ADVERTISEMENT

ഏതു വിവാഹസ്ഥലത്തുവച്ചു കണ്ടാലും ആ പതിനേഴുകാരിയോട് എഴുപതു വയസ്സുള്ള വലിയമ്മായി പറയും, അടുത്തതു നീയാണ്. പഠിച്ച് ഉയർന്ന യോഗ്യത നേടി, ഉന്നതസ്ഥാനത്തെത്തുന്നതു സ്വപ്നം കാണുന്നവൾക്കു കേൾക്കാൻ തീരെ ഇഷ്ടമില്ലാത്ത ഫലിതം. അങ്ങനെയിരിക്കെ ഇരുവരും ബന്ധുവിന്റെ മരണവീട്ടിൽ പോകാനിടയായി. മൃതദേഹം കിടത്തിയിരിക്കുന്നിടത്തു ചെന്നപ്പോൾ, പെൺകുട്ടി വലിയമ്മായിയുടെ കാതിൽ പറഞ്ഞു, ‘അടുത്തത് വലിയമ്മായിയായിരിക്കും !’

 

ഇതിൽ നർമ്മമുണ്ട്. പക്ഷേ ഇരുണ്ട നർമ്മം. മറ്റൊരാളെ വേദനിപ്പിക്കുന്ന നർമ്മം. അതു വേണമായിരുന്നോ? ഇത്തരം ഇരുണ്ട നർമ്മം പലരും അവഗണിക്കും. പക്ഷേ മറ്റു ചിലരെ വല്ലാതെ വേദനിപ്പിക്കും. അങ്ങനെ വേദനിപ്പിക്കാതെയിരിക്കുന്നതല്ലേ നല്ലത്? മനസ്സിൽ തോന്നിയാലും പുറത്തു പറയാത്തതാണ് വിവേകം. 

 

സമാനമായ ഇറ്റാലിയൻ ഫലിതമുണ്ട്. പള്ളിയിൽ ശവമടക്കിക്കഴിഞ്ഞ് ആളുകൾ പിരിയുകയാണ്. സെമിത്തേരിയിലൂടെ തട്ടിയും തടഞ്ഞും മുട്ടിയും മുടന്തിയും കഷ്ടപ്പെട്ടു വേച്ചുവേച്ചുനടന്ന് വീട്ടിലേക്കു മടങ്ങുന്ന 85കാരനോട്, തൊട്ടു പിന്നിലുള്ള യുവാവ് : ‘ഇത്ര കഷ്ടപ്പെട്ടു വീടുവരെ പോകേണ്ട കാര്യമുണ്ടോ?’ വികടഫലിതം കേട്ട യുവസുഹൃത്ത് തെല്ലു കടത്തിപ്പറഞ്ഞു, ‘വണ്ടിക്കൂലിയെങ്കിലും ലാഭിക്കാം.’ ഇത് ഇരുണ്ട നർമ്മമല്ല, നീചനർമ്മമാണ്. ഇപ്പോൾ കേൾക്കുമ്പോൾ നീചമെന്നു തോന്നുമെങ്കിലും, ഇത്തരം ഫലിതങ്ങൾ പൊട്ടിച്ച് മേനി നടിക്കുന്നവരുണ്ട്.

 

കറുത്ത നർമ്മത്തിന്റെ ചില കഥകൾകൂടി കേൾക്കുക. അരുതാത്ത ഫലിതങ്ങൾ.

ശസ്ത്രക്രിയയ്ക്കു മേശപ്പുറത്തു കിടക്കുന്ന രോഗി, ‘ഡോക്ടർ, എനിക്ക് ആകെ പേടിയാകുന്നു. ഇതെന്റെ ആദ്യത്തെ ഓപ്പറേഷനാണ്.’

യുവഡോക്ടർ : ‘വിഷമിക്കാതിരിക്കൂ. ഇത് എന്റെയും ആദ്യ ഓപ്പറേഷനാണ്’.  

 

മദ്ധ്യവയസ്കൻ രോഗം മൂർച്ഛിച്ച് ബോധരഹിതനായി ആശുപത്രിക്കട്ടിലിൽ കിടക്കുകയാണ്. ‘പ്രതീക്ഷയ്ക്കു തീരെ വകയില്ല, ബന്ധുക്കളെയെല്ലാം വേഗം വിവരമറിയിക്കുക’ എന്ന് ഡോക്ടർ ഉപദേശിച്ചു. അന്നാട്ടിലെ ആചാരമനുസരിച്ച്  ഭാര്യ കറുത്ത വസ്ത്രമണിഞ്ഞുനിന്നു. അപ്പോഴാണ് രോഗി അപ്രതീക്ഷിതമായി കണ്ണുതുറന്ന് വെള്ളം ചോദിച്ചത്. ഇതെപ്പറ്റി കാണികളിലൊരാൾ കഥ മെനഞ്ഞു. വർഷങ്ങളോളം ഒരുമിച്ചു ജീവിച്ച ഭാര്യ സഹികെട്ടു പറഞ്ഞത്രേ, ‘ഒരു കാര്യത്തിലും നിങ്ങളെ വിശ്വസിക്കാൻ വയ്യ.’

 

തൂക്കുമരത്തിലെ നർമ്മം എന്നും വിശേഷിപ്പിക്കാറുള്ള കടുത്ത ഫലിതങ്ങൾ ഒഴിവാക്കാൻ കഴിയാത്തവരുണ്ട്. അന്യരെ അകറ്റിയേക്കാവുന്ന ശീലം. 

 

ഇനിയൊരു പരസ്യം വായിക്കുക :‘പാരഷൂട് വില്പനയ്ക്ക്. ഒരിക്കലേ ഉപയോഗിച്ചിട്ടുള്ളൂ. പക്ഷേ അന്ന് തുറന്നില്ല. സാധനം പുതുപുത്തൻ.’

 

കൊടുംകൊലയാളിക്ക് കോടതി വധശിക്ഷ വിധിച്ചു. വൈദ്യതക്കസേരയിലിരിക്കുന്നയോളോട് പുരോഹിതൻ : ‘അന്തിമാഭിലാഷം വല്ലതുമുണ്ടോ? ഞാൻ നിനക്കു വേണ്ടി പ്രാർത്ഥിക്കാം.’

കുറ്റവാളി :‘അങ്ങ് ദയവുചെയ്ത് എന്റെ കൈപിടിക്കൂ.’

 

ട്രെയിൻയാത്രയിൽ അടുത്ത സീറ്റിലിരുന്ന കുഞ്ഞിനെ നോക്കി, പത്തുവയസ്സുകാരൻ: ‘ഇവനെക്കണ്ടിട്ട് ഓക്കാനം വരുന്നു. ഇത്രയും വൃത്തികെട്ട മുഖമുണ്ടോ?’ കമന്റ് കേട്ട അമ്മയ്ക്കു വലിയ വിഷമമായി. പത്തുവയസ്സുകാരന്റെ അമ്മ ഇത് ശ്രദ്ധിച്ചു. വിഷമിക്കുന്ന സ്ത്രീയോട് അവർ പറഞ്ഞു, ‘ഞാൻ അവനുവേണ്ടി മാപ്പു ചോദിക്കുന്നു. അവനോട് ആയിരംവട്ടം പറഞ്ഞിട്ടുണ്ട്, മുഖത്തിന്റെ രൂപംനോക്കി ആരെയും വിലയിരുത്തരുതെന്ന്.’ കൂനിന്മേൽ കുരുവായ മാപ്പപേക്ഷ.

 

ബോധപൂർവം ക്രൂരത അടക്കം‌ചെയ്ത നർമ്മവുമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലിലെ ഫ്രണ്ട് ഓഫീസിലെത്തിയ വിദേശിക്ക് അവിടെയിരുന്ന ചെറിയ പട്ടിയെക്കണ്ടപ്പോൾ വലിയ കൗതുകം. അതിനെയെടുത്ത് ഓമനിക്കണമെന്നു മോഹം. കൗണ്ടറിലെ യുവാവിനോടു ചോദിച്ചു, ‘നിങ്ങളുടെ പട്ടി കടിക്കുമോ?’

‘ഏയ്, എന്റെ പട്ടി ആരെയും കടിക്കില്ല.’

വിദേശി സന്തോഷത്തോടെ പട്ടിയെ എടുത്തു ലാളിക്കാൻ തുടങ്ങി. അതു തീരെ ഇഷ്ടപ്പെടാത്ത പട്ടി കൈയിൽ ആഞ്ഞു കടിച്ചു. ചോര ചാടി. ക്രുദ്ധനായ അതിഥി, ‘നിങ്ങളല്ലേ‌ പറഞ്ഞത് നിങ്ങളുടെ പട്ടി കടിക്കില്ലെന്ന്? എന്നിട്ട്?’

‘ഇല്ല, ഞാൻ പറഞ്ഞ‌തു തീർത്തും സത്യമാണ്. എന്റെ പട്ടി കടിക്കില്ല. അതു വീട്ടിലുണ്ട്. ഇത് ഹോട്ടലിലെ പട്ടിയാണ്.’

 

പത്രപ്പരസ്യം. ‘ഞാനും ഭാര്യയും തീരുമാനിച്ചു, ഞങ്ങൾക്കു കുട്ടികൾ വേണ്ടെന്ന്. ബാക്കി നാളത്തെ പത്രത്തിൽ.’ ഇതിലെന്തു പുതുമ എന്ന് പലരും ശങ്കിച്ചു. എത്രയോ ദമ്പതിമാർ ഇക്കാലത്തു കുട്ടികൾ വേണ്ടെന്നു നിശ്ചയിച്ചു ജീവിക്കുന്നു. പിറ്റേന്നു പരസ്യത്തിന്റെ ബാക്കിഭാഗം വന്നു. ‘ഞങ്ങളുടെ കുട്ടികളെ വേണ്ടവർ അറിയിക്കുക. ദത്തെടുക്കാൻ സഹായം ചെയ്തുതരാം.’

 

മഹാനഗരത്തിലെത്തിയ ഗ്രാമീണന്  അവശനായിക്കിടക്കുന്ന സുഹൃത്തിനെ കാണാൻ ആശുപത്രിയിലേക്കു പോകണം. വഴി നിശ്ചയമില്ല. തിരക്കേറിയ മെയിൻ റോഡിനരികെ നിൽക്കുന്ന യുവാവിനോട് ആ ആശുപത്രിയിൽ വേഗമെത്താനുള്ള വഴി ചോദിച്ചു. ‘ദേ, ഈ റോഡിന്റെ ഒത്ത നടുവിലേക്കു കേറി നിന്നുകൊള്ളൂ.’

 

വിൻസ്റ്റൻ ചർച്ചിലിനെ ചുറ്റിപ്പറ്റി ധാരാളം അനുഭവകഥകളുണ്ട്. ഒന്നിങ്ങനെ. ചർച്ചിലിന്റെ 75–ാം പിറന്നാളിൽ ചിത്രമെടുക്കുന്നതിനിടെ യുവഫൊട്ടോഗ്രാഫർ ‘അങ്ങയുടെ 100–ാം പിറന്നാളിലും ചിത്രമെടുക്കാൻ കഴിയണമെന്ന ആഗ്രഹമെനിക്കുണ്ട്.’

ചർച്ചിൽ, യുവാവിനെ സൂക്ഷിച്ചുനോക്കിയിട്ട് : ‘എടാ, കൊച്ചനേ, എന്തുകൊണ്ടു പാടില്ല? നിനക്കു ഭേദപ്പെട്ട ആരോഗ്യമുണ്ടെന്നാണല്ലോ തോന്നുന്നത്.’

 

‘എന്റെ അച്ഛന് മരിക്കുന്ന ദിവസവും സമയവും കിറുകൃത്യമായി അറിയാമായിരുന്നു. അത് അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.’

‘അതെങ്ങനെ? അദ്ദേഹം അനുഗൃഹീതനായ ജ്യോത്സ്യനായിരുന്നോ?’

‘ഏയ്, അല്ല. കൊലക്കേസിൽ വധശിക്ഷ വിധിച്ചപ്പോൾ ജഡ്ജി തീയതിയും സമയവും കൂടി നിശ്ചയിച്ചുപറഞ്ഞിരുന്നു.’

 

മറക്കാനാവാത്ത സംഭവം. രണ്ടായിരത്തിലേറെ വിദ്യാർത്ഥികളുള്ള വലിയ കോളജിൽ ഇന്റർമീഡിയറ്റ് ക്ലാസിൽ (ഇപ്പോഴത്തെ പ്ലസ്ടു) പഠിച്ചിരുന്ന സമയം. മാർച്ച് രണ്ടാം വാരം പരീക്ഷ തുടങ്ങും. മൂല്യനിർണയവും മറ്റും വളരെ കർശനമായിരുന്ന കാലം. 50കളുടെ ആദ്യപകുതി. ഒരു വിഷയത്തിലെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരുമോയെന്ന് കുട്ടികൾക്ക് ആശങ്ക. അദ്ധ്യാപകനോട് ചോദിച്ചു. 120ലേറെ കുട്ടികളുള്ള ക്ലാസിൽ അദ്ദേഹം പറഞ്ഞു. ‘നിങ്ങൾ സംശയിക്കേണ്ട. ഫെബ്രുവരി 28ന് അകം പോർഷൻസ് തീർത്തിരിക്കും.’ ഞങ്ങൾക്ക് ആശ്വാസമായി. അപ്പോഴാണ് അദ്ധ്യാപകൻ നർമ്മത്തിന്റെ ബോംബ് പൊട്ടിച്ചത്, ‘പ്രൊവൈഡഡ് നോ മോർ സ്റ്റുഡന്റ് ഡൈസ്.’ ടീനേജുകാരായ ഞങ്ങൾ ഞെട്ടി. നിർഭാഗ്യവശാൽ, ആ വർഷം മൂന്നു വിദ്യാർത്ഥികൾ കഥാവശേഷരാകുകയും മൂന്ന് അദ്ധ്യയനദിനങ്ങൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. അതു മനസ്സിൽ വച്ചായിരുന്നു കറുത്തിരുണ്ട ആ നർമ്മം – ഇനിയും ഒരു കുട്ടിയും … (പറയരുതാത്ത വാക്കുകൾ).

 

സർറിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രണേതാവായ ആന്ദ്രേ ബ്രേട്ടൻ (1896 –1966) എന്ന ഫ്രഞ്ച് സാഹിത്യകാരനാണ് ‘ബ്ലാക് ഹ്യൂമർ’ എന്ന പ്രയോഗത്തിനു രൂപം നൽകിയത്. വെറുംവിനോദത്തിനെന്ന മട്ടിൽ ഇതു പ്രയോഗിക്കാൻ തോന്നിയേക്കാം. പക്ഷേ ഇത് തീർത്തും ഒഴിവാക്കുന്നതാണ് മര്യാദ.

English Summary: Career Column By B. S. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com