ADVERTISEMENT

മനുഷ്യർ നാലു തരക്കാരെന്നു പഴമൊഴി. ഇത് പേർഷ്യനാണെന്നും ചൈനീസാണെന്നും ഇന്ത്യനാണെന്നുമുള്ള തർക്കം നിൽക്കട്ടെ. പഴഞ്ചൊല്ലിൽ പതിരില്ലെന്നതിനു ശക്തി പകരുന്ന മൊഴിയാണിത്. ചെറിയ മാറ്റങ്ങളോടെയും ഇതു പ്രചാരത്തിലുണ്ട്.

അറിയില്ല, അറിയില്ലെന്നത് അറിയില്ല; വിഡ്ഢിയായ അവനെ ഒഴിവാക്കുക

അറിയില്ല, അറിയില്ലെന്നത് അറിയാം; ജിജ്ഞാസുവായ അവനെ പഠിപ്പിക്കുക

അറിയാം, അറിയാമെന്നത് അറിയില്ല; ഉറങ്ങുന്ന അവനെ ഉണർത്തുക

അറിയാം, അറിയാമെന്നത് അറിയാം; വിവേകശാലിയായ അവനെ പിൻതുടരുക 

 

വിവേകശാലികൾ കുറവായ സമൂഹത്തിൽ, ഇല്ലാത്ത കഴിവുകളും സാമർത്ഥ്യങ്ങളും തങ്ങൾക്കുണ്ടെന്നു പലരും വിശ്വസിക്കുന്നു. തനിക്കും തന്റെ ഈർക്കിലിക്കക്ഷിക്കും മാത്രമേ രാജ്യത്തെ ഐശ്വര്യത്തിലേക്കു നയിക്കാനാവൂ എന്ന് ഘോരഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരനെ നോക്കുക. സമർത്ഥർ കഷ്ടപ്പെട്ടു പരിശീലിച്ച് മികച്ച തൊഴിലുകളിൽ ചെന്നെത്തി സേവനം അനുഷ്ഠിക്കുമ്പോൾ, അതിനു കഴിവും മനസ്സും ഇല്ലാത്തയാൾ സമർത്ഥരെ ഉപദേശിക്കാൻ ശ്രമിക്കുന്നു. ഇതു നിത്യസംഭവം. കേൾവിക്കാർക്കു വിവരമില്ലെന്നും തനിക്കാണ് വിവരമുള്ളതെന്നും തെറ്റിദ്ധരിച്ചു കഴിയുന്നയാൾ. ഇത്തരക്കാർ സമൂഹത്തിൽ ചുരുക്കമല്ല. ഇവർ ജനങ്ങളെ നയിക്കാൻ വരുന്നതും സാധാരണം. ഇവരുടെ പൊള്ളത്തരം ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നു തിരിച്ചറിയാൻപോലും കഴിയാത്തവർ.

 

ചിന്തകരിൽ ചിന്തകനായ ബെർട്രൻഡ് റസ്സൽ (1872–1970) : ‘വിഡ്ഢികൾക്കും ആശയഭ്രാന്തന്മാർക്കും എപ്പോഴും തീർച്ച; വിവേകശാലികളിൽ നിറയെ സംശയങ്ങളും. ആധുനികലോകത്തെ പ്രശ്നങ്ങളുടെ മൂലകാരണമിതാണ്.’

 

കഴിവു കുറഞ്ഞവർക്ക് സ്വന്തം കഴിവുകളെപ്പറ്റി അതിരുകവിഞ്ഞ മതിപ്പും വിശ്വാസവും ഉണ്ടാകുമെന്ന് അമേരിക്കൻ മനഃശാസ്ത്രജ്ഞരായ ഡേവിഡ് ഡണ്ണിങ്ങും ജസ്റ്റിൻ ക്രൂഗറും ചേർന്ന് ഗവേഷണംവഴി കണ്ടെത്തി. അങ്ങനെ ആവിഷ്കരിച്ച സിദ്ധാന്തമാണ് ഡണ്ണിങ്–ക്രൂഗർ ഇഫക്റ്റ്.  പഠിത്തത്തിൽ മോശമായ പല കുട്ടികളും തങ്ങൾ ഉയർന്ന മാർക് നേടുമെന്ന് വിശ്വസിക്കുമ്പോൾ, സമർത്ഥരായ മിക്ക കുട്ടികളുടെയും ഉള്ളിൽ സംശയമാണ് എന്ന് ഇവരുടെ പഠനങ്ങൾ വെളിവാക്കി. ‘താൻ ഡണ്ണിങ്–ക്രൂഗർ ക്ലബ്ബുകാരനാണ്’ എന്നത് പലരും തിരിച്ചറിയാറില്ല.

 

ഫാക്റ്ററി ജീവനക്കാരിൽ കഴിവു കുറഞ്ഞവർക്ക് ജോലിക്കയറ്റം നല്കാതിരുന്നാൽ  മാനേജർക്ക് തന്നോടുള്ള വെറുപ്പാണെന്ന് അവർ ആക്ഷേപമുയർത്തും. സ്വന്തം കഴിവുകളെക്കുറിച്ച് അമിതവിശ്വാസമുള്ളവർ. സ്വന്തം പോരായ്മ തിരിച്ചറിയാത്തതിനാൽ തെറ്റുതിരുത്തി മുന്നേറാൻ ഈ മനോഭാവം തടസ്സമാകും.

 

തന്റെ കക്ഷിയെക്കഴിഞ്ഞൊരു കക്ഷിയില്ല, തന്റെ നേതാവിനെക്കഴിഞ്ഞൊരു നേതാവില്ല എന്നു വിശ്വസിക്കുന്നവരാണ് മിക്ക രാഷ്ട്രീയപ്രവർത്തകരും. തന്റെയും തന്റെ കക്ഷിയുടെയും പോരായ്മകളെപ്പറ്റി വസ്തുനിഷ്ഠമായി ചിന്തിക്കുന്നവർ വിരളം. എതിർകക്ഷിയുടെ മികവ് ഒരിക്കലും അംഗീകരിക്കില്ല. 

 

വളരാനും വികസിക്കാനും ഉയരങ്ങളിൽ എത്താനും താൽപര്യമുള്ളവർ ക്രൂഗറിൽ വീഴാതെ സ്വയം വിലയിരുത്താൻ ശ്രമിക്കണം. വസ്തുനിഷ്ഠമായി ശക്തിദൗർബല്യങ്ങൾ മനസ്സിലാക്കണം. ശക്തികൾ ആത്മവിശ്വാസം ബലപ്പെടുത്തട്ടെ. ദൗർബല്യങ്ങൾ വിനയത്തോടെ അംഗീകരിച്ച്, അവ പരിഹരിക്കുന്നത് വിജയത്തിലേക്കുള്ള പാതയിലെത്തിക്കും. ഏതെങ്കിലും വിഷയത്തിലെ അറിവു കുറവെങ്കിൽ കൂടുതൽ അറിവു നേടുക, പ്രവർത്തനനൈപുണ്യം കുറവെങ്കിൽ പരിശീലനം നേടുക എന്നിവയിലൂടെ വിജയത്തിലേക്കു കടക്കാനാവും. ‘ഞാൻ മിടുക്കനാണ്’ എന്ന് കണ്ണടച്ചു വിശ്വസിക്കുന്നവരുടെ വളർച്ച മുരടിക്കാൻ സാധ്യതയേറെ.

 

കൂട്ടത്തിൽ ഒരു കാര്യംകൂടെ നാം മനസ്സിൽ വയ്ക്കണം. ഏതു വിഷയത്തിലും വിദഗ്ധാഭിപ്രായം പറയാൻ ആർക്കും കഴിയില്ല. ‘വിരാട് കോലി ബാറ്റ് അൽപ്പംകൂടി ഇടത്തോട്ടു ചരിച്ചിരുന്നെങ്കിൽ പന്ത് സിക്സറാകുമായിരുന്നു’ എന്നു വിമർശിക്കുന്നയാളുടെ വിചാരം ബാറ്റിങ്ങിന്റെ കാര്യത്തിൽ തനിക്ക് കോലിയെക്കാൾ വിവരമുണ്ടെന്നാണ്. ലോകത്തെ ഒന്നാമത്തെ ബാറ്റ്സ്മൻ എന്ന് വിദഗ്ധർ അംഗീകരിച്ച ഇന്ത്യൻ ക്യാപ്റ്റൻ മികച്ച എതിർടീമിനെതിരെ സമർത്ഥമായി ബാറ്റ് ചെയ്യുമ്പോൾ, ജീവിതത്തിൽ ക്രിക്കറ്റ്ബാറ്റ് തൊട്ടിട്ടില്ലാത്തയാളായിരിക്കും ഇങ്ങനെ പറയുന്നത്. ഏതിനെപ്പറ്റിയും ആർക്കും അഭിപ്രായം പറയാം. പക്ഷേ വർഷങ്ങളോളം ക്രിക്കറ്റ് നിരന്തരം പ്രാക്റ്റീസ് ചെയ്ത കളിക്കാരനെക്കാൾ കൂടുതൽ ക്രിക്കറ്റ്–ബുദ്ധി തനിക്കാണെന്നു വെറുതേയൊരാൾ കരുതുന്നതു വീഴ്ചയാണ്.

 

പരിണതപ്രജ്ഞനായ ധനമന്ത്രി വിദഗ്ധരുമായി കൂടിയാലോചിച്ച് അവതരിപ്പിച്ച ബജറ്റിൽ യാതൊന്നുമില്ലെന്ന് നിസ്സങ്കോചം പറയുന്ന എതിർകക്ഷിയിലെ രാഷ്ട്രീയപ്രവർത്തകർ ധാരാളം. എതിർപക്ഷത്താകുമ്പോൾ അങ്ങനെ മാത്രമേ ചിന്തിക്കാവൂ, പറയാവൂ എന്ന അലിഖിതനിയമം എല്ലാ കക്ഷികളും വച്ചുപുലർത്തുന്നു. ആ ധനമന്ത്രിയെക്കാൾ ധനകാര്യത്തിലും വിദഗ്ധനാണ് ഞാൻ എന്ന് കരുതുന്നത് ശരിയാകണമെന്നില്ല. അങ്ങനെയല്ലെങ്കിലും വിമർശിക്കാം. പക്ഷേ ബന്ധപ്പെട്ട വസ്തുതകൾ ഗ്രഹിച്ചിട്ടാവണം എന്റെ വിമർശനം. അല്ലാതെയും വിമർശിക്കാൻ വേണ്ട വിവരവും ഉൾക്കാഴ്ചയും എനിക്കുണ്ടെന്ന ക്രൂഗർചിന്ത പരിഹാസം ഉയർത്തും. എന്റെ വിശ്വാസ്യത നഷ്ടമാകുകയും ചെയ്യും. ഇത്തരം അപകടങ്ങളിൽ വീഴാതിരിക്കാൻ വഴിയുണ്ട്:

 

∙ചിന്തിച്ച് നിഗമനങ്ങളിലെത്തുക.

∙സ്വന്തം കഴിവുകളെയും കഴിവുകേടുകളെയും വസ്തുനിഷ്ഠമായി സ്വയം വിലയിരുത്തുക

∙അന്യരുടെ കഴിവുകളെ താഴ്ത്തിക്കാണാതിരിക്കുക

∙വിമർശനങ്ങളെ സൗഹൃദഭാവത്തോടെ സ്വീകരിക്കുക. അവയിൽ കഴമ്പുണ്ടോയെന്നു പരിശോധിച്ച്, വേണ്ടതു സ്വീകരിക്കുക

∙ജോലിസ്ഥലത്ത് സ്വന്തം രീതി മാത്രമാണ് ശരിയെന്നു വാശി പിടിക്കാതിരിക്കുക

∙സ്വന്തം അറിവിനെയും ശേഷികളെയും ഇടയ്ക്കിടക്കു സ്വയം ചോദ്യം ചെയ്യുക

∙ പോരായ്മയെണ്ടെന്നു തോന്നിയാൽ അതു പരിഹരിക്കുക.

 

പ്രശസ്ത ഇംഗ്ലിഷ്കവി അലക്സാണ്ടർ പോപ് (1688–1744) : ‘അല്പജ്ഞാനം അപകടം. പയെറിയൻ നീരുറവ ഒന്നുകിൽ  ആവോളം കുടിക്കുക, അല്ലെങ്കിൽ രുചിക്കാതിരിക്കുക. അൽപം കുടിച്ചാൽ മത്തു പിടിക്കും. ഏറെക്കുടിച്ചാൽ തലയ്ക്കു വെളിവുണ്ടാകും.’ ഗ്രീക് പുരാണപ്രകാരം ഈ നീരുറവയിലെ (Pierian spring) പവിത്രജലം അറിവിന്റെ ഉറവിടമാണ്. കവിതയ്ക്കും മറ്റും പ്രചോദനം നൽകുകയും ചെയ്യും.

 

അരസികരായ വിവരദോഷികളോട് ഇടപെടുന്നത് പ്രയാസമാണെന്ന് കാളിദാസൻ ഹാസ്യരസത്തിലുള്ള പ്രാർത്ഥനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ‘മറ്റെന്തു പ്രയാസം വേണമെങ്കിലും തന്നുകൊള്ളൂ. അരസികന്മാരുടെ മുൻപിൽ കവിത അവതരിപ്പിക്കാൻ മാത്രം എന്റെ തലയിൽ എഴുതല്ലേ, എഴുതല്ലേ, എഴുതല്ലേ’ എന്ന് (അരസികേഷു കവിത്വനിവേദനം ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!).

 

അമിതവിശ്വാസം യാഥാർത്ഥ്യത്തിന്റെ ആഴക്കടലിൽ വേദനയോടെ നമ്മെ വീഴ്ത്തിയേക്കാം. എൻജിനീയറിങ്ങിൽ തനിക്ക് അസാമാന്യ പാണ്ഡിത്യമുണ്ടെന്നു വിചാരിക്കുന്നയാൾ ‘എനിക്കറിയാവുന്ന എൻജിനീയറിങ്  എത്ര, എനിക്കറിയാൻ വയ്യാത്ത എൻജിനീയറിങ് എത്ര’ എന്നു ചോദിച്ചുനോക്കിയാൽ, ആ മേഖലയിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യവും അജ്ഞതയും വ്യക്തമാകും. പാണ്ഡിത്യക്കുമിള പൊട്ടിയെന്നുമിരിക്കും. ഇംഗ്ലിഷ് ഭാഷയിലെയോ മെഡിസിനിലെയോ ധനശാസ്ത്രത്തിലെയോ എന്നല്ല, ഏതു വിജ്ഞാനശാഖയിലെ പണ്ഡിതനും ഈ പരീക്ഷണം നടത്തി സ്വയം തിരിച്ചറിയാം.

 

‘വന്ദിതന്മാരെക്കാണുന്ന നേരത്തു നിന്ദിച്ചത്രേ പറയുന്നിതു ചിലർ’ എന്നു പൂന്താനം.വിജ്ഞാനശാസ്ത്രജ്ഞൻ ഡെനിസ് വിറ്റ്കോംബ് : ‘ധൈഷണികവിനയം അമൂല്യമായ ഗുണവിശേഷമാണ്.’ അജ്ഞതയുടെ വിനയമുള്ളയാൾ വിജ്ഞാനം സമ്പാദിക്കുന്നു. സ്വയം തിരിച്ചറിയുന്നത് വളർച്ചയുടെ ആദ്യപാഠം.

English Summary : Career Column By B S Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com