ADVERTISEMENT

‘റാങ്കുകാരുടെ കുടുംബം’- അന്തരിച്ച പ്രശസ്ത പ്ലാസ്റ്റിക് സർജൻ ഡോ.പി.എ.തോമസിന്റെ കുടുംബത്തിനു നാട് നൽകിയ വിശേഷണമിങ്ങനെ.  കുടുംബത്തിലെ അംഗങ്ങൾക്കെല്ലാം വിദ്യാഭ്യാസ കാലത്തെക്കുറിച്ച് എന്നെന്നും ഓർമിക്കാൻ ഉയർന്ന വിജയങ്ങളുടെ സുവർണ മുദ്രകളുണ്ട്.ഡോ.തോമസിന്റെ 3 മക്കളും എസ്എസ്എൽസി റാങ്ക് ജേതാക്കളാണ്. 

 

മൂത്ത മകൾ റോഷൻ തോമസ് 1975ൽ 600ൽ 513 മാർക്ക് നേടിയാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 1976ൽ രണ്ടാമത്തെ മകൾ ഉഷ ടൈറ്റസ് സ്വന്തമാക്കിയത് രണ്ടാം റാങ്ക്. 1978ൽ ഇളയ മകൾ ആശ തോമസും സ്വന്തമാക്കി രണ്ടാം റാങ്ക്. 1980ൽ പ്രീഡിഗ്രി സയൻസ് ഗ്രൂപ്പിൽ വീണ്ടും ആശ ഒന്നാം റാങ്ക് സ്വന്തമാക്കി. ഉഷയും നേടി പ്രീഡിഗ്രിയിൽ രണ്ടാം റാങ്ക്. വർഷങ്ങൾക്കു ശേഷം ഉഷ സിവിൽ സർവീസ് പരീക്ഷയിൽ വനിതകളിൽ ഒന്നാമതുമെത്തി. മക്കളിൽ മാത്രം ഒതുങ്ങുന്നില്ല ഈ റാങ്ക് ചരിതം. എല്ലാ പരീക്ഷകളിലും ഒന്നാമനായിരുന്നു ഡോ.തോമസ്.

 

ബോംബെ ഗ്രാൻഡ് മെ‍ഡിക്കൽ കോളജിൽ നിന്ന് 1958ൽ ഒന്നാം റാങ്കോടെയാണ് എംഎസ് പൂർത്തിയാക്കിയത്. ഭാര്യ ലീല തോമസ് കൊല്ലം ഫാത്തിമ കോളജിലെ ബിഎസ്‍സി രണ്ടാം റാങ്കുകാരിയാണ്. മക്കൾ മൂവരും എംബിബിഎസ് പൂർത്തിയാക്കുകയും അതിൽ രണ്ടു പേർ പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥരാകുകയും ചെയ്തു. പ്ലാസ്റ്റിക് സർജറിക്ക് മാത്രമായി പ്രത്യേക വിഭാഗം കേരളത്തിൽ ആരംഭിച്ചത് ഡോ.തോമസാണ്.

 

അറുപതുകളിൽ കുടവയർ ഇല്ലാതാക്കാനുള്ള പ്ലാസ്റ്റിക് സർജറി അദ്ദേഹം നടത്തിയത് വലിയ വാർത്തയായിരുന്നു. പ്ലാസ്റ്റിക് സർജറി മുഖേന മനുഷ്യശരീരത്തിൽ വരുത്താവുന്ന രൂപമാറ്റങ്ങളെക്കുറിച്ച് ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ പ്രസംഗിച്ചതും പത്രത്താളുകളിൽ ഇടംപിടിച്ചു.  പ്ലാസ്റ്റിക് സർജറിയെന്നത് കേരളം പരിചയപ്പെട്ടുവരുന്ന സമയമായിരുന്നു അത്.

English Summary: Success Story Of P A Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com