തർക്കത്തിനോടു വരുന്നവരോടു നന്ദി പറയുക, 24 മണിക്കൂറിനു ശേഷം മറുപടി; ജീവിതകാലം മുഴുവൻ വിജയിക്കാം

HIGHLIGHTS
  • ജീവിതകാലം മുഴുവൻ വിജയിക്കാൻ കഴിയും
angry
Representative Image. Photo Credit : Ollyy/ Shutterstock.com
SHARE

റഷ്യൻ തത്വചിന്തകൻ ജോർജ് ഗുർജീഫിന് ഒൻപതു വയസ്സായിരുന്ന കാലത്ത് മരണക്കിടക്കയിലായിരുന്ന അച്ഛൻ ഇങ്ങനെ പറഞ്ഞു: ‘എന്റെ മോനേ, നിനക്കുവേണ്ടി ഞാൻ ഒന്നും സമ്പാദിച്ചിട്ടില്ല. പക്ഷേ, ഞാൻ ഈ പറയുന്നതു കേട്ടു ജീവിച്ചാൽ നിനക്കു ജീവിതകാലം മുഴുവൻ വിജയിക്കാൻ കഴിയും’. 

ആ ഉപദേശം ഇങ്ങനെയായിരുന്നു: ‘നിന്നോട് ആരെങ്കിലും ദേഷ്യപ്പെടുകയോ തർക്കത്തിനു വരികയോ ചെയ്താൽ തൽക്കാലത്തേക്ക് അയാളോടു നന്ദി പറയുക. 24 മണിക്കൂറിനുശേഷം അതിനു മറുപടി പറയാമെന്നു പറയുക. 24 മണിക്കൂറിനുശേഷം അയാൾ പറഞ്ഞ വാദത്തിൽ വല്ല വാസ്തവവും ഉണ്ടോയെന്ന് ആലോചിക്കുക. വാസ്തവം ഉണ്ടെങ്കിൽ നിനക്ക് അയാളോടു തർക്കിക്കാൻ അവകാശമില്ല. വാസ്തവമില്ലെങ്കിൽ നീയെന്തിനാണു വേവലാതിപ്പെടുന്നത്? അയാളുടെ വാദം അയാൾ കൊണ്ടുനടക്കട്ടെ. നീ അതു വിട്ടേക്കുക’. 

ഈ ഉപദേശം ഓർമ വന്നത്, അടുത്തിടെ യുഎസിലെ പെൻസിൽവാനിയയി‍ൽ നടന്ന ഒരു സംഭവത്തിന്റെ വിഡിയോ കണ്ടപ്പോഴാണ്. വീടിനു മുന്നിലെ റോഡിൽ നിറഞ്ഞുകിടക്കുന്ന മഞ്ഞ് ഒരു ദമ്പതികൾ ചേർന്നു നീക്കം ചെയ്യുകയാണ്. ഇതിനിടെ അയൽവീട്ടിൽനിന്ന് ഒരാൾ വന്നു ചീത്ത പറയുന്നു. ദമ്പതികൾ തിരിച്ചും മോശം വാക്കുകളിൽ പ്രതികരിക്കുന്നുണ്ട്. ഉടനെ അയാൾ വീടിനകത്തേക്കു കയറിപ്പോയി. തിരികെ എത്തിയത് രു റൈഫിളുമെടുത്താണ്. അയൽക്കാരായ ഭാര്യയെയും ഭർത്താവിനെയും അയാൾ വെടിവച്ചു. ഇരുവരും ഉടനെ ആർത്തുകരഞ്ഞുകൊണ്ടു നിലത്തു കിടക്കുന്നു. അയൽക്കാർ ഓടിവരുമ്പോഴേക്ക് വെടിവച്ചയാൾ വീണ്ടും വീടിനകത്തേക്ക് ഓടിപ്പോയി. കലിതീരാത്ത അയാൾ തന്റെ മെഷീൻ ഗണ്ണുമായി എത്തി ദമ്പതികളെ തുരുതുരാ വെടിവച്ചു കൊല്ലുന്നതു കണ്ണിൽനിന്നു മായാത്ത ഭീകരദൃശ്യമായിരുന്നു. അയാൾ പിന്നീടു സ്വയം വെടിവച്ചു മരിച്ചു എന്നും കേട്ടു. 

അരികിലുള്ളതിനോടാണു നമുക്കു പലപ്പോഴും കൂടുതൽ അകൽച്ചയുണ്ടാകുന്നത്. അകലെയുള്ളതിന്റെ നൻമ മാത്രമാണു നമ്മൾ കാണുക. എന്നാൽ, അടുത്തെത്തിക്കഴിഞ്ഞാൽ നമ്മൾ ഏതിലെയും തിൻമകളാണു കൂടുതൽ ശ്രദ്ധിക്കുക. ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികൾ തുടർച്ചയായി വീണാൽ ഒരു കല്ലിനെപ്പോലും പൊട്ടിക്കാൻ കഴിയുന്നതുപോലെ, എത്ര ദൃഢമായ ബന്ധങ്ങളെയും തകർക്കാൻ മനസ്സിൽ നിരന്തരമുണ്ടാകുന്ന തിൻമകളിലൂടെ കഴിയും. 

ഇങ്ങനെ സംഭവിക്കുന്നതോടെ, അടുപ്പമുണ്ടായിരുന്നപ്പോൾ നടന്ന സംഭാഷണങ്ങൾ വാദപ്രതിവാദങ്ങളും തർക്കങ്ങളുമായി മാറുന്നു. സംഭാഷണമെന്നാൽ രണ്ടു വ്യക്തികളുടെ കൂടിച്ചേരലാണ്; തർക്കമെന്നാൽ അവർ തമ്മിലുള്ള മത്സരവും. സംഭാഷണത്തിൽ ആരും പരാജയപ്പെടുന്നില്ല. എന്നാൽ, വാദപ്രതിവാദത്തിൽ രണ്ടു പേരും തോൽക്കുന്നു. ഒന്നുരണ്ടു മണിക്കൂർ തർക്കിച്ചിട്ടും ആരും ജയിക്കാതെ ചില ചർച്ചകൾ ടിവിയിൽ കാണുന്നതുപോലെത്തന്നെ! 

പല കുടുംബങ്ങളിലും അയൽത്തർക്കങ്ങളിലുമൊക്കെ സംഭവിക്കുന്നത് ഇതേ കാര്യമാണ്. അമേരിക്കയിലെ ആ രണ്ടു വീട്ടുകാർ തമ്മിലുള്ള ചെറിയ അസ്വാരസ്യമാകാം ചീത്ത വിളിക്കു വഴിമാറിയത്. അവസാനം ആരാണു ജയിച്ചത്? ആരും ജയിച്ചില്ലെന്നു മാത്രമല്ല, മൂന്നു ജീവിതങ്ങളും തോറ്റുപോവുകയും ചെയ്തു. 

ഇതൊക്കെ അറിയാമായിരിക്കാമെങ്കിലും തർക്കിക്കുമ്പോൾ നമ്മൾ ഇതൊന്നും ഓർക്കാറില്ല എന്നതാണു സത്യം. ഒരു നിമിഷത്തെ ദേഷ്യത്തിന്റെ പേരിൽ എത്രയെത്ര ബന്ധങ്ങളും സൗഭാഗ്യങ്ങളുമാണു നമുക്കു നഷ്ടമായതെന്നു വെറുതെയൊന്ന് ആലോചിച്ചുനോക്കൂ. പല നല്ല ബന്ധങ്ങളുടെയും പട്ടിക മനസ്സിൽ ഓടിയെത്താം. പ്രകോപനത്തിന്റെ അവസാനം ആരും വിജയിക്കുന്നില്ല. 

English Summary: Magic Lamp Podcast By Gopinath Muthukad

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA