ADVERTISEMENT

കംപ്യൂട്ടറിനെ കൊങ്കണി ഭാഷ പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രഫ. ആനി രാജൻ. ഗോവ പനാജി മിരമർ ഡിസിടി ഡെംപെ കോളജിൽ കംപ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആനിയുടെ നേതൃത്വത്തിലാണ് കൊങ്കണി ഭാഷയെ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നത്. വളരെ യാദൃഛികമായാണ് ഈ പദ്ധതിയുടെ ഭാഗമായതെന്ന് ഗോവയിൽ താമസിക്കുന്ന കൊല്ലം ആവണീശ്വരത്തു കുടുംബ വേരുകളുള്ള ആനി പറയുന്നു. 

 

എംഫിലിന് ചേർന്നപ്പോഴാണ് പദ്ധതിയുടെ ഭാഗമാകാനുള്ള നിയോഗം എത്തിയത്. ഗൈഡാണ് അരലക്ഷത്തിലധികം കൊങ്കണിയിലെ വാക്കുകളെ ശബ്ദ ഭേദം ചെയ്യാനായി നൽകിയത്. അവയെ കംപ്യൂട്ടറിനായി പാകപ്പെടുത്തിയതോടെയാണ് കൊങ്കണി ഭാഷയെ ഇഷ്ടപ്പെട്ടു തുടങ്ങി. അവിടെ നിന്നാണ് ഭാഷയെ കൂടുതലായി അറിയാനും അതിനെ പരിപോഷിപ്പിക്കാനുള്ള ശ്രമത്തിലേക്ക് മാറിയത്. 

 

എന്താണ് ഗവേഷണം?

കൊങ്കണി ഭാഷയിലെ നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് (എൻഎൽപി) ഗവേഷണമാണ് ആനിയുടെ നേതൃത്വത്തിൽ നടക്കുന്നത്. മുംബൈ യൂണിവേഴ്‌സിറ്റിയിലെ അംബുജ സൽഗാവ്കർ, ബിറ്റ്സ് പിലാനി ഗോവ കാമ്പസിലെ രാംപ്രസാദ് ജോഷി എന്നിവരുമുണ്ട് ഈ സംഘത്തിൽ. ഭാഷാശാസ്ത്രം, കംപ്യൂട്ടർ സയൻസ്, കൃത്രിമബുദ്ധി എന്നിവയുടെ ഉപമേഖലയാണ് എൻഎൽപി. കംപ്യൂട്ടറുകളും മനുഷ്യ ഭാഷയും തമ്മിലുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ടത്. ഭാഷാ അനുബന്ധ കംപ്യൂട്ടർ പ്രവർത്തനങ്ങളിൽ എൻഎൽപി പരമപ്രധാനവും. എൽസെവിയ എന്ന രാജ്യാന്തര കംപ്യൂട്ടർ ജേണലിൽ ആനി രാജൻ ഉൾപ്പെട്ട സംഘത്തിന്റെ പ്രബന്ധം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. 

 

ഭാഷ ഡിജിറ്റൈസേഷന്റെ ഭാഗമായി സാധാരണയായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളാണ് പാർട്ട് ഓഫ് സ്പീച്ച് ടാഗിംഗിന്റെ (പിഒഎസ്), എന്റിറ്റി റെക്കഗ്നിഷൻ (വ്യക്തികളുടെ പേരുകൾ, സംഘടനകളുടെയും സ്ഥലങ്ങളുടെയും പേരുകൾ എന്നിവയുടെ തരംതിരിക്കൽ), സെന്റിമെന്റ് അനാലിസിസ് (വികാര വിശകലനം), രൂപാന്തര വിശകലനം (വാക്കുകളുടെ പഠനം, അവയുടെ ഘടന, പൂർണ പദ രൂപങ്ങളിൽ നിന്നുള്ള പദങ്ങളുടെ തിരിച്ചറിയൽ) എന്നിവ. ഭാഷാ ഡിജിറ്റൈസേഷന് ഇവയെല്ലാം അിടിസ്ഥാന ഘടകങ്ങളാണ്. ഇവയാണ് പ്രാഥമികമായി വികസിപ്പിച്ചത്. 

 

ഭാഷാശാസ്ത്രജ്ഞരുടെയും കംപ്യൂട്ടർ വിദഗ്ധരുടെയും സജീവ പങ്കാളിത്തത്തോടെയാണ് എൻഎൽപി ഗവേഷണം. ഭാഷാശാസ്ത്രജ്ഞർ വ്യാഖ്യാനിക്കുന്ന വാക്കുകൾ കംപ്യൂട്ടർ വിദഗ്ധർ ഡീകോഡ് ചെയ്യും. ഗവേഷണ ഫലമായി സ്പെല്ലിങ് ചെക്കർ, മോർഫോളജിക്കൽ അനലൈസർ, സ്റ്റെമ്മർ എന്നിവ വികസിപ്പിച്ചു. കൊങ്കണി ഹിന്ദിയിലേക്കും തിരിച്ചും മൊഴിമാറ്റം നടത്താനുള്ള സംവിധാനവുംഒരുക്കി. 

 

നേരിട്ട വെല്ലുവിളികൾ

ആദ്യ പ്രശ്‌നം സ്വന്തമായി ലിപിയില്ലെന്നതാണ്. കവിതപോലെ സുഖമായി ഒഴുകുന്ന ഭാഷയ്ക്ക് സ്വന്തമായി ലിപിയില്ല. കേരളത്തിലുള്ള കൊങ്കണി ഭാഷക്കാർ മലയാളത്തിൽ എഴുതും. കർണാടകത്തിലുള്ളവർ കന്നഡയിലും കുറച്ചുപേർ ഇംഗ്ലിഷിലും. ബാക്കിയിലുള്ളവർ ദേവ് നാഗരിയിലും എഴുതും. ഗോവ സർക്കാരിന്റെ ഔദ്യോഗിക ഭാഷയാണ് കോങ്കണി. ഗോവൻ സർക്കാർ ദേവനാഗരി ലിപിയാണ് ഉപയോഗിക്കുന്നത്. അതായത് കൊങ്കണിയുടെ ഔദ്യോഗിക ലിപി ദേവനാഗരി. അതായത് കൊങ്കണി ഹിന്ദിയിൽ എഴുതുന്നതാണ് ഓദ്യോഗിക രീതി. 

 

കൊങ്കണി പിന്നിലാകാൻ കാരണം

പ്രധാന ഭാഷകളായ ഹിന്ദി, തമിഴ്, മലയാളം, മറാഠി തുടങ്ങിയ പ്രാദേശിക ഭാഷകൾ എൻഎൽപിയുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകളിൽ മികച്ച പുരോഗതി കൈവരിച്ചു. ഇവയുമായി താരതമ്യം ചെയ്യുമ്പോൾ കൊങ്കണി ഭാഷയുടെ ഡിജിറ്റൈസേഷൻ ശൈശവ ഘട്ടത്തിലാണ. ഏകീകൃത രീതി അവലംബിക്കാത്തതിന്റെ അഭാവം ഇതുവരെ ഭാഷയുടെ വികസനത്തെ ബാധിച്ചിരുന്നു. പുതിയ ഗവേഷണത്തിലൂടെ അതിനാണ് മാറ്റം കൈവന്നത് - ആനി പറയുന്നു.

 

കേരളത്തിൽ  ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ് കൊങ്കിണി. സാഹിത്യകൃതികൾ പോലും പല ലിപികളിലാണ് എഴുതിയിരിക്കുന്നത്. ഗോവയിലെ ഔദ്യോഗിക ഭാഷയെങ്കിലും പുതിയ തലമുറ കൂടുതലും ഇംഗ്ലിഷിനെ ഇഷ്ടപ്പെടുന്നു. പഴയ തലമുറയിലുള്ളർ പോർച്ചുഗീസാണ് സംസാരിക്കുന്നത്. കൊങ്കിണി സംസാരിക്കുന്നവരുടെ എണ്ണം ഗോവയിൽ തന്നെ കുറഞ്ഞുകൊണ്ടിരിക്കുന്നതായി ആനി രാജൻ കൂട്ടിച്ചേർത്തു. 

 

കൊങ്കണി ഭാഷയ്ക്ക് ഒരു താളവും ഭാവവുമുണ്ടെന്ന് അറിഞ്ഞത് ഈ ഗവേഷണത്തിൽ ഏർപ്പെടുന്നതിലൂടെയാണ്. ആ ഭാഷയെ ചുറ്റിപ്പറ്റി ഒട്ടേറെ നാടൻ പാട്ടുകളുണ്ട്. ഭാഷയ്ക്കു ചുറ്റും തനതായ ഒരു സംസ്‌കാരം രൂപപ്പെട്ടിരുന്നു. അവ അന്യനിന്നു പോകുന്നത് ഒരു സംസ്‌കാരം തന്നെ അന്യം നിന്നു പോകുന്നതിനു തുല്യമാണ്. അവയെ പുന:രുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ - ആനിയുടെ വാക്കുകൾ.

 

ബൈബിൾ ഇന്ത്യൻ ഭാഷയിൽ പരിഭാഷപ്പെടുത്തിയത് കൊങ്കണിയിലേക്കാണ്. 1667 ൽ ഇറ്റാലിയൻ ജസ്യൂട്ട് വൈദികനായ ഇഗ്നേഷ്യോ അർക്കമോണാണ് ഈ പരിഭാഷയ്ക്കു പിന്നില്ല. ഒരു പക്ഷേ, കൊങ്കണി ഭാഷയ്ക്ക് അക്കാലത്ത് ഏറെ സ്വീകാര്യത ഉണ്ടായിരുന്നിരിക്കാമെന്ന് ആനി പറയുന്നു. 

 

കംപ്യൂട്ടറിനും അനുബന്ധ വസ്തുക്കൾക്കും കംപ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ടവയ്ക്കുമായി ഒരു യൂട്യൂബ് ചാനൽ ആനിയുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്. കൊങ്കണിയിലെ നാടൻപാട്ടുകളുടെ ഈണത്തിലൂടെ താളത്തിലുമാണ് പുതിയ തലമുറയെ കൊങ്കണിയിൽ കംപ്യൂട്ടർ പഠിപ്പിക്കുന്നത്. കൊങ്കണിയിലെ പദപ്രയോഗങ്ങൾ ഗോവയിൽ ജോലി തേടുന്നവരെയും സഹായിക്കും. 

 

കംപ്യൂട്ടർ അധ്യാപനത്തിൽ ഏകദേശം രണ്ടര പതിറ്റാണ്ടിന്റെ അനുഭവ പരിചയമുണ്ട്. എംഎസ്‌സി ഇലക്ട്രോണിക്‌സിനു ശേഷമാണ് എംസിഎ എടുത്തത്. വളരെ വൈകിയാണ് എംഎഫിൽ എടുക്കുന്നതും, കൊങ്കണി ഭാഷയിലേക്ക് വീണതും. ഈ ഉദ്യമത്തിൽ നന്ദി അറിയിക്കേണ്ടത് എംഫിൽ ഗൈഡും ഗോവ സർവകലാശാല അസോസിയേറ്റ് പ്രഫസറുമായ ഡോ. ജ്യോതി പവാർ, പിഎച്ഡി ഗൈഡും മുംബൈ സർവകലാശാല ഡോ. അബുംജ സാൽഗവോങ്കറിനുമാണ്. 

 

ഈ പ്രൊജക്റ്റിന്റെ ഭാഗമായി കൊങ്കണി ഭാഷ സംസാരിക്കുന്ന മേഖലകളിലേക്ക് സ്ഥിരമായി യാത്ര ചെയ്തു. അതിലൂടെ വിവിധ മേഖലകളിലെ കൊങ്കണി ഭാഷ റെക്കോർഡു ചെയ്തു. ഈ ഭാഷയുടെ ചരിത്രവും മറ്റ് വിശേഷങ്ങളുമായി ഒരു ഡോക്യുമെന്ററി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

 

വീട്ടുവിശേഷങ്ങൾ

കൊല്ലം ആവണീശ്വരം വെള്ളങ്ങാട്ടിൽ സി.വി. ജോർജ്-ജോളി ജോർജ് ദമ്പതികളുടെ മകളാണ്. കേരളത്തിൽ ജനിച്ചെങ്കിലും പിതാവിന്റെ ജോലിയുടെ ഭാഗമായി ആദ്യം കേന്ദ്ര ഭരണപ്രദേശമായ ദമനിലും പിന്നീട് ഗോവയിലുമാണ് വളർന്നത്. 

 

ഭർത്താവ് ആറൻമുള മേലേതിൽ ഡോ. രാജൻ മാത്യു ഗവൺമെന്റ് കോളജ് ക്വേപേമിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറായി പ്രവർത്തിക്കുന്നു. ഗോവ സർക്കാരിന്റെ വിദ്യാഭ്യാസ പുരസ്‌കാരം നേടിയിട്ടുണ്ട്. മക്കൾ: എലിസബേത്ത്, എസ്ഥേർ.

English Summary: Digitization Of Konkani Language

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com