ഉപദേശം വേണോ? മാതൃക പോരേ?

advice
Representative Image. Photo Credit : fizkes/ Shutterstock.com
SHARE

ഉപദേശം. പൊതുവേ ആരും ഇഷടപ്പെടുന്നില്ല. വിശേഷിച്ചും ആവശ്യപ്പെടാതെ നൽകുന്ന ഉപദേശം. പക്ഷേ ഉപദേശിക്കാനുള്ള വെമ്പൽ നിയന്ത്രിക്കാൻ പലർക്കും കഴിയാറില്ല. അന്യരെക്കാൾ അറിവും ബുദ്ധിയും വിവേകവും എനിക്കുണ്ട്, അവരുെട മേഘത്തിലെ മാരിവില്ലായി നിറം പകരാം എന്ന വ്യാമോഹം കുഴപ്പത്തിന്റെ തുടക്കമാണ്. ചോദിക്കാത്ത ഉപദേശവുമായി ചെല്ലാൻ ഇതു വഴിവയ്ക്കുന്നു. ഉപദേശം കേൾക്കേണ്ടിവരുന്നവർ അതു ശല്യമായി കരുതിയെന്നു വരാം. സാഹചര്യം ആവർത്തിച്ചാൽ ഉപദേശിക്കുന്നയാളെ ഒഴിവാക്കാൻ ശ്രമിക്കുന്ന നിലയുണ്ടാവാം. ഇതോടെ ഉപദേശി ക്ഷോഭിച്ചേക്കാം. അഹന്തയുടെ ഊതിവീർപ്പിച്ച ബലൂണിൽ അവഗണനയുടെ സൂചിക്കുത്ത് ആർക്കാണ് ഇഷ്ടപ്പെടുക!  

ഉപദേശം നല്കുന്നതു പണം നല്കുംപോലെയാകണമെന്ന മൊഴിയുണ്ട്. ചോദിക്കാതെ കൊടുക്കരുത്; കിട്ടുന്നയാൾ എങ്ങനെ ഉപയോഗിക്കുമെന്നു നോക്കി കൊടുക്കുക. ഇതിൽ കുറെയൊക്കെ ശരിയുണ്ട്.

ധനസമ്പാദനത്തിനുള്ള അത്യാഗ്രഹം ഉപേക്ഷിക്കുക എന്ന് ആദിശങ്കരനും, മദ്യപാനം അരുതെന്നു നാരായണഗുരുവും, മാപ്പു നല്കുന്നതു ശക്തന്റെ ലക്ഷണമെന്ന് ഗാന്ധിജിയും പറഞ്ഞത് അവർക്ക് അങ്ങനെ പറയാൻ അവകാശമുള്ളതുകൊണ്ട്.

നിത്യവും 20 സിഗററ്റ് വലിക്കുന്ന അച്ഛൻ പുകവലിക്കരുതെന്ന് മകനു നല്കുന്ന ഉപദേശത്തിന് വിലയില്ല. ‘നീയും ഇങ്ങനെയാകരുതെന്നു കരുതിയാണ് പറയുന്നത്’ എന്നതു ഭംഗിവാക്കായേ മകൻ കരുതൂ. പക്ഷേ തെറ്റുകൾ വരുത്തി, പാഠങ്ങൾ പഠിച്ച്, തെറ്റു തിരുത്തിയയാളുടെ വാക്ക് അന്യർ കേട്ടെന്നിരിക്കും. 

ജീവിതാനുഭവങ്ങളേറെയുള്ള മുതിർന്നയാൾ. നമ്മുടെ നന്മയിൽ അതീവ താല്പര്യമുള്ളയാൾ. നാം കുഴപ്പത്തിൽ ചാടാതിരിക്കാനുള്ള മുൻകരുതലുള്ളയാൾ. അങ്ങനെയൊരാൾ ചിലപ്പോൾ ചില സൂചനകൾ നല്കിയെന്നു വരും. നാം കൈരണ്ടും നീട്ടി സന്തോഷത്തോടെ അതു സ്വീകരിക്കും. അതു നമുക്കു പ്രയോജനകരമാകും. സൂചന മാത്രമല്ല കാര്യമായ സഹായവും നിർണായകനിമിഷത്തിൽ തരുകയും ചെയ്യും. അങ്ങനെ ചിലർ ജീവിതത്തിലുണ്ടാകുന്നതു ഭാഗ്യം. ഉപദേശം ഫലിച്ചില്ലെങ്കിലും സഹായം തുണയാകുന്നത് നാം സ്വാഗതം ചെയ്യും. സ്നേഹത്തിന്റെ നനവാർന്ന വ്യക്തിബന്ധങ്ങൾ ഇത്തരത്തിൽ ഉരുത്തിരിയുന്നു.

ആരെങ്കിലുമൊക്കെ നല്കുന്ന ഉപദേശം കണ്ണടച്ചു സ്വീകരിച്ച് അവരുടെ കൈയിലെ കളിപ്പാട്ടമായാൽ, ജീവിതം അലങ്കോലമായെന്നുവരാം. കേൾക്കുന്ന കാര്യം മനസ്സിന്റെ മൂശയിൽ പരിശോധിച്ചു ബോധ്യപ്പെട്ടിട്ടാവണം സ്വീകരിക്കുക. ഇതിന്റെ മാത‍ൃക മഹാഭാരതത്തിലുണ്ട്. യുദ്ധം ചെയ്യാൻ സജ്ജരായി കൗരവരും പാണ്ഡവരും സേനകളുമായി നേർക്കുനേർ നിന്നപ്പോൾ, എതിർപക്ഷത്തെ ഗുരുജനങ്ങളെയും ബന്ധുക്കളെയും കണ്ട്, അവരെ കൊന്ന് എനിക്ക് ഒന്നും നേടേെണ്ടന്നു പറഞ്ഞ് അർജ്ജുനൻ പിൻതിരിയുന്നു. അവയവങ്ങൾ തളർന്ന്, വായ് വരണ്ട്, ദേഹം വിറച്ച്, ഗാണ്ഡീവമെന്ന വില്ല് കൈയിൽനിന്നു വഴുതിവീണ് കർമ്മവിമുഖനാകുന്നു. ആ നിർണായകമുഹൂർത്തത്തിൽ ധർമ്മമെന്തെന്ന് കൃഷ്ണൻ നല്കുന്ന ഉപദേശമാണ് ഭഗവദ്ഗീത. എക്കാലത്തെയും വലിയ ആ ഉപദേശത്തിന്റെ അവസാനം, ‘ഞാനിപ്പറഞ്ഞതെല്ലാം പര്യാലോചിച്ചിട്ട് ഇഷ്ടമുള്ളതു ചെയ്യുക’ എന്നു കൃഷ്ണൻ നിർദ്ദേശിക്കുന്നു. (18:63). ഞാൻ പറഞ്ഞതെല്ലാം അതേപടി അനുസരിക്കണം എന്ന് ഉത്തരവിടുന്നില്ല. ഈ ഉപദേശം കേവലം അർജ്ജുനനു മാത്രമുള്ളതല്ല. ജീവിതത്തിൽ പ്രശ്നങ്ങളും സംഘർഷങ്ങളും നേരിട്ട് എന്തുചെയ്യണമെന്നു നിശ്ചയമില്ലാതെ വരുന്ന സാധാരണക്കാർക്കുമുള്ളതാണ്. 

പോർക്കളത്തിൽ സൈന്യങ്ങളുടെ ഇടയിൽനിന്ന് അനുഷ്ടുപ്പ് വൃത്തത്തിൽ കൃഷ്ണൻ ശ്ലോകങ്ങൾ ചൊല്ലിയോയെന്ന ചോദ്യത്തിനു പ്രസക്തിയില്ല. വിശ്വാസങ്ങളും ഐതിഹ്യങ്ങളും പുരാണസംഭവങ്ങളും നമ്മുടെ സാംസ്കാരികഞരമ്പുകളിൽ ലയിച്ചു ചേർന്നവയാണ്. സാധാരണരീതിയിൽ വ്യാഖ്യാനിക്കേണ്ടവയല്ല.

ഐതിഹാസികമായ മറ്റു ചില ഉപദേശങ്ങളും നമ്മുടെ ഈടുവെപ്പുകളിലുണ്ട്.

തമസാനദീതീരത്ത് മരക്കൊമ്പിൽ രസിച്ചിരുന്ന ഇണപ്പക്ഷികളിൽ ആണിനെ വേടൻ എയ്തുവീഴ്ത്തി. തറയിൽവീണു പിടയുന്ന ഇണയെക്കണ്ട് പെൺപക്ഷി കരഞ്ഞുവിളിച്ചു. ദാരുണമായ ഈ കാഴ്ച കണ്ടുനിന്ന വാല്മീകിയുടെ ശോകം ‘മാ നിഷാദ’ എന്ന ശ്ലോകമായി ചുണ്ടിൽനിന്ന് ഒഴുകി. കാവ്യരസമുള്ള ആദ്യശ്ലോകം. വേദസൂക്തങ്ങൾ  മുൻപുമുണ്ടായിരുന്നെങ്കിലും ഇതിന്റെ അനന്യത ശ്രദ്ധിച്ച ബ്രഹ്മാവ്, രാമകഥ മുഴുവൻ ശ്ലോകരൂപത്തിലെഴുതാൻ ഉപദേശിച്ചു. അങ്ങനെ വാല്മീകിരാമായണമുണ്ടായി.

ഇനിയൊന്ന് ലക്ഷ്മണോപദേശമാണ്. ഭരതനെ രാജാവാക്കി, രാമനെ പ‌തിന്നാലു വർഷം കാട്ടിലയയ്ക്കണമെന്നു തീരുമാനിച്ച അച്ഛനെ പിടിച്ചുകെട്ടി, ശത്രുക്കളെയെല്ലാം കൊന്ന്, രാമനെ രാജാവായി അഭിഷേകം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോപാഗ്നിയിൽ ജ്വലിച്ചുനിന്ന ലക്ഷ്മണനെ ശാന്തനാക്കാൻ രാമൻ നല്കുന്ന ഉപദേശം. പാമ്പിന്റെ വായിലിരിക്കുന്ന തവള ഭക്ഷണം ചോദിക്കുന്നതുപോലെയാണ് മനുഷ്യർ സുഖമന്വേഷിക്കുന്നത് എന്നതടക്കം പ്രസിദ്ധവചനങ്ങൾ ഇതിലുണ്ട്.

രാമായണത്തിലെയെന്നല്ല, നമ്മുടെ പുരാണങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ വരികൾ സുമിത്രയുടേതാണ് – ‘രാമം ദശരഥം വിദ്ധി’ എന്നു തുടങ്ങുന്ന ശ്ലോകം. (വാല്മീകിരാമായണം, അയോധ്യാകാണ്ഡം 40:9). രാമനും സീതയും വനവാസത്തിനു പുറപ്പെടുമ്പോൾ, അവരെ അനുഗമിക്കുന്ന ലക്ഷ്മണനു മാതാവ് സുമിത്ര നല്കുന്ന ഉപദേശം.  ‘രാമനെ ദശരഥനെപ്പോലെയും സീതയെ എന്നെപ്പോലെയും വനത്തെ അയോധ്യയെപ്പോലെയും’ കരുതണമെന്ന ഉപദേശം. ഈ ശ്ലോകം പത്തോളം വ്യത്യസ്തരീതികളിൽ അർത്ഥപൂർണമായി വ്യാഖ്യാനിക്കാം. ഇന്ന് നാട്ടിൽ കഴിയുന്നവർക്കും പ്രയോജനം ചെയ്യുന്ന വാക്കുകൾ.

പ്രസിദ്ധമായ ഉപദേശമാണ് മഹാഭാരതത്തിലെ വിദുരവാക്യം. മനസ്സു വെന്തുരുകി, ഉറക്കമില്ലാതെ കഷ്ടപ്പെടുന്ന ധൃതരാഷ്ട്രർ, സമാധാനം കിട്ടാൻ അർദ്ധസഹോദരൻ വിദുരരോട് നല്ല വാക്കു പറഞ്ഞു കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. വിവേകത്തിന്റെ പര്യായമായ വിദുരർ പറഞ്ഞ വാക്കുകൾ എക്കാലത്തും ഏവർക്കും ഉപകാരപ്രദമായ ഉപദേശങ്ങളുടെ വലിയ സഞ്ചയമാണ്.

നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക (മത്തായി 22:39), വലത്തെ ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടും കാട്ടിക്കൊടുക്കുക (മത്തായി 5:39) തുടങ്ങിയ മഹത്തായ ഉപദേശങ്ങൾ മാത്രമല്ല, നിത്യജീവിതത്തിൽ ആവശ്യമായ അസംഖ്യം ഉപദേശങ്ങളും ബൈബിളിലുണ്ട്. ആരെക്കുറിച്ചും തിന്മ പറയാതിരിക്കുക, കലഹം ഒഴിവാക്കുക, സൗമ്യശീലരായിരിക്കുക, എല്ലാവരോടും തികഞ്ഞ മര്യാദ പ്രകടിപ്പിക്കുക (തീത്തൊസ് 3:2), നിങ്ങളുടെ സമയം നന്നായി ഉപയോഗിക്കുക (എഫേസോസുകാർ 5:16), ഏറെ സമ്പത്തിനെക്കാൾ അഭിലഷണീയം സൽപ്പേരാണ് (സുഭാഷിതങ്ങൾ 22:1) തുടങ്ങിയവ.

രാജമന്ദിരമായ ഭർതൃഗൃഹത്തിലേക്ക് ആദ്യമായി പോകുന്ന ശകുന്തളയ്ക്ക് വളർത്തച്ഛൻ കണ്വമഹർഷി നല്കുന്ന ഉപദേശം ശാകുന്തളത്തിലെ നാലാമങ്കത്തിലുണ്ട്. അന്നത്തെ സാമൂഹികസാഹചര്യം വച്ചു നോക്കുമ്പോൾ വിവേകം നിറഞ്ഞ വാക്കുകൾ.

പക്ഷിമ‍ൃഗാദികളെയും വൃക്ഷലതാദികളെയും കഥാപാത്രങ്ങളാക്കി വിഷ്ണുശർമ്മ രചിച്ച പഞ്ചതന്ത്രത്തിലും, യവനകാഥികൻ ഈസോപ്പ് രചിച്ച കുട്ടിക്കഥകളിലും ഏതു പ്രായക്കാർക്കുമുള്ള ഗുണപാഠങ്ങൾ ഉപദേശമെന്നു തോന്നാത്തവിധം ഉൾച്ച‍േർത്തിട്ടുണ്ട്.

നാമിപ്പറഞ്ഞതെല്ലാം മഹാഗുരുക്കന്മാരുടെ വചനങ്ങളെപ്പറ്റിയാണ്. നേർവഴി കാട്ടിത്തരാൻ അർഹതയുള്ളവർ. ആധുനിക ബിസിനസിൽ കമ്പനികൾ ഉപദേശം ചോദിച്ചുവാങ്ങാറുണ്ട്. കൺസൾട്ടൻസി എന്ന ഓമനപ്പേരിലാണ് ഇതു നടക്കുന്നത്. ഡോക്ടറുടെയും വക്കീലിന്റെയും ചാർട്ടേർഡ് അക്കൗണ്ടന്റിന്റെയും ഉപദേശം പലർക്കും വേണ്ടിവരും. ബുദ്ധിമാന്മാരായ മാനേജർമാർ പ്രവർത്തകരെ ഉപദേശിക്കുന്നതിനു പകരം, ചർച്ച സംഘടിപ്പിച്ച് തങ്ങൾക്ക് ഉപദേശിക്കാനുള്ളത് പ്രവർത്തകരുടെ നാവിൽനിന്നു വീഴ്ത്തി, അവരെക്കൊണ്ടു സ്വീകരിപ്പിക്കും.  ഇതൊക്കെയാണെങ്കിലും സാധാരണഗതിയിൽ നമുക്കു പാലിക്കാവുന്ന കാര്യം സാമൂഹികപ്രവർത്തകനായിരുന്ന വിൽ റോജേഴ്സ് (1879 –1935)) പറഞ്ഞിട്ടുണ്ട് : ‘മിണ്ടാതിരിക്കാനുള്ള ഒരവസരവും പാഴാക്കരുത്’. റോജേഴ്സ് ഈ ഉപദേശം പാലിച്ചില്ലെന്നതു മറ്റൊരു കാര്യം!

English Summary: Career Column By B. S. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA