ADVERTISEMENT

മാറ്റിവച്ച പരീക്ഷകളും ഇന്റർവ്യൂവും സർക്കാരുമായി കൂടിയാലോചിച്ച് ജൂലൈയിൽ പുനഃരാരംഭിക്കാൻ കഴിഞ്ഞ ആഴ്ചയിലെ പിഎസ്‌സി യോഗം തീരുമാനിച്ചു. എസ്എസ്എൽസി നിലവാര അഞ്ചാം ഘട്ട പരീക്ഷ ജൂലൈ 3നു നടത്തും. അടിയന്തരമായി നടത്തേണ്ട ആരോഗ്യ മേഖലയിലെ നിയമനങ്ങൾക്ക് ഇന്റർവ്യൂ ഒഴിവാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ ഉൾപ്പെടെയുള്ള തസ്തികകളിൽ ഷോർട് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

അവശ്യ സർവീസ് നിയമനം വേഗത്തിൽ

അവശ്യ സർവീസ് വിഭാഗങ്ങളിലെ നിയമനം വേഗത്തിലാക്കാൻ തീരുമാനമായി.  റിപ്പോർട്ട് ചെയ്ത ഒഴിവുകളിലെ നിയമന ശുപാർശ മാത്രമല്ല, ഷോർട്/സാധ്യതാ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും വേഗത്തിലാക്കും.

 

ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, എൽഎസ്ജിഡി തുടങ്ങിയ വകുപ്പുകളിലെ  നിയമനങ്ങൾക്കു കൂടുതൽ പ്രാമുഖ്യം നൽകും. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് തസ്തികകളിലെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമന ശുപാർശ പൂർത്തിയാക്കിയിട്ടുണ്ട്.

 

10th ലെവൽ  5–ാം ഘട്ട പരീക്ഷ ജൂലൈ 3ന്

എസ്എസ്എൽസി നിലവാരത്തിൽ നാലു ഘട്ടമായി നടത്തിയ പരീക്ഷയിൽ പിഎസ്‌സി അംഗീകരിച്ച കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കു ജൂലൈ 3ന് അഞ്ചാം ഘട്ട പരീക്ഷ നടക്കും. എണ്ണായിരത്തോളം പേർക്കാണു പരീക്ഷ എഴുതാൻ അവസരം. അഡ്മിഷൻ ടിക്കറ്റ് ജൂൺ 21 മുതൽ പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം.

 

അസി. ഇൻഫർമേഷൻ ഒാഫിസർ ഷോർട് ലിസ്റ്റ് ഉടൻ 

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ തസ്തികയുടെ ഷോർട് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. വിവരണാത്മക പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഷോർട് ലിസ്റ്റിന്റെ  മെയിൻ ലിസ്റ്റിൽ 60 പേരെ ഉൾപ്പെടുത്തും. ഇതിന് ആനുപാതികമായി ഉദ്യോഗാർഥികളെ സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെടുത്തും. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ കൂടി പൂർത്തിയാക്കിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. വിജ്ഞാപന സമയത്ത് 8 ഒഴിവാണു റിപ്പോർട്ട് െചയ്തിരുന്നത്. ഇപ്പോൾ ഒഴിവുകൾ 16 ആയിട്ടുണ്ട്.  670 പേർ അർഹത നേടിയിരുന്നെങ്കിലും 643 പേരാണ് പരീക്ഷ എഴുതിയത്. ഇത്രയും പേർ എഴുതിയ പരീക്ഷയുടെ  മെയിൻ ലിസ്റ്റിൽ 60 പേരെ മാത്രം ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ഉദ്യോഗാർഥികൾ രംഗത്തിറങ്ങിയിട്ടുണ്ട്. 

 

പുനഃപരിശോധന, ഫോട്ടോകോപ്പി അപേക്ഷ ജൂൺ 15 വരെ

ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ 15 വരെ നീട്ടി. മേയ് 8 മുതൽ 30 വരെ അവസാന തീയതി വരുന്ന തസ്തികകളിലാണ് ഇളവ്. ലോക്ഡൗണിനെ തുടർന്നാണു കൂടുതൽ സമയം നൽകുന്നത്.

 

ഹൈസ്കൂൾ ടീച്ചർ ഒാൺലൈൻ പരീക്ഷ

കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സംസ്കൃതം (എൻസിഎ–എസ്‌സി, മുസ്‌ലിം), കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് മലയാളം മീഡിയം (എൻസിഎ– ഹിന്ദു നാടാർ, എസ്ടി) തസ്തികകളിൽ ഒാൺലൈൻ പരീക്ഷ നടത്താൻ പിഎസ്‌സി തീരുമാനിച്ചു.

 

വിവിധ തസ്തികയിൽ ഉടൻ ഷോർട് ലിസ്റ്റ്

കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഒാഫിസർ, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ കൺസർവേഷൻ ഒാഫിസർ, കണ്ണൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ആയുർവേദ കോളജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 ആയുർവേദം (എൻസിഎ–മുസ്‌ലിം) എന്നീ തസ്തികകളിൽ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു.

 

ലിസ്റ്റുകളിൽനിന്നു പരമാവധി നിയമനത്തിനു നടപടി: മുഖ്യമന്ത്രി 

പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽനിന്നു പരമാവധി നിയമനങ്ങൾ നടത്താവുന്ന രീതിയിൽ നടപടികളുണ്ടാവുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 

 

സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥർ അർഹത നേടാതെ ഹയർ കേഡർ ഒഴിവുകൾ ഡി–കേഡർ ചെയ്ത് റാങ്ക് ലിസ്റ്റിലെ ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യാൻ ഫെബ്രുവരി 10 ലെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. റിട്ടയർമെന്റ് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചു. ഇവ കൃത്യമായി നടന്നിട്ടുണ്ടോ എന്നു ചീഫ് സെക്രട്ടറി പരിശോധിക്കും. 

പിഎസ്‌സിക്കു വിടാത്ത നിയമനങ്ങൾ അങ്ങനെയാക്കാൻ സ്പെഷൽ റൂൾ തയാറാക്കണം. ഇക്കാര്യത്തിലെ പുരോഗതി സെക്രട്ടറിമാർ ചീഫ് സെക്രട്ടറിയെ ഉടൻ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

 

English Summary: Kerala PSC Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com