ADVERTISEMENT

എൻജിനീയറിങ്ങിലെ കൃത്യതയ്ക്കൊപ്പം ചിത്രരചനാപാടവവും സൗന്ദര്യബോധവും ഭാവനാവിലാസവും ഉള്ളവർക്കു യോജിച്ച മി‌കച്ച കരിയറാണ് ആർക്കിടെക്ചർ. വീടുകൾ മാത്രമല്ല, ഷോപ്പിങ് മാളുകൾ, കോളജുകൾ, ദേവാലയങ്ങൾ, ആശുപത്രികൾ, തിയറ്ററുകൾ തുടങ്ങി ഏതുതരം കെട്ടിടങ്ങളും രൂപകൽപന ചെയ്യാൻ ഇന്ന് ആർക്കിടെക്റ്റുകൾ വേണം. പാർക്കുകൾ, ബീച്ചുകൾ എന്നിങ്ങനെയുള്ള ഡിസൈനുമാകാം. നഗര/ഗ്രാമതല ആസൂത്രണം പോലുള്ള ബൃഹദ് പദ്ധതികളിലും ആർക്കിടെക്റ്റുകളുടെ സേവനം ആവശ്യമാണ്. സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാം. ബിആർക് യോഗ്യത ഉള്ളവരുമായി ചേർന്നു സംഘമായി പ്രവർത്തിക്കാം. സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതു/സ്വകാര്യ കോർപറേഷനുകൾ മുതലായവയിലും അവസരങ്ങളുണ്ട്. ആർക്കിടെക്ചറുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഡിസൈൻ തുടങ്ങിയ മേഖലകളിലും ഉപരിപഠനവും ആകാം. 

കോവിഡ് കാലത്തു ‘പുതിയ NATA’ 

കേരളത്തിലെ എൻജിനീയറിങ്/ആർക്കിടെക്ചർ കോളജുകളിലെ ബിആർക് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ എഴുതണ്ട. പക്ഷേ, മെഡിക്കൽ, അഗ്രിക്കൾചറൽ, എൻജിനീയറിങ്, ഫാർമസി ബാച്‌ലർ ബിരുദ കോഴ്സുകളിലേക്ക് എൻട്രൻസ് പരീക്ഷാ കമ്മിഷണർ അപേക്ഷ സ്വീകരിക്കുമ്പോൾത്തന്നെ ബിആർക് പ്രവേശനം ആഗ്രഹിക്കുന്നവരും അപേക്ഷ സമർപ്പിക്കണം. പൊതുവായ അപേക്ഷാഫോമാണ്. എൻട്രൻസ് പരീക്ഷയില്ലെങ്കിലും അഭിരുചി നിർണയിക്കുന്ന ‘നാറ്റ’യിൽ പങ്കെടുത്തു യോഗ്യത തെളിയിക്കണം. (NATA: National Aptitude Test in Architecture, www.nata.in). പരമ്പരാഗതരീതിയിലെ നാറ്റയുടെ ഘടനയിൽ വലിയ മാറ്റം വരുത്തിയാണു കോവിഡ് കാലത്തു പരീക്ഷ നടത്തുന്നത്. സുപ്രധാനമായ ഡ്രോയിങ് ടെസ്റ്റ് ഒഴിവാക്കി പരീക്ഷയെക്കുറിച്ചുള്ള ധാരണ ആകെ മാറ്റിയിട്ടുണ്ട്. പുതിയ സിലബസാണ്. 180 മിനിറ്റ് ടെസ്റ്റിൽ 4 തരം ചോദ്യങ്ങളുണ്ടാവും. മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്റ്റ്, പ്രിഫറൻഷ്യൽ ചോയ്സ്, ന്യൂമെറിക്കൽ ആൻസർ എന്നിങ്ങനെ. ഒന്നോ രണ്ടോ മൂന്നോ മാർക്ക് നൽകുന്ന തരത്തിൽ 125 ചോദ്യങ്ങൾ. പല രീതിയിലും അഭിരുചി പരിശോധിക്കുംവിധമാണു പരീക്ഷയുടെ ഉള്ളടക്കം. ചിത്രങ്ങൾ, സംഖ്യകൾ, വാക്കുകൾ എന്നിവ ഉപയോഗിച്ചു യുക്തിചിന്താശേഷി വിലയിരുത്തും. പൂർവാനുഭവങ്ങളുടെ വെളിച്ചത്തിൽ സാഹചര്യത്തെളിവുകൾ അപഗ്രഥിച്ചു നിഗമനങ്ങളിലെത്താനും തീർപ്പു കൽപിക്കാനുമുള്ള ശേഷിയും പരിശോധിക്കും. കേവലയുക്തിയുടെ കാര്യക്ഷമമായ പ്രയോഗം രൂപകൽപനയുടെ മേന്മ മെച്ചപ്പെടുത്തുമെന്ന തത്ത്വമാണ് ഇതിനു പിന്നിൽ. 

പൊതുവിജ്ഞാനവും പ്രധാനം  

ജ്യോമെട്രി അടക്കം മാത്‌സ്, ഫിസിക്സ്, ഭാഷയും വ്യാഖ്യാനവും, രൂപകൽപനയുടെ പ്രാഥമികതത്വങ്ങൾ, സൗന്ദര്യബോധം, വർണസിദ്ധാന്തങ്ങൾ, പുതുചിന്ത, ദൃശ്യബോധം, ചിത്രാലങ്കാരങ്ങൾ, കെട്ടിടങ്ങളുടെ ഘടന, കെട്ടിടംപണിയുടെ ബാലപാഠം, നിർമാണപദാർഥങ്ങൾ, ആർക്കിടെക്ചറിലെ പദസമ്പത്ത് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽനിന്നു ചോദ്യം വരും. ആനുകാലികസംഭവങ്ങൾ അടക്കമുള്ള പൊതുവിജ്ഞാനവും ഉണ്ടായിരിക്കണം. കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ വിജ്ഞാപനത്തിലെ സൂചനകൾ ഇങ്ങനെ: ടെസ്റ്റിൽ Diagrammatic/Numerical/Verbal/ Inductive/Logical/Abstract Reasoning, Situational Judgment എന്നിവ പരിശോധിക്കും. ബന്ധപ്പെട്ട ചോദ്യങ്ങൾ കണ്ടെത്തി, ഉത്തരം നൽകി പരിശീലിക്കുന്നതു പ്രധാനം. 

അക്കാദമിക യോഗ്യത 

നാറ്റ അടിസ്ഥാനമാക്കി ബിആർക് പ്രവേശനം ലഭിക്കാൻ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50%, പരീക്ഷയ്ക്കു മൊത്തം 50% എന്ന ക്രമത്തിൽ മാർക്ക് നേടി പ്ലസ് ടു ജയിക്കണം. മാത്‌‌സ് അടങ്ങിയ ഡിപ്ലോമ 50% മൊത്തം മാർക്കോടെ ജയിച്ചാലും മതി. സംവരണവിഭാഗ മാർക്കിളവ് പ്രവേശന അധികാരികൾക്കു തീരുമാനിക്കാം. അക്കാര്യം നാറ്റയുടെ പരിധിയിലല്ല. കേരളത്തിൽ പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു ‘മാത്‌സ്–ഫിസിക്സ്–കെമിസ്ട്രി’ മൊത്തത്തിലും പ്ലസ് ടു/ഡിപ്ലോമ പരീക്ഷയിൽ മൊത്തത്തിലും 45% മാർക്ക് മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിക്കണമെന്നേയുള്ളൂ. (കോവിഡ് പശ്ചാത്തലത്തിൽ കൗൺസിൽ ഓഫ് ആർക്കിടെക്ചർ ബിആർക് പ്രവേശനയോഗ്യതയിൽ ഇളവു നൽകിയിട്ടുണ്ട്. പ്ലസ് ടു ആയാലും ഡിപ്ലോമയായാലും പാസ് മാർക്ക് നേടിയാൽ മതി. നാറ്റ എഴുതാനും പാസ് മാർക്ക് മതിയാകും). തുല്യ വെയിറ്റ് നൽകി (1:1 അനുപാതത്തിൽ) നാറ്റയിലെ മാർക്കും പ്ലസ് ടു/ഡിപ്ലോമയിലെ മൊത്തം മാർക്കും ചേർത്തായിരിക്കും ബിആർക് പ്രവേശന റാങ്ക് തീരുമാനിക്കുക. പൊതുവ്യവസ്ഥകൾ ഇങ്ങനെയാണെങ്കിലും ഐഐടി/എൻഐടി ആർക്കിടെക്ചർ ബിരുദപ്രവേശനത്തിനു ബന്ധപ്പെട്ട അഭിരുചിപ്പരീക്ഷയിൽ മികവു പുലർത്തിയാൽ മതി. അവിടെ ‘നാറ്റ’ സ്കോർ പരിഗണിക്കില്ല. 

പഠനാവസരങ്ങൾ 

∙കേരളത്തിൽ തിരുവനന്തപുരം സിഇടി/തൃശൂർ/പാമ്പാടി സർക്കാർ എൻജിനീയറിങ് കോളജുകൾ, കൊല്ലം ടികെഎം/കുറ്റിപ്പുറം എംഇഎസ്/കറുകുറ്റി എസ്‌സിഎംഎസ്/വാഗമൺ ഡിസി/തിരുവനന്തപുരം മുളയറ കോളജ് ഓഫ് ആർക്കിടെക്ചർ തുടങ്ങിയ കോളജുകളിൽ. ∙School of Planning & Architecture, New Delhi/Bhopal/Vijayawada ∙School of Architecture & Planning, Anna University, Chennai ∙JNTU School of Planning & Architecture, Hyderabad  ∙CEPT: Centre for Environmental Planning & Technology, Ahmedabad ∙IIT Kharagpur ∙Sir JJ College of Architecture, Mumbai ∙Pillai’s College of Architecture, Navi Mumbai (മലയാളികൾക്കു സംവരണം) ∙Manipal Institute of Technology, Manipal ∙Vastu Kala Academy, School of & Interior Designing, New Delhi 

English Summary: Career Scope of Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com