽ ആലസ്യത്തെ പുണരാൻ തോന്നില്ല. ആവേശവും ഉത്സാഹവും ഉന്മേഷവും കാട്ടാത്ത യുവാക്കളെ ഊർജ്ജംവറ്റിയ വൃദ്ധരായി കരുതേണ്ടിവരും. അവർക്കു സ്വാഭിമാനമുണ്ടാവില്ല. അതിനു വഴിനല്കാതെ ശേഷികൾ പരമാവധി വിനിയോഗിച്ച് ഊർജ്ജസ്വലരാകാനാവട്ടെ നമ്മുടെ ശ്രമം. ചൊടിയും പ്രസരിപ്പും ഒളിമങ്ങാതെ സൂക്ഷിക്കാം. ഓജസ്സും ചൈതന്യവും പ്രസരിപ്പിക്കാം.

‘ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധത’ എന്ന വരി കേട്ടാൽ ആരും വിവേകാനന്ദസ്വാമിയെ ഓർക്കും. മാതൃഭൂമി വിദേശാധിപത്യത്തിൽ ആണ്ടുകിടന്ന കാലത്ത് യുവജനങ്ങൾ ആലസ്യത്തിൽ വീണുപോകരുത്, നിതാന്തജാഗ്രത വേണം. ഉണർന്നു പ്രവർത്തിക്കണം, ശ്രേഷ്ഠഗുരുക്കന്മാരിൽ നിന്ന് അറിവു നേടണം എന്ന ആഹ്വാനം ഭാരതമാകെ മുഴങ്ങി. ഏതു കാലത്തും ഏതു രാജ്യത്തും പ്രസക്തിയുള്ള വാക്കുകൾ. 

ഇത് കഠോപനിഷത്തിലെ വരിയാണ് (1:3:14). ശ്ലോകത്തിന്റെ രണ്ടാം പാദം നല്കുന്ന മുന്നറിയിപ്പുമുണ്ട് – പാത കഠിനമായിരിക്കും. മൂർച്ചയുള്ള കത്തിയുടെ വായ്ത്തലയിലൂടെയെന്ന പോലെ നടക്കേണ്ടി വരും. ഏതു രംഗത്തും വിജയം വരിക്കണമെങ്കിൽ കഷ്ടപ്പെടാൻ തയ്യാറായിരിക്കണമെന്ന നിർദ്ദേശം. കഥകളിലൂടെ സന്മാർഗം കാട്ടിത്തരുന്ന പ്രാചീനസംസ്കൃതകൃതിയായ ഹിതോപദേശത്തിലെ സൂചനയും ഇതിനോടു കൂട്ടിവായിക്കാം :‘മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവനിൽത്തന്നെ – ആലസ്യം’. മടിപിടിച്ചിരിക്കുന്നയാൾക്ക് ഒന്നും നേടാനാവില്ല. മടി കുടി കെടുത്തുമെന്നു മലയാളമൊഴി.

ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുകതന്നെ ചെയ്യുമെന്ന ആശയം  വ്യക്തമാക്കുന്ന വള്ളത്തോളിന്റെ പ്രശസ്തവരികൾ:

‘എത്തേണ്ടതാമിടത്തെത്തിയാലും ശരി, മധ്യേ മരണം വിഴുങ്ങിയാലും ശരി

 മുന്നോട്ടു തന്നെ നടക്കും വഴിയിലെ മുള്ളുകളൊക്കെച്ചവിട്ടി മെതിച്ചു ഞാൻ’

ഉപനിഷദ്ഗീതകളാണ് തനിക്കു വിദ്യ പകരുന്നതെന്നു പറഞ്ഞിട്ടാണ് മഹാകവി ഇങ്ങനെയെഴുതിയത്.

വിജയം എങ്ങനെ കൈവരിക്കാമെന്ന് തിരക്കുകൂട്ടി അന്വേഷിച്ചുകൊണ്ടേയിരിക്കുന്നയാളാണു വിജയിക്കുകയെന്ന് ദാർശനികൻ ഡേവിഡ് തോറൊ. വിജയിയുടെ വിജയം കാണുന്നവർ അതിനു പിന്നിലെ കഠിനാധ്വാനം കാണാറില്ല. അധ്വാനിച്ചതുകൊണ്ട് നശിച്ചവരില്ല. ശമ്പളത്തിനു ചെയ്യേണ്ടതിൽ കൂടുതൽ ചെയ്താൽ, ചെയ്യുന്നതിനു കിട്ടേണ്ടതിനെക്കാൾ ശമ്പളം കിട്ടുന്ന നില വന്നേക്കാമെന്നു പാശ്ചാത്യമൊഴി. കഴിവിലേറെ പ്രയത്നമാണ് മിക്ക വിജയത്തിന്റെയും പിന്നിൽ.

കുറെയൊക്കെ പ്രയത്നിച്ചിട്ട് ശ്രമം ഉപേക്ഷിക്കുന്നവരോട് കണ്ടുപിടിത്തങ്ങളുടെ രാജാവായ തോമസ് എ എഡിസൻ : ‘ജീവിതത്തിലെ വൻപരാജയങ്ങളിൽ മിക്കവയും വിജയത്തിന്റെ വക്കിലെത്തി ഉപേക്ഷിച്ചുണ്ടായവ.’ പരാജയത്തെ ആരും വാഴ്ത്തുകയില്ല. ‘വിജയത്തിന് നൂറു പിതാക്കന്മാരുണ്ട്; പരാജയം അനാഥക്കുട്ടി’ എന്ന് ജോൺ എഫ് കെന്നഡി.

വേണ്ട നേരത്തു വേണ്ടതു ചെയ്യാതെ പിന്നീടു ദുഃഖിക്കാനിട വരുന്ന സാഹചര്യം പലരും നേരിടാറുണ്ട്. ഇതെപ്പറ്റി ഹാസസാഹിത്യകാരൻ മാർക് ട്വെയിൻ : ‘നിങ്ങൾ ചെയ്തുപോയ കാര്യങ്ങളെക്കാൾ നിങ്ങളെ ഇരുപതു വർഷത്തിനു ശേഷം നിരാശപ്പെടുത്തുക നിങ്ങൾ ചെയ്യാതെ പോയ കാര്യങ്ങളായിരിക്കും. സുരക്ഷിതതുറമുഖത്തുനിന്ന് കപ്പലിറക്കുക. കാറ്റുപിടിക്കുംവിധം പായ് കെട്ടുക. അന്വേഷിക്കുക. സ്വപ്നം കാണുക. കണ്ടെത്തുക.’

English Summary: Career Column By B.S. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA