ADVERTISEMENT

സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് റദ്ദാകാൻ രണ്ടര മാസം മാത്രം ശേഷിക്കെ, ലിസ്റ്റിലെ 84% പേർക്കും നിയമനം ലഭിച്ചിട്ടില്ല.

 

14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽ 16,134 പേരെയാണു പിഎസ്‌സി ഉൾപ്പെടുത്തിയത്. ഇതിൽ 2,568 പേർക്കു മാത്രമാണു നിയമന ശുപാർശ ലഭിച്ചത്. അതായത് 16% പേർക്കു മാത്രം. ഇതിൽ 1,011 എണ്ണവും എൻജെഡി ഒഴിവുകളാണ്. ഇതു കുറച്ചാൽ പുതിയ നിയമനം വെറും 1,557  (10%).

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, വയനാട് എന്നിവയൊഴികെ 10 ജില്ലകളിലാണ് അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റുകൾ നിലവിലുള്ളത്. ഒാഗസ്റ്റ് 4 വരെയാണു  കാലാവധി. ഇതിനകം പരമാവധി നിയമനം നടന്നില്ലെങ്കിൽ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്കു നിരാശരാകേണ്ടിവരും.

 

താൽക്കാലിക നിയമനം തകൃതി

പിഎസ്‌സി വഴി വന്നവരേക്കാൾ താൽക്കാലികക്കാരാണ് ഈ തസ്തികയിൽ ജോലി ചെയ്യുന്നത്. വിവിധ ജില്ലകളിലായി അയ്യായിരത്തിലധികം താൽക്കാലികക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഡിസ്പ്ലേ സ്റ്റാഫ്, പായ്ക്കിങ് സ്റ്റാഫ്, ഹെൽപർ എന്നീ പേരുകളിലാണ് അധികം പേരും ജോലി ചെയ്യുന്നത്. പേരിൽ മാറ്റമുണ്ടെങ്കിലും ചെയ്യുന്നതു അസിസ്റ്റന്റ് സെയിൽസ്മാൻ ജോലിതന്നെ. താൽക്കാലികക്കാരെ ഒഴിവാക്കി, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സർക്കാരിനെ സമീപിച്ചിട്ടും നിയമനടപടി സ്വീകരിച്ചിട്ടും കാര്യങ്ങൾ മുന്നോട്ടുപോയില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തസ്തിക സൃഷ്ടിക്കൽ മരവിപ്പിച്ചിരിക്കുകയാണ്. അതേ സമയം, വിരമിക്കൽ ഒഴിവുപോലും യഥാസമയം റിപ്പോർട്ട് ചെയ്യുന്നുമില്ല.

 

കാലാവധി നീട്ടിയിട്ടും...

assistant-sales-man

വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ പല ദിവസങ്ങളിലായി വന്നതിനാൽ,  ലിസ്റ്റ് കാലാവധി നീട്ടിയതിന്റെ പ്രയോജനം ഉദ്യോഗാർഥികൾക്കു ലഭിക്കുക പല രീതിയിലാണ്. ഇടുക്കി, കാസർകോട് ജില്ലകളിലെ ലിസ്റ്റുകൾക്ക് 143 ദിവസം അധിക കാലാവധി ലഭിക്കുമ്പോൾ കോട്ടയം ജില്ലയിലെ ലിസ്റ്റിന് 66 ദിവസമേ നീട്ടിക്കിട്ടൂ.  കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ലിസ്റ്റുകൾക്ക് 46 ദിവസമാണ് അധിക കാലാവധി. കാലാവധി നീട്ടലിന്റെ ആനുകൂല്യം ലഭിക്കുംമുൻപേ മെയിൻ ലിസ്റ്റിൽനിന്ന് എല്ലാവർക്കും നിയമന ശുപാർശ നൽകിയതിനാൽ തിരുവനന്തപുരം ജില്ലയിലെ റാങ്ക് ലിസ്റ്റ് റദ്ദാവുകയും ചെയ്തു.

 

റാങ്ക് ലിസ്റ്റില്ലാതെ 4 ജില്ലകൾ

തിരുവനന്തപുരത്തിനു പുറമെ പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റും നേരത്തേ റദ്ദായി. പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ കഴിഞ്ഞ  നവംബർ, ഡിസംബർ മാസങ്ങളിലായി 3 വർഷ കാലാവധി പൂർത്തിയാക്കി. മെയിൻ ലിസ്റ്റിൽനിന്ന് എല്ലാവർക്കും നിയമന ശുപാർശ നൽകിയ തിരുവനന്തപുരം ജില്ലാ റാങ്ക് ലിസ്റ്റ് മാർച്ച് 4നാണു റദ്ദായത്. ജൂൺ 25 വരെ സ്വാഭാവിക കാലാവധിയുണ്ടായിരുന്നിട്ടും ഈ ലിസ്റ്റ് നേരത്തേ റദ്ദായി.

 

തിരുവനന്തപുരത്തെ പ്രശ്നം രണ്ടാം തവണ

മെയിൻ ലിസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗാർഥികളെ ഉൾപ്പെടുത്താതിനാൽ രണ്ടാം തവണയാണു തിരുവനന്തപുരത്തെ റാങ്ക് ലിസ്റ്റ് 3 വർഷ കാലാവധി പൂർത്തിയാക്കാതെ അവസാനിക്കുന്നത്. കഴിഞ്ഞ തവണ ഇതേ പ്രശ്നമുണ്ടായിട്ടും പുതിയ റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിലും ആവശ്യത്തിന് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയില്ല. നൂറോളം ഉദ്യോഗാർഥികൾക്കെങ്കിലും ഇതുമൂലം അവസരം നഷ്ടമായി. മെയിൻ ലിസ്റ്റിലെ ഒഴിവിന് ആനുപാതികമായി ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഒാഗസ്റ്റ് 4 വരെ ഈ ലിസ്റ്റിൽനിന്നു നിയമനം നടത്താമായിരുന്നു.

 

മെയിൻ ലിസ്റ്റിൽ 5,845 പേർ

14 ജില്ലകളിലുമായി അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 5,845 പേരും സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിൽ 10,289 പേരുമാണുള്ളത് ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്–1978 പേർ. കുറവ്  വയനാട് ജില്ലയിൽ–333.

 

മുൻ ലിസ്റ്റിലെ നിയമന ശുപാർശ 4,203

അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നടന്നത് 4,203 നിയമന ശുപാർശ. ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ കണക്കാണിത്. ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ എറണാകുളം ജില്ലയിലായിരുന്നു–568. കുറവ് വയനാട്ടിലും–124. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മുന്നൂറിലധികം പേർക്കു നിയമന ശുപാർശ ലഭിച്ചപ്പോൾ ഇത്തവണ 300 കടന്നതു തിരുവനന്തപുരം ജില്ല മാത്രം.   

നിലവിലെ ലിസ്റ്റിൽനിന്നു കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചതു തിരുവനന്തപുരം ജില്ലയിലാണ്–324. കുറവ് വയനാട് ജില്ലയിൽ–78.

 

NJD ഇല്ലായിരുന്നെങ്കിൽനിയമനം ദയനീയം

എൻജെഡി ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ നിലവിലെ  ലിസ്റ്റുകളിലെ നിയമന ശുപാർശ ദയനീയമായേനേ. ഏറ്റവും കൂടുതൽ എൻജെഡി ഒഴിവ് റിപ്പോർട്ട് ചെയ്തതു തിരുവനന്തപുരം ജില്ലയിലാണ്–163. എൻജെഡി കുറച്ചാൽ യഥാർഥ നിയമനം 161. എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നൂറിൽ കൂടുതൽ എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

എൻജെഡി ഒഴിവുകൾ:

 

ജില്ല-എൻജെഡി ഒഴിവ്

 

തിരുവനന്തപുരം-163

 

കൊല്ലം-88

 

പത്തനംതിട്ട-26

 

ആലപ്പുഴ -69

 

കോട്ടയം-60

 

ഇടുക്കി-51

 

എറണാകുളം-100

 

തൃശൂർ-35

 

പാലക്കാട്-57

 

മലപ്പുറം-104

 

കോഴിക്കോട്-108

 

വയനാട്-32

 

കണ്ണൂർ-82

 

കാസർകോട്-36

 

ആകെ-1011

English Summary: Kerala PSC Assistant Salesman Rank List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com