ADVERTISEMENT

ഏതാനും പതിറ്റാണ്ടുകൾക്കു മുൻപു വരെ ബാങ്കിങ് ജോലിയുടെ സ്വഭാവം ഇങ്ങനെയായിരുന്നു: ‘നിക്ഷേപം സ്വീകരിക്കുക, വായ്പകൾ അനുവദിക്കുക.’ അത്ര മാത്രം. വായ്പ തിരികെ പിടിക്കാൻ സമ്മർദം ഉണ്ടായിരുന്നെങ്കിലും കിട്ടാക്കടം വലിയൊരു സമ്മർദമായി മാറിയിട്ട് ഏറെക്കാലമായിട്ടില്ല. പുതുതലമുറ ബാങ്കുകൾ വന്നതോടെ നിഷ്ക്രിയ ആസ്തി കൈകാര്യത്തിനു കൂടുതൽ നടപടിക്രമങ്ങൾ വന്നു. വൻകിട വായ്പകളും കോർപറേറ്റ് വായ്പകളും വർധിച്ചു. കിട്ടാക്കടം വലിയ പ്രശ്നമായി. അതിനൊപ്പം, പൊതുമേഖലാ ബാങ്കുകളുടെ രീതികളും മാറിവന്നു. സർക്കാർ പദ്ധതികളുടെ നടത്തിപ്പു ബാങ്കുകളുടെ കൂടി ചുമലിലായി; പ്രത്യേകിച്ചു പൊതുമേഖലാ ബാങ്കുകളുടെ. ജൻധൻ, അടൽ പെൻഷൻ യോജന, മുദ്ര വായ്പാ പദ്ധതി തുടങ്ങി എത്രയോ ഉദാഹരണങ്ങൾ. 

ടാർഗറ്റുകൾ 30! 

ഇൻഷുറൻസും മ്യൂച്വൽ ഫണ്ടുകളും പോലെ ബാങ്കിങ് ഇതര ‘തേഡ് പാർട്ടി’ ഉൽപന്നങ്ങളുടെ വിൽപനയിലേക്കു കൂടി ബാങ്കുകൾ കടന്നതോടെ ഉദ്യോഗസ്ഥരുടെ ജോലിഭാരവും സമ്മർദവും വർധിച്ചു. ബാങ്കുകൾക്കു വലിയ കമ്മിഷൻ ലഭിക്കുന്ന ബിസിനസായി അതു മാറിയപ്പോൾ ആ വഴിക്കു കൂടി ‘‍ടാർഗറ്റ്’ പൂർത്തീകരിക്കാനുള്ള സമ്മർദം ഉദ്യോഗസ്ഥർക്കായി. സർക്കാർ വഴിക്കുള്ള സമ്മർദങ്ങൾ, ഉന്നത മാനേജ്മെന്റിന്റെ സമ്മർദങ്ങൾ ഇവയെല്ലാം പല തട്ടിലൂടെ താഴെത്തട്ടിലേക്കു വരെയെത്തി. പല ബാങ്കുകളും ഉയർന്ന മാനേജീരിയൽ കേഡറുകളിൽ മറ്റു സ്ഥാപനങ്ങളിൽ നിന്നുമുള്ളവരെ നിയമിച്ചു. അവർ സാഹചര്യങ്ങൾ പരിഗണിക്കാതെ ടാർഗറ്റുകൾ അടിച്ചേൽപിക്കുന്ന സാഹചര്യവും പതിവ്. പലവിധത്തിലായി 30 ഇനം ടാർഗറ്റുകൾ പൂർത്തിയാക്കേണ്ട വലിയ ബാധ്യതയാണു മാനേജർമാരുടെ മുന്നിലുള്ളത്. 

വേണ്ടത്ര ജീവനക്കാരില്ല 

സമ്മർദങ്ങൾ ജോലിയുടെ സ്വാഭാവികമായ കാര്യമാണെങ്കിലും അവ ബാങ്കിങ് മേഖലയെ അതിസമ്മർദത്തിലേക്കു നയിച്ചതിനു പല കാരണങ്ങളുണ്ട്. മതിയായ ജീവനക്കാരുടെ അഭാവം: 2001ൽ രാജ്യത്ത് പൊതുമേഖലാ ബാങ്കുകളിലെ 1.25 ലക്ഷം ജീവനക്കാരെയാണു സ്വയം വിരമിക്കൽ പദ്ധതിയിലൂടെ ഒഴിവാക്കിയത്. തുടർന്നു 10 വർഷത്തേക്കു പുതിയ നിയമനങ്ങൾ കാര്യമായി നടന്നില്ല. അതേസമയം, ജോലി ഭാരം വർധിച്ചു. അനുഭവ സമ്പന്നരായ സീനിയർ ഉദ്യോഗസ്ഥർ വിരമിച്ചതോടെ ഉത്തരവാദിത്തങ്ങളിലേക്കു പുതിയ തലമുറ ഓഫിസർമാർ വന്നു. 3 –ാം വർഷം അവർക്കു മാനേജർ പദവിയും ശാഖയുടെ ചുമതലയുമൊക്കെ ലഭിക്കും. ബാങ്കുകൾക്കു യുവത്വം കൈവന്നുവെങ്കിലും ജീവിത പരിചയവും ബാങ്കിങ് മേഖലയുടെ അടിസ്ഥാന രീതികളെക്കുറിച്ചുള്ള പരിജ്ഞാനവും ചിലർക്കെങ്കിലും കുറവായിരുന്നു. അതോടെ, അവരുടെ മാനസിക സമ്മർദം വർധിച്ചു. 

work-related-stress-in-the-banking-sector-a-note-by-c-d-joson
സി.ഡി.ജോസൺ

ലയമില്ലാത്ത ലയനങ്ങൾ

ഗുണമില്ലാത്ത ബാങ്ക് ലയനങ്ങൾ: പലപ്പോഴും ബാങ്കുകളുടെ ലയനങ്ങൾ ആർക്കും കാര്യമായ ഗുണമുണ്ടാക്കില്ല. എന്നാൽ, വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. പല ടെക്നിക്കൽ പ്ലാറ്റ്ഫോമുകളിൽ പ്രവർ‍ത്തിക്കുന്ന ബാങ്കുകൾ ലയിപ്പിക്കുമ്പോൾ സമ്മർദത്തിലാകുന്നത് ഉദ്യോഗസ്ഥരാണ്. നെറ്റ് ബാങ്കിങ്, ഡിജിറ്റൽ ബാങ്കിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ നടപ്പാക്കുന്നുണ്ടെങ്കിലും അവയൊന്നും പൂർണത കൈവരിക്കുന്നില്ല; പ്രശ്നങ്ങൾ ബാക്കിയാണ് ഇപ്പോഴും. ചില സേവനങ്ങളുടെ ഫീസ് ഈടാക്കുന്നതെല്ലാം സിസ്റ്റം സ്വയം ചെയ്യുന്നതാണ്. ജീവനക്കാർ അറിയുന്നു പോലുമുണ്ടാകില്ല. പക്ഷേ, ഇടപാടുകാരുടെ പരാതി കേൾക്കാതെ വഴിയില്ല. 

രാപകൽ ജോലി

നിശ്ചിത സമയമില്ലാത്ത ജോലി: ബാങ്കുകളിൽ 2വിഭാഗം ജീവനക്കാരുണ്ട്. വർക് മെൻ ക്ലാസും ഓഫിസർമാരും. ക്ലർക്, പ്യൂൺ തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്നവരാണു വർക് മെൻ. അവർക്കു നിശ്ചിത ജോലി സമയമുണ്ട്. വൈകിട്ട് 5 വരെയാണ് അവരുടെ ജോലി. സിസ്റ്റം ഹാങ് ആകുന്നതു പോലെയുള്ള സാങ്കേതിക പ്രശ്നങ്ങളാണ് അവരുടെ തലവേദന. ടാർഗറ്റിന്റെ സമ്മർദങ്ങൾ അവരെ ബാധിക്കുന്നില്ല. ഓഫിസർമാരുടെ സ്ഥിതി അതല്ല. നിശ്ചിത ജോലി സമയമില്ല. അതുകൊണ്ടു തന്നെ രാവിലെ മുതൽ രാത്രി വൈകും വരെ ജോലി ചെയ്യേണ്ട സ്ഥിതിയാണ്. അവധി ദിനങ്ങളിൽപ്പോലും വായ്പാ മേളയും ഇടപാടുകാരുടെ സംഗമവുമൊക്കെയായി ജോലി ചെയ്യേണ്ടിവരും. പുറമേ, മറ്റു സമ്മർദങ്ങളും.

വേണം, തിരുത്തലുകൾ 

ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ പിരിമുറുക്കം കുറയ്ക്കാൻ പല കാര്യങ്ങളും ചെയ്യാനാകും. ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണം. അടുത്തത് ഓഫിസർമാരുടെ ജോലി സമയം നിജപ്പെടുത്തുകയാണ്. തൊഴിലും വ്യക്തി ജീവിതവും തമ്മിലുള്ള സ്വാഭാവികമായ സന്തുലനം സാധ്യമായാൽ സമ്മർദം കുറയും. മതിയായ പരിശീലനം നൽകണം. മുൻപ്, പല പടികളിലൂടെ കടന്നാണ് ഓഫിസർ കേഡറിൽ എത്തിയിരുന്നത്. അത്തരക്കാർക്ക് അനുഭവ പരിചയം കൂടുതലായിരിക്കും. എന്നാൽ, നേരിട്ട് ഓഫിസർമാരായി നിയമിക്കപ്പെടുന്ന യുവാക്കൾക്ക് അതിന് അവസരമില്ല. അതു പരിഹരിക്കുംവിധം മികച്ച പരിശീലനം നൽകണം. സമ്മർദ കൈകാര്യവും വിഷയമാക്കണം. മറ്റൊന്ന്, ടാർഗറ്റുകൾ  അടിച്ചേൽപിക്കുന്ന രീതി മാറണം. സാഹചര്യങ്ങൾ കണക്കിലെടുത്ത്, ശാസ്ത്രീയമായി ടാർഗറ്റുകൾ നിശ്ചയിക്കണം. തൊഴിൽപരമായ സമ്മർദങ്ങൾ പങ്കുവയ്ക്കാൻ യൂണിയനുകളുടെ പിന്തുണ തേടണം. സമ്മർദം പൊതുവായ യാഥാർഥ്യമാണെങ്കിലും, അക്കാര്യത്തിൽ പൊതുമേഖലാ ബാങ്കുകൾ താരതമ്യേന ഭേദമാണ്. തൊഴിൽ സുരക്ഷിതത്വവും അവ നൽകുന്നു. പുതുതലമുറ ബാങ്കുകളിൽ പക്ഷേ, അത്തരമൊരു ഉറപ്പുപോലുമില്ല. 

(യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സംസ്ഥാന കൺവീനറും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ‍ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണു ലേഖകൻ)

English Summary : Work related stress in banking sector : A note by C. D. Joson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com