sections
MORE

‘സ്റ്റീവ് ജോബ്സും ബിൽ ഗേറ്റ്സും വിജയിച്ചത് പരീക്ഷ തോറ്റതുകൊണ്ടല്ല’; സ്റ്റാർട്ടപ്പിൽ അറിയാൻ

HIGHLIGHTS
  • സ്റ്റാർട്ടിങ് പിഴച്ചാൽ സ്റ്റാർട്ടപ്പും കുഴയും
start-up
Representative Image. Photo Credit : Syda Productions/ Shutterstock.com
SHARE

ഏകദേശം രണ്ടു വർഷം മുൻപാണ്. പരിചയമുള്ളൊരാൾ വിളിച്ചിട്ടു പറഞ്ഞു, അയാളുടെ സുഹൃത്തിന്റെ മകനും സുഹൃത്തുക്കളും എന്നെ കാണാൻ വരുമെന്ന്. ഒരു ദിവസം രാവിലെ ഒൻപതിനാണ് ആറു ചെറുപ്പക്കാർ കാണാൻ വന്നത്. അവർ തുടങ്ങിയ സ്റ്റാർട്ടപ്പിന്റെ ആശയവും വികാസവും സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. പത്തിരുപതു മിനിറ്റ് കേട്ടിരുന്ന ശേഷം ഞാൻ പറഞ്ഞു: ‘ശരിക്കു പറഞ്ഞാൽ ഇത് അത്ര വലിയൊരു ആശയമല്ല. അതുകൊണ്ട് ഈ മേഖലയിൽ മുന്നോട്ടുപോകുന്നതു വളരെ ശ്രദ്ധയോടെ വേണം. കാരണം ഒരുപാടു പേർ ഇത്തരം പ്രോജക്ടുകൾ ചെയ്യുന്നുണ്ട്. വലിയ വരുമാനസാധ്യതയും ഇതിൽ ഞാൻ കാണുന്നില്ല’. 

കൂടുതൽ സംസാരിച്ചപ്പോഴാണു ഞാൻ അദ്ഭുതപ്പെട്ടത്. അവർ ആറു പേരും കർണാടകയിൽ എൻജിനീയറിങ് പഠിക്കുന്നവരാണ്. ആറു പേർക്കും അവസാനവർഷത്തിലേക്കു കടക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവർക്ക് ആദ്യ രണ്ടു വർഷങ്ങളിൽ പാസാകാനുള്ള പേപ്പറുകൾ ബാക്കിയുണ്ടായിരുന്നു. അതു പാസായാലേ അവർക്കു ഫൈനൽ ഇയറിലേക്കു കടക്കാൻ കഴിയൂ. 

പഠനം പ്രധാനമാണ്, അതില്ലാതെ മുന്നോട്ടുപോകൽ പ്രയാസമായിരിക്കുമെന്നു ഞാൻ പറഞ്ഞപ്പോൾ അവരുടെ പ്രതികരണം സ്റ്റീവ് ജോബ്സിനും ബിൽ ഗേറ്റ്സിനുമൊക്കെ ബിരുദമില്ലാത്ത ഉദാഹരണങ്ങളായിരുന്നു. ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു: ‘സ്റ്റീവ് ജോബ്സോ ബിൽ ഗേറ്റ്സോ പരീക്ഷ തോറ്റതുകൊണ്ടു ബിസിനസ് തുടങ്ങിയവരല്ല. ബിസിനസ് തുടങ്ങി പിക്കപ് ചെയ്തതോടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ പോയതാണ്’. 

പരീക്ഷ പാസാകാതെയും ഒഴികഴിവിനുമൊക്കെയുള്ള വഴിയാണു സ്റ്റാർട്ടപ് എന്നു കരുതുന്ന ധാരാളം ചെറുപ്പക്കാരെ കണ്ടിട്ടുണ്ട്. എൻജിനീയറിങ് പൂർത്തിയാക്കാതെ സ്റ്റാർട്ടപ് തുടങ്ങി വിജയകരമായി മുന്നോട്ടുകൊണ്ടുപോയവർ ഇല്ലെന്നല്ല. പക്ഷേ, വിരലിൽ എണ്ണാവുന്നവർ മാത്രം. മൗലികമായ ആശയം, നല്ല അനുഭവസമ്പത്ത്–ഇതു രണ്ടും ചേരുമ്പോഴാണു നല്ലൊരു സ്റ്റാർട്ടപ് രൂപമെടുക്കുന്നത്. നൂറു സ്റ്റാർട്ടപ് തുടങ്ങിയാൽ രണ്ടുമൂന്നു വർഷത്തിനപ്പുറത്തേക്കു വിജയകരമായി നിലനിൽക്കുന്നതു പത്തെണ്ണം മാത്രമാണ്. അതിൽത്തന്നെ ഒന്നോ രണ്ടോ മാത്രമാണു നല്ലൊരു നിലയിലേക്ക് എത്തുന്നത്. 

ഇതേ സമയം തന്നെ, നല്ല നിലയിൽ കോഴ്സ് പൂർത്തിയാക്കി മികച്ച ജോലി ചെയ്യുന്നവരിൽ പലരും സ്റ്റാർട്ടപ് തുടങ്ങാനായി ജോലി ഉപേക്ഷിക്കാറുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കാം. പക്ഷേ, അപ്പോഴും മികച്ച ആശയവും ആസൂത്രണവുമില്ലെങ്കിൽ പദ്ധതി പാളിപ്പോകും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്റ്റാർട്ടപ്പുകൾക്ക് ഒരുപാടു സൗകര്യങ്ങളും ആനുകൂല്യങ്ങളും കൊടുക്കുന്നുണ്ട്. അതുകൊണ്ടു മാത്രം സ്റ്റാർട്ടപ് വിജയിപ്പിക്കാൻ കഴിയില്ല. സാങ്കേതികമായും ധനപരമായും വാണിജ്യപരമായുമൊക്കെയുള്ള കയ്യടക്കം അതിപ്രധാനമാണ്. 

ബഹുഭൂരിപക്ഷം സ്റ്റാർട്ടപ്പുകളും പാർട്ണർഷിപ്പിൽ തുടങ്ങുന്നവയാണ്. പാർട്ണർഷിപ് വിജയിച്ചാലും പരാജയപ്പെട്ടാലും എങ്ങനെ മാനേജ് ചെയ്യണമെന്ന കാര്യം മുൻകൂട്ടിക്കാണണം. ഇക്കാര്യത്തിൽ വ്യക്തമായ കരാർ തന്നെ ഉണ്ടാക്കണം. ഓർക്കുക, ഏറ്റവും നല്ല സുഹൃത്തിനെ ശത്രുവാക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരുമിച്ചു ബിസിനസ് തുടങ്ങുക എന്നതാണ്. 

ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ‘സ്റ്റാർട്ടപ് ഇക്കോസിസ്റ്റം’ കേരളത്തിലാണ്. പക്ഷേ, തുടങ്ങുമ്പോൾ എല്ലാ വശവും പരിശോധിച്ച്, സൂക്ഷിച്ചു ചുവടുകൾ വച്ചില്ലെങ്കിൽ പാളിപ്പോകും. കോവിഡ് പടിയിറങ്ങുമ്പോൾ സ്റ്റാർട്ടപ്പുകളിൽ അവസരങ്ങൾ കൂടുകയാണ്. അതൊക്കെ ഫലപ്രദമായി ഉപയോഗപ്പെടുന്നവരായിരിക്കും നാളെ വിജയകരമായി നിലനിൽക്കുക. 

English Summary: Career Column By G Vijayaraghavan: Success Of Startups

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA