ബാങ്കിങ് മേഖലയിൽ ജോലി സമ്മർദം : ഒറ്റപ്പെട്ട പാളിച്ചകളുടെ പശ്ചാത്തലത്തിൽ വിധിയെഴുന്നതു നീതിപൂർവകമല്ല

HIGHLIGHTS
  • ആത്മഹത്യയിലേക്കു വരെ നയിക്കുന്നവിധം ബാങ്കിങ് മേഖലയിൽ ജോലി സമ്മർദം ഏറുകയാണോ?
  • ഈ പിരിമുറുക്കം മറികടക്കാൻ എന്തൊക്കെ ചെയ്യാനാകും?
banking-jobs-financial-sector-stress-series
Representative Image. Photo Credit : fizkes / Shutterstock.com
SHARE

ഉപഭോക്തൃ സേവനത്തിനു വർധിത പ്രാധാന്യമുള്ള കാലമാണിത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച സേവനമാണ് എല്ലാ ബാങ്കുകളും ലക്ഷ്യമിടുന്നതും. അതേസമയം ഉപഭോക്തൃ സംതൃപ്തിക്കു സമാനമായ പ്രാധാന്യം ജീവനക്കാരുടെ സംതൃപ്തിക്കും നൽകേണ്ടതാണെന്നു ബാങ്കുകൾക്കു ബോധ്യമുണ്ട്. അതിനു കാരണം ജീവനക്കാരാണു ബാങ്കുകളെ നിലനിർത്തുന്നതും അവയുടെ യശസ്സു സംരക്ഷിക്കുന്നതും എന്നതുതന്നെ. ബാങ്കിന്റെ ലക്ഷ്യങ്ങൾ നിർണയിക്കുന്നതിനും അവ കൈവരിക്കുന്നതിനുമുള്ള ശ്രമത്തിൽ ജീവനക്കാർക്കും പങ്ക് അനുവദിക്കുക എന്ന നയത്തിനു പിന്നിലെ കാരണവും മറ്റൊന്നല്ല. ജീവനക്കാർ കൂടി ചേർന്നാണു ബാങ്കുകളുടെ ഭാവി നിർണയിക്കുന്നത് എന്നു ചുരുക്കം. ഈ സത്യവും സാഹചര്യവും ഉൾക്കൊണ്ടുവേണം ജീവനക്കാർ അനുഭവിക്കുന്ന സംഘർഷത്തെപ്പറ്റി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സജീവ ചർച്ചകകളെ വിലയിരുത്തേണ്ടത്.

പൊതുമേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കു നേതൃത്വം നൽകുന്ന വ്യക്തി എന്ന നിലയിൽ ജീവനക്കാരുടെ മാനസിക സംഘർഷ ലഘൂകരണത്തിനു ഞാൻ മുന്തിയ പരിഗണന നൽകുന്നുണ്ട്. പൊതുമേഖലയിലെ മറ്റു ബാങ്കുകളിലും സ്ഥിതി വ്യത്യസ്തമല്ല. നേരത്തേ സൂചിപ്പിച്ചതുപോലെ ലക്ഷ്യങ്ങൾ നിർണയിക്കുന്നതിൽ ജീവനക്കാരെ പങ്കെടുപ്പിക്കുന്നു. നടപ്പാക്കാനാവുന്ന തരത്തിൽ മാത്രമേ ലക്ഷ്യങ്ങൾ നിർണയിക്കാറുള്ളൂ. ലക്ഷ്യനിർണയത്തോടെ തന്നെ മോണിറ്ററിങ് ആരംഭിക്കുന്നു. ത്രൈമാസാടിസ്ഥാനത്തിൽ വിലയിരുത്തലുകൾ നടത്തുകയും ചെയ്യുന്നു. ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനു നിർബന്ധിക്കുകയല്ല സഹായിക്കുകയാണു മനേജ്മെന്റുകൾ ചെയ്യുന്നത്. ജീവനക്കാരുടെ വിജയത്തിന് അവസരമുണ്ടാക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നു. 

work-related-stress-in-the-banking-sector-a-note-by-a-s-rajeev
എ.എസ്. രാജീവ്

അപ്പോൾ മാനസിക സംഘർഷത്തിന്റെ സ്രോതസ് ജോലിസ്ഥലമല്ലെന്നു വ്യക്തമാണല്ലോ. ഇതാണു സാഹചര്യമെങ്കിലും സംഘർഷമുള്ള മനസ്സുമായി ജോലി ചെയ്യുന്നത് അഭിലഷണീയമല്ലെന്ന കാര്യത്തിൽ തർക്കമില്ല. ഇക്കാര്യത്തിൽ ബാങ്കുകൾക്കു ചെയ്യാവുന്ന പലതുമുണ്ട്. സേവനത്തിന് അർഹിക്കുന്ന അംഗീകാരം നൽകുകയാണ് അതിലൊന്ന്. അതിൽ വിവേചനമില്ലെന്ന് ഉറപ്പാക്കുകയും വേണം. നൈപുണ്യ വർധനയ്ക്ക് ഉപകരിക്കുന്ന തരത്തിൽ പരിശീലന പദ്ധതി ആവിഷ്കരിക്കണം. പരിശീലത്തിന് ഓൺലൈൻ / ഓഫ്‌ലൈൻ സൗകര്യമുണ്ടാവണം. മാനേജ്മെന്റ് വൈദഗ്ധ്യം ആർജിക്കാനുള്ള എല്ലാ അവസരങ്ങളും ജീവനക്കാർക്കു ലഭ്യമാക്കുകയും വേണം. പ്രമുഖ ബിസിനസ് സ്കൂളുകളുമായി സഹകരിച്ചാവണം ഇത്. ‘കോമ്പിറ്റൻസി മാപ്പിങ്’ പോലുള്ള ഏർപ്പാടുകൾ നടപ്പാക്കിയാൽ ഓരോ ജീവനക്കാരനും അയാൾക്കിണങ്ങുന്ന ജോലിയാണു ചെയ്യുന്നത് എന്നുറപ്പാക്കാം. അതു ജീവനക്കാരനു സംതൃപ്തിയേകുമെന്നു മാത്രമല്ല ഉൽപാദന ക്ഷമതയ്ക്കു ഗുണകരമാകും. 

ജീവനക്കാർക്ക് അവരുടെ വ്യക്തിഗത കഴിവുകൾ വികസിപ്പിച്ചെടുക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതും മനസ്സിന്റെ പിരിമുറുക്കത്തിനു പരിഹാരമാകും. വ്യക്തിഗതമോ തൊഴിൽപരമോ ആയ കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ടു പങ്കിടാൻ കഴിയുന്ന അന്തരീക്ഷവും സജ്ജമാക്കേണ്ടത് ആവശ്യമാണ്. വനിതാജീവനക്കാരുടെ പ്രശ്നപരിഹാരത്തിനു പ്രത്യേക സംവിധാനമുണ്ടെന്ന് ഉറപ്പാക്കേണ്ടതും ആവശ്യം തന്നെ. ഭർത്താവിന്റെയോ ഭാര്യയുടെയോ മാതാപിതാക്കളുടെയോ സ്ഥലത്തേക്കു മാറ്റം നൽകുന്നതിൽ വിശാലമനസ്കത വേണം. ഇക്കാര്യങ്ങളിലൊക്കെ അനുകൂലമായ നടപടികൾ ഇപ്പോൾത്തന്നെ പൊതുമേഖലയിലെ ബാങ്കുകൾ സ്വീകരിക്കുന്നുണ്ടെന്നതാണു യാഥാർഥ്യം. ഒരു മനുഷ്യത്വവുമില്ലാത്ത മാനേജ്മെന്റുകളാണു ബാങ്കിങ് രംഗത്തുള്ളതെന്നു ചില ഒറ്റപ്പെട്ട പാളിച്ചകളുടെ പശ്ചാത്തലത്തിൽ വിധിയെഴുന്നതു നീതിപൂർവകമല്ല.

(ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമാണു ലേഖകൻ) 

English Summary : Work related stress in banking sector : A note by A. S. Rajeev

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA