ADVERTISEMENT

പലരും അങ്ങനെയാണ്. എനിക്കു ദുഃഖമാണ്, എനിക്കു ദുഃഖമാണ് എന്ന് ആവർത്തിക്കും. ക്രമേണ അതങ്ങു വിശ്വസിക്കും. ദുഃഖം മാറ്റാനുള്ള വഴിയെപ്പറ്റി ചിന്തിക്കില്ല. മാറ്റാൻ കഴിയുമെന്നു പറയുന്നവരോടു കയർക്കും. ദുഃഖം രക്തത്തിൽ അലിഞ്ഞു ചേർന്ന അവസ്ഥ. ദുഃഖക്കയത്തിൽ നിന്നു കരകയറാനാവാത്ത ദൗർഭാഗ്യം. അതു സ്വയം വരുത്തിവച്ചതാണെന്ന് ഓർക്കാത്ത നില. ചിലപ്പോൾ കടുംകൈ കാട്ടിയെന്നും വരും.

 

മറ്റു ചിലരങ്ങനെയല്ല. ദുഃഖമുണ്ടെന്നതു ശരി. പക്ഷേ അവർ ചിന്തിക്കും. ഈ ദുഃഖത്തിൽനിന്നു മോചനമില്ലേ? അതിനു വല്ല വഴിയുമുണ്ടോ? എന്തുകൊണ്ടാണ് ഞാൻ ദുഃഖിക്കുന്നത്? ദുഃഖത്തിനു കാരണങ്ങളെന്തെല്ലാം? ഏതെങ്കിലും കാരണത്തിന്മേൽ എനിക്കു നിയന്ത്രണമുണ്ടോ? സ്വയം നിയന്ത്രിക്കാനാവുമോ? ആരുടെയെങ്കിലും സഹായത്തോടെ ഇല്ലാതാക്കാൻ കഴിയുമോ? അങ്ങനെ നാരുനാരായി അപഗ്രഥിക്കും.

രണ്ടാമത്തെ കൂട്ടർ കാര്യകാരണങ്ങൾ വിശകലനം ചെയ്യുന്നു. സ്വന്തം നിയന്ത്രണത്തിലുള്ളത് നിയന്ത്രിക്കാൻ ശ്രമിക്കുന്നു. അന്യരുടെ സഹായം പ്രയോജനകരമെങ്കിൽ സ്വീകരിക്കുന്നു. മാറ്റാനാവാത്ത സാഹചര്യം മാറ്റാൻ കഴിയില്ലെന്ന് അംഗീകരിക്കുന്നു. അതുമായി മുൻപോട്ടു പോകാമെന്നു തീരുമാനിക്കുന്നു. അതോടെ ആശ്വാസം കിട്ടുന്നു. പുതിയ കാര്യങ്ങളിൽ ഏർപ്പെടുന്നു. ക്രമേണ ദുഃഖകാരണങ്ങൾ പിൻനിരയിലേക്കു പോകുന്നു. പുതുതായി തളിർക്കുന്ന മരംപോലെ ജീവിതം തളിർക്കുന്നു. ആരോഗ്യകരമായ സമീപനം. പുതുജീവിതം. പുതുസാഹചര്യം. പുതുപ്രശ്നങ്ങൾ. പുതുപരിഹാരങ്ങൾ. ജീവിതം ക്രമേണ സാധാരണരീതിയിലെത്തുന്നു.

 

ഇതിന്റെ രഹസ്യം വിശകലനം മാത്രം. കമ്പനി നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന നില വന്നാൽ, ബുദ്ധിമാനായ മാനേജർ ചിന്തിക്കും. അപഗ്രഥിക്കും. വിവരമുള്ളവരുടെ ഉപദേശം തേടും. സ്വീകാര്യമായവ സ്വീകരിക്കും. നഷ്ടകാരണങ്ങൾ കണ്ടെത്തി ഒഴിവാക്കും. ക്രമേണ വളർച്ചയുടെ പാതയിൽ തിരികെയെത്തും.

 

പ്രയാസമുണ്ടായാൽ വെറുതേയതങ്ങ് അംഗീകരിച്ച് പരാജയം സമ്മതിക്കണോ? അതോ, ചിന്തിച്ചു പരിഹാരം കണ്ടെത്തണോ? ഏതു വേണമെന്ന് സംശയിച്ചു തീരുമാനമെടുക്കാത്തവരേറെ. ജീവിക്കണോ മരിക്കണോ എന്നു തീരുമാനമെടുക്കാനാവാതെ ‘ടു ബീ, ഓർ നോട് ടു ബീ’ എന്ന് ആത്മഗതഭാഷണം നടത്തിയ ചഞ്ചലമാനസനായ ഹാംലെറ്റിനെപ്പോലെ. സംശയിക്കേണ്ട. ചിന്തിക്കണം. അപഗ്രഥിക്കണം. പരിഹാരത്തിലെത്തണം. നാം നില്ക്കുന്ന ഫ്രെയിമിനു പുറത്തേക്കു മാറി നിന്നു നടത്തുന്ന അപഗ്രഥനമാവും ഫലപ്രദം. അല്പനേരം നിസ്സംഗതയോടെ വസ്തുനിഷ്ഠമായി പരിഹാരം ലക്ഷ്യമാക്കി ചിന്തിക്കാം. മനോവിശ്ലേഷണത്തിന്റെ പ്രണേതാവായ സിഗ്മണ്ട് ഫ്രോയ്ഡ് ഒന്നുകൂടി പറഞ്ഞു : ‘ഏകാന്തതയിൽ ചിന്തിക്കുന്നവർക്കാണ് പ്രശ്നപരിഹാരത്തിനുള്ള വഴി കണ്ടെത്താനാവുക.’

 

ചില വിശകലനങ്ങൾ വികലമാകാനും മതി. ആതുരശുശ്രൂഷയിൽ  പ്രവർത്തിക്കണമെന്നുറച്ച യുവാവിനു സംശയം. ഏതു രംഗമാണ് തിരഞ്ഞെടുക്കേണ്ടത്?  ബുദ്ധിമാനെന്നു കരുതിയ സുഹൃത്തിനോട് ഉപദേശം ചോദിച്ചു. ചിന്തിച്ച് അപഗ്രഥിച്ച് സമാധാനം പറയണമെന്ന് അഭ്യർത്ഥിച്ചു.

‘ആകട്ടെ, നിന്റെ മനസ്സിൽ ഏതെല്ലാമാണുള്ളത്?’

‘ചെവി വേണോ പല്ലു വേണോ എന്നു തീരുമാനിക്കാനാവുന്നില്ല.’

സുഹൃത്ത് ആഴത്തിൽ ചിന്തിച്ചിട്ടു പറഞ്ഞു, ‘കൂടുതലൊന്നും ആലോചിക്കാനില്ല, പല്ലു മതി.’

‘എന്താ കാരണം?’

‘സ്കോപ് കൂടുതൽ പല്ലിലാണ്. ആർക്കായാലും ചെവി‌ രണ്ടേയുള്ളൂ. പല്ല് 32 ഉണ്ട്.’

 

ഇത്തരം തലതിരിഞ്ഞ യുക്തിക്ക് അടിപ്പെടാതെ സൂക്ഷിക്കണം. നമുക്കു ക്ഷീണമെന്നു കണ്ടാൽ വികലയുക്തിയും തെറ്റിദ്ധരിപ്പിക്കുന്ന വിശകലനവുമായി ഉപദേശിച്ചു കുഴപ്പത്തിൽ ചാടിച്ച്, മുതലെടുക്കാൻ ചിലർ വന്നേക്കാം. അവരെ കരുതലോടെ കാണണം.

 

ഇനി മറ്റൊരു കൂട്ടരുണ്ട്. ചിന്തിച്ചു ചിന്തിച്ചു പ്രവർത്തനങ്ങളെല്ലാം സ്തംഭിപ്പിക്കും. ഫലം നിഷ്ക്രിയത. ചിന്ത തകൃതിയായി നടക്കുമെങ്കിലും പ്രവർത്തനങ്ങൾക്കു പക്ഷാഘാതമായാൽ ആർക്കെന്തു പ്രയോജനം? ‘പരാലിസിസ് ബൈ അനാലിസിസ്’ എന്ന ദുരവസ്ഥ. ചെറുകാര്യങ്ങളിൽപ്പോലും അതിരുവിട്ട അപഗ്രഥനം നടത്തുന്ന ശീലം നമ്മുടെ കാര്യക്ഷമത കുറയ്ക്കും. ഏതു ഷൂസ് വാങ്ങണം, ഏതു റെസ്റ്റൊറാന്റിൽ പോകണം തുടങ്ങിയവയ്ക്ക് ലഭ്യമായ എല്ലാ സാധ്യതകളും സമഗ്രമായി വിലയിരുത്തി, ഗുണദോഷങ്ങൾ തുലനം ചെയ്യുന്നതു വൃഥാവ്യായാമമാണ്.

 

ധാരാളം സാധ്യതകളുള്ള സാഹചര്യത്തിൽ അപ്രധാനമെന്നു തോന്നുന്ന പലതിനെയും വേഗം വെട്ടിനീക്കി, രണ്ടോ മൂന്നോ ആയി അവയെ ചുരുക്കിയിട്ടാവട്ടെ വിശകലനം. എന്റെ തീരുമാനത്തെ അന്യർ വിമർശിക്കുമോ, ഞാൻതന്നെ പിന്നീട് ഈ തീരുമാനത്തെയോർത്ത് ദുഃഖിക്കില്ലേ തുടങ്ങിയ ചിന്തകൾ തീരുമാനം വൈകിക്കും. കൂടുതൽ വൈകിച്ചാൽ, ‍നല്ല തീരുമാനം ആകാശത്തുനിന്നു പൊട്ടിവീണുകിട്ടില്ല. നല്ല തീരുമാനം വേഗമെടുക്കുന്നതാണ് കാര്യക്ഷമതയുടെ ലക്ഷണം. സ്വന്തം ഉൾക്കാഴ്ചയിലും സഹജവാസനയിലും ഉറച്ച വിശ്വാസം വേണം. മനസ്സിൽ ആദ്യം വരുന്നതിനെക്കാൾ മെച്ചമായ പരിഹാരം മിക്കപ്പോഴും ഉണ്ടായിരിക്കും. മൂർച്ചയുള്ള യുക്തി പ്രയോഗിച്ചുള്ള അപഗ്രഥനം നിഷ്പ്രയോജനമെന്ന് കണ്ണടച്ചു കരുതിക്കൂടാ.

 

നാം വിശകലനത്തെപ്പറ്റി ഒഴുക്കനായി പലതും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മികച്ച രണ്ടു പ്രഫഷനുകളുണ്ട്. 

1. ഡേറ്റാ അനലിറ്റിക്സ്:  അമ്പരപ്പിക്കുന്ന വേഗത്തിലാണ് പുതിയ അറിവുകൾ മലവെള്ളപ്പാച്ചിൽപോലെ വന്നടിയുന്നത്. പരമ്പരാഗതരീതികളിൽ അവയെ കൈകാര്യം ചെയ്യാനാവില്ല. ‘ബിഗ് ഡേറ്റ’ അപഗ്രഥിക്കുന്നതിന് ‘ഡേറ്റാ അനലിറ്റിക്സ്’ സങ്കേതങ്ങൾ സ്വീകരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും മറ്റും വിശകലനത്തിനു പിൻബലം നല്കും. നല്ല കാര്യക്ഷമത, മെച്ചപ്പെട്ട ഉപഭോക്തൃസേവനം, ആരോഗ്യകരമായ നയാവിഷ്കരണം തുടങ്ങി സ്ഥാപനങ്ങൾക്കു പല മേന്മകളും കൈവരിക്കാൻ ഡേറ്റാ വിശകലനം സഹായകമാണ്. ബിസിനസ് തീരുമാനങ്ങൾക്കായി ഡേറ്റ തിരഞ്ഞെടുത്തു പരിശോധിച്ചു വിശകലനം ചെയ്തു നിഗമനങ്ങളിലെത്തുന്നു. 

 

2. ബിസിനസ് അനലിറ്റിക്സ് : കിടമത്സരം നിറഞ്ഞ ആധുനിക ബിസിനസിൽ വിജയിക്കണമെങ്കിൽ വൻതോതിലുള്ള വിവരങ്ങൾ നിരന്തരം കാര്യക്ഷമമായി വിശകലനം ചെയ്ത്, ഭാവിയിൽ രൂപംകൊള്ളുന്ന ട്രെൻഡുകൾ മുൻകൂട്ടിക്കണ്ട്, തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. മത്സരിച്ചു നില്ക്കുന്ന സ്ഥാപനങ്ങളെ നേരിടാൻതക്ക ശൈലികളും ബിസിനസ് തീരുമാനങ്ങളും വേണം.

 

പഠിച്ചതു പാടുന്നതിനപ്പുറം, തനതായ പുതുരീതികളിൽ ചിന്തിച്ച് അപഗ്രഥനംവഴി നൂതന ബിസിനസ്തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കഴിയുന്നവർക്ക് ശോഭിക്കാവുന്ന രംഗം. വിവരങ്ങൾ ആവർത്തിച്ചു വിശകലനം ചെയ്യാൻ ക്ഷമയും ആവശ്യമാണ്. ബിസിനസ് പ്രവർത്തനങ്ങൾ സുഗമവും കാര്യക്ഷമവും ആക്കുന്ന പ്രഫഷൻ. 

 

വിജയകരമായ ജീവിതത്തിനു പിന്നിൽ വിശകലനമുണ്ട്. വിശകലനം ചെയ്യുകയാണെന്നതറിയാതെ പലരും വിശകലനം ചെയ്യുന്നു. അന്യരുടെ ചെയ്തികളെയും ഗൂഢലക്ഷ്യങ്ങളെയും കുറിച്ച് വിശകലനം ചെയ്യാൻ പലർക്കും വാസനയേറും. പക്ഷേ ഒരിക്കലും തെറ്റാത്തതെന്നു വിശ്വസിച്ചു സ്വയം പാലിച്ചുപോരുന്ന കാര്യങ്ങൾ തീർത്തും കുറ്റമറ്റതാണോയെന്ന് വിശകലനം ചെയ്യില്ല. അവയും വിശകനം ചെയ്യുന്നത് ആരോഗ്യകരമത്രേ. പ്രയാസം വരുമ്പോൾ വിധിയെ പഴിക്കാതെ യുക്തിയും അപഗ്രഥനവും വഴി പരിഹാരം തേടുന്നതാണ് വിവേകപൂർവമായ സമീപനം. 

“The fault is not in our stars, but in ourselves” എന്നു ഷേക്സ്പിയർ (ജൂലിയസ് സീസർ – 1:3:140–141)

English Summary: Career Column By B.S. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com