കുട്ടിക്കളിയല്ല റെസ്യൂമെ; ഈ 7 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ‘പണി കിട്ടും’

HIGHLIGHTS
  • കീവേഡ് സ്കാനറിന്റെ പ്രവർത്തനരീതി പഠിക്കുക
resume
Representative Image. Photo Credit : Jirapong Manustrong/ Shutterstock.com
SHARE

ബയോഡേറ്റ എന്ന വാക്കിന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള പ്രചാരം വിദേശങ്ങളിലില്ല. സിവി (Curriculum Vitae), റെസ്യൂമെ (Resume) എന്നിവയ്ക്കാണു പ്രചാരം. 

തൊഴിലന്വേഷണത്തിലെ നിർണായകഘടകമാണ്, അപേക്ഷകരെ സംബന്ധിച്ച പ്രസക്ത വിവരങ്ങൾ അറിയിക്കുന്ന സിവി തയാറാക്കൽ. കടലാസിൽ സിവി തയാറാക്കിയിരുന്ന കാലം ഏറെക്കുറെ മാറി. ഓൺലൈൻ രീതിയായപ്പോൾ ഊന്നൽ നൽകേണ്ട കാര്യങ്ങളിൽ ചില വ്യത്യാസങ്ങൾ വന്നു. ഒരു പടികൂടി കടന്ന്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ തുടങ്ങിയതോടെ സിവി തയാറാക്കൽ അത്യാധുനികമാകയാണ്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ അനലിറ്റിക്സ്, ബിസിനസ് അനലിറ്റിക്സ് തുടങ്ങിയ രീതികൾ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. സമാനമായ ‘പ്രിഡിക്റ്റിവ് അനലിറ്റിക്സ്’ ജീവനക്കാരുടെ പ്രവർത്തനക്ഷമത പ്രവചിക്കാനും ആവശ്യമായ മുൻകരുതലുകളും തിരുത്തലുകളും വരുത്താനും ഉപയോഗിക്കുന്നു. റിക്രൂട്മെന്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗപ്രവേശം നടത്തുന്നത് അപേക്ഷ തയാറാക്കുന്നതിന്റെ ശൈലിയെ മാറ്റിമറിക്കും. 

കീവേഡ് സ്കാനർ

വലിയ കമ്പനികൾ സിവി പരിശോധിച്ചു മികച്ചവ തിരഞ്ഞെടുക്കുന്നതിന്റെ ആദ്യ ഘട്ടം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഏൽപിക്കുന്നു. ഏതെല്ലാം കാര്യങ്ങൾ അടിസ്ഥാനമാക്കിയാണു സിവി സ്വീകരിക്കുന്നതും തിരസ്കരിക്കുന്നതും എന്നു മനസ്സിൽ വച്ചുവേണം അതു തയാറാക്കേണ്ടത്. 

ജോലിക്കു ചേരുന്ന കഴിവും സാമർഥ്യങ്ങളും സംബന്ധിച്ച സൂചനകൾ സിവിയിൽ എത്രമാത്രം ഉണ്ടെന്നതാണു റെസ്യൂമെ കീവേഡ് സ്കാനർ ശ്രദ്ധിക്കുക. ATS (ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം) എന്നും ഈ റോബട്ടിനെ വിളിക്കാറുണ്ട്. ധാരാളം സിവികളുടെ തിരക്കിലേക്ക് എത്തുന്ന നമ്മുടെ സിവിയിൽ ഏതെല്ലാം കീവേഡുകളാണ് ഉള്ളതെന്നു പരിശോധിക്കാൻ എടിഎസിനു നിർദേശം നൽകിയിരിക്കും. ഇങ്ങനെ പ്രാഥമിക സിലക്‌ഷനിൽ ജയിക്കുന്നവരുടെ സിവി മാത്രമാണ് മാനേജർ കാണുന്ന‌ത്. 

മാനേജരുടെ ജോലിഭാരം കുറയ്ക്കുക, ചുമതലകൾ വേഗം നിർവഹിക്കുക എന്നീ മെച്ചങ്ങൾ ഈ രീതിക്കുണ്ട്. സിലക്‌ഷൻ കൂടുതൽ നിഷ്പക്ഷമാവുകയും ചെയ്യും. ആദ്യ ഘട്ട പരിശോധന നടത്തുന്നയാൾക്ക് ഏതെങ്കിലും വിഭാഗക്കാരോടോ നാട്ടുകാരോടോ അമിത താൽപര്യമോ വിരോധമോ ഉണ്ടെങ്കിൽ, അനർഹർ കടന്നുകൂടാനും സാധ്യതയുണ്ട്. കംപ്യൂട്ടറാകുമ്പോൾ ഈ ന്യൂനതയില്ല. 

ഓരോ ജോലിക്കും വ്യത്യസ്ത കീവേഡുകളായിരിക്കും. നിർദിഷ്ട വാക്കുകൾ മാത്രമേ കംപ്യൂട്ടർ തിരിച്ചറിയൂ എന്നതിനാൽ സിവി തയാറാക്കുന്നതിലെ അശ്രദ്ധയോ അജ്ഞതയോ മൂലം പല സമർഥരും പിന്തള്ളപ്പെടാറുണ്ട്. നിർദിഷ്ട കീവേഡുകൾ നമ്മുടെ സിവിയിൽ കൂടുതലുണ്ടെങ്കിൽ സിലക്‌ഷൻ കിട്ടാനുള്ള സാധ്യത സാധാരണഗതിയിൽ കൂടും. 

ശ്രദ്ധിക്കേണ്ടത് 

∙കീവേഡ് സ്കാനറിന്റെ പ്രവർത്തനരീതി പഠിക്കുക. ഭൂരിപക്ഷം സിവികളും ഉപേക്ഷിച്ച് കമ്പനിക്ക് ഏറ്റവും യോജിച്ചവ തിരഞ്ഞെടുക്കുന്നത് ഏതു തരത്തിലാണ് എന്നതു ശ്രദ്ധിക്കുക. 

∙അപേക്ഷിക്കുന്ന ജോലി ഭംഗിയായി ചെയ്യാൻ ആവശ്യമായ ശേഷികൾ എന്തൊക്കെ, അവ സൂചിപ്പിക്കുന്ന സാധാരണ പദങ്ങൾ എന്ത് എന്നിവ കണ്ടെത്തുക. ‌വിജ്ഞാപനത്തിലെ പ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ, പ്രധാന കീവേഡുകൾ കണ്ടെത്തൽ എളുപ്പമാകും. പല പദങ്ങളും അതേപടി സ്വീകരിക്കാൻ കഴിയും. പദസമ്പത്തിൽ മികവു തെളിയിക്കാൻ ശ്രമിച്ചാൽ കീവേഡ് സ്കാനർ ശ്രദ്ധിക്കാതെ പോകും. 

∙പ്രസക്തമായ എല്ലാ ശേഷികളും സൂചിപ്പിക്കുക. കഴിയുന്നിടത്തെല്ലാം നേട്ടങ്ങൾ സംഖ്യകളുടെ സഹായത്തോടെ വ്യക്തമാക്കുക. ∙ചുരുക്കെഴുത്തുകളോടൊപ്പം പലതിന്റെയും പൂർണരൂപങ്ങളും സൂചിപ്പിച്ചില്ലെങ്കിൽ റോബട്ട് കാര്യം തിരിച്ചറിയാതെ പോകും. 

∙വെബ് സൈറ്റുകൾ രൂപകൽപന ചെയ്യുന്നവരും സെർച് എൻജിൻ ഓപ്ടിമൈസേഷൻ ചെയ്യുന്നവരും നിർണായക കീവേഡുകൾ (Focus Keywords) കണ്ടെത്താൻ ഉപയോഗിക്കുന്ന ഓൺലൈൻ ടൂളുകൾ ഇന്റർനെറ്റിലുണ്ട്. അവ പ്രയോജനപ്പെടുത്താം. നാം ഉദ്ദേശിക്കുന്ന പ്രവർത്തനമേഖലയിൽ ആവർത്തിച്ചുപയോഗിക്കുന്ന വാക്കുകൾ ഈ രീതിയിൽ കണ്ടെത്താം. 

∙ഏറ്റവും നല്ല കീവേഡുകളുടെ പ്രളയം സൃഷ്ടിക്കാതിരിക്കാനും സൂക്ഷിക്കണം. ഇത്തരം ‘സ്റ്റഫിങ്’ വിപരീതഫലം സൃഷ്ടിക്കാം. 

∙ഒരേ തരം ജോലിയാണെങ്കിൽത്തന്നെയും ഓരോ കമ്പനിയുടെയും ആവശ്യങ്ങളും സമീപനങ്ങളും വ്യത്യസ്തമായിരിക്കാം എന്നും ഓർക്കുക. 

ചാറ്റ്ബോട്ട് 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനുഗ്രഹമാണ് ‘ചാറ്റ്ബോട്ട്’ എന്ന സംഭാഷണ ഏജന്റ്. മനുഷ്യനുമായി ആശയവിനിമയം നടത്താൻ ശേഷിയുള്ള സോഫ്റ്റ്‌വെയർ. ആരോഗ്യരക്ഷ, ഇ–ബിസിനസ്, അധ്യാപനം തുടങ്ങിയ പല മേഖലകളിലും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ. 

റിക്രൂട്മെന്റിന്റെ പ്രാരംഭഘട്ടത്തിൽ ഇതു പ്രയോജനപ്പെടുത്തുന്നു. ഉദ്യോഗാർഥികളുമായി സംവദിക്കാനും സംശയങ്ങൾ പരിഹരിച്ചുകൊടുക്കാനും മറ്റും ചാറ്റ്ബോട്ട് ഉപയോഗിക്കാറുണ്ട്. സാധാരണവന്നേക്കാവുന്ന ചോദ്യങ്ങൾക്കെല്ലാം മറുപടി പഠിപ്പിച്ചിരിക്കും. ചില കീവേഡുകൾ കേൾക്കുമ്പോൾ അടുത്ത ബന്ധമുള്ള ചോദ്യം ചോദിക്കുകയും ചെയ്യും. ഉദാ: ‘അമ്മ’ എന്ന വാക്കു കേട്ടാലുടൻ ‘കുടുംബമെങ്ങനെ’ എന്നു ചോദിക്കാം. 

ഒരാളെ നിയമിച്ചാൽ എത്ര ഫലപ്രദമായി ജോലി ചെയ്യുമെന്നു മുൻകൂട്ടി കാണാനാണ് സിവി, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ തുടങ്ങിയവയിലൂടെ ശ്രമിക്കുന്നത്. 

സിവിയിൽ ഇല്ലാത്തതും 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അപേക്ഷകന്റെ Facebook, Twitter, LinkedIn പ്രൊഫൈലുകൾ അതിവേഗം പരിശോധിച്ചു പ്രസക്തവിവരങ്ങൾ ശേഖരിച്ച് സിലക്‌ഷൻ കൂടുതൽ വസ്തുനിഷ്ഠമാക്കാൻ കഴിയും. ഇക്കാര്യം മനസ്സിൽ വച്ചുവേണം പ്രൊഫൈലുകൾ തയാറാക്കി നെറ്റിലിടുന്നത്. അപേക്ഷകർ ഇന്റർനെറ്റുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങൾ കുറെയൊക്കെ പരിശോധിക്കാനും കഴിയും. വലിയ കമ്പനികളുടെ നിയമന ട്രെൻഡുകൾ അറിയാൻ സഹായിക്കുന്ന വെബ്‌സൈറ്റുകളുണ്ട്. ഉദാഹരണത്തിന് hiring.monster.com, hrtechnologynews.com, business.linkedin.com, smartrecruiters.com. 

ഹയറിങ് കിയോസ്ക്

പല വികസിത രാജ്യങ്ങളിലും സിവി സമർപ്പണത്തിനു ഹയറിങ് കിയോസ്കുകൾ ഉപയോഗിക്കുന്നു. ഏതെങ്കിലും സ്റ്റോറിന്റെയോ ഓഫിസിന്റെയോ സമീപത്തു കിയോസ്കോ കംപ്യൂട്ടറോ ഉണ്ടാകും. കീബോർ‍ഡോ ടച്ച് സ്ക്രീനോ വഴി ഡേറ്റ നൽകാം. ഇവിടെയും കീവേഡുകൾ പ്രധാനമാണ്. 

സ്ഥാപനത്തിന്റെ ഇൻട്രാനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഹയറിങ് മാനേജർക്ക് ഉടനുടൻ വിവരങ്ങളറിയാം. സിവിയിലെ വിവരങ്ങൾ കൈയോടെ വിശകലനം നടത്തി, ഇന്റർവ്യൂവിനു ക്ഷണിക്കുകയോ കമ്പനിക്കു താൽപര്യമില്ലെന്ന് അറിയിക്കുകയോ ചെയ്യും. 

നിർദിഷ്ട സമയത്തിനുള്ളിൽ വിവരങ്ങൾ ‍നൽകിത്തീർക്കേണ്ടതിനാൽ വിവരങ്ങളെല്ലാം കൃത്യതയോടെ പഠിച്ചു തയാറാക്കിയിരിക്കണം. സിവി സമർപ്പണം സമയത്തു തീർന്നില്ലെങ്കിൽ, നൽകിയതെല്ലാം മാഞ്ഞുപോയെന്നും വരും. വിവരങ്ങളടങ്ങിയ പ്രിന്റ് കൈയിലുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. 

റിഹേഴ്സലുകൾ സഹായകമാകും. കിയോസ്കിലൂടെ 15–45 മിനിറ്റ് ടെസ്റ്റ് വഴി ഉദ്യോഗാർഥിയുടെ അറിവും നൈപുണികളും വിലയിരുത്തുന്ന രീതിയുമുണ്ട്. ഉദ്യാഗാർഥികളുടെ ഉത്തരം താരതമ്യപ്പെടുത്തി വിലയിരുത്താനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്താം. 

English Summary: 7 Things You Should Know When Writing Your Resume

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA