വിദേശത്ത് മികച്ച ജോലി, നൽകേണ്ടത് വിസയ്ക്കുള്ള പണം മാത്രം: വെറുതേ തട്ടിപ്പിന് ഇരയാകണോ?കരുതുക, വളഞ്ഞ വഴികളെ

HIGHLIGHTS
  • തൊഴിൽ തട്ടിപ്പിനിരയാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
fraud
Representative Image. Photo Credit : Elnur/ Shutterstock.com
SHARE

കുറച്ചു വർഷം മുൻപാണ്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്നു എന്നു പറഞ്ഞു തുടങ്ങിയ ഒരു കമ്പനിയിൽ ജോലിക്കായി ഒരു പരിശീലനം പരസ്യം ചെയ്യപ്പെട്ടു. മൂന്നര ലക്ഷത്തോളം രൂപയായിരുന്നു പരിശീലന ഫീസ്! 

മകളുടെ ജോലിക്കായി ഒരു പ്രമുഖ ഇടതുപക്ഷ നേതാവും ഈ തുക കൊടുക്കാൻ തയാറായി. കൊടുക്കുംമുൻപ് അദ്ദേഹം എന്നെ വിളിച്ചു. ഒരു കാരണവശാലും പണം കൊടുക്കരുതെന്നും ആ കമ്പനിതന്നെ ശരിയല്ലെന്നും ഞാൻ അദ്ദേഹത്തെ അറിയിച്ചു. എന്നിട്ടും അദ്ദേഹം ആ തുക കൊടുത്തു. ഒരു വർഷം കഴിഞ്ഞിട്ടും ജോലി കിട്ടാതെ അദ്ദേഹം എന്നെ വീണ്ടും വിളിച്ചു. പക്ഷേ, അദ്ദേഹത്തെ എനിക്ക് ഒരു വിധത്തിലും സഹായിക്കാനാവില്ലായിരുന്നു. 

വളരെയേറെ സ്വാധീനവും പൊതുവിഷയങ്ങളിൽ അറിവുമുള്ള ഒരു നേതാവിന്റെ അനുഭവം ഇതാണെങ്കിൽ, എങ്ങനെയെങ്കിലും ഒരു ജോലി തേടുന്ന സാധാരണക്കാരെ ഇത്തരക്കാർ എത്രത്തോളം കെണിയിൽ വീഴ്ത്തുമെന്നു ചിന്തിക്കുക. 

പ്ലേസ്മെന്റ് ഏജൻസി എന്ന പേരിൽ ഒരു പേരുണ്ടാക്കിയാണു പലപ്പോഴും തട്ടിപ്പുകാരുടെ പ്രവർത്തനം. വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചു റജിസ്ട്രേഷൻ ഫീ വാങ്ങുന്നതോടെ മിക്ക സ്ഥാപനങ്ങളും ഷട്ടറിടും. 

വ്യക്തിഗത വിവരങ്ങൾ പിന്നീടും ഉപയോഗിക്കപ്പെടും. വൻകിട സ്ഥാപനങ്ങളുടെ വ്യാജ ലെറ്റർ ഹെഡിൽ നിയമന ഓഫർ അയയ്ക്കുന്നതാണ് അതിലൊന്ന്. അപേക്ഷിച്ച ജോലിയല്ലല്ലോ കിട്ടിയതെന്ന് ആ സമയത്തെ ആശ്ചര്യത്തിൽ മിക്കവരും മറന്നുപോകും. മിക്കപ്പോഴും വിദേശത്തായിരിക്കും ജോലി ഓഫർ. കുടുംബസമേതം താമസം, വീസ എന്നിവയൊക്കെ വാഗ്ദാനങ്ങൾ. 

വിദേശത്തേക്കു പോകുമ്പോഴുള്ള പ്രതിരോധ കുത്തിവയ്പിനായി തുക വാങ്ങിയുള്ള തട്ടിപ്പാണ് അടുത്ത ഘട്ടം. വീസ ശരിയാക്കാനും മറ്റുമായി കൂടുതൽ പണം വാങ്ങുന്നവരുമുണ്ട്. ജോലി കിട്ടുമ്പോൾ ഈ തുക തിരികെ തരുമെന്ന വാഗ്ദാനത്തിൽ അവർ വിശ്വാസ്യത സൃഷ്ടിക്കാൻ ശ്രമിക്കും. ഒരിക്കലും തമ്മിൽ കണ്ടിട്ടില്ലാത്തവർക്കാണു നമ്മൾ ഇങ്ങനെ പണം അയച്ചുകൊടുക്കുന്നതെന്നു ചിന്തിക്കണം. 

ഇങ്ങനെ ആയിരക്കണക്കിനു പേരിൽനിന്നു പണം വാങ്ങി മുങ്ങുന്ന സംഘത്തെ പിന്നെ മഷിയിട്ടു നോക്കിയാൽ കാണില്ല. പിന്നീട് അവർക്കു തുരുതുരാ മെയിൽ അയച്ചാലും വിളിച്ചാലുമൊന്നും ഒരു പ്രതികരണവും ഉണ്ടാവില്ല. പോയ തുക പോകട്ടെ എന്നു കരുതി പലരും ആ ശ്രമം ഉപേക്ഷിക്കുന്നു. നമുക്കു നഷ്ടപ്പെടുന്നത് ആയിരങ്ങൾ. തട്ടിപ്പുകാർ  നേടുന്നതു ലക്ഷങ്ങളോ കോടികളോ.  

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരിൽ നടക്കുന്ന തൊഴിൽ തട്ടിപ്പിനെക്കുറിച്ച് അടുത്തിടെ നമ്മളൊക്കെ പല വാർത്തകളും കണ്ടതാണ്. സ്ഥാപന മേധാവിയുടെ അടുപ്പക്കാരാണെന്നറിയിച്ച് അപേക്ഷ എഴുതി വാങ്ങുകയാണ് ഇത്തരം തട്ടിപ്പുകളുടെ ആദ്യ ഘട്ടം. പിന്നെ മുൻപേ പറഞ്ഞതുപോലെ പല ഘട്ടങ്ങളിലായി പണം വാങ്ങലും അതു കഴിഞ്ഞൊരു മുങ്ങലും. 

എൻജിനീയറിങ് കഴിഞ്ഞു നല്ല ജോലി കിട്ടാത്തവരാണ് തട്ടിപ്പുസംഘത്തിന്റെ ഇപ്പോഴത്തെ പ്രധാന ഉന്നം. ഏതെങ്കിലുമൊരു കമ്പനിയുടെ അംഗീകൃത ട്രെയിനർമാർ എന്നു പറഞ്ഞാണു സമീപിക്കുക. അതിനു ഫീ വാങ്ങി ഒരു തട്ടിക്കൂട്ടു ട്രെയിനിങ് നടത്തും. തട്ടിപ്പാണു നടന്നതെന്നു നമ്മൾ മനസ്സിലാക്കുമ്പോഴേക്കു സംഘത്തിന്റെ പൊടിപോലും കിട്ടില്ല.  

തൊഴിൽ തട്ടിപ്പിനിരയാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക: 

∙മുൻകൂട്ടി പണം വാങ്ങിയുള്ള റിക്രൂട്മെന്റുകളെയെല്ലാം കരുതലോടെ കാണുക. 

∙നല്ല കമ്പനികളൊന്നും റിക്രൂട്മെന്റിനായി ഫീ വാങ്ങാറില്ല. ഇത്തരം റിക്രൂട്മെന്റിനു റിക്രൂട്മെന്റ് ഏജൻസി ഫീ വാങ്ങുന്നത് ഉദ്യോഗാർഥിയിൽനിന്നല്ല, കമ്പനിയിൽനിന്നാണ്. 

∙ബന്ധപ്പെട്ട കമ്പനിയിലെ എച്ച്ആർ വിഭാഗത്തിൽ നേരിട്ട് അന്വേഷിച്ചു മാത്രം ഇത്തരം നിയമനപ്പരസ്യങ്ങളിൽ തുടർനടപടിയെടുക്കുക. 

∙വെബ്സൈറ്റിൽ ചെറിയൊരു സ്പെല്ലിങ് വ്യത്യാസത്തോടെ പ്രമുഖ കമ്പനികളാണെന്നു തോന്നിപ്പിക്കുന്ന തട്ടിപ്പുകളെ പ്രത്യേകം ശ്രദ്ധിക്കുക. 

∙ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ മെയിൽ ഐഡി പരിശോധിക്കുക. മിക്കപ്പോഴും അതൊരു സാധാരണ gmail ഐഡിയായിരിക്കും. പ്രധാന കമ്പനികളൊന്നും വെറും gmail ഐഡി ഉപയോഗിക്കാറില്ല. 

English Summary: Career Column By G Vijayaraghavan

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA