ദുശ്ശീലം തിരിച്ചറിഞ്ഞോ, ഉപേക്ഷിക്കണമെന്ന ആഗ്രഹമുണ്ടോ?; രക്ഷപ്പെടാൻ തയ്യാറെടുക്കാം

HIGHLIGHTS
  • കേവലം ദുശ്ശീലമല്ല, അത്യാസക്തി (അഡിക്‌ഷൻ) തന്നെയും നമ്മെ പിടികൂടിയെന്നുവരാം
  • ഏതെങ്കിലും പ്രവൃത്തി ആവർത്തിക്കുന്നതു വഴിയാണ് അതു ശീലമായിത്തീരുന്നത്
career-guru-b-s-warrier-column-can-we-change-our-habits
Representative Image: Photo Credit: F8 Studio / Shutterstock.com
SHARE

പത്തു  മാസമായ കുഞ്ഞ് നടക്കാൻ ശ്രമിക്കും. കൂടെക്കൂടെ വീഴും. തനിയേ എഴുനേൽക്കും. വീണ്ടും നടക്കാൻ ശ്രമിക്കും, വീണ്ടും വീഴും. ‘എന്നാലിനി ഈ ശ്രമം വേണ്ട’ എന്നു കുഞ്ഞു വിചാരിക്കില്ല. അതു ജന്മവാസന. ഇടയ്ക്കു നാം കുഞ്ഞിനെ സഹായിക്കും. കൈപിടിച്ചു നടത്തും. ക്രമേണ പരസഹായമില്ലാതെ തനിയേ നടക്കും. ഓടും. ഒളിമ്പിക് ഓട്ടമത്സരത്തിൽ ജയിച്ച് വിജയപീഠത്തിൽക്കയറിനിന്ന് അഭിമാനപൂർവം തങ്കപ്പതക്കം കഴുത്തിൽ അണിഞ്ഞുവാങ്ങുന്ന കായികതാരവും ഒരിക്കൽ പത്തു ചുവടു നടക്കാൻ കഷ്ടപ്പെട്ടിരുന്നുവെന്നു തീർച്ച. െമ‍ഡൽ വാങ്ങിക്കഴിഞ്ഞ് മാതൃരാജ്യത്തിന്റെ ദേശീയപതാക സ്റ്റേഡിയത്തിലുയരുന്നതിനും ദേശീയഗാനം മുഴങ്ങുന്നതിനും സാക്ഷ്യം വഹിക്കുന്ന അഭിമാനനിമിഷത്തിൽ പണ്ടു വേച്ചൂവീണ കഥ ഓർക്കില്ലെന്നു മാത്രം.

കാറോടിക്കാൻ പഠിച്ചുതുടങ്ങുമ്പോൾ ചില നിർദ്ദേശങ്ങൾ പാലിക്കുക പ്രയാസമെന്നു തോന്നും. ‘വണ്ടി ന്യൂട്രലിലാക്കി, താക്കോൽ തിരിച്ച് എൻജിൻ സ്റ്റാർട്ടു ചെയ്ത്, ക്ലച്ച് ചവിട്ടി ഒന്നാം ഗിയറിലിട്ട്, ആക്സിലറേറ്റർപെഡൽ സാവധാനം താഴ്ത്തി, ക്രമേണ ക്ലച്ച്പെഡലിൽ നിന്ന് സാവധാനം കാലെടുക്കുക’ എന്ന് ആശാൻ പറയും. ഇതൊന്നും വേണ്ടവിധമാകാതെ എൻജിൻ ഇടിച്ചു നില്ക്കും. ആശാൻ കയർക്കും. ഈ നടപടി രണ്ടുമൂന്നു തവണ ആവർത്തിക്കുമ്പോൾ, സംഗതി ശരിയാകും. വണ്ടി നീങ്ങി ക്രമേണ ഗിയറുകൾ മാറ്റി നാലിലോ അഞ്ചിലോ വരെയെത്തും. വണ്ടി തിരിക്കാൻ സ്റ്റിയറിങ് എത്രമാത്രം തിരിക്കണമെന്നും മനസ്സിലാക്കും. പിന്നീട് വണ്ടി പുറകോട്ട് ഓടിക്കാനും പഠിക്കും. 

പത്തു വർഷം കാറോടിച്ചയാൾ ഇതൊന്നും ആലോചിക്കുന്നതേയില്ല. അയാൾ വണ്ടിയിൽക്കയറിയിരുന്നു വണ്ടിയോടിച്ചു പോകും. പക്ഷേ അയാളും മേൽപ്പറഞ്ഞതെല്ലാം ചെയ്യുന്നുണ്ട്. വണ്ടിയോടിക്കേണ്ടത് എങ്ങനെയെന്ന കാര്യം അയാളുടെ മനസ്സിന്റെ മൂലയിൽ കിടപ്പുണ്ട്. ആവശ്യത്തിന് അത് തനിയെ വന്നുകൊള്ളും. ചുരുക്കത്തിൽ അത് അയാൾക്ക് ശീലമാണ്.

മത്സരിച്ചോടുന്ന കുട്ടിയും കാറോടിക്കുന്ന ഡ്രൈവറും ചില ശീലങ്ങൾ ആർജ്ജിച്ചിട്ടുണ്ട്. അത് അവർ പാലിക്കുന്നു. എന്നല്ല, നാമെല്ലാം പല ശീലങ്ങളും നേടിയെടുത്ത് അവ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ചിത്രത്തിന് മറുവശവുമുണ്ട്. ശീലങ്ങൾ നാം രൂപപ്പെടുത്തുന്നു. തുടർന്ന് ശീലങ്ങൾ നമ്മെ രൂപപ്പെടുത്തുന്നു. അതായത്, നാം ശീലങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ, ശീലങ്ങൾ നമ്മെ നിയന്ത്രിക്കും; നമ്മെ കീഴ്പ്പെടുത്തിയെന്നും വരും. കീഴ്പ്പെടുത്തുന്ന ശീലങ്ങൾ ദുഃശീലങ്ങളെങ്കിൽ, നാം രക്ഷപെടാനാകാത്ത നീർച്ചുഴിയിലാകും.

നമ്മുടെ ശീലങ്ങൾ നല്ലതു തന്നെയോ എന്നതിനെ ആശ്രയിച്ചാവും നമ്മെ അന്യർ വിലയിരുത്തുന്നത്. മാത്രമല്ല, നാം ജീവിതത്തിൽ പരാജയപ്പെടുന്നോ വിജയിക്കുന്നോ എന്നതു തീരുമാനിക്കുന്നതിലും ശീലങ്ങൾക്കു വലിയ പങ്കുണ്ട്. ഏതെങ്കിലും വ്യക്തിയിൽനിന്നോ സംഭവത്തിൽനിന്നോ ലഭിക്കുന്ന പ്രചോദനം സദ്കർമ്മത്തിനു തുടക്കം കുറിച്ചേക്കാം. പക്ഷേ ആ വഴിയിൽ തുടരണമെങ്കിൽ, അതു ശീലമാക്കിയേ മതിയാകൂ.

പലപ്പോഴും മനസ്സറിയാതെ നാം ദുശ്ശീലങ്ങൾക്ക് അടിമയായിപ്പോകും. സാഹചര്യങ്ങളോ സുഹൃത്തുക്കളോ സ്വാധീനിച്ചതുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്. കേവലം ദുശ്ശീലമല്ല, അത്യാസക്തി (അഡിക്‌ഷൻ) തന്നെയും നമ്മെ പിടികൂടിയെന്നുവരാം. രസത്തിന് ഒന്നു പുകച്ച്, രണ്ടു പുകച്ച്, പിന്നീട് പുകവലിക്ക് അടിമയാകുന്നവരുണ്ട്. ചീട്ടുകളി, അമിത മൊബൈൽശീലം, മണിക്കൂറുകൾ നീണ്ട ടിവികാണൽ, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉദാഹരണം. 

വിവേകമുള്ളവർ ഇത്തരം അപകടങ്ങൾ തിരിച്ചറിയും. അവയിൽനിന്നു മോചനം നേടുകയും ചെയ്യും. പക്ഷേ കാര്യങ്ങൾ പലപ്പോഴും എളുപ്പമാകില്ല. ചിലർ അത്യാസക്തി തിരിച്ചറിയില്ല. തിരിച്ചറിഞ്ഞാലും അതിൽനിന്നു മോചനം ആഗ്രഹിക്കില്ല. തങ്ങൾ ജീവിതം ആസ്വദിക്കുകയാണെന്നു വിശ്വസിച്ചു മുന്നേറും. അതെപ്പറ്റി പറയുന്നവരോട് ദേഷ്യവും ക്രമേണ വൈരാഗ്യവും വരാം. മയക്കുമരുന്നു കിട്ടാതെ വന്നാൽ അക്രമങ്ങൾ കാട്ടിയേക്കാം. ആത്മനിയന്ത്രണം ന‍ഷ്ടപ്പെടാം. സമൂഹത്തിൽ  അപമാനിതനാവാം. ഇതൊന്നും കെട്ടുകഥയല്ല. 

ചിലരിൽ ദുശ്ശീലങ്ങളെക്കുറിച്ചു തെറ്റിദ്ധാരണയുണ്ടായിരിക്കും. ചില ഉദാഹരണങ്ങൾ കേൾക്കുക : മനഃക്ലേശം കുറയ്ക്കാൻ പുകവലി സഹായിക്കും. പുകവലിച്ചിരിക്കുമ്പോൾ കവിതയ്ക്കും ചിത്രരചനയ്ക്കും മറ്റും പുതിയ ആശയങ്ങൾ മനസ്സിൽ വിരിയും. പുകവലിക്കുന്നവരോട് പലർക്കും ആരാധനാഭാവമുണ്ടാകും. മദ്യപനു പൗരുഷം കൂടും. മദ്യപിച്ചാൽ ധീരമായി പ്രവർത്തിക്കുക എളുപ്പമാകും. ഏകാന്തത മാറിക്കിട്ടും. സൗഹൃദങ്ങൾ പുഷ്കലമാകും. അടിസ്ഥാനരഹിതമായ ആശയങ്ങളാണിവ.

ഏതെങ്കിലും പ്രവൃത്തി ആവർത്തിക്കുന്നതു വഴിയാണ് അതു ശീലമായിത്തീരുന്നത്. ഇക്കാര്യം ചൈനീസ് ദാർശനികൻ ലവോട്സു (1368–1644) ചിന്തോദ്ദീപകമായ ക്രമത്തിലാക്കിപ്പറഞ്ഞു : ‘വാക്കിൽനിന്നു ചിന്ത, ചിന്തയിൽനിന്നു പ്രവൃത്തി, പ്രവ‍ൃത്തിയിൽനിന്നു ശീലം, ശീലത്തിൽനിന്നു സ്വഭാവം, സ്വഭാവത്തിൽനിന്നു വിധി.’

ദുശ്ശീലമുണ്ടെന്നു തിരിച്ചറിയുകയും, അത് ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നയാൾ എങ്ങനെ അതു നടപ്പാക്കും? ഏറെ നാളത്തെ ശീലം സ്വിച്ചിട്ടപോലെ നിന്നനിൽപ്പിന് ഇല്ലാതാക്കാൻ മിക്കവർക്കും കഴിയില്ല.

ഇതിനു ചില തയ്യാറെടുപ്പുകൾ വേണ്ടിവരും. ആദ്യം നാം സ്വയം വിലയിരുത്തി മൂന്നു ലിസ്റ്റുകൾ തയ്യാറാക്കണം. നിലവിലെ നല്ല ശീലങ്ങൾ, മോശം ശീലങ്ങൾ, പുതുതായി തുടങ്ങേണ്ട നല്ല ശീലങ്ങൾ. ഏതെങ്കിലും കലഹങ്ങൾക്കോ മറ്റു ദുരനുഭവങ്ങൾക്കോ വഴിവച്ച ശീലങ്ങൾ, അലസതപോലെ സ്വന്തം ഉയർച്ച തടഞ്ഞ ശീലങ്ങൾ മുതലായവയാണ് മോശം ശീലങ്ങൾ. നിത്യവും മുക്കാൽ മണിക്കൂർ വ്യായാമം ചെയ്യുന്നതോ, ഒരു മണിക്കൂർ നല്ല പുസ്തകങ്ങൾ വായിക്കുന്നതോ, വിനയത്തോടെ സംസാരിക്കുന്നതോ ആവാം തുടങ്ങേണ്ട നല്ല ശീലം.

ഇനിയാണ് ശരിയായ പരീക്ഷണം. ചില കംപ്യൂട്ടർ സോഫ്റ്റ്‌വെയർ വിൽക്കുന്നവർ ഒരാഴ്ച സൗജന്യമായി ഉപയോഗിക്കാൻ നമുക്ക് ആദ്യം തരാറില്ലേ? അതുപോലെ പുതിയ രീതികൾ ഒരാഴ്ചത്തേക്കു പരീക്ഷിച്ചു നോക്കാം. അതിന്റെ ഫലം വിലയിരുത്താം. വളരെ അടുപ്പമുള്ള സുഹൃത്തുക്കളോട് ഫലം വിലയിരുത്തി സഹായിക്കാൻ രഹസ്യമായി ആവശ്യപ്പെടുകയുമാകാം. ഇപ്പറഞ്ഞത് പലരും പരീക്ഷിച്ചു വിജയിച്ച വഴിയാണ്. ഇത് അതേപടി സ്വീകരിച്ചില്ലെങ്കിലും ഈ ആശയം മനസ്സിൽ വച്ച് സ്വന്തം ശീലങ്ങൾ തിരുത്താനാവും. പുതിയതു തുടങ്ങുന്നതിനെക്കാൾ പ്രയാസമാവാം ശീലിച്ചുവരുന്നത് ഉപേക്ഷിക്കുന്നത്. ദുഃശീലങ്ങൾ നമ്മിൽ കടന്നുകൂടാതെ തടയിടുക എന്ന് ബഞ്ചമിൻ ഫ്രാങ്ക്ലിൻ.

article-image-career-guru-b-s-warrier-column-can-we-change-our-habits
Representative Image: Photo Credit: Pavel Gulea / Shutterstock.com

മാർക് ട്വൈൻ രസകരമായിപ്പറഞ്ഞു, ശീലം വെറുതേ ജന്നലിൽക്കുടെ എറിഞ്ഞുകളയാനാവില്ല, അതിനെ സ്നേഹംകാട്ടി വശത്താക്കി സാവധാനം പടിയിറക്കണം. തുള്ളിതുള്ളിയായി കുടം നിറയുമെന്നു ബുദ്ധദേവൻ. യൗവനത്തിൽ തുടങ്ങുന്ന ശീലങ്ങളാണ് ജീവിതം രൂപപ്പെടുത്തുന്നതെന്ന് അരിസ്റ്റോട്ടിൽ.

നല്ല ശീലം തുടങ്ങിയതുകൊണ്ടായില്ല; അത് കൃത്യമായി തുടരണം. ബ്രൂസ് ലീ : ‘പതിനായിരം തൊഴികൾ പഠിച്ചവനെയല്ല, ഒരു തൊഴി പതിനായിരം തവണ പ്രാക്റ്റീസ് ചെയ്തവനെയാണു ഞാൻ പേടിക്കുന്നത്.’ നമുക്കെല്ലാം ജീവിതവിജയം കൈവരിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ വെറുതേ ആഗ്രഹിച്ചാൽ മതിയോ? 

ചെറുകാര്യങ്ങളിലും ചിട്ടയെന്ന ശീലം പാലിച്ചെങ്കിലേ വലിയ വിജയങ്ങൾവരെ നേടാൻ കഴിയൂ. പുതിയ ശീലങ്ങൾക്കും മാറ്റങ്ങൾക്കും ഇന്നു തുടക്കം കുറിക്കുമെന്നു തീരുമാനിക്കാം. അതു പാലിക്കാം. വിജയശീലങ്ങളുള്ളവരാണ് മഹാവിജയങ്ങൾ കൈവരിക്കുന്നത്.   

English Summary : B.S. Warrier Column - Is It really possible to change your habits?

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA