ADVERTISEMENT

നാട്ടിൻപുറങ്ങളിലെ സാധാരണക്കാർക്ക് എൻജിനീയറിങ് പഠിച്ച് മികച്ച കരിയർ കണ്ടെത്താനുള്ള വഴികളേത് ? ആ ദൂരം എങ്ങനെ താണ്ടാം ? പാലക്കാട് കപ്പൂർ സ്വദേശിയും ഹൈദരാബാദിൽ ഒറാക്കിൾ ഇന്ത്യ ഗ്രൂപ്പ് മാനേജരുമായ രഹ്ന ഖാദർ പറയുന്നു

കേരളത്തിലാകെ ആറോ ഏഴോ സർക്കാർ / എയ്ഡഡ് കോളജുകളും തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജും കോഴിക്കോട് റീജനൽ എൻജിനീയറിങ് കോളജും മാത്രമുണ്ടായിരുന്ന കാലത്തെ കാര്യമാണു പറയുന്നത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ, എങ്ങനെയെങ്കിലും ടിടിസി പഠിച്ച് ഉമ്മ പഠിപ്പിക്കുന്ന സ്കൂളിൽ ജോലി നേടുകയാണ് പെൺകുട്ടിയായ എനിക്ക് ഏറ്റവും അഭികാമ്യമെന്ന ചർച്ച വീട്ടിൽ പുരോഗമിക്കവേയാണ്, എൻട്രൻസ് കോച്ചിങ് എന്ന ആശയവുമായി രാജഗോപാലൻ മാഷ് ചാടിവീണത്. പിടിച്ച പിടിയാലേ കൊണ്ടുപോയി ചേർക്കുകയും ചെയ്തു. നാമറിയാതെ സംഭവിക്കുന്ന വിധിയുടെ ഇടപെടൽ. ഡോക്ടറാവുക എന്ന ഉപ്പയുടെ നടക്കാതെ പോയ ആഗ്രഹം ഞാൻ നിറവേറ്റിക്കൊടുക്കുമെന്ന പ്രതിജ്ഞ പോലുമെടുത്തു. എംബിബിഎസ് ലക്ഷ്യമിട്ട് പ്രീഡിഗ്രിക്കു ബയോളജി തിരഞ്ഞെടുത്തെങ്കിലും അതല്ല വഴിയെന്നു പെട്ടെന്നു തിരിച്ചറിഞ്ഞു. ആ വിഷമഘട്ടത്തിൽ തുണയായത് തൃശൂർ സെന്റ് മേരീസ് കോളജിന്റെ അന്നത്തെ പ്രിൻസിപ്പൽ സിസ്റ്റർ ഫെലിസിറ്റയാണ്. അവരെന്നെ ഫസ്റ്റ് ഗ്രൂപ്പിലേക്കു മാറ്റിത്തന്നു. ആമുഖമായി ഇത്രയും പറയാൻ കാരണമുണ്ട്. അന്നു മുതൽ മാത്രമാണ് എൻജിനീയറിങ് ആയിരിക്കാം എന്റെ പഠനമേഖല എന്നെനിക്കു തോന്നിത്തുടങ്ങിയത്. കേരളത്തിലെ മിക്ക നാട്ടിൻപുറ വിദ്യാർഥികളുടെയും കാര്യം ഇതൊക്കെത്തന്നെയാകും. എന്നിട്ടും ഏതു കോളജ്, ഏതു ബ്രാഞ്ച്, ഇതിനൊക്കെ വേണ്ട എൻട്രൻസ് റാങ്ക് തുടങ്ങിയ കാര്യങ്ങളൊന്നും ഞാനോ വീട്ടുകാരോ ശ്രദ്ധിച്ചിരുന്നില്ല.

 

വഴി തിരഞ്ഞെടുക്കുക എങ്ങനെ ?

ഇന്നു കാര്യങ്ങൾ വ്യത്യസ്തമാണ്. ഒട്ടേറെ കോളജുകൾ; ഏതു തിരഞ്ഞെടുക്കണം എന്നതാണു വെല്ലുവിളി. ഈ സാഹചര്യത്തിൽ സാധാരണ കുടുംബത്തിലെ സാമാന്യം മിടുക്കിയായ കുട്ടിക്ക് എങ്ങനെ നല്ലൊരു കോളജിൽ എൻജിനീയറിങ് പഠനം സാധ്യമാക്കാം ? ഈ കുറിപ്പ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് എട്ടു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയുമാണ്. ക്യാംപസ് പ്ലേസ്മെന്റിലൂടെ പെട്ടെന്നൊരു ജോലിക്കുള്ള സാധ്യതയ്ക്കും ഊന്നൽ നൽകുന്നു. നാട്ടിലെ ഏറ്റവും സാധാരണക്കാർക്ക് എത്രയും വേഗം സാമ്പത്തികഭദ്രതയ്ക്കുള്ള വഴി എന്ന നിലയിൽക്കൂടിയാണ് ഇതു പറയുന്നത്. 

കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ എൻജിനീയറിങ് പഠിച്ചവർക്കാണ് ക്യാംപസിൽനിന്നു സോഫ്റ്റ്‌വെയ‍ർ മേഖലയിൽ ജോലി കിട്ടാൻ ഏറ്റവും സാധ്യത. ഇവ സർക്യൂട്ട് ബ്രാഞ്ചുകൾ എന്നറിയപ്പെടുന്നു. അതിനാൽ ഒരു ജോലി കിട്ടണമെന്നല്ലാതെ, കോർ ബ്രാഞ്ചുകൾക്കു പ്രത്യേകിച്ചു മുൻഗണന നൽകുന്നവരല്ലെങ്കിൽ സർക്യൂട്ട് ബ്രാഞ്ചുകളിലൊന്നു തിരഞ്ഞെടുക്കുന്നതാകും ഉചിതം. 

 

എൻജിനീയറിങ് അഭിരുചിയുണ്ടോ ?

ഹൈസ്കൂളിൽ മാത്‌സിനോടോ ഫിസിക്സ്, കെമിസ്ട്രി മുതലായ സയൻസ് വിഷയങ്ങളോടോ പ്രത്യേക പ്രതിപത്തി രൂപപ്പെടുന്നുവെങ്കിൽ, കണക്കിലെ കളികളോടും ലോജിക്കൽ യുക്തി വച്ച് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളോടും താൽപര്യം തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എൻജിനീയറിങ് പഠിക്കാൻ അഭിരുചി ഉണ്ടെന്നു തിരിച്ചറിയണം. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ പ്ലസ്ടുവിന് ഏതു സ്ട്രീം എന്ന കണക്കുകൂട്ടൽ ഉണ്ടാവുന്നതു നല്ലതാണ്. 

 

സ്കൂളിൽ പഠിപ്പിക്കുന്ന അടിസ്ഥാന തത്വങ്ങളെ കഴിയുന്നത്ര ആഴത്തിൽ പഠിക്കാൻ അപ്പോൾ മുതൽ ശ്രമിച്ചുതുടങ്ങണം. ടെക്സ്റ്റ് ബുക്കിലെ ചോദ്യങ്ങൾ ചെയ്തു നോക്കുന്നതിൽ മാത്രം ഒതുങ്ങാതെ, ബുദ്ധിപരമായി ചിന്തയെ പരിപോഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ സ്ഥിരമായി ചെയ്തു തുടങ്ങണം. യൂട്യൂബിൽ പേരെടുത്ത അധ്യാപകരുടെ ക്ലാസുകൾ പോലും സൗജന്യമായി ലഭ്യമാണ്. എൻട്രൻസ് പരിശീലന സ്ഥാപനങ്ങളുടെ ഫൗണ്ടേഷൻ സ്റ്റഡി മെറ്റീരിയലിലെ ചോദ്യങ്ങൾ ചെയ്തു നോക്കാനും ശ്രമിക്കുക. സംശയമുള്ളവ സ്കൂളിലെ അധ്യാപകരുമായി ചർച്ച ചെയ്യാം. ഇവയിൽ 50 % സ്കോർ ചെയ്താലും നിങ്ങൾ വിജയത്തിന്റെ പാതയിൽ തന്നെയാണ്. 

 

കേരള എൻട്രൻസിന്റെ സാധ്യതകൾ ?

ഇനി അറിയേണ്ടത് മുഖ്യമായും ഏതെല്ലാം എൻട്രൻസ് പരീക്ഷകൾ എഴുതാമെന്നും അതിന് എങ്ങനെ തയാറെടുക്കാമെന്നുമാണ്.കേരള എൻട്രൻസ് എന്നു പൊതുവേ പറയുന്ന ‘കീം’ (KEAM) വഴി കേരളത്തിലെ മികച്ച സർക്കാർ/ എയ്ഡഡ് കോളജുകളിൽ പ്രവേശനം കിട്ടും. എൻട്രൻസ് സ്കോറിന് 50 ശതമാനവും പ്ലസ് ടു മാർക്കിന് 50 ശതമാനവും വെയിറ്റേജ് കൊടുത്താണു റാങ്ക് കണക്കാക്കുന്നത്. മികവും സൗകര്യവും പരിഗണിച്ച് ഏതെങ്കിലും രണ്ടോ മൂന്നോ എൻജിനീയറിങ് കോളജുകൾ മനസ്സിൽ കണ്ട് നേരത്തേ പറഞ്ഞ മൂന്നു ബ്രാഞ്ചുകളിലെയും കഴിഞ്ഞ രണ്ടു മൂന്നു കൊല്ലങ്ങളിലെ ഓപ്പണിങ്, ക്ലോസിങ് റാങ്കുകൾ അറിഞ്ഞുവയ്ക്കുക. ഈ കോളജുകളിൽ എത്ര ശതമാനം വിദ്യാർഥികൾക്കു ക്യാംപസ് പ്ലേസ്മെന്റ് കിട്ടുന്നുണ്ടെന്നതും അന്വേഷിക്കണം. ഇതേ റാങ്ക് ലിസ്റ്റിൽനിന്നു പ്രവേശനം കിട്ടുന്ന സ്വാശ്രയ കോളജുകളുമേറെ. മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ വച്ചു തന്നെ ഇവയുടെയും മികവു പരിശോധിക്കാം. എയ്ഡഡ് കോളജുകളിൽ മാനേജ്മെന്റ് ക്വോട്ട വഴിയും പ്രവേശനമുണ്ട്.

 

ജെഇഇ വഴി എൻഐടികൾ

എൻജിനീയറിങ് പഠനം ലക്ഷ്യം വയ്ക്കുന്നവർക്ക് ഏറ്റവും പ്രധാനമാണു ജെഇഇ മെയിൻ എന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ). കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻടിഎ) പരീക്ഷ നടത്തുന്നത്. ഇതിലെ അഖിലേന്ത്യാ റാങ്കിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഉൾപ്പെടെയുള്ള എൻഐടികൾ, പാലാ വലവൂർ ഉൾപ്പെടെയുള്ള ഐഐഐടികൾ, കേന്ദ്ര ഫണ്ടോടെ പ്രവർത്തിക്കുന്ന രാജ്യത്തെ മറ്റു പ്രധാന സാങ്കേതികപഠന സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം. രാജ്യത്താകെ പത്തു ലക്ഷത്തിലധികം പേരാകും ഓരോ വർഷവും മത്സര രംഗത്തുണ്ടാവുക. ആകെ സീറ്റുകളാകട്ടെ അമ്പതിനായിരത്തിൽ താഴെ മാത്രം. ഇതിൽ 20 % പെൺകുട്ടികൾക്കുള്ളതാണ്. അപ്പോൾ മത്സരം ഊഹിക്കാമല്ലോ.

 

എങ്കിലും രണ്ടു വർഷത്തെ തുടർച്ചയായ സ്ഥിരോത്സാഹവും വേണ്ട പരിശീലനവുമുണ്ടെങ്കിൽ ഈ പരീക്ഷ ബാലികേറാമലയല്ല. പരിശീലനത്തിന് National Testing Abhyas എന്ന പേരിൽ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും സൗജന്യ ആപ്പുമുണ്ട്. എൻടിഎയുടെ തന്നെ കംപ്യൂട്ടർ അധിഷ്ഠിത മോക് ടെസ്റ്റുകളായതിനാൽ നിലവാരവും പാറ്റേണും യഥാർഥ പരീക്ഷയോടടുത്തു നിൽക്കുന്നു. ഓരോ എൻഐടിയിലും പകുതി സീറ്റ് സ്വന്തം സംസ്ഥാനത്തെ വിദ്യാർഥികൾക്കാണ് (Home state quota). ഇത്തരത്തിൽ കോഴിക്കോട്ട് 50 % സീറ്റ് മലയാളികൾക്കുള്ളതാണ്. കേരളത്തിലുള്ളവർക്കു മറ്റു സംസ്ഥാനങ്ങളിലെ എൻഐടികളിലെ 'അദർ സ്റ്റേറ്റ് ക്വോട്ട' വഴിയും പ്രവേശനം തേടാം. 

 

മികവിൽ മുമ്പിൽ ഐഐടി

ഇന്ത്യയിലെ ഏറ്റവും പ്രീമിയം എൻജിനീയറിങ് കോളജുകളായ ഐഐടികളിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യ കടമ്പയും ജെഇഇ മെയിൻ തന്നെ. ഈ റാങ്ക് ലിസ്റ്റിലെ ആദ്യ 2.5 ലക്ഷം റാങ്കുകാർക്കായി നടത്തുന്ന ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ വഴിയാണ് ഐഐടി പ്രവേശനം. 

 

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രയാസമേറിയ എൻജിനീയറിങ് പ്രവേശനപരീക്ഷയാണിത്. ചോദ്യങ്ങൾക്കു നിശ്ചിത പാറ്റേൺ ഇല്ല താനും. അതിനാൽ കോച്ചിങ് ഉറപ്പാക്കുന്നതാകും നല്ലത്. ഐഐടികളിലും പെൺകുട്ടികൾക്ക് 20 % സീറ്റുണ്ട്. കേരളത്തിൽ പാലക്കാട്ട് ഐഐടിയുണ്ട്. ഐഐടികളിലും എൻഐടികളിലും ഓരോ ബ്രാഞ്ചിലെയും ഓപ്പണിങ്, ക്ലോസിങ് റാങ്കുകൾ https://josaa.nic.in/എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 

 

ഇതുവരെ പറഞ്ഞതു സംഗ്രഹിച്ച് രണ്ടു കാര്യങ്ങൾ അടിവരയിട്ടു ചൂണ്ടിക്കാട്ടട്ടെ:

∙ കോർ വിഷയങ്ങളോടു പ്രത്യേക ആഭിമുഖ്യമില്ലെങ്കിൽ ഐഐടി, എൻഐടി, ഐഐഐടി എന്നിവയിലൊന്നിലെ സർക്യൂട്ട് ബ്രാഞ്ച് ലക്ഷ്യം വച്ചു പഠിക്കുക. 

∙ രണ്ടുവർഷത്തെ സ്ഥിരപ്രയത്നം, ചിട്ടയായ കോച്ചിങ് എന്നിവയിലൂടെ ലക്ഷ്യത്തിലെത്താൻ ശ്രമിക്കുക. 

 

English Summary: Career And Scope Of Engineering: Success Tips By Rahna Kader-Group Manager at Oracle India pvt Ltd.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com