ADVERTISEMENT

‘നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം’ പണ്ട് സ്കൂളുകളിൽ കുട്ടികൾ രാവിലെ നിർബന്ധമായും ചൊല്ലേണ്ടിയിരുന്ന പ്രാർത്ഥനയിലെ 12 കാര്യങ്ങളിൽ പത്താമത്തേതാണിത്. രാഷ്ട്രീയതിമിരം ബാധിച്ചും അല്ലാതെയും മോശമായ വാക്കുകൾ നിരന്തരം പ്രയോഗിച്ചുവരുന്ന സമൂഹത്തിൽ, നല്ല വാക്കുകൾ മാത്രം പ്രയോഗിക്കേണ്ടതിന്റെ ആവശ്യം, വിവരവും ആധികാരികതയുമുള്ള ആരെങ്കിലുമൊക്കെ നിശ്ചയമായും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുണ്ട്. നല്ലവാക്ക് പറഞ്ഞുകേൾക്കുമ്പോൾ മനസ്സ് ശുദ്ധമാകുന്നു. നീചപദങ്ങൾ കേൾക്കുമ്പോൾ മനസ്സ് മലിനമാകുന്നു. എത്ര വേദനിക്കുന്നയാൾക്കും സാന്ത്വനവചസ്സുകൾ ആശ്വാസം പകരും. മനസ്സിനു കുളിരേകുന്ന വാക്കുകൾ പറയുന്നയാളോട് ഇടപെടാൻ ആരും താല്പര്യപ്പെടും.

 

മോശമായ വാക്കുകളുടെ കാര്യമോ? പ്രശസ്തകവി ലോങ്ഫെലോ ഒതുക്കിപ്പറഞ്ഞു, ‘കീറിയ ഉടുപ്പു വേഗം തുന്നിച്ചേർക്കാം; പക്ഷേ പരുഷപദങ്ങൾ ഹൃദയത്തെ കീറും.’ ഹൃദയം കീറുന്നതിനെക്കാൾ വലിയ പാപമുണ്ടോ?

 

വാക്കുകൾക്കു വില കൊടുക്കേണ്ട. അവ സൗജന്യം. പക്ഷേ പറഞ്ഞുകഴിയുമ്പോൾ വാക്കുകൾക്കു വലിയ വില കൈവരുന്നു. ഒരു വിലയുമില്ലാത്ത പൂജ്യം സംഖ്യയുടെ വലത്തു ചേരുമ്പോൾ, മൂല്യം പത്തു മടങ്ങാകുംപോലെ. ഒരു വാക്ക് ജീവിതത്തെ രക്ഷപെടുത്തിയ കഥകളുണ്ട്; ജീവിതത്തെ തകർത്ത കഥകളുമുണ്ട്. 13–ാം നൂറ്റാണ്ടിലെ പേർഷ്യൻ കവി റൂമി : ‘വാക്കുകൾ പ്രയോഗിച്ചുകൊള്ളുക. പക്ഷേ ശബ്ദമുയർത്തണ്ട. പൂക്കളെ വളർത്തുന്നതു മഴയാണ്, ഇടിവെട്ടല്ല.’ ചില വാക്കുകൾ ചെറുതായിരിക്കാം. പക്ഷേ പല ചെറുവാക്കുകൾ വേണ്ടവിധം കൂട്ടിച്ചേർത്തു പ്രയോഗിച്ചാൽ, അവയുടെ അലകൾ അനന്തമായെന്നിരിക്കും. അവ ആവർത്തിച്ചു പ്രതിധ്വനിക്കും. 

 

മഹാമനുഷ്യരുടെ സന്ദേശങ്ങൾ മിക്കതും ലളിതപദങ്ങളിലായിരിക്കും. ‘നീ ചെയ്യേണ്ടതു ചെയ്യുക. അതിന്റെ ഫലത്തിന്മേൽ നിനക്ക് അധികാരമില്ല’, ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക’, ‘പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക’ തുടങ്ങിയ സന്ദേശങ്ങൾ എത്ര ലളിതം. പക്ഷേ അവ നിരന്തരം ആവർത്തിക്കപ്പെടുന്നു. മനുഷ്യരുടെ ചിന്തയെയും മനസ്സിനെയും  ശുദ്ധമാക്കുന്നു.

 

എന്തും പുലമ്പുന്നവരെക്കുറിച്ച് അവരുടെ നാക്കിന് എല്ലില്ലെന്നു പറയാറുണ്ട്. പക്ഷേ എല്ലില്ലെങ്കിലും നാക്കിന് ഹൃദയത്തെ പിളർക്കാനുള്ള ശക്തിയുണ്ട്. ഷേക്സ്പിയർ ഇസബെല്ലയെക്കൊണ്ടു പറയിച്ചപോലെ ‘അതികായന്റെ ബലമുണ്ടാകുന്നത് ശ്രേഷ്ഠം. പക്ഷേ അത് അതികായനെപ്പോലെ പ്രയോഗിക്കുന്നത് നിഷ്ഠുരം.’

 

ക്രൂരപദങ്ങൾ പറഞ്ഞുതീർക്കാൻ പത്തു സെക്കൻഡ് മതി. പക്ഷേ കൊല്ലം പത്തു കഴിഞ്ഞാലും അവയുണ്ടാക്കിയ മുറിവുകൾ ഉണങ്ങില്ല. പരിഭവം പറയുന്നവർ പതിറ്റാണ്ടുകൾ പഴക്കമുള്ള കാര്യങ്ങളും എടുത്തുവിളമ്പുന്നത് സാധാരണം.

 

‘പട്ടി വല്ലപ്പോഴുമേ കടിക്കൂ, മുറിവേല്പ്പിക്കുന്ന വാക്കുകൾകൊണ്ട് മനുഷ്യർ എപ്പോഴും കടിച്ചുകൊണ്ടേയിരിക്കും’ എന്ന് ടർക്കിഷ് എഴുത്തുകാരൻ മെഹ്മത് ഇൽഡാൻ. തൊട്ടതിനും പിടിച്ചതിനും വേദനിക്കാൻ പോകാതിരിക്കുന്നതു വിവേകം. നിങ്ങൾക്കു തടി കൂടുതലാണെന്നും, നിങ്ങളെപ്പറ്റി ആരെങ്കിലും തടിയനെന്നോ തടിച്ചിയെന്നോ സൂചിപ്പിച്ചെന്നും കരുതുക. തടിച്ച ശരീരം മോശമാണെന്നു കരുതാത്തപക്ഷം നിങ്ങൾ ആ വാക്കു കേട്ടു വേദനിക്കേണ്ടതില്ലല്ലോ. അവർ പറഞ്ഞുകൊള്ളട്ടെയെന്നു കരുതിയാൽ മുറിവേറ്റെന്ന ചിന്തയും പരാതിയും വരില്ല.

 

ആശയങ്ങൾ വ്യക്തമാക്കാനാണ് പൊതുവേ വാക്കുപയോഗിക്കുന്നത്. പക്ഷേ   അജ്ഞത മറയ്ക്കാൻ വലിയ  വാക്കുകളെടുത്തു വീശുന്നവരുണ്ട്. ‘രാജ്യത്ത് ദാരിദ്ര്യമില്ലാതാക്കാൻ എന്തെല്ലാം വഴികളാണ് നിങ്ങൾ സ്വീകരിക്കുക?’ എന്ന ലളിതമായ ചോദ്യം ഒരു രാഷ്ട്രീയനേതാവിനോടു ചോദിച്ചുനോക്കൂ. ആ വിഷയത്തെപ്പറ്റി കാര്യമായി പഠിച്ചിട്ടില്ലാത്ത നേതാവാണെങ്കിലും ‘എനിക്ക് നിശ്ചയമില്ല’ എന്നു പറഞ്ഞെന്നു വരില്ല. ദാരിദ്ര്യരേഖയിലെ മാറ്റങ്ങൾ, ജിഡിപി, റിസർവ് ബാങ്ക് നയങ്ങൾ, തൊഴിലില്ലായ്മ വരുത്തുന്ന കെടുതികൾ തുടങ്ങി അപ്രസക്തമായ പലതിനെപ്പറ്റിയും പാതിവെന്ത അറിവുകൾ വിളമ്പി തടിതപ്പാൻ നോക്കും. കേൾവിക്കാരനോ പറയുന്നയാൾക്കു തന്നെയോ കൃത്യമായി അർത്ഥമറിയാത്ത വലിയ വാക്കുകൾ പരിചയാക്കി, അറിവില്ലായ്മ മറയ്ക്കുന്ന അടവും ചിലർ പ്രയോഗിക്കും.

 

ടെലിവിഷനിലെ അന്തിച്ചർച്ചകളിൽ രാഷ്ട്രീയകക്ഷികളുടെ വക്താക്കൾ സ്വീകരിക്കുന്ന അടവുകൾ വാക്കുകളുടെ ദുരുപയോഗത്തിനു നല്ല ദൃഷ്ടാന്തമാണ്. സത്യം മറച്ചുവയ്ക്കാനുള്ള തന്ത്രങ്ങളാവും അവയുടെ മുഖമുദ്ര. നിങ്ങളുടെ നേതാവ് അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങിയില്ലേയെന്നു ചോദിച്ചാൽ വാങ്ങിയെന്നോ വാങ്ങിയില്ലെന്നോ മറുപടി വരില്ല. മറിച്ച്, ചോദിച്ചയാളിന്റെ വായടയ്ക്കാൻ ‘നിങ്ങളുടെ നേതാവ് പത്തു കോടി വാങ്ങിയില്ലേ?’ എന്ന മറുചോദ്യം ചോദിക്കും. ഇനി, അങ്ങനെ പത്തു കോടി വാങ്ങിയെന്നു തന്നെയിരിക്കട്ടെ. അതുകൊണ്ട് ആദ്യത്തെയാൾ അഞ്ചു കോടി വാങ്ങിയതിലെ അഴിമതി അപ്രസക്തമാകുന്നില്ല.

 

പ്രയാസമുളവാക്കുന്ന ചോദ്യം വന്നാലുടൻ, ‘അതിനു മുൻപ് ഞാൻ ഒരു കാര്യം പറയട്ടെയെന്നു സൂചിപ്പിച്ച്, ചോദ്യവുമായി പുലബന്ധം പോലുമില്ലാത്ത തർക്കവിഷയമെടുത്തിടും. അതിൽപ്പിടിച്ച് പ്രതിയോഗി സംസാരിക്കുന്നതോടെ ആദ്യത്തെ വിഷമംപിടിച്ച ചോദ്യം ചർച്ചയിൽ നിന്ന് അപ്രത്യക്ഷമാകും. വാക്കുകളുടെ ദുരുപയോഗത്തിന്റെ ദൃഷ്ടാന്തങ്ങളാണ് ഇവയെല്ലാം.  നാം നിശ്ചയമായും ഒഴിവാക്കേണ്ട മാതൃകകൾ.

 

പറയരുതാത്ത ചില വാക്കുകളുണ്ട്. അധികമാരും ഉപയോഗിക്കാത്തൊരു വാക്ക് ഡോണൾഡ് ട്രംപിന്റെ ആദ്യ ഇംപീച്മെന്റ് നടക്കുന്നതിനിടെ യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് പ്രയോഗിച്ചു. കോടതിയിൽ പെറ്റിഫോഗിങ് (pettifogging) വേണ്ടെന്ന് അദ്ദേഹം പറഞ്ഞതായി 2020 ജനുവരി 22ന് വന്ന വാർത്ത ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. അത് രാഷ്ട്രാന്തരതലത്തിൽ ചർച്ചാവിഷയമായി. വക്കീൽമാരുടെ കുതന്ത്രങ്ങളെ സൂചിപ്പിക്കുന്ന പദമാണത്. നിസ്സാരമായ കാര്യങ്ങൾ പെരുപ്പിച്ച് കപടവാദങ്ങളുയർത്തി കോടതിയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുക, അധാർമ്മികമായ വാദങ്ങളിലും ചതിയിലും ഏർപ്പെടുക, വെറുതേ ശബ്ദമുയർത്തി തർക്കിക്കുക, നീചമായ ദ്വയാർത്ഥപ്രയോഗങ്ങളും അർദ്ധസത്യങ്ങളും വഴി എതിർകക്ഷിയെ തളർത്തുക മുതലായ അടവുകൾ പയറ്റുന്ന നിലവാരമില്ലാത്ത വക്കീൽപ്പണി. ഇത്തരം പെറ്റിഫോഗിങ് ലോയർമാരെ സൂചിപ്പിക്കാൻ മലയാളത്തിലുമുണ്ട് ഒരു വാക്ക്. പക്ഷേ ആ വാക്ക് നാം ഒരിക്കലും ഉപയോഗിക്കാതിരിക്കുന്നത് മാന്യത. ‘പീറവക്കീൽ’ എന്ന പദം നിഘണ്ടുവിൽ ഉറങ്ങട്ടെ. ‘സ്വന്തം മനഃസാക്ഷിയുടെ കോടതിയിൽ പെറ്റിഫോഗിങ് നടത്തുന്നത് ഏറ്റവും മോശം.’

 

തിന്മയുണ്ടെങ്കിൽ അതിരിക്കട്ടെ. നാം അതു വിളിച്ചുപറയണമെന്നുണ്ടോ? കാർമേഘത്തിന്റെ നിഴൽ മാറ്റാൻ സൂര്യനുപോലും ശക്തിയില്ലെന്ന് അമേരിക്കൻ കവയിത്രി മുനിയാ ഖാൻ. ചന്ദ്രനു പോലും വേലിയേറ്റം തടയാനുമാവില്ല.

 

ഭാഷയിലുള്ള പദങ്ങളെല്ലാം എനിക്കു പറയാനുള്ളതല്ല എന്ന് ഓരോരുത്തർക്കും ഓർമ്മിക്കാം. നല്ല വാക്കുകൾ പറഞ്ഞും ചീത്ത വാക്കുകൾ ഉപേക്ഷിച്ചും സ്വയം സഹായിക്കുകയും അന്യരെ സഹായിക്കുകയും ആകാം.

English Summary: Career Column By BS Warrier Good Words And Bad Word

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com