വന്നത് യുപിയിലെ കൊച്ചുഗ്രാമത്തിൽ നിന്ന്, പക്ഷേ ആ ജീവിതം അദ്ഭുതപ്പെടുത്തി; നാട്ടിലുമുണ്ട് ഒരു ഗൾഫ്

HIGHLIGHTS
  • സാധാരണ തൊഴിലാളിക്ക് ഗൾഫ് രാജ്യത്തോളം 'സമ്പന്നമാണ്' കേരളം
career
Representative Image. Photo Credit :classify images/ Shutterstock.com
SHARE

കുറച്ചു വർഷം മുൻപു ഞാൻ ആസൂത്രണ ബോർഡ് അംഗമായിരിക്കെ കേരളത്തിലെ അതിഥിത്തൊഴിലാളികളെക്കുറിച്ച് ഒരു സർവേ നടത്തി. ‘മലയാളികളുടെ ഗൾഫും’ ‘ഉത്തരേന്ത്യക്കാരുടെ ഗൾഫ്’ ആയ കേരളവും തമ്മിൽ ചില രസകരമായ താരതമ്യത്തിന് അതു വഴിയൊരുക്കി. നമ്മൾ പൊതുവിൽ ‘ബംഗാളികൾ’ എന്നു വിളിക്കുന്ന അതിഥിത്തൊഴിലാളികളിൽ പലരും ശരാശരി 15,000 രൂപയിലേറെ (ഇന്ന് ആ തുക ഉയർന്നിട്ടുണ്ടാകും) മാസംതോറും നാട്ടിലേക്ക് അയയ്ക്കുന്നു എന്നതായിരുന്നു കണ്ടെത്തിയ പ്രധാന കാര്യം. 

ലക്ഷക്കണക്കിനു രൂപ കൊടുത്തു വീസ സംഘടിപ്പിച്ചാണു മിക്കവരും ഗൾഫിൽ പോകുന്നത്. വർഷങ്ങൾകൊണ്ടാണ് അവരുടെ കുടുംബത്തിന്റെ നിലവാരം ചെറിയതോതിലെങ്കിലും ഉയർത്താൻ സാധിക്കുക. മാസം പതിനായിരമോ പതിനയ്യായിരമോ രൂപ നാട്ടിലേക്ക് അയയ്ക്കാൻതന്നെ അവർ അത്യധ്വാനം ചെയ്യണം. അതായത്, ഒരു സാധാരണ തൊഴിലാളിക്ക് ഗൾഫ് രാജ്യത്തോളം ‘സമ്പന്നമാണ്’ കേരളം. 

ബംഗാളിലെ മുർഷിദാബാദ് ഗ്രാമത്തിൽനിന്നു കേരളത്തിലെത്തിയ ഒരുപാടു തൊഴിലാളികളുണ്ട്. അവരിൽ പലരും കുടുംബത്തോടെ കൂടുമാറിയവരാണ്, കുട്ടികളെ ഇവിടത്തെ സ്കൂളുകളിൽ പഠിപ്പിക്കുന്നവരാണ്. ആ ഗ്രാമത്തിന്റെ വികസനത്തിൽപ്പോലും കേരളം വളരെ വലിയൊരു സ്വാധീനഘടകമാണെന്നാണ് ആ സർവേയിലൂടെ അറിയാൻ കഴിഞ്ഞത്! 

ഉത്തർ പ്രദേശിലെ ഒരു കൊച്ചുഗ്രാമത്തിൽനിന്നു വന്ന ഒരാളുടെ ജീവിതം ഞങ്ങളെ കൂടുതൽ അദ്ഭുതപ്പെടുത്തി. തിരുവനന്തപുരം നഗരത്തിൽനിന്നു മാറി റബർ കൃഷിയുള്ള ഒരു മേഖലയിൽ 3 മുറിയുള്ള വീട് അദ്ദേഹം വാടകയ്ക്കെടുത്തിരുന്നു. ഗൾഫിൽ പോയ ഒരു മലയാളിയുടെ വീടാണത്. ഒരു മുറിയിൽ അയാൾ താമസിക്കുന്നു. മറ്റു മുറികളിലും ഹാളിലുമൊക്കെയായി പത്തോളം അതിഥിത്തൊഴിലാളികളെ അയാൾ വാടകയ്ക്കു താമസിപ്പിക്കുന്നു. വീടും പരിസരവും വൃത്തിയാക്കി വയ്ക്കേണ്ടതും അയാൾക്കു ഭക്ഷണം തയാറാക്കേണ്ടതുമൊക്കെ വാടകക്കാരുടെ ഡ്യൂട്ടിയായിരുന്നു. പുലർച്ചെ എഴുന്നേറ്റ് അയാൾ റബർ തോട്ടങ്ങളിൽ പോയി ടാപ്പിങ് ചെയ്യും. മടങ്ങിയെത്തി പ്രഭാതഭക്ഷണം കഴിച്ച് വീണ്ടും റബർ തോട്ടത്തിലേക്ക്. ഉച്ചകഴിഞ്ഞു ബൈക്കിൽ തെങ്ങുകയറ്റു യന്ത്രവുമായി പോയി തേങ്ങയിട്ടുകൊടുത്ത് വരുമാനമുണ്ടാക്കുന്നു. റബർ ടാപ്പിങ്ങും തെങ്ങുകയറ്റവുമൊക്കെ അയാൾ കേരളത്തിൽ വന്നു പഠിച്ചതായിരുന്നു. 

ഗൾഫിലെ ശരാശരിയിൽ താഴെ വരുമാനമുള്ള മലയാളികളിൽ പലരും മൂന്നോ നാലോ വർഷം കൂടുമ്പോൾ മാത്രം നാട്ടിൽ വരുന്നവരാണെങ്കിൽ, ഈ ഉത്തർ പ്രദേശുകാരൻ വർഷത്തിൽ രണ്ടു തവണ നാട്ടിൽ പോകും. ഒരിക്കൽ വിമാനത്തിൽ പോയി. പക്ഷേ, വിമാനമിറങ്ങി വീട്ടിലേക്കു കുറേയേറെ സഞ്ചരിക്കേണ്ടതിനാൽ, പിന്നീടുള്ള യാത്രകളെല്ലാം ട്രെയിനിൽ സെക്കൻഡ് എസിയിലാക്കി. 

ടാപ്പിങ്ങും തെങ്ങുകയറ്റവുമൊക്കെ കുറവുള്ള മഴക്കാലത്താണു നാട്ടിലേക്കുള്ള പ്രധാന യാത്ര. കേരളത്തിലിരുന്നു കണ്ട സിനിമകളുടെ സിഡിയൊക്കെ അയാൾ നാട്ടിൽ കൊണ്ടുപോകും. വീട്ടുകാരൊക്കെ കണ്ടശേഷം സിഡി ‘സെക്കൻഡ്സ്’ ആയി അവിടെ വിൽക്കും. അന്നുതന്നെ മാസം 25,000 രൂപയിലേറെ അയാൾ നാട്ടിലേക്ക് അയയ്ക്കുന്നുണ്ടായിരുന്നു! 

നാട്ടിലും പുറത്തും ജോലി ചെയ്യുന്നതിലെ നമ്മുടെ ഇരട്ട നിലപാട് പലപ്പോഴും ചർച്ച ചെയ്യപ്പെടാറുള്ളതാണ്. ഇവിടെ അവസരങ്ങളില്ല എന്നു നമ്മൾ പറയും. പക്ഷേ, ഇവിടെ ഇത്രയേറെ അവസരങ്ങളുണ്ടെന്നു നമ്മൾ തിരിച്ചറിഞ്ഞത് ഉത്തരേന്ത്യക്കാർ കൂട്ടത്തോടെ ഇങ്ങോട്ടു വന്നപ്പോഴാണ്. എന്നിട്ടും, നാട്ടിലെ ജോലിയോട് എന്തോ ഒരു അകലം നമ്മൾ ഇപ്പോഴും പുലർത്തുന്നു. 

എൻജിനീയറിങ് കഴിഞ്ഞവർപോലും ഗൾഫിലും യുഎസിലുമൊക്കെ പോയി സൂപ്പർ മാർക്കറ്റിലൊക്കെ ജോലി ചെയ്യുന്നത് എനിക്കറിയാം. പിൽക്കാലത്ത് അവർ ഉയർന്നുവരാറുമുണ്ട്. ഈ മനോഭാവം സ്വന്തം നാട്ടിൽ നമ്മുടെ ചെറുപ്പക്കാർ കാണിച്ചാൽ എത്ര നന്നായേനേ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെ ഒരു തലമുറ മുന്നോട്ടുവന്നാൽ ഇവിടെ തൊഴിലില്ലായ്മ എന്ന ദുഃസ്വപ്നം വലിയൊരു പരിധിവരെ വഴിമാറിപ്പോവും. 

English Summary: Career Column By G Vijayaraghavan-Gulf In Kerala

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA