sections
MORE

ധനശാസ്‌ത്രം മുതൽ ആയുർദൈർഘ്യം വരെ; പഠിക്കാം എവിടെയും പ്രയോജനമുള്ള സ്റ്റാറ്റിസ്റ്റിക്സ്

HIGHLIGHTS
  • സംഖ്യകളോടു സ്‌നേഹവും അപഗ്രഥനബുദ്ധിയും ഉള്ളവർക്കു യോജിച്ച പഠനശാഖ
  • ജനസംഖ്യാപഠന യൂണിറ്റുകൾ, ആസൂത്രണ ബോർഡുകൾ മൂതലായവയിലുമുണ്ട് അവസരങ്ങൾ
career-care-column-by-b-s-warrier-career-in-statistics
Representative Image. Photo Credit : KamiPhotos / Shutterstock.com
SHARE

രാജ്യപുരോഗതിയുടെ അടിസ്ഥാനം ആസൂത്രണമാണ്; ആസൂത്രണത്തിന്റെ അടിത്തറ സ്‌റ്റാറ്റിസ്‌റ്റിക്‌സും. ഗണിതവാസനയും സംഖ്യകളോടു സ്‌നേഹവും അപഗ്രഥനബുദ്ധിയും ഉള്ളവർക്കു യോജിച്ച പഠനശാഖയാണു സ്റ്റാറ്റിസ്റ്റിക്സ്. 

എന്തിനും വേണമിത് 

ധനശാസ്‌ത്രം, പ്ലാനിങ്, പൊതുജനാരോഗ്യം, ബയളോജിക്കൽ സയൻസസ് (എപ്പിഡെമിയോളജി, ഫാർമക്കോളജി, കൃഷി, ജനറ്റിക്‌സ്, ബയോഇൻഫർമാറ്റിക്‌സ് മുതലായവ), സെൻസസ്, ജനസംഖ്യാപഠനം, വ്യവസായോൽപന്നങ്ങളുടെ ഗുണനിയന്ത്രണം (സ്‌റ്റാറ്റിസ്‌റ്റിക്കൽ ക്വാളിറ്റി കൺട്രോൾ), വനശാസ്‌ത്രം, പൊലീസ് സേവനം (കുറ്റകൃത്യങ്ങൾ, റോഡപകടങ്ങൾ മുതലായവയുടെ നിയന്ത്രണം, ക്രിമിനോളജിയും ഫൊറൻസിക് സയൻസും), ദേശീയ സുരക്ഷ, ഇൻഷുറൻസ്, റിസ്‌ക് മാനേജ്‌മെന്റ്, എൻജിനീയറിങ്, സമ്പദ്‌‍വിശകലനം, വിപണിഗവേഷണവും മാർക്കറ്റിങ്ങും, സ്‌റ്റോക് മാർക്കറ്റ്, മനഃശാസ്‌ത്രം, ഐടി, പഠന സർവേകൾ, ഡേറ്റ വെയർഹൗസിങ്, ബിസിനസ് ഇന്റലിജൻസ്. കപ്പൽച്ചേതം, അഗ്നിബാധ, രോഗങ്ങൾ, അപകടങ്ങൾ മുതലായവയുടെ സാധ്യതകളായാലും വ്യക്‌തികളുടെ ആയുർദൈർഘ്യമായാലും സംഭാവ്യതയുടെ അടിസ്‌ഥാനത്തിൽ നിർണയിക്കുന്നതു സ്‌റ്റാറ്റിസ്‌റ്റിക്കൽ തത്വങ്ങൾ ആധാരമാക്കിയാണ്. പൊതുജനാരോഗ്യസംരക്ഷണത്തിനു ബയോസ്‌റ്റാറ്റിസ്‌റ്റിക്‌സ് അനിവാര്യമാണ്. 

ജോലിസാധ്യത ഏറെ  

ഗവേഷണമടക്കം മുകളിൽ സൂചിപ്പിച്ച രംഗങ്ങളിലെല്ലാം ജോലിസാധ്യതകളുണ്ട്. സ്‌റ്റാറ്റ്സ് എംഎസ്‌സിക്കാർക്കു യുജിസി–നെറ്റ് എഴുതി കോളജ് അധ്യാപനത്തിനും ഗവേഷണത്തിനും അർഹത നേടാം. സ്റ്റാറ്റ്സ് അടങ്ങിയ ബിഎസ്‌സിയെങ്കിലും ഉള്ളവർക്കു യുപിഎസ്‌സി വർഷം തോറും നടത്തുന്ന ടെസ്റ്റ് എഴുതി ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസിൽ പ്രവേശിക്കാം. സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷന്റെ പരീക്ഷ വഴി സ്‌റ്റാസ്‌റ്റിക്കൽ ഇൻവെസ്‌റ്റിഗേറ്ററാകാനും കഴിയും. സർക്കാർ സ്‌റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പുകൾ, ബ്യൂറോകൾ, കേന്ദ്ര സർക്കാരിലെ സെൻട്രൽ സ്‌റ്റാറ്റിസ്‌റ്റിക്സ് ഓഫിസ്, നാഷനൽ സാംപിൾ സർവേ ഓഫിസ്, സെൻസസ് ഓർഗനൈസേഷൻ, ജനസംഖ്യാപഠന യൂണിറ്റുകൾ, ആസൂത്രണ ബോർഡുകൾ മൂതലായവയിലുമുണ്ട് അവസരങ്ങൾ.

എവിടെ പഠിക്കാം? 

∙ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്, കൊൽക്കത്ത (www.isical.ac.in): ശ്രേഷ്ഠസ്ഥാപനം. ബെംഗളൂരു, ചെന്നൈ ഉൾപ്പെടെ കേന്ദ്രങ്ങൾ. ബാച്‌ലർ മുതൽ പിഎച്ച്ഡി, ഡിഎസ്‌സി തലംവരെ പ്രോഗ്രാമുകൾ. 

∙കേരള/കാലിക്കറ്റ് ഉൾപ്പെടെ പല സർവകലാശാലകളിലും കോളജുകളിലും എംഎസ്‌സി, എംഫിൽ, പിഎച്ച്‌ഡി പ്രോഗ്രാമുകൾ.  

∙കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയിൽ (www.cusat.ac.in) രണ്ടു വർഷ എംഎസ്‌സി/അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി/പിഎച്ച്‌ഡി/സ്റ്റാറ്റ്സ് ബിഎസ്‌സിക്കാർക്ക് എംഎ അപ്ലൈഡ് ഇക്കണോമിക്സും എംവോക് ടെക്നോളജി & മാനേജ്മെന്റ് കൺസൾട്ടിങ്ങും/ബിടെക്കുകാർക്ക് എംടെക് എൻജിനീയറിങ് സ്റ്റാറ്റിസ്റ്റിക്സ്.  

∙കേരള വെറ്ററിനറി സർവകലാശാലയിൽ (www.kvasu.ac.in) എംഎസ് ബയോസ്റ്റാറ്റ്സ്. 

∙എംജി സർവകലാശാലയിലും (www.mgu.ac.in) പാലാ സെന്റ് തോമസ് കോളജിലും എംഎസ്‌സി ബയോസ്റ്റാറ്റ്സ്.

∙‘ജാം’ വഴി ഐഐടി ബോംബെ–എംഎസ്‌സി അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് & ഇൻഫർമാറ്റിക്‌സ്/ഐഐടി കാൻപുർ–എംഎസ്‌സി സ്‌റ്റാറ്റിസ്‌റ്റിക്‌സ്. 

∙ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പിഎച്ച്‌ഡി. 

∙IIPS (International Institute for Population Sciences, Mumbai): രണ്ടു വർഷ എംഎ/എംഎസ്‌സി ഇൻ പോപ്പുലേഷൻ സ്റ്റഡീസ്, എംഎസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്സ് & ഡെമോഗ്രഫി, ഒരു വർഷ എംപിഎസ് (മാസ്റ്റർ ഓഫ് പോപ്പുലേഷൻ സ്റ്റഡീസ്). നിർദിഷ്ട അധികയോഗ്യതയുള്ളവർക്ക് പിഎച്ച്ഡി ഇൻ പോപ്പുലേഷൻ സ്റ്റഡീസ്/ബയോസ്റ്റാറ്റിസ്റ്റിക്സ് & ഡെമോഗ്രഫി   

∙യുഎസും ബ്രിട്ടനും ഉൾപ്പെടെ പല രാജ്യങ്ങളിലും സ്‌റ്റാറ്റിസ്‌റ്റിക്‌സിലും ബന്ധപ്പെട്ട മേഖലകളായ അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ്, ബയോസ്‌റ്റാറ്റിസ്‌റ്റിക്‌സ്, ആക്‌ച്വേറിയൽ സയൻസ്, ബിസിനസ് സ്‌റ്റാറ്റിസ്‌റ്റിക്‌സ്, കീമോമെട്രിക്‌സ് (Chemometrics), ഇക്കണോമെട്രിക്‌സ് തുടങ്ങിയവയിലും ഗവേഷണ സാധ്യതകളുണ്ട്

English Summary : Career Care Column by B.S. Warrier - Career In Statistics  

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA