തിരുവനന്തപുരത്തിന്റെ ഉൾപ്രദേശത്ത് പഠിച്ച് പടവുകൾ കയറിയ പെൺകുട്ടി; ലഭിച്ച അംഗീകാരത്തിനു പിന്നിൽ...

HIGHLIGHTS
  • കാട്ടാക്കടയിൽ പഠിച്ച ഒരു പെൺകുട്ടി ഉയരങ്ങളിലേക്കു നടന്നുകയറിയത്
success
Representative Image. Photo Credit : CamBuff/ Shutterstock.com
SHARE

മലപ്പുറം ജില്ലക്കാരിയാണു നീരജ. ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടി. പ്ലസ് ടു കഴിഞ്ഞു പോളി ഡിപ്ലോമ പാസായി. സ്കൂളിൽ പഠിക്കുമ്പോൾ നാഷനൽ മെറിറ്റ് ആൻഡ് മീൻസ് സ്കോളർഷിപ്പും പോളി പഠനകാലത്തു മഹീന്ദ്ര സ്കോളർഷിപ്പും നേടിയ മിടുക്കി. പോളി ഡിപ്ലോമ കഴിഞ്ഞ് ചെങ്ങന്നൂർ എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കലിനു ലാറ്ററൽ എൻട്രി ലഭിച്ചു. 2020 ൽ ബിടെക് പാസായി. അച്ഛനു ചെറിയ കടയുണ്ട്. അമ്മ കുടുംബശ്രീ അംഗമാണ്. 

നീരജ ബിടെക് കഴിഞ്ഞ സമയത്താണ് അവളോടൊപ്പം പഠിച്ച ഒരു കുട്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങുമായി ബന്ധപ്പെട്ട ഒരു കോഴ്സിന്റെ ബ്രോഷർ കാണിക്കുന്നത്. കുടുംബശ്രീക്കു കീഴിലെ ‘യുവകേരളം’ നടത്തുന്ന 6 മാസ പ്രോഗ്രാമായിരുന്നു അത്. ആ കോഴ്സ് കഴിയാറായപ്പോഴുള്ള ഒരു ഇന്റർവ്യൂവിൽവച്ചാണു ഞാൻ നീരജയെ പരിചയപ്പെടുന്നത്. നന്നായി സംസാരിക്കുന്ന കുട്ടി. അതിലേറെ ഞങ്ങളെയൊക്കെ ആകർഷിച്ചത് സ്വന്തം പ്രയത്നത്തിലൂടെ വളർന്നുവന്ന നീരജയുടെ പശ്ചാത്തലമാണ്. 

Suntec കമ്പനിയുടെ ഫൈനൽ ഇന്റർവ്യൂ ആയിരുന്നു അത്. സൺടെക്കിന്റെ ഫൈനൽ ഇന്റർവ്യൂവിൽ എത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 3 ഘട്ട പരീക്ഷകൾ, 2 ലെവൽ സാങ്കേതിക അഭിമുഖം, അതിനു ശേഷം എച്ച്ആർ ഇന്റർവ്യൂ... ഇത്രയും കഴിഞ്ഞാണു ഫൈനൽ ഇന്റർവ്യൂ. 

എഐയും മെഷീൻ ലേണിങ്ങും എവിടെയാണു പഠിച്ചതെന്ന് ഇന്റർവ്യൂവിൽ ചോദിച്ചപ്പോൾ, ഞങ്ങൾക്കുപോലും അത്ര അറിവില്ലാത്ത സാങ്കേതികപഠനത്തിന്റെ ചില സാധ്യതകൾ നീരജ പങ്കുവച്ചു. തിരുവനന്തപുരത്തിന്റെ ഉൾപ്രദേശമായ കാട്ടാക്കടയിലെ ‘ഔറ’ എന്ന സാങ്കേതികവിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു നീരജയുടെ 6 മാസ പഠനം. ഫീസും താമസവും ആഹാരവുമൊക്കെ തീർത്തും സൗജന്യം. കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജനയുടെ പ്രോഗ്രാമുകളും അവിടെ നടത്തുന്നുണ്ട്. 

മിക്ക കുട്ടികളും കേരളത്തിലെ പ്രധാന നഗരങ്ങളോ ബാംഗ്ലൂരോ ഒക്കെ പരിശീലനപരിപാടികൾക്കു തിരഞ്ഞെടുക്കുമ്പോഴാണു കാട്ടാക്കടയിൽ പഠിച്ച ഒരു പെൺകുട്ടി ഉയരങ്ങളിലേക്കു നടന്നുകയറിയത്! ജീവിതസാഹചര്യവും പഠനസാഹചര്യവും മുന്നോട്ടുള്ള കുതിപ്പിനു സഹായിക്കുമെന്നതു സത്യം. പക്ഷേ, ആ സാഹചര്യങ്ങളെയും മറികടക്കാനുള്ള നിശ്ചയദാർഢ്യം അതൊക്കെ അപ്രസക്തമാക്കുമെന്നു നീരജ തെളിയിച്ചു. വലിയ പണം ചെലവാക്കുന്നതല്ല, നല്ല വഴി തിരഞ്ഞെടുക്കുന്നതാണു പ്രധാനം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇത്തരം ധാരാളം പദ്ധതികളുണ്ട്. അതിന്റെ പ്രയോജനം കണ്ടെത്തി മുന്നോട്ടുപോകാൻ യുവാക്കൾ എപ്പോഴും ശ്രദ്ധാലുക്കളാകണമെന്നു സൂചിപ്പിക്കാനാണു ഞാൻ നീരജയുടെ കഥ പറഞ്ഞത്. 

ശ്രദ്ധേയമായ ഒരു കാര്യം കൂടി പങ്കുവയ്ക്കാം. ‘ഔറ’യിലെ പത്തു കുട്ടികൾ സൺടെക്കിന്റെ ടെസ്റ്റിൽ പങ്കെടുത്തിരുന്നു. അതിൽ 3 പേർ ഫൈനൽ ഇന്റർവ്യൂവിലെത്തി. ആ മൂന്നു പേരെയും സൺടെക് എടുത്തു! പ്രയാസമുള്ള പശ്ചാത്തലങ്ങളിൽനിന്നു വന്നു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് ഒരു പണത്തൂക്കം മുന്നിൽ ആരും അംഗീകാരം നൽകുമല്ലോ! അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള അഭിമാനമാണ് എന്നെപ്പോലുള്ളവരുടെ ആനന്ദം. 

English Summary: Career Column By G Vijayaraghavan

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA