വിദ്യാഭ്യാസമന്ത്രിയുടെ മകൻ സോഷ്യൽ ഡിസൈനർ; ഡിസൈൻ 'വര' മാത്രമല്ലെന്ന് ഗോവിന്ദ്

HIGHLIGHTS
  • എന്താണ് സോഷ്യൽ ഡിസൈൻ?; മന്ത്രി ശിവൻകുട്ടിയുടെ മകൻ പറയുന്നു
career-guru-govind-social-design
SHARE

ഡിസൈൻ എന്നു കേട്ടാൽ മനസ്സിലേക്ക് ഓടിയെത്തുക ഗ്രാഫിക്, ഫാഷൻ, പ്രോഡക്ട് ഡിസൈനുകളുടെ ഗ്ലാമർ ലോകമായിരിക്കും. മാർക്കറ്റിങ്, വിൽപന തുടങ്ങിയവയിൽ ഊന്നിയവയാണ് ഇതിൽ പലതും. എന്നാൽ ഇതേ ‍ഡിസൈൻ പ്രക്രിയ ഒരു സാമൂഹിക വിഷയത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞാലോ? ഉദാഹരണത്തിന് ഒരു ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഡിസൈൻ ചെയ്യുമ്പോൾ സാധാരണ ഗതിയിൽ ലാഭചിന്തയായിരിക്കും മുഖ്യം. എന്നാൽ ഒരു സോഷ്യൽ ഡിസൈനറാണെങ്കിൽ പരിഗണിക്കുക അതിലെ സാമൂഹിക ഘടകങ്ങളാകും - ഡെലിവറി നടത്തുന്നവരുടെയും സ്വീകരിക്കുന്നവരുടെയും തൃപ്തിയും സുരക്ഷിതത്വവും ഉൾപ്പെടെ. സമൂഹത്തിലെ സങ്കീർണ പ്രശ്നങ്ങൾക്കു ഡിസൈൻ ചിന്താഗതിയിലൂടെ പരിഹാരം കണ്ടെത്തുന്ന രീതിയാണ് സോഷ്യൽ ഡിസൈൻ.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെയും പിഎസ്‌സി അംഗം ആർ. പാർവതിദേവിയുടെയും മകൻ ഗോവിന്ദ് ശിവൻ 5 വർഷം കമ്യുണിക്കേഷൻ ഡിസൈനറായി ജോലി ചെയ്ത ശേഷമാണ് ഡൽഹി അംബേദ്കർ സർവകലാശാലയിൽനിന്നു സോഷ്യൽ ഡിസൈനിൽ ബിരുദാനന്തര ബിരുദമെടുത്തത്. ഡൽഹി ആസ്ഥാനമായി 'ഹംലോഗ്' എന്ന സോഷ്യൽ ഡിസൈൻ കൺസൽറ്റൻസി നടത്തുകയാണിപ്പോൾ.

 

എന്താണ് സോഷ്യൽ ഡിസൈൻ ?

ഡിസൈൻ ഉപയോഗിച്ച് സാമൂഹികമായി എന്തുചെയ്യാമെന്ന ചിന്തയാണ് ഗോവിന്ദിനെ മാസ്റ്റേഴ്സ് ഇൻ സോഷ്യൽ ഡിസൈൻ (MDes) കോഴ്സിലേക്കു നയിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ കമ്യുണിക്കേഷൻ മെറ്റീരിയലുകൾ തയാറാക്കുക എന്നതിനൊക്കെ അപ്പുറം ഡിസൈൻ ചിന്താഗതി സാമൂഹികമായി ഉപയോഗിക്കാനാകുമെന്ന് അതുവരെ ചിന്തിച്ചിരുന്നില്ല. സാധാരണ ഡിസൈനിൽ ക്ലയന്റിന് എന്ത‍ുവേണമെന്നതു മാത്രമാണ് പ്രധാനം. എന്നാൽ സോഷ്യൽ ഡിസൈനിൽ ആ സിസ്റ്റത്തിലെ എല്ലാ പങ്കാളികളുടെയും അഭിപ്രായവും ക്ഷേമവും പ്രധാനമാണ്. ഒരു ഉൽപന്നത്തെ എങ്ങനെ കൂടുതൽ സോഷ്യൽ ആക്കാമെന്നതാണു ചോദ്യം.എല്ലാവരെയും ഉൾക്കൊള്ളുന്ന (Inclusive) ഡിസൈനുകളാണ് ഇവ. ഗോവിന്ദിന്റെ പിജി തീസസ് ഭിന്നശേഷിക്കാരുടെ ഉപരിപഠനസാധ്യതകൾ സംബന്ധിച്ചായിരുന്നു. ഭിന്നശേഷി സംവരണ സീറ്റുകൾ പോലും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ എങ്ങനെ പരിഹരിക്കാമെന്നായിരുന്നു പഠനം. സോഷ്യൽ ഡിസൈൻ പല പഠന മേഖലകൾ ഇഴചേർന്ന ഇന്റർഡിസിപ്ലിനറി ശാഖയാണ്. ഒരു ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമിന്റെ ഡിസൈനിൽ സാങ്കേതികപ്രവർത്തകർക്കു പുറമേ സാമ്പത്തികകാര്യങ്ങൾ വിലയിരുത്താൻ ഇക്കോണമിസ്റ്റിന്റെ സേവനം പോലും വേണ്ടിവരും. സിഎസ്ആർ (കോർപററ്റ് സോഷ്യൽ‌ റെസ്പോൺസിബിലിറ്റി) പ്രവർത്തനങ്ങൾ, എൻജിഒകൾ എന്നിവയുമായി ബന്ധപ്പെട്ടും തൊഴിലവസരങ്ങളുണ്ട്. സോഷ്യൽ സംരംഭകത്വത്തിനും സാധ്യതയുണ്ട്.

ഏതു മേഖലയിൽ ബിരുദമെടുക്കുന്നവർക്കും സോഷ്യൽ ഡിസൈനിൽ ഉപരിപഠനം നടത്താമെന്നു ഗോവിന്ദ് പറയുന്നു

പഠനം എങ്ങനെ

അംബേദ്കർ സർവകലാശാലയിൽ ക്ലാസ്റൂം ക്ലാസുകളേക്കാൾ പ്രധാനം ഫീൽഡ് വർക്കുകളായിരുന്നു. പരീക്ഷയിലെ ചോദ്യങ്ങൾ പോലും വ്യത്യസ്തം. ഗോവിന്ദ് നേരിട്ട ഒരു ചോദ്യം- 'ക്യാംപസിലൂടെ നടന്ന് കുരങ്ങുശല്യത്തെക്കുറിച്ചു പഠിക്കുക. പ്രശ്നം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സെക്യൂരിറ്റി ജീവനക്കാരോടുൾപ്പെടെ സംസാരിച്ചു പരിഹാര മാർഗങ്ങൾ നിർദേശിക്കുക.' സാധാരണ മട്ടിലുള്ള എഴുത്തുപരീക്ഷകളില്ല.

ഓരോ സെമസ്റ്ററിലും ഒരു സ്റ്റുഡിയോ പ്രോജക്ട് ജൂറി പാനലിനു മുൻപിൽ അവതരിപ്പിക്കണം; അവസാന സെമസ്റ്ററിൽ ഫൈനൽ പ്രോജക്ടും. മുൻപുള്ള ബാച്ച് വൈകിയതിനാൽ ഇത്തവണ പ്രവേശന നടപടികൾ ആരംഭിച്ചിട്ടില്ല. വെബ്സൈറ്റ്: sod.aud.ac.in

English Summary: Career Scope Of Social Design

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA