ഞാനില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന ധാരണ വച്ചുപുലർത്തുന്നവർ അറിയാൻ...

HIGHLIGHTS
  • സ്വഭാവവൈകൃതം സുഹൃത്തുക്കളെ അകറ്റും
arrogant
Representative Image. Photo Credit : Asier Romero/ Shutterstock.com
SHARE

ദുരസ്ഥലത്തുവച്ചു നടത്തുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കമ്പനിമാനേജറെ സുഹൃത്ത് നിർബന്ധിച്ചു. വരാൻ കഴിയില്ലെന്ന് മാനേജർ തീർത്തുപറഞ്ഞു. നിർബന്ധം മുറുകിയിട്ടും മാനേജർ വഴങ്ങിയില്ല. സുഹൃ‍ത്ത് കാരണം ആരാഞ്ഞു.

‘എടോ, കമ്പനിയിൽ ഞാനില്ലെങ്കിൽ?’

‘ഓ, താനില്ലെങ്കിൽ എന്തു സംഭവിക്കും?’

‘കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. പക്ഷേ ജോലിക്കാരെല്ലാം അക്കാര്യം മനസ്സിലാക്കും.’ തന്നെപ്പറ്റി ഊതിവീർപ്പിച്ച മിഥ്യാബോധമില്ലാത്ത വിവേകശാലിയായിരുന്നു മാനേജർ.

‘ഞാനില്ലെങ്കിൽ എല്ലാം കുഴയും’ എന്നു കരുതുന്നവരാണ് മിക്കവരും. ഞാൻ പോയാൽ എന്റെ വിടവ് നികത്താൻ ആർക്കും കഴിയില്ലെന്നു വിശ്വസിക്കുന്നവരുമുണ്ട്. അക്കൂട്ടർ ശ്രദ്ധിക്കേണ്ട വരികൾ യുഎസിലെ ഐഡഹോ സംസ്ഥാനക്കാരിയായ കവയിത്രി സാക്സൻ വൈറ്റ് കെസിഞ്ജർ (1921–2010) ‘ഇൻഡിസ്പെൻസബിൾ മാൻ’ എന്ന കവിതയിൽ എഴുതി. അതിന്റെ സാരമിങ്ങനെ : ‘ബക്കറ്റിൽ െവള്ളം നിറയ്ക്കുക. മണിബന്ധം (wrist) വരെ താഴുംവിധം വെള്ളത്തിൽ കൈ മുക്കുക. കൈ വലിച്ചെടുത്താൽ വെള്ളത്തിൽ നികന്നുപോകാതെ എത്ര ഭാഗം പൊള്ളയായി നില്ക്കും? അത്ര തന്നെയാണ് നിങ്ങളില്ലെങ്കിലുണ്ടാകുന്ന വിടവും.’

‘ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ’ എന്ന പ്രാർത്ഥന എഴുത്തച്ഛൻ പണ്ടേ ഹരിനാമകീർത്തനത്തിൽ എഴുതിവച്ചിട്ടുണ്ട്. ചുറ്റുമുള്ള ആർക്കും രസിക്കാത്തതാണ് അഹംഭാവം. കാര്യസാധ്യത്തിനെത്തുന്നവർ ഉന്നതസ്ഥാനത്തിരിക്കുന്നവരെ പ്രീതിപ്പെടുത്താനായി ‘അങ്ങയ്ക്കല്ലാതെ മറ്റാർക്കും ഇതിനു കഴിവില്ല’ എന്ന മട്ടിൽ പുകഴ്ത്തുമ്പോൾ, തലകുലുക്കി അഹങ്കരിക്കുന്നയാൾ വീഴ്ചയ്ക്കു തയാറെടുക്കുകയാണ്. തന്നെക്കാൾ കേമനായിട്ടാരുമില്ലെന്നു വിശ്വസിക്കുന്നതോടെ അന്യരോട് പുച്ഛം തോന്നും. പെരുമാറ്റത്തിൽ അത് ക്രമേണ വ്യക്തമാകും. സ്വഭാവവൈകൃതം സുഹൃത്തുക്കളെ അകറ്റും. സമൂഹജീവിതം അസുഖകരമാകും.

സ്വന്തം കഴിവും പ്രാധാന്യവും ലെൻസിലൂടെ വലുതാക്കിക്കാണുന്ന പൊങ്ങച്ചക്കാരേറെ. ഈ പൊങ്ങച്ചം അതിരുകടന്നവർക്കു വിവേകം പകരാൻ 2600 വർഷം മുൻപ് യവനകാഥികൻ ഈസോപ്പ് കുട്ടിക്കഥയെഴുതി. ഏവർക്കും ഇന്ന് അറിയാവുന്ന തവളക്കഥ.

വളരെ വലിയ കാളയുണ്ടെന്ന് തവളക്കുഞ്ഞു പറഞ്ഞു. തവളയ്ക്ക് അതു രസിച്ചില്ല. അവനത്ര വലുതല്ല; ഇത്രയുമുണ്ടോ, ഇത്രയുമുണ്ടോ എന്ന് ആവർത്തിച്ചു ചോദിച്ച് വീണ്ടും വീണ്ടും സ്വയം വീർപ്പിച്ചു. ഒടുവിൽ തവള പരിധിവിട്ടു വീർത്തു പൊട്ടിത്തകർന്നു. തന്നെക്കവിഞ്ഞ് ആരുമില്ലെന്ന് അഹങ്കരിക്കുന്നവർ മനസ്സിൽ വയ്ക്കേണ്ട വലിയ പാഠം. എന്നെക്കാൾ മികവേറിയയാളെ അംഗീകരിക്കാത്തത് എന്റെ തകർച്ചയുടെ തുടക്കം. 

അറിവിന്റെ കാര്യത്തിൽ ഇത്തരം സമീപനം പലർക്കും വിനയാകാറുണ്ട്. ഏതെങ്കിലും വിഷയത്തിൽ കുറെ അറിവ് സമ്പാദിച്ചുകഴിയുമ്പോൾ, താൻ ഏതു വിഷയത്തിലും മുൻപനാണെന്ന ചിന്ത ചിലരിൽ ഉണ്ടാകും. എനിക്ക് അറിയാവുന്നതിനെക്കാൾ എത്രയോ കൂടുതലാണ് എനിക്ക് അറിയാൻ വയ്യാത്തത് എന്നാകട്ടെ ചിന്ത. അറിവ് കൂടുന്തോറും തുടർന്നു പഠിക്കാൻ താല്പര്യമേറും. അറിവ് കുറഞ്ഞയാൾക്കു ‘തനിക്കെല്ലാം അറിയാം’ എന്നു തോന്നുന്നതും സാധാരണം.

സമ്പദ്‌രംഗം മനസ്സിൽവച്ചുള്ളൊരു ചൊല്ലിനു പല പാഠഭേദങ്ങളുള്ളതിൽ ഒന്നിങ്ങനെ : ‘സാമ്പത്തികമാന്ദ്യത്തിൽ ബെൽറ്റ് മുറുക്കണം സാമ്പത്തികത്തകർച്ചയായാൽ ബെൽറ്റേയില്ല. അടുത്തത് ട്രൗസർപോലുമില്ലാത്ത സർവനാശം.’ പെരുമാറ്റദൂഷ്യം സമാനമാറ്റങ്ങൾ ജീവിതത്തിൽ വരുത്താതെ നോക്കിയേ മതിയാകൂ.

അഹന്ത പാരമ്യത്തിലെത്തിയ അതിക്രൂരന്മാർ പലരും ചരിത്രത്തിന്റെ ഏടുകളിലുണ്ട്. ഒരു പക്ഷേ  അവരിൽ ഒന്നാമൻ 14–ാം നൂറ്റാണ്ടിൽ പല രാജ്യങ്ങളിലും കൂട്ടക്കൊല നടത്തിയ തീമൂർ ആയിരിക്കണം. ശത്രുക്കളുടെ തല വെട്ടിയെടുത്തു പിറമിഡുണ്ടാക്കുന്ന വിനോദം ആ നിഷ്ഠുരഭരണാധികാരിക്കുണ്ടായിരുന്നു. മാംസം ചീഞ്ഞുപോയി അവശേഷിച്ച ഒരു ലക്ഷത്തോളം തലയോടുകൾ പലേടത്ത് പിറമിഡുകളായി രൂപപ്പെട്ടു. 1387ൽ ഇറാനിലെ ഇസ്ഫഹാൻനഗരത്തിൽ മാത്രം 1500 മനുഷ്യത്തലകൾ വീതമുള്ള 28 പിറമിഡുകൾ.. മിഥ്യാഭിമാനം അതിരു കടന്നാൽ എന്തെല്ലാം കെടുതികൾ വരുത്തിവയ്ക്കില്ല! താൻ എല്ലാവരെക്കാളും കേമനെന്നു തെളിയിക്കാൻ തിമൂർ ശ്രമിക്കുകയായിരുന്നു. 

എനിക്ക് എന്നെപ്പറ്റി മിഥ്യാബോധമേ ഇല്ലെന്നു വിചാരിക്കുന്നയാൾക്ക് മിഥ്യാബോധം ഏറ്റവും കൂടുതലാവാം. തനിക്കു മറ്റെല്ലാവരെക്കാളും മെച്ചമായി പ്രവർത്തിക്കാമെന്നും, താൻ അനിവാര്യനാണെന്നും വിശ്വസിക്കുന്നവരെ ലക്ഷ്യമാക്കി മുൻ ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡിഗോൾ : ‘ശവപ്പറമ്പുകളെല്ലാം അനിവാര്യരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.’ 

ബൗദ്ധദർശനത്തിലെ ഹീനയാനവിഭാഗം മിഥ്യാഭിമാനത്തെപ്പറ്റി ആഴത്തിൽ പഠിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ ദുരഭിമാനമെന്നപോലെ, നേർവിപരീതമായ അപകർഷബോധവും ഉളവാകാം. വിവേകശാലികൾ ഈ സാധ്യതകളെ മനസ്സുവച്ച് ഒഴിവാക്കണം. അഹംഭാവത്തിന് അടിപ്പെട്ട് അന്യരെ വിലയിരുത്തിക്കൂടാ. അറിവ്, അധികാരം, ധനം എന്നിവ തലയ്ക്കുപിടിച്ച അഹംഭാവിയെ ഏവരും വെറുക്കും.

രസകരമായ വൈരുധ്യങ്ങൾ അവതരിപ്പിക്കുകവഴി ‘പ്രിൻസ് ഓഫ് പാരഡോക്സ്’ എന്ന ഓമനപ്പേർ സമ്പാദിച്ച പ്രശസ്ത സാഹിത്യകാരൻ ജി കെ ചെസ്റ്റർട്ടന്റെ വീക്ഷണം കേൾക്കുക.  ‘ഗുമസ്തനാകുന്നതിനു പോലും കഴിവില്ലാത്ത വിഡ്ഢിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് പരസ്യം നല്കിയെന്നു കരുതുക. ഒരാളെയും കിട്ടില്ല. കൂടിയാൽ ഒരാളെ കിട്ടിയെന്നു വരാം. അയാൾ വിഡ്ഢിയായിരിക്കുകയുമില്ല. നേരേമറിച്ച്, ഗുമസ്തനു വേണ്ടതിനെക്കാളേറെ ബുദ്ധിയുള്ള സമർത്ഥനെ വേണമെന്നു പരസ്യം ചെയ്താലോ? നാട്ടിലെ വിഡ്ഢികൾ കൂട്ടത്തോടെ അപേക്ഷിക്കും.’ മനുഷ്യപ്രകൃതിയിലെ പൊങ്ങച്ചം സ്വതഃസിദ്ധശൈലിയിൽ വരച്ചുകാട്ടുകയായിരുന്നു അദ്ദേഹം. വലിയ ബുദ്ധിമാനെന്ന് അഹങ്കരിക്കുന്നയാൾ ബുദ്ധിശൂന്യനെന്നും ചെസ്റ്റർട്ടൻ.

‘താൻ വിവേകശാലിയെന്നു വിഡ്ഢി വിചാരിക്കുന്നു. വിവേകശാലിക്കറിയാം താൻ വിഡ്ഢിയാണെന്ന്’ എന്ന് ഷേക്സ്പിയർ (As You Like It – 5:1). സ്വന്തം പരിമിതികളറിയുന്നവനാണ് വിവേകശാലിയെന്ന് മഹാകവി സൂചിപ്പിക്കുന്നു. ആത്മവിശ്വാസത്തിനു വിപരീതമല്ല വിനയമെന്നും കൂട്ടത്തിലോർക്കാം.

English Summary: Career Column By BS Warrier Success Tips

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA