ADVERTISEMENT

ബിരുദ പഠനത്തിന്‌ ഐഛിക വിഷയമാണെടുത്തതെന്നു പറയുന്ന വിദ്യാർഥികൾ കേൾക്കേണ്ടി വരുന്ന സാധാരണ കമന്റ്, അതെന്താ, വേറെയൊന്നും കിട്ടിയില്ലേ എന്നാണ്. ചരിത്രത്തോടും ചരിത്ര പഠനത്തോടും സാധാരണയായി കാണാറുള്ള പൊതു സമീപന രീതി ഇതുതന്നെയാണ്. പണ്ട് കാലത്ത് നടന്ന എന്തൊക്കെയോ സംഭവങ്ങൾ അക്ഷരമാലാക്രമത്തിലോ, കാലഗണന ക്രമത്തിലോ വിവരാണത്മക രീതിയിൽ പഠിക്കുന്ന വിഷയമാണെന്നെ ധാരണയും , ഈ വിധത്തിലുള്ള പഠനങ്ങൾ കൊണ്ട് സമൂഹത്തിന് എന്തുപയോഗം എന്ന ചിന്തയും മൂലമാണ് പുച്ഛരസത്തോടു കൂടിയുള്ള ഇത്തരം കമന്റുകൾ വരുന്നത്. ചരിത്ര പഠനത്തിലും ഗവേഷണത്തിലും വന്നിരിക്കുന്നത്  മറ്റേതൊരു സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലും വരാത്ത തലത്തിലുള്ള ഗഹനമായ കുടമാറ്റങ്ങളാണ്. പ്രായോഗികതലത്തിലേക്ക് ചരിത്ര പഠനങ്ങൾക്ക് എത്ര മാത്രം ഇറങ്ങാൻ സാധിക്കുമെന്നതും ഈ മാറ്റങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

 

ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് പാരിസ്ഥിതിക ചരിത്രമെന്ന പുതിയ ചരിത്ര പഠനശാഖയെക്കുറിച്ചു തന്നെ ഇവിടെ കുറിയ്ക്കാം. പ്രകൃതിയെയും പ്രകൃതി സംവിധാനങ്ങളെക്കുറിച്ചും ചരിത്ര പഠനങ്ങളിൽ സാധാരണ കണ്ടു വന്നിരിക്കുന്ന രീതി ചരിത്രത്തിന് ഒരു ആമുഖം കൊടുക്കുക എന്ന തരത്തിലായിരുന്നു. ഇതിൽ നിന്നു വ്യതിചലിച്ച് കാലാവസ്ഥ, കൃഷി രീതികൾ, പ്രകൃതിദുരന്തങ്ങൾ, മഹാമാരികളും മറുപകർച്ചവ്യാധികളും, ആരോഗ്യ പ്രശ്നങ്ങൾ, പാരിസ്ഥിതിക മാറ്റങ്ങളും പ്രസ്ഥാനങ്ങളും, ജൈവസസ്യ കൈമാറ്റങ്ങൾ എന്നിങ്ങനെ മനുഷ്യനും അവൻ അധിവസിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ടു നിൽക്കുന്നതിന്റെ പഠനങ്ങളാണ് ഈ മേഖലയിൽ നടക്കുന്നത്. സാമ്രാജ്യങ്ങളുടെ ഉയർച്ചയും താഴ്ചയും, കൊളോണിയലിസം, ദേശീയത, എന്നിങ്ങനെ സങ്കീർണ്ണമായ ഗവേഷണ പ്രശ്നങ്ങളുടെ പാരിസ്ഥിതിക പ്രസക്തിയും സന്ദർഭവുമാണ് ഈ മേഖലയിൽ പഠനത്തിനാധാരം. മാനവരാശിയുടെ പ്രകൃതി വിഭവ അതി ചൂഷണത്തിന്റെയും, ഭൂവിടങ്ങളുടെ പുന സംഘാടനത്തെയുമൊക്കെ പറയുന്നതോടൊപ്പം, ശാസ്ത്ര വിഷയങ്ങളായ ബോട്ടണി, സുവോളജി, ഫോറസ്റററി, എപ്പി ഡെമിയോളജി എന്നിവയായും കൈകോർത്ത് പുതിയ അന്തർ വൈജ്ഞാനിക പാരിസ്ഥിതിക വീക്ഷണങ്ങളെ തന്നെ സൃഷ്ടിച്ചെടുക്കുന്നു. 

 

പാശ്ചാത്യ നാടുകളിൽ ഈ വിഷയം വളരെയേറെ മുന്നേറി കഴിത്തിരിക്കുന്നു. ഫ്രാൻസിലെ അനാൽ ചരിത്രകാരന്മാരായ ബ്രോദേൽ, ലദൂരി, മാൻഡ്രോവ് എന്നീ ചരിത്രകാരന്മാർ മാനവ സംസ്കാരത്തിൻ്റെ പാരിസ്ഥിതിക മാനങ്ങളെക്കുറിച്ച് ഗഹനമായ പഠനങ്ങൾ നടത്തിയവരാണ്. മെഡിറ്ററേനിയൻ സമുദ്രവും അതിനെ ചുറ്റിപ്പറ്റി നിൽക്കുന്ന പ്രദേശങ്ങളും എങ്ങനെയാണ് എല്ലാ കാലത്തും മാനവ ചരിത്രത്തെ നിയന്ത്രിച്ചത് എന്ന വാദമാണ് ബ്രോദേൽ മുൻപോട്ട്  വയ്ക്കുന്നത്. ലാങ്ങു ഡോക് എന്ന പ്രദേശത്ത് എങ്ങനെയാണ് കാലാവസ്ഥ കർഷകരുടെ ജീവിത്തെബാധിച്ചതെന്ന് ലദൂരി വ്യക്തമാക്കുന്നു. ആധുനിക യുഗത്തിലേക്ക് കയറിയ ഫ്രാൻസിലെ കർഷകരുടെ പാരിസ്ഥിതിക മനസ്സിനെയാണ് മാൻഡ്രോവ് വിശദീകരിച്ചത്.ഈ പഠനങ്ങളെല്ലാം തന്നെ മനുഷ്യൻ അധിവസിക്കുന്ന ഭൂമിയും അതിലെ മാറ്റ പ്രക്രിയകളെക്കുറിച്ചും ചരിത്രപരമായി അപഗ്രഥിക്കുവാൻ സാധിച്ചു എന്നു മാത്രമല്ല, ശാസ്ത്ര വിഷയങ്ങളുടെ ഗവേഷണത്തെയും സ്വാധീനിക്കുന്നവയായിരുന്നു.

 

ഇന്ത്യയിലെ പാരിസ്ഥിതിക ചരിത്രം പാരിസ്ഥിതിക മുന്നേറ്റങ്ങളിൽ നിന്നും ഊറ്റം കൊണ്ടവയായിരുന്നു. ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ചുള്ള രാമചന്ദ്രഗുഹയുടെ അൺ ക്വയറ്റ് വുഡ്സ് എന്ന കൃതിയാണിതിൽ ആദ്യത്തേത് . ഗുഹയും ഗാഡ്ഗിലും ചേർന്നെഴുതിയ ദിസ് ഫിഷേഡ്ലാൻഡ് എന്ന ഗ്രന്ഥത്തിൽ ഇന്തയുടെ പ്രാചീന കാലം മുതൽ സ്വാതന്ത്യ ലബ്ദിക്കു ശേഷമുള്ള കുറച്ചു കാലം വരെയുള്ള പ്രകൃതി വിഭവ വിനിയോഗത്തെയാണ് ചരിത്രവൽക്കരിക്കുന്നത് . ഇർഫാൻ ഹബീബിന്റെ മാൻ ആൻഡ് നേച്ചറിൽ ഇന്ത്യയിലെ ഭൂവിഭവങ്ങളുടെ ചുഷണത്തെപ്പറ്റിയും വരൾച്ച പകർച്ചവ്യാധികൾ എന്നിവയെക്കുറിച്ചും പ്രാഥമിക രേഖകളുടെ ബലത്തിൽ വിശദീകരിക്കുന്നുണ്ട്. മഹാമാരികളെക്കുറിച്ചും ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ചും വിശദമാക്കുന്ന ഡേവിഡ് ആർനോൾഡിന്റെ പഠനങ്ങൾ ഇന്ത്യയുടെ പരിസ്ഥിതിക മെഡിക്കൽ ചരിത്രത്തെ ആരോഗ്യത്തിന്റെ ചരിത്രവുമായി കൃത്യമായി അടയാളപ്പെടുത്തി.

 

ഇതു കൂടാതെ പ്രാദേശിക ചരിത്രത്തിലും പാരിസ്ഥിതിക പഠനങ്ങൾക്ക് വളരെ വലിയ ഫലങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും. പ്രാദേശിക പാരിസ്ഥിതിക പ്രശ്നങ്ങൾ, പകർച്ചവ്യാധികളും അസുഖങ്ങളും, കൃഷി രീതിയിൽ വരുന്ന മാറ്റങ്ങൾ, പ്രാദേശിക പാരിസ്ഥിതിക വിജ്ഞാനം എന്നിവയൊക്കെ ചരിത്ര പഠനത്തിലൂടെ കൃത്യമായി രേഖീയവൽക്കരിക്കുവാൻ സാധിക്കും. വാമൊഴിയിലൂടെ പഴമക്കാരുടെ പാരിസ്ഥിതിക ജ്ഞാനത്തെ അടയാളപ്പെടുത്തുവാൻ വാമൊഴി ചരിത്ര കാർക്ക് സാധിക്കും. തങ്ങൾ വസിക്കുന്ന ഭൂവിടത്തെക്കുറിച്ചും അതിലെ ആവാസവ്യവസ്ഥയെ കുറിച്ചും പഠിക്കുന്നവർ വരും കാല പ്രകൃതി മാറ്റങ്ങളെക്കുറിച്ചു ബോധവാന്മാരാകുന്നതുവഴി ഉത്തരവാദിത്വമുള്ള പൗരന്മാരുമായിത്തീരും. ഇന്ത്യയിലെ സർവ്വകലാശാലകളിൽ ഡിഗ്രി തലത്തിൽത്തന്നെ പാരിസ്ഥിതിക ചരിത്ര പഠനങ്ങൾ തുടങ്ങേണ്ടതിന്റെ ആവശ്യകത ഈ മഹാമാരിക്കാലം നമ്മെ ഓർമ്മിപ്പിക്കുന്നു.

English Summary: Environment Day And Environmental History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com