ADVERTISEMENT

ഇതു പഴയ കഥ. നഴ്സറി ക്ലാസ് പ്രവേശനത്തിന്റെ ഇന്റർവ്യൂ. ഗൗരവക്കാരിയായ പ്രിൻസിപ്പലും സഹായികളായി രണ്ടു ടീച്ചർമാരും. കൃഷിക്കാരന്റെ മകൻ നാലുവയസ്സുകാരൻ നിക്കർ മാത്രമിട്ട് തീരെ പരിഭ്രമിക്കാതെ കടന്നു ചെന്നു.

 

സ്വർണഫ്രെയിമുള്ള കണ്ണട തെല്ലു താഴ്ത്തി, അതിനു മുകളിലൂടെ കുട്ടിയെ കൗതുകത്തോടെ നോക്കി, പ്രിൻസിപ്പൽ : പഴത്തിന്റെ നിറമെന്ത്?

ബാലൻ : ചെമപ്പ്

ഇന്റർവ്യൂബോർഡ് ഒന്നടങ്കം പൊട്ടിച്ചിരിച്ചു. തുടർന്ന് സഹായി–ടീച്ചർ ചോദ്യം കുട്ടിക്കു വിശദമാക്കിക്കൊടുത്തു : ‘വാഴപ്പഴത്തിന്റെ കാര്യമാ, മോനേ, ചോദിച്ചത്.’ കുട്ടി തെല്ലും കൂസാതെ വീണ്ടും പറഞ്ഞു, ‘ചെമപ്പ്’.

 

മൂന്നാമത്തെ ബോർഡംഗം : ‘സാരമില്ല, മോനേ, വേറെ ചോദ്യം ചോദിക്കാം.’

ബാലൻ : ‘വീട്ടിൽ പച്ചേം മഞ്ഞേം റൊബസ്റ്റായുണ്ട്. ചെമന്ന കപ്പപ്പഴോമുണ്ട്. പക്ഷേ എനിക്ക് ചെമന്ന പഴമാ ഇഷ്ടം.’

 

ടീച്ചർമാർക്കു ബോധമുദിച്ചു. അതോടെ അവന്റെ ഇന്റർവ്യൂ നിർത്തി, പ്രവേശനം നൽകി. മഞ്ഞ നിറത്തിനപ്പുറവും വാഴപ്പഴമുണ്ടെന്ന് അവരോർത്തില്ല. അവരുടെ അറിവിനു പരിമിതിയുണ്ടെന്നും ഓർത്തില്ല.

 

‘പൂർണമായ അറിവുള്ളയാൾ ഞാൻ. മറ്റാരും അത്ര പോരാ’ എന്ന് ചിന്തിക്കുന്നവരേറെ. ഈ ചിന്തയാണ് ടീച്ചർമാരെ പൊട്ടിച്ചിരിപ്പിച്ചത്. കുട്ടിക്ക് ഒന്നും അറിയില്ലല്ലോ. അറിവെല്ലാം എനിക്കല്ലേ?

 

അറിവു നന്നെങ്കിൽ വിനയം വരും. അഹങ്കാരം തലയ്ക്കു പിടിച്ചാൽ അറിവ് കൈവിടും. ഞാൻ വലിയവനെന്ന ചിന്ത പെരുകിയാൽ, അന്യരുടെ കണ്ണിൽ ഞാൻ ചെറിയവനാകും. തുറന്ന മനസ്സും വിനയവും ആർജ്ജവവും ആരെയും ആകർഷിക്കും. ഇവയുടെ വിപരീതങ്ങൾ അന്യരെ അകറ്റും. മനസ്സിലാക്കാനായി ശ്രദ്ധിച്ചുകേൾക്കുക, സ്വന്തം ബോദ്ധ്യങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക, എന്റെ അറിവ് ഇത്രയൊക്കെയേയുള്ളൂ എന്ന ഭാവം നിലനിർത്തുക എന്നിവ ചെയ്യാമെങ്കിൽ ഇടപെടൽ സുഗമമാകും.

 

റിപ്പയർ കഴിയുമ്പോൾ കാറിന്റെ തകരാറെന്തായിരുന്നുവെന്നു ചോദിക്കുന്ന ഉടമസ്ഥനോട് വർക്​ഷോപ് മെക്കാനിക് കാര്യം പറയില്ല. എല്ലാം ഒ.കെ എന്നു മാത്രം പറയുന്നത് ഉടമയ്ക്കു വിവരമില്ലെന്ന ചിന്തകൊണ്ട്. രോഗവിവരം ചോദിച്ചാൽ പല ഡോക്ടർമാരും കൃത്യമായ മറുപടി പറയില്ല. പഠിപ്പുള്ളവനാണെങ്കിലും രോഗിക്ക് ഇതെപ്പറ്റി ഒരു ചുക്കും അറിയില്ലെന്നാവും ഡോക്ടറുടെ വിചാരം.

 

വ്യക്തികൾ മാത്രമല്ല, സമൂഹവും പലരെയും താഴ്ത്തിക്കാണുന്നു. ട്രക്കോടിക്കുന്ന വനിത വാർത്തയാകുന്നതെന്തുകൊണ്ട്? എവറസ്റ്റ് കയറിയ ആദ്യവനിത, ആദ്യത്തെ വനിതാ മുഖ്യമന്ത്രി തുടങ്ങിയ വിശേഷണങ്ങളുടെ പിന്നിലെ മനോഭാവമെന്ത്? വെറുതേ ചിലർ ചിന്തിക്കുന്ന കാര്യം മാത്രമല്ലിത്. 

 

ഉദ്യോഗനിയമനത്തിനു മത്സരപ്പരീക്ഷയെഴുതേണ്ടവർ ഈ പേരുകളെല്ലാം ഉരുവിട്ടു പഠിച്ചേ മതിയാകൂ. കായികശക്തി കുറവായതുകാരണം വനിതകളെ താഴ്ത്തിക്കെട്ടുന്നവർ, ഒരു വനിതയിലൂടെയാണ് തനിക്കു ജന്മം കിട്ടിയതെന്നത് പലപ്പോഴും മറന്നുപോകുന്നു. വനിതകൾ അർഹതകൊണ്ട് എന്തെങ്കിലും നേടിയാൽ, അതും പുരുഷന്റെ ഔദാര്യം കൊണ്ടാണെന്നു പറയാതെ പറയുന്നവരേറെ. ശക്തിയും ധീരതയും പുരുഷന്റെ  കുത്തകയാണെന്ന  ചിന്ത മിക്ക മനസ്സിന്റെയും അടിത്തട്ടിൽ വ്യാപിച്ചിരിക്കുന്നു.

 

നാം വാഴ്ത്താറുള്ള വിഭാഗമാണ് കൈപിടിച്ചുയർത്തുന്നവർ. .ഒരു ഗായകൻ മറ്റൊരാളെ ഗായകനാക്കാനോ, ഒരു ജേണലിസ്റ്റ് മറ്റൊരാളെ ജേണലിസ്റ്റാക്കാനോ, ഒരു സർക്കസ്സുകാരൻ മറ്റൊരാളെ സർക്കസ്സുകാരനാക്കാനോ ശ്രമിച്ചാൽ, ആദ്യത്തെയാളെ നാം വാഴ്ത്തും. പക്ഷേ കൈപിടിച്ചുയർത്തിയാളുടെ മനസ്സിൽ സാധാരണമായി യജമാനഭാവണ്ടാവും. എന്റെ ദാക്ഷിണ്യംകൊണ്ടു വളർന്നവനാണിവൻ. ഞാൻ എന്നും ഇവനിൽ കനിയും, പ്രസാദിക്കും, കൃപാകടാക്ഷം ചൊരിയും. ഇവനു സൗജന്യങ്ങൾ നൽകും. ഞാൻ കരുണാമയനാണ്, രക്ഷകനാണ്, രക്ഷാധികാരിയാണ്, ആശ്രിതവത്സലനാണ്. എന്റെ ദയാദൃഷടി എപ്പോഴുമുണ്ടാകും. പക്ഷേ, ശിഷ്യൻ എന്നോളമെത്തരുത്. ശിഷ്യൻ തനിക്കു സമനെന്നു വന്നുപോയാൽ ഗുരു അസ്വസ്ഥനാകും. തന്നെക്കാൾ മികച്ചവനായാൽ ഗുരു പെരുന്തച്ചൻ കോംപ്ലെക്സ് കാട്ടും. ഇങ്ങനെയല്ലാത്തവരുമുണ്ട്. അവർ വലിയവർ. കാലിൽ തൊടാൻ പ്രേരിപ്പിക്കുന്നതിലും നന്ന് തലയ്ക്കു മുകളിലേക്ക് ഉയർത്തുന്നത്.

 

ബ്രസീലിയൻ നോവലിസ്റ്റ് പൗളൊ കൊയെലോ :‘നിങ്ങൾ എത്രതന്നെ വിദ്യാഭ്യാസമോ സാമർത്ഥ്യമോ ധനശേഷിയോ ശാന്തതയോ ഉള്ളയാളുമായിക്കൊള്ളട്ടെ, നിങ്ങളെ തിരിച്ചറിയുന്നത് അന്യരെ പരിഗണിക്കുന്ന രീതിയനുസരിച്ചായിരിക്കും.’

 

കുട്ടികളെ താഴ്ത്തിക്കെട്ടുന്ന അദ്ധ്യാപകർ ഓർക്കേണ്ടത് പ്രായത്തിലോ അറിവിലോ താഴെയാണെങ്കിലും അവർ മോശക്കാരല്ലെന്ന്. പ്രായമേറി ശരീരബലം കുറഞ്ഞവരെ താഴ്ത്തിക്കെട്ടി സംസാരിക്കുന്ന  ചെറുപ്പക്കാരുണ്ട്. വൃദ്ധരുടെ ബുദ്ധിയും ജീവിതപരിചയവും മറക്കുന്നത് അവിവേകം. പ്രതികരിച്ചില്ലെങ്കിലും താഴ്ത്തിക്കെട്ടുന്ന സമീപനം വൃദ്ധർ മനസ്സിലാക്കുന്നുണ്ടാവും. ചിലപ്പോൾ അവർ വേദനിച്ചെന്നും വരും.

 

മറിച്ചുമുണ്ട് അനുഭവം. താഴത്തെ തലമുറയെ താഴ്ത്തിക്കെട്ടുന്നവർ ധാരാളം. വേഷത്തിലും ഭാഷയിലും ജീവിതശൈലിയിലും താല്പര്യങ്ങളിലും മാറ്റങ്ങൾ വരുക സ്വാഭാവികം. പുതിയവയെ എന്തിനു താഴ്ത്തിക്കെട്ടണം?

 

ബുദ്ധിജീവികളെന്ന നാട്യമുള്ള വിഭാഗവുമുണ്ട്. ഏവർക്കുമുണ്ട് ബുദ്ധി എന്നതു മറക്കാമോ? ചിലർ വസ്തുതകൾ ശ്രദ്ധയോടെ വിശകലനം ചെയ്യും. യുക്തി പ്രയോഗിക്കും. നിഗമനങ്ങളിലെത്തും. പുതിയ ആശയങ്ങൾ ആവിഷ്കരിക്കും. അതുകൊണ്ട് അവരെല്ലാം മേലേക്കിടയും അങ്ങനെയല്ലാത്തവർ കീഴേക്കിടയും എന്നു ചിന്തിക്കേണ്ടതുണ്ടോ? എത്ര വലിയ ആശയം കണ്ടെത്തിയാലും അതു നടപ്പാക്കാൻ സാധാരണക്കാർ വേണം. കല്ലാശാരിയും മരപ്പണിക്കാരനും ഇല്ലെങ്കിൽ, വലിയ ആർക്കിടെക്റ്റിന് എന്തെങ്കിലും ചെയ്തു ഫലിപ്പിക്കാനാവുമോ? ഇല്ലെങ്കിൽ അത് ഏട്ടിലെപ്പശു ആയിപ്പോകും. സമൂഹത്തെ ബുദ്ധിജീവികളും ബുദ്ധിശൂന്യരും എന്ന് രണ്ടു പെട്ടികളിലാക്കേണ്ടതില്ലല്ലോ.

 

നാലു ടാക്സി ഡ്രൈവർമാർ കൂടിയാൽ മിക്കപ്പോഴും പറഞ്ഞുരസിക്കാറുള്ളത് കാറോടിച്ചുപോകുന്നവരുടെ ഡ്രൈവിങ്ങിലെ പോരായ്മകളാണ്. ആരെങ്കിലും കാർ റിവേഴ്സ് ചെയ്യുന്നുണ്ടെങ്കിൽ, അത് തീരെ മോശമെന്നു വെറുതേ വിധിയെഴുതും. രണ്ടു നോവലിസ്റ്റുകൾ ചേർന്നാൽ മറ്റു നോവലിസ്റ്റുകളുടെ വീഴ്ചകൾ ചർച്ചാവിഷയമാകും. ഒരിക്കൽ ഒരു ശരാശരി കഥാകൃത്തിനോട്  പ്രമുഖകഥാകൃത്തിനെപ്പറ്റി സംസാരിക്കാനിട വന്നു. ശരാശരിക്കാരന്റെ പ്രതികരണം അദ്ഭുതപ്പെടുത്തി : ‘അയാൾക്ക് കഥയെഴുതാനറിയാമോ?’

 

പ്രമുഖ സിനിമാസംവിധായകനോട് ഇന്റർവ്യൂ നടത്തുന്ന ജേണലിസ്റ്റ് സമാനതലത്തിലുള്ള സിനിമാസംവിധായകനെപ്പറ്റി ചോദിക്കുന്നതു കേട്ടു. ‘എനിക്ക് അഭിപ്രായമൊന്നുമില്ല’ എന്നായി പ്രതികരണം. അഭിപ്രായമേ അർഹിക്കാത്തയാൾ എന്ന ധ്വനി.

 

ഇത്തരം സമീപനത്തിനു പിന്നിൽ തനിക്കു ചില പോരായ്മകളില്ലേ എന്ന ശങ്കയായിരിക്കാം. ആത്മവിശ്വാസക്കുറവിന് പരദൂഷണത്തിലൂടെ ആശ്വാസം കണ്ടെത്തുന്നവർ. സ്വന്തം അരക്ഷിതത്വത്തെ ഇല്ലാത്ത മികവു ഭാവിച്ച് പരിഹരിക്കുന്നവർ. അന്യരെ ചെറുതാക്കുമ്പോൾ നാം വെറുതേ ചെറുതാകുകയാണ്.

അന്യരുടെ ചെയ്തികൾ രണ്ടാംതരമെന്നു വിധിയെഴുതേണ്ട. നമ്മുടെ കഴിവനുസരിച്ച് പരമാവധി സമർപ്പണബുദ്ധിയോടെ പ്രവർത്തിക്കാം. കുറ്റംകണ്ടെത്താൻ പോകുന്നത് നമ്മെ അബദ്ധത്തിൽ ചാടിച്ചെന്നുവരാം. കോണിപ്പടി കയറുമ്പോൾ അടുപ്പമുള്ളവരും കൂടെക്കയറട്ടെ. അവരെപ്പോഴും പിന്നിലായിരിക്കണമെന്ന വാശി വേണ്ട. അവർ ഒപ്പമെത്തട്ടെ. നമ്മെ പിന്നിലാക്കി കയറിപ്പോകുന്നെങ്കിൽ അങ്ങനെയുമാകട്ടെ. അവരുടെ വിജയത്തിൽ നമുക്കും സന്തോഷിക്കാം.

ഓരോരുത്തരും അവരുടെ കഴിവും സാമർത്ഥ്യവും അനുസരിച്ചു പ്രവർത്തിച്ചുകൊള്ളട്ടെ. അർഹതയുള്ളവരെ അംഗീകരിക്കുക. ഞാൻ അന്യരെക്കാൾ സമർത്ഥൻ എന്ന ചിന്തിക്കുകയേ വേണ്ട. ആരെയും താഴ്ത്തിക്കെട്ടുകയും വേണ്ട.

 

‘നക്ഷത്രങ്ങൾ നിന്നിൽ പ്രകാശിക്കുന്നതുകൊണ്ട് നീ നക്ഷത്രങ്ങളിലെത്തുമോ?’ എന്ന് ഷേക്സ്പിയർ (ടൂ ജെന്റിൽമെൻ ഓഫ് വെറോണ – 3:1:156).

English Summary: Career Column By BS Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com