പഠിച്ചത് വെറുതെയായില്ല; ലക്ഷക്കണക്കിന് ആളുകൾക്ക് ശുദ്ധജലം നൽകി ‘ഇ ടാപ്പ്’

HIGHLIGHTS
  • 5 ലക്ഷത്തോളം ഉപഭോക്താക്കൾക്കു ഇ ടാപ്പ് വഴി കുടിവെള്ള കണക്‌ഷനുകൾ
sachin-and-biju
സച്ചിൻ ഹരിദാസും ആർ.കെ.ബിജുവും
SHARE

കോഴിക്കോട്∙ വർഷങ്ങൾക്കു മുൻപ് പഠിച്ച കംപ്യൂട്ടർ നെറ്റ്‌വർക്കിങ്ങും ഒഴിവുസമയങ്ങളിൽ പഠിച്ചെടുത്ത പ്രോഗ്രാമിങ് ലാംഗ്വേജുകളും ചേർത്തുവച്ച് ജല അതോറിറ്റിയിലെ യുഡി ക്ലർക്കുമാരായ രണ്ടു പേർ വികസിപ്പിച്ചത് ലക്ഷക്കണക്കിന് ആളുകൾക്ക് ശുദ്ധജല കണക്‌ഷൻ നൽകാൻ ഉപയോഗിക്കുന്ന വെബ് ആപ്ലിക്കേഷൻ. ഗ്രാമീണ മേഖലകളിൽ ശുദ്ധജല കണക്‌ഷനുകൾ നൽകുന്നതിനു കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നു നടപ്പാക്കുന്ന ‘ജലജീവൻ’ മിഷന്റെ കേരളത്തിലെ സുഗമമായ നടത്തിപ്പിന് ‘ഇ ടാപ്പ്’ എന്ന വെബ് ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. മലാപ്പറമ്പ് ജല അതോറിറ്റി ഓഫിസിലെ ജീവനക്കാരായ കൊയിലാണ്ടി മുചുകുന്ന് സ്വദേശി സച്ചിൻ ഹരിദാസ് (38) ബാലുശ്ശേരി കൂട്ടാലിട സ്വദേശി ആർ.കെ.ബിജു (44) എന്നിവർ ചേർന്നാണ് ‘ഇ ടാപ്പ് ’ വികസിപ്പിച്ചത്. ജല അതോറിറ്റി ഐടി വിങ്ങിനു കീഴിലായിരുന്നു പ്രവർത്തനം. ഇതിനകം 5 ലക്ഷത്തോളം ഉപഭോക്താക്കൾക്കു ഇ ടാപ്പ് വഴി കുടിവെള്ള കണക്‌ഷനുകൾ നൽകിയിട്ടുണ്ട്. 

ഐടിയുമായി ബന്ധം

പഠനകാലത്ത് ഐടിയുമായി ബന്ധപ്പെട്ട കോഴ്സാണ് ബിജു ചെയ്തത്. സച്ചിൻ നെറ്റ്‌വർക്കിങ്ങും പഠിച്ചിട്ടുണ്ട്. എന്നാൽ, ജല അതോറിറ്റിയിൽ ജോലി ലഭിച്ചതോടെ അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. എങ്കിലും ഇരുവരും ഐടി ബന്ധം ഉപേക്ഷിച്ചില്ല. പ്രോഗ്രാമിങ് ലാംഗ്വേജുകളൊക്കെ തനിയെ പഠിച്ചെടുത്തു. അതിനിടെ ജല അതോറിറ്റിയിൽ രൂപീകരിച്ച ഐടി വിങ്ങുമായി ചേർന്നു പ്രവർത്തിക്കാനും ആരംഭിച്ചു.

തുടർന്ന് ജലജീവൻ മിഷനു വേണ്ടി വെബ് ആപ്ലിക്കേഷൻ തയാറാക്കാണമെന്നു ആവശ്യപ്പെട്ടപ്പോൾ ഇരുവരും ആ ചാലഞ്ച് ഏറ്റെടുത്തു. കഴിഞ്ഞ ഒക്ടോബറിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. മൊബൈൽ ഫോണിലും ആപ്ലിക്കേഷൻ ഉപയോഗിക്കാം. ഗ്രാമ പ്രദേശങ്ങളിൽ കുടിവെള്ള കണക്‌ഷനുകൾ നൽകുന്നതിനായി ഉദ്യോഗസ്ഥർ വിവരങ്ങൾ ഇ ടാപ്പ് വഴിയാണു ശേഖരിക്കുന്നത്. ജിപിഎസ് ലൊക്കേഷനും ഇതിൽ ഉൾക്കൊള്ളിക്കാനാകും. ഈ വിവരങ്ങൾ അസിസ്റ്റന്റ് എൻജിനീയർ വഴി കേന്ദ്രീകൃത സിസ്റ്റത്തിലെത്തും. അവിടെനിന്ന് അപ്പോൾ തന്നെ അപ്രൂവ് ചെയ്യാനും സാധിക്കും. കടലാസു ഫയലുകളുടെ നീക്കം പൂർണമായി ഇല്ലാതായതോടെ സമയം വളരെയേറെ ലാഭിക്കാൻ സാധിക്കും. വിവരങ്ങളെല്ലാം കൃത്യമാണെങ്കിൽ വെറും 5 മിനിറ്റിനുള്ളിൽ കണക്‌ഷന് അപ്രൂവൽ നേടാം. പുറത്തു കൊടുത്തിരുന്നെങ്കിൽ 3 ലക്ഷം രൂപയെങ്കിലും ചെലവാകുമായിരുന്ന ആപ്ലിക്കേഷനാണ് സൗജന്യമായി ഇരുവരും ചേർന്നു വികസിപ്പിച്ചത്.

നഗരമേഖലകളിൽ കുടിവെള്ള കണക്‌ഷനുകൾക്ക് അപേക്ഷിക്കാൻ ഉപഭോക്താക്കൾക്കു സാധിക്കുന്ന വിധം ഒരു ആപ്ലിക്കേഷനും ഇരുവരും ചേർന്നു തയാറാക്കുന്നുണ്ട്. നടപടിക്രമങ്ങളെല്ലാം ഓട്ടമേറ്റ് ചെയ്യുന്ന ആപ്ലിക്കേഷനാകുമത്.

ജല അതോറിറ്റിയിലെ ഐടി വിങ്

കുടിവെള്ള ചാർജ് ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനമുൾപ്പെടെ വികസിപ്പിച്ചത് ജല അതോറിറ്റിയിലെ തന്നെ ജീവനക്കാരാണ്. കുറ്റമറ്റ രീതിയിൽ, സുരക്ഷാചട്ടങ്ങളെല്ലാം പാലിച്ചു പ്രവർത്തിക്കുന്ന പേമെന്റ് സംവിധാനം സൗജന്യമായാണ് വാട്ടർ അതോറിറ്റി ജീവനക്കാർ വികസിപ്പിച്ചത്. 10പേരിൽ താഴെയുള്ള ഒരു സംഘമാണ് ഐടി വിങ്ങായി പ്രവർത്തിക്കുന്നത്.  ഡേറ്റ ബെയ്സ് അഡ്മിനിസ്ട്രേറ്ററും  തിരുവനന്തപുരം സ്വദേശിയുമായ  എസ്.വി.പി.ജിതേന്ദ്രീയനാണ് ഐടി വിങ്ങിനു നേതൃത്വം നൽകുന്നത്. 

English Summary: e-Tap Mobile Application By Water Authority 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA