ADVERTISEMENT

അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റമോ, തൊഴില്‍ വാഗ്ദാനമോ, ശമ്പള വർധനവോ സ്ത്രീയാണെന്നതിന്റെ പേരില്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടാറുണ്ടെന്ന്  ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം ഇന്ത്യന്‍ സ്ത്രീകളും കരുതുന്നതായി പഠന റിപ്പോര്‍ട്ട്. തൊഴിലിടത്തിലെ അവസരങ്ങളെയും തൊഴില്‍ പുരോഗതിക്ക് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങളെയും മനസ്സിലാക്കാന്‍ ലിങ്ക്ഡ് ഇന്‍ നടത്തിയ ഓപ്പര്‍ച്യൂണിറ്റി ഇന്‍ഡെക്‌സ് 2021 റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച കണക്കുകള്‍ നിരത്തുന്നത്.

 

ഇത്തരത്തില്‍ തങ്ങള്‍ക്ക് തൊഴിലിടങ്ങളിലെ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ നാല് സ്ത്രീകളും(85 %) അഭിപ്രായപ്പെട്ടു. ഏഷ്യാ പസഫിക് മേഖലയിലെ 60 % ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അവസര സമത്വം കുറവാണെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 

 

കോവിഡ് 19 മഹാമാരി തങ്ങളെ പ്രതികൂലമായി ബാധിച്ചതായി 10ല്‍ ഒന്‍പത്(89% ) സ്ത്രീകളും അഭിപ്രായപ്പെടുന്നു. തങ്ങളുടെ മാതാപിതാക്കളുടെ കാലഘട്ടത്തെ അപേക്ഷിച്ച് ലിംഗ സമത്വം മെച്ചപ്പെട്ടിട്ടുള്ളതായി 66 % ഇന്ത്യക്കാരും വിശ്വസിക്കുന്നു. എങ്കിലും ഏഷ്യാ പസഫിക്ക് രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ ലിംഗ വിവേചനം തൊഴിലിടങ്ങളില്‍ അനുഭവിക്കുന്നത് ഇന്ത്യയിലെ ജോലിക്കാരായ സ്ത്രീകളാണെന്ന് സര്‍വേ ഫലങ്ങള്‍ അടിവരയിടുന്നു.

 

ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തങ്ങളെ അപേക്ഷിച്ച് പുരുഷന്മാരോട് കൂടുതല്‍ ആഭിമുഖ്യം കാട്ടുന്നതായി 22 % സ്ത്രീകള്‍ അഭിപ്രായപ്പെടുന്നു. പുരുഷന്മാരേക്കാൾ കുറവ് അവസരങ്ങളാണ് തങ്ങള്‍ക്ക് കിട്ടുന്നതെന്ന് 37 % സ്ത്രീകളും വിശ്വസിക്കുന്നു. എന്നാല്‍ 25 % പുരുഷന്മാര്‍ മാത്രമേ ഈ അഭിപ്രായത്തോട് യോജിക്കുന്നുള്ളൂ. തങ്ങള്‍ക്ക് പുരുഷന്മാരുടേതിന് സമാനമായ തുല്യ വേതനം ലഭിക്കുന്നില്ലെന്ന് 37 % സ്ത്രീകളും കരുതുന്നു. എന്നാല്‍ 21 % പുരുഷന്മാരേ ഇതിനോട് യോജിക്കുന്നുള്ളൂ. 

 

സമയത്തിന്റെ ദൗര്‍ലഭ്യവും കുടുംബത്തിന്റെ പിന്തുണയില്ലാത്തതും കരിയറില്‍ പുരോഗമിക്കുന്നതില്‍ നിന്ന് തങ്ങളെ തടയുന്നതായി 10ല്‍ ഏഴ് ഇന്ത്യന്‍ വനിതകളും അഭിപ്രായപ്പെട്ടു. പുരുഷന്മാരെ പോലെ ഒരു ജോലിയില്‍ നിന്ന് ഇന്ത്യന്‍ വനിതകളും ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ - തൊഴില്‍ സുരക്ഷ, ഇഷ്ടപ്പെടുന്ന ജോലി, ജോലിയും ജീവിതവുമായുള്ള സന്തുലനം എന്നിവയാണ്. എന്നാല്‍ ജീവിതത്തില്‍ മുന്നേറണമെങ്കില്‍ ഒരു വ്യക്തിയുടെ ലിംഗം അതില്‍ വലിയ ഘടകമാണെന്ന് 63 % സ്ത്രീകളും 54 % പുരുഷന്മാരും കരുതുന്നു. 

 

കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടി വരുന്നത് തങ്ങളുടെ കരിയര്‍ വികസനത്തിന് വഴിമുടക്കിയാകാറുണ്ടെന്ന് 71 % ജോലി ചെയ്യുന്ന സ്ത്രീകളും 77 % ജോലി ചെയ്യുന്ന അമ്മമാരും അഭിപ്രായപ്പെടുന്നു. കുടുംബത്തിന്റെയും വീടിന്റെയും ഉത്തരവാദിത്തങ്ങളുടെ പേരില്‍ തങ്ങള്‍ തൊഴിലിടത്തില്‍ വിവേചനം നേരിടാറുണ്ടെന്നും 63 % ഇന്ത്യന്‍ സ്ത്രീകള്‍ സര്‍വേയില്‍ അഭിപ്രായപ്പെടുന്നു. 

 

തൊഴില്‍ സുരക്ഷ പരമപ്രധാനമാണെങ്കിലും തങ്ങളുടെ തൊഴില്‍ദാതാക്കള്‍ ഏതു തരക്കാരാണെന്നതും തൊഴിലിടത്തില്‍ ലഭിക്കുന്ന അംഗീകാരവും അവിടെ ഉപയോഗിക്കപ്പെടുന്ന തങ്ങളുടെ കഴിവുകളും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പ്രധാനമാണെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. തങ്ങളെ സമന്മാരായി കണക്കാക്കുന്ന തൊഴില്‍ദാതാവിനെയാണ് 50 % സ്ത്രീകളും ആഗ്രഹിക്കുന്നത്. തങ്ങളുടെ ജോലിക്കുള്ള അംഗീകാരം മുഖ്യമാണെന്ന് 56 % സ്ത്രീകളും കരുതുന്നു. 

 

പ്രഫഷണല്‍ നൈപുണ്യങ്ങളുടെ അഭാവം, നെറ്റ് വര്‍ക്കുകളും കണക്ഷനുകളും ഉണ്ടാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ കുറവ് എന്നിവയെല്ലാം ഇന്ത്യയിലെ സ്ത്രീകളുടെ കരിയര്‍ വികസനത്തിന് വിലങ്ങ് തടികളാകാറുണ്ടെന്നും സര്‍വേ കണ്ടെത്തി.


English Summary: 85% of women in India have missed out on a raise, promotion because of their gender

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com