വിദേശപഠനത്തിന് ഒന്നരക്കോടി വരെ; വിദ്യാഭ്യാസവായ്പ എത്ര വരെ?

HIGHLIGHTS
  • കോഴ്സ് പൂർത്തിയാക്കി 12 മാസത്തെ ഇളവിനു ശേഷം 15 വർഷം വരെ
education-loan
Representative Image. Photo Credit : Billion Photos/ Shutterstock.com
SHARE

ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം ഉന്നതവിദ്യാഭ്യാസത്തിനു വായ്പകൾ നൽകിവരുന്നു. വായ്പത്തുക, പലിശനിരക്ക്, തിരിച്ചടയ്ക്കൽ–നിബന്ധനകൾ മുതലായവ സംബന്ധിച്ച് ചെറിയ വ്യത്യാസങ്ങൾ വരാം. 

വിദ്യാഭ്യാസ വായ്പകളെപ്പറ്റി ഏകദേശരൂപം കിട്ടാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ വ്യവസ്ഥകളെടുക്കാം. 

∙ തിരിച്ചടവ് : കോഴ്സ് പൂർത്തിയാക്കി 12 മാസത്തെ ഇളവിനു ശേഷം 15 വർഷം വരെ.

∙ പ്രോസസിങ് ചാർജ് : 20 ലക്ഷം രൂപ വരെ സൗജന്യം. അതിനു മേൽ 10,000 രൂപയും നികുതികളും.

∙ ഈട് : 7.5 ലക്ഷം രൂപ വരെ രക്ഷിതാവ് സഹവായ്പക്കാരനായാൽ മതി. കൊള്ളാറ്ററലോ (വസ്തു, സ്വർണം മുതലായവ), മൂന്നാമന്റെ ഗാരന്റിയോ വേണ്ട. 7.5 ലക്ഷത്തിനു മുകളിലെങ്കിൽ രക്ഷിതാവ് സഹവായ്പക്കാരനാകുന്നതിനു പുറമേ കൊളാറ്ററലും വേണം.

∙ മാർജിൻ : 4 ലക്ഷം വരെ മാർജിനില്ല. അതിനുമേൽ ഇന്ത്യയിലെ പഠനത്തിന് 5%, വിദേശപഠനത്തിന് 15%.

∙ രണ്ടാമതു വായ്പയെടുത്താൽ രണ്ടാമത്തെ കോഴ്സ് പൂർത്തിയാക്കിയിട്ട് 15 വർഷത്തിനകം മൊത്തം വായ്പ തിരികെയടച്ചാൽ മതി.

സാധാരണഗതിയിൽ 9.3% പലിശ നല്കണം. പെൺകുട്ടികൾ 8.8%.

ഐഐടി, ഐഐഎം, എൻഐടി തുടങ്ങിയ ശ്രേഷ്ഠ സ്ഥാപനങ്ങളിലെ പഠനത്തിനുള്ള വായ്പകൾക്ക് വിശേഷ ഇളവുകളുണ്ട്. പാഠപുസ്തകങ്ങളും ലാപ്ടോപ്പും വാങ്ങുന്നതിനടക്കം മുഴുവൻ ചെലവും വായ്പ കിട്ടും. വിശേഷിച്ച് ഈട് നൽകേണ്ട. രക്ഷിതാവ് സഹവായ്പക്കാരനായാൽ മതി. പ്രോസസിങ് ഫീയില്ല. കോളജിലേക്കോ ഹോസ്റ്റലിലേക്കോ തുക ബാങ്ക് നേരിട്ടയയ്ക്കും. ഐഐടി, ഐഐഎം പഠനവായ്പയ്ക്കു പലിശ 7.05%. എൻഐടി 7.2%. മറ്റുള്ള ശ്രേഷ്ഠസ്ഥാപനങ്ങളിലെ പഠനത്തിനു തെല്ലു കൂടുതൽ.

വിദേശപഠനത്തിന് ഒന്നരക്കോടി വരെ

വിദേശപഠനത്തിന് SBI Global Ed-Vantage പദ്ധതിപ്രകാരം 7.5 ലക്ഷം മുതൽ ഒന്നരക്കോടി വരെ രൂപ വായ്പ കിട്ടും. വിദേശ സർവകലാശാലയിലോ കോളജിലോ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറേറ്റ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക്. യുഎസ്, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, സിംഗപ്പൂർ, ജപ്പാൻ, റഷ്യ, ഹോങ്കോങ് തുടങ്ങി ഏതെല്ലാം രാജ്യങ്ങളിൽ പഠനമാകാമെന്നു നിശ്ചയിച്ചിട്ടുണ്ട്. വിമാനക്കൂലിയും അനുവദിക്കും. ആദായനികുതി 80(ഇ) വകുപ്പിന്റെ ആനുകൂല്യം ലഭിക്കും. പ്രോസസിങ് ഫീ 10,000 രൂപ. പലിശ 9.3%. SBI LIFE – RINN RAKSHA അഥവാ ബാങ്കിന് അസൈൻ ചെയ്ത മറ്റ് ലൈഫ് പോളിസിയുണ്ടെങ്കിൽ പലിശ 8.8%. പെൺകുട്ടികൾക്ക് വീണ്ടും 0.5% കുറവ് കിട്ടും.

പഠനകാലത്ത് അതതു വർഷത്തെ പലിശ അപ്പപ്പോൾ അടച്ചുപോകുന്നതാണ് നല്ലത്, കോഴ്സ് പൂർത്തിയാക്കിക്കഴിഞ്ഞ് 16 വർഷം വരെ വായ്പ തിരിച്ചടയ്ക്കാൻ സാവധാനമുണ്ടെന്നു പറഞ്ഞാലും, അത്രയൊന്നും വൈകിപ്പിക്കാതിരിക്കാം. വൈകുന്തോറും മേൽപ്പലിശയിനത്തിൽ അടയ്ക്കേണ്ട തുക കൂടിക്കൂടി വരുമെന്നത് മറക്കരുത്.

വിദ്യാലക്ഷ്മി 

കേന്ദ്രസർക്കാരിന്റെ ഏകജാലകപദ്ധതിയാണിത്. കേന്ദ്ര മന്ത്രാലയങ്ങളും ഇന്ത്യൻ ബാങ്ക് അസോസിയേഷനും കൈകോർത്ത് ആവിഷ്കരിച്ച പദ്ധതി. മുപ്പതോളം ബാങ്കുകൾ നൽകുന്ന വായ്പകളുടെ വിവരങ്ങളും അതു നേടാനുള്ള അപേക്ഷാസംവിധാനവും സൈറ്റിലുണ്ട് (https://www.vidyalakshmi.co.in). ഇവിടെ റജിസ്റ്റർ ചെയ്യണം.

വിവിധ ബാങ്കുകളുടെ വായ്പാ പദ്ധതികൾ, പൊതു അപേക്ഷാഫോം, മൂന്നു ബാങ്കുകളിലേക്കുവരെ ഒരുമിച്ച് അപേക്ഷിക്കാനുള്ള സൗകര്യം, സ്കോളർഷിപ്പുകൾ സംബന്ധിച്ച വിവരങ്ങളറിയാൻ ലിങ്കുകൾ എന്നിവ സൈറ്റിലുണ്ട്. നമുക്കു പറ്റിയ വായ്പകളെപ്പറ്റിയുള്ള വിവരങ്ങൾ സെർച് ചെയ്തെടുക്കാം.

English Summary: Things You Need to Know About Education Loans

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA