ADVERTISEMENT

സംസ്ഥാനത്തു പുതിയ മന്ത്രിസഭ അധികാരമേറ്റതോടെ ഭരണനയത്തിലെ പുതിയ സമീപനങ്ങളും പ്രതിഫലിക്കപ്പെടുമെന്ന പ്രതീക്ഷയാണിനി. പുതിയ സർക്കാരിന്റെ നിയമനനയവും നിലപാടുകളും ഉദ്യോഗാർഥികൾ ഏറെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.

 

നിയമനങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന സമീപനം തീർച്ചയായും പിഎസ്‌സിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ലോക്ഡൗൺ മൂലം മാറ്റിവച്ച ഒട്ടേറെ പ്രധാന പരീക്ഷകൾ നടത്താനും വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാനുമുണ്ട്. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയർമാൻ ‘തൊഴിൽ വീഥി’യോടു സംസാരിക്കുന്നു.

 

എസ്എസ്എൽസി, പ്ലസ് ടു നിലവാര പൊതുപരീക്ഷയിൽ ഉൾപ്പെടുത്തിയ എല്ലാ തസ്തികയ്ക്കും മെയിൻ പരീക്ഷ നടത്തുമോ? റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സിവിൽ പൊലീസ് ഒാഫിസർ പോലുള്ള തസ്തികയിൽ മെയിൻ പരീക്ഷ ഒഴിവാക്കുമോ?

 

 സിവിൽ പൊലീസ് ഒാഫിസർ ഉൾപ്പെടെ, പൊതുപരീക്ഷയിൽ ഉൾപ്പെടുത്തിയ എല്ലാ തസ്തികയ്ക്കും മെയിൻ പരീക്ഷയുണ്ടാകും. ഇക്കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. ഇതിൽ മാറ്റമില്ല. 2021 ഡിസംബർ വരെയുള്ള സിപിഒ ഒഴിവുകൾ മുൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു നൽകിയതാണ്. അതിനാൽ റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതു  നിയമനത്തെ ബാധിക്കുന്നില്ല.

 

പ്രധാന തസ്തികകൾക്കെല്ലാം റാങ്ക് ലിസ്റ്റ്  നിലവിലുണ്ട്. എൽഡിസി ഉൾപ്പെടെ ധാരാളം  തസ്തികകളുടെ റാങ്ക് ലിസ്റ്റുകൾ ഒാഗസ്റ്റ് 4 വരെ നീട്ടിയിട്ടുമുണ്ട്. ലിസ്റ്റുകളുടെ കാലാവധി തീരുന്ന മുറയ്ക്കു പുതിയവ പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.

 

 

എസ്എസ്എൽസി, പ്ലസ് ടു നിലവാര മെയിൻ പരീക്ഷ എപ്പോഴായിരിക്കും? ഇതിന്റെ സിലബസ് വൈകുന്നത് പഠിതാക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

 

 എസ്എസ്എൽസി നിലവാര പ്രാഥമിക പരീക്ഷയുടെ മൂല്യനിർണയം ആരംഭിച്ചിട്ടുണ്ട്. അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചാൽ ഉടൻ പ്ലസ് ടു നിലവാര പരീക്ഷയുടെയും മൂല്യനിർണയം തുടങ്ങും. ഇതിന്റെ സാധ്യതാ/ഷോർട് ലിസ്റ്റുകളും വൈകാതെ പ്രസിദ്ധീകരിക്കും. മെയിൻ പരീക്ഷ ഈ വർഷംതന്നെ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

 

എസ്എസ്എൽസി, പ്ലസ് ടു നിലവാര മെയിൻ പരീക്ഷകളുടെ സിലബസ് തയാറായിട്ടുണ്ട്. ലോക്ഡൗൺ കഴിഞ്ഞ് പിഎസ്‌സി ഒാഫിസ് സാധാരണ രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയാൽ ഉടൻ അന്തിമ പരിശോധനകൂടി പൂർത്തിയാക്കി സിലബസ് പ്രസിദ്ധീകരിക്കും. പ്രാഥമിക പരീക്ഷയ്ക്കുശേഷം ലിസ്റ്റിൽ ഉൾപ്പെടുമെന്നു പ്രതീക്ഷിക്കുന്നവർക്കു പഠിച്ചു തുടങ്ങാനാണു സിലബസ് ഉടൻ പ്രസിദ്ധീകരിക്കുന്നത്.

 

 

 ആദ്യ ഘട്ടങ്ങളിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കായി 10th ലെവൽ അഞ്ചാം ഘട്ടം, പ്ലസ് ടു ലെവൽ മൂന്നാം ഘട്ടം പരീക്ഷകൾ എപ്പോഴുണ്ടാകും?

 

 കോവിഡ് പോസിറ്റീവ്, അപകടം ഉൾപ്പെടെയുള്ള കാരണങ്ങളാൽ 10th ലെവൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് ഒരു ഘട്ടം പരീക്ഷകൂടി നടത്താനുള്ള തീയതി വൈകാതെ തീരുമാനിക്കും. അടിയന്തര സാഹചര്യങ്ങൾ കാരണം പ്ലസ് ടു നിലവാര ആദ്യ ഘട്ട പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കു രണ്ടാം ഘട്ട പരീക്ഷയിലേക്കു തീയതി മാറ്റി നൽകിയിരുന്നു. രണ്ടാം ഘട്ടവും എഴുതാൻ കഴിയാതിരുന്നവർക്കായി ഒരു ഘട്ടം പരീക്ഷകൂടി നടത്തുമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും അങ്ങനെയുള്ളവർ കുറവാണെന്നാണു ലഭിക്കുന്ന വിവരം. ഉദ്യോഗാർഥികളുടെ  അപേക്ഷ പരിശോധിച്ച് വീണ്ടും പരീക്ഷ നടത്തേണ്ടതുണ്ടെങ്കിൽ നടത്തും.

 

 

 സിപിഒ തസ്തികയിൽ പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കു കായികക്ഷമതാ പരീക്ഷ നടത്തുമോ? അതോ മെയിൻ പരീക്ഷയ്ക്കു ശേഷമുള്ള ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായിരിക്കുമോ ?

 

 പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കു കായികക്ഷമതാ പരീക്ഷ നടത്തുക പ്രായോഗികമല്ല. കൂടുതൽ പേർക്കു കായികക്ഷമതാ പരീക്ഷ നടത്തുക ഇപ്പോഴത്തെ സാഹചര്യത്തിൽ ദുഷ്കരമാവും. അതിനാൽ, മെയിൻ പരീക്ഷയ്ക്കു ശേഷം ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കാകും കായികക്ഷമതാ പരീക്ഷ. കായികക്ഷമതാ പരീക്ഷയുള്ള മറ്റു തസ്തികകൾക്കും ഇതേ രീതി ബാധകമാക്കും.

 

 

 ബിരുദനിലവാര പരീക്ഷയ്ക്കൊപ്പം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ നടത്താൻ സാധ്യതയുണ്ടോ?

 

 ബിരുദ നിലവാര പൊതുപരീക്ഷയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞു കൺഫർമേഷനും കഴിഞ്ഞു. കോവിഡ് രൂക്ഷത കുറയുന്ന മുറയ്ക്ക് ഈ പരീക്ഷ നടത്തും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ 5 ലക്ഷത്തിലധികം അപേക്ഷകരുണ്ട്. ഇവരെക്കൂടി പൊതുപരീക്ഷയുടെ ഭാഗമാക്കുക പ്രായോഗികമാണോ എന്നു പരിശോധിച്ച ശേഷമേ തീരുമാനം വ്യക്തമാക്കാൻ കഴിയൂ.

 

 

 സർവകലാശാലാ അനധ്യാപക വിജ്ഞാപനങ്ങൾ ഉടനുണ്ടാകുമോ? കുറച്ചു തസ്തികകളിലേക്കു വിജ്ഞാപനം തയാറാക്കാൻ അനുമതി നൽകിയെന്നാണല്ലോ വിവരം?

 

 ചില തസ്തികകളിൽ യോഗ്യതയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും ഒഴിവുകൾ ശരിയായ പെർഫോർമയിൽ റിപ്പോർട്ട് ചെയ്യാതിരുന്നതുമാണ് ഈ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ തടസ്സമായത്. കുറച്ചു തസ്തികകളിൽ ഈ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. ഇവയുടെ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ അനുമതിയും നൽകി. ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ ബാക്കി തസ്തികകളുടെ യോഗ്യത സംബന്ധിച്ച അവ്യക്തത ഉടൻ പരിഹരിക്കപ്പെടും. ലോക്ഡൗൺ പിൻവലിച്ച് വൈകാതെ എല്ലാ വിജ്ഞാപനങ്ങളും പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.

 

 

 കോവിഡ് രൂക്ഷമായി തുടരുമ്പോഴും, ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്കു നിയമനം വൈകുന്നതായി ആക്ഷേപമുണ്ട്. ഇതു പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?

 

 കോവിഡ് മഹാമാരിക്കിടയിലും അവശ്യ സർവീസുകളിലെ നിയമനം മുടങ്ങാതെ നടത്താൻ പിഎസ്‌സി ശ്രദ്ധിച്ചിട്ടുണ്ട്. 2020ലെ ലോക്ഡൗൺ സമയത്തും അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ നിയമനങ്ങൾ മുടക്കമില്ലാതെ നടത്തി. ഇത്തവണയും അതിൽ മാറ്റമില്ല.

അസിസ്റ്റന്റ് സർജൻ തസ്തികയുടെ 147 ഒഴിവാണു റിപ്പോർട്ട് ചെയ്തിരുന്നത്. ലോക്ഡൗൺ തുടങ്ങുന്നതിനു തൊട്ടുമുൻപ് ഇത്രയും ഒഴിവുകളിൽ നിയമന ശുപാർശ നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഒാഫിസിൽ ശുപാർശ നേരിട്ട് എത്തിക്കുകയായിരുന്നു. ഈ വിവരം വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യാൻ കഴിഞ്ഞില്ലെന്നു മാത്രം.

റിപ്പോർട്ട് ചെയ്ത സ്റ്റാഫ് നഴ്സ് ഒഴിവുകളിൽ അടിയന്തര പ്രാധാന്യത്തോടെ നിയമന ശുപാർശ നടത്താൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയിൽ റിപ്പോർട്ട് ചെയ്ത 30 ഒഴിവിലും നിയമന ശുപാർശ നൽകി. ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്ന്, തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്ത 38 ഒഴിവിൽ മേയ് 18നു നിയമന ശുപാർശ നൽകി. ട്രിപ്പിൾ ലോക്ഡൗണിനിടയിലും അത്യാവശ്യ ജീവനക്കാരെ നിയോഗിച്ചു നടപടികൾ പൂർത്തിയാക്കുകയായിരുന്നു. ജില്ലാ ഒാഫിസുകൾക്കും ഇത്തരത്തിൽ നിർദേശം നൽകിയിട്ടുണ്ട്.

 

 

ജൂൺ വരെ പരീക്ഷകൾ മാറ്റിവച്ച സാഹചര്യത്തിൽ മൂല്യനിർണയം, ഷോർട്/സാധ്യതാ/റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം, നിയമന ശുപാർശ തുടങ്ങിയ നടപടികൾ വേഗത്തിലാക്കേണ്ടതല്ലേ?

 

 കോവിഡ് വ്യാപനം പിഎസ്‌സിയുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. ലോക്ഡൗൺ സമയത്തു പോലും അത്യാവശ്യ ജോലികൾക്കായി ജീവനക്കാർ ഒാഫിസിലെത്തുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മൂല്യനിർണയം, ലിസ്റ്റ് തയാറാക്കൽ, നിയമന ശുപാർശ തുടങ്ങിയവ വേഗത്തിൽ പൂർത്തിയാക്കാനാണു ശ്രമം. ഉദ്യോഗാർഥികൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ട.

Thozhilveedhi Subscription: Click Here

English Summary: Kerala PSC Chairman MK Sakeer About Examinations

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com