ADVERTISEMENT

കോഴിക്കോട് ∙ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിൽ നാസ്‌കോമിന്റെ പ്രത്യേക അംഗീകാരം നേടിയ മലയാളി ഐടി സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം കോഡ്‌ലാറ്റിസ് കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്താണ് കമ്പനി ഭിന്നശേഷിക്കാര്‍ക്ക് കൂടുതൽ തൊഴിൽ നല്‍കാന്‍ തുടങ്ങിയത്. 

 

തൊഴിലിടങ്ങളിലെ വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളല്‍ എന്നിവ കണക്കിലെടുത്ത് നാസ്‌കോം നടത്തിയ തിരഞ്ഞെടുപ്പില്‍ ഇവയ്ക്ക് പ്രാധാന്യം നല്‍കുന്ന 17 കമ്പനികളുടെ കൂട്ടത്തിലാണ് കോഡ്‌ലാറ്റിസും ഇടം നേടിയത്. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലാണ് പ്രവര്‍ത്തനം. ഇന്‍ഫോസിസ്, വിപ്രോ, ബാര്‍ക്ലെയിസ്, വെറൈസണ്‍, ഐബിഎം തുടങ്ങിയ കമ്പനികള്‍ക്കൈാപ്പമാണ് കോഡ്‌ലാറ്റിസും പട്ടികയില്‍ ഇടം നേടിയത്. കമ്പനിയുടെ സെയില്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വര്‍ക് ഫ്രം ഹോം അടിസ്ഥാനത്തിലാണ് അംഗപരിമിതര്‍ക്ക് ജോലി നല്‍കുന്നത്. വനിതകള്‍ക്ക് ഉള്‍പ്പെടെ ഇത്തരത്തില്‍ കമ്പനിയുടെ ഭാഗമാകാന്‍ സാധിക്കും. 

 

സാധാരണ വന്‍കിട കമ്പനികള്‍ മാത്രമാണ് ഇത്തരത്തില്‍ ഭിന്നശേഷിക്കാരെ സഹായിക്കാന്‍ മുന്നോട്ട് വരാറുള്ളത്. സാമ്പത്തിക വെല്ലുവിളികള്‍ ഭയന്ന് സ്റ്റാര്‍ട്ട് അപ്പുകള്‍ മാറി നില്‍ക്കാറുള്ള കാര്യത്തിനാണ് കോഡ്‌ലാറ്റിസ് മുതിര്‍ന്നതെന്ന് കമ്പനി സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ കോഴിക്കോട് സ്വദേശി വിജിത് ശിവദാസന്‍ പറഞ്ഞു. ഭിന്നശേഷിക്കാരെ ഉൾക്കൊള്ളിച്ചത് വഴി കമ്പനിക്ക് നേട്ടമാണ് ഉണ്ടായതെന്നാണ് വിജിതിന്റെ അഭിപ്രായം. 

 

ഭിന്നശേഷിക്കാരുടെ ശാരീരിക, മാനസിക അവസ്ഥകള്‍ തിരിച്ചറിഞ്ഞുള്ള പരിഗണനയും പരിശീലനവും കമ്പനി നല്‍കും. കമ്പനിയിലെ മറ്റ് ജീവനക്കാര്‍ക്കൊപ്പം മികച്ച പ്രവര്‍ത്തനം തന്നെയാണ് ഭിന്നശേഷിക്കാരും കാഴ്ചവയ്ക്കുന്നത്. ഇവര്‍ക്ക് സ്ഥിരമായി വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാന്‍ സൗകര്യം ഉണ്ടാകും.

 

അടുത്ത ഘട്ടമായി എല്‍ജിബിടിക്യു വിഭാഗക്കാരെയും ജീവനക്കാരായി ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കമ്പനി. ജീവനക്കാരില്‍ 42 ശതമാനവും മാനേജ്‌മെന്റ് തലത്തില്‍ 70 ശതമാനവും വനിതകളാണെന്നതും പ്രത്യേകതയാണ്. കോഴിക്കോട് സ്വദേശികളായ വിജിത് ശിവദാസന്‍, അക്‌സല്‍ ബാലകൃഷ്ണന്‍, നിപുണ്‍ ബാലന്‍ തെക്കുമ്മല്‍ എന്നിവര്‍ ചേര്‍ന്ന് 2009ല്‍ ആണ് കമ്പനിക്ക് തുടക്കമിട്ടത്.

English Summary: Codelattice Startup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com