സർക്കാരേ, ഇതു കേൾക്കണം; സർക്കാർ ജോലി സ്വപ്നം കാണുന്ന ചെറുപ്പക്കാരുടെ പരാതികൾ

HIGHLIGHTS
  • തസ്തികകൾ വെട്ടിച്ചുരുക്കൽ, നിയമനം നിലച്ചു കാലാവധി തീരുന്ന ലിസ്റ്റുകൾ
tesnion
Representative Image. Photo Credit : AshTproductions/ Shutterstock.com
SHARE

ഒഴിവു റിപ്പോർട്ട് ചെയ്യാതിരിക്കൽ, താൽക്കാലിക നിയമനക്കാരുടെ തള്ളിക്കയറ്റം, തസ്തികകൾ വെട്ടിച്ചുരുക്കൽ, നിയമനം നിലച്ചു കാലാവധി തീരുന്ന ലിസ്റ്റുകൾ തുടങ്ങി ഒട്ടേറെ പരാതികളുണ്ട്, സർക്കാർ ജോലി സ്വപ്നം കാണുന്ന ചെറുപ്പക്കാർക്ക്. അവരുടെ പ്രശ്നങ്ങൾ അവർ ‘തൊഴിൽ വീഥി’യിലൂടെ പുതിയ സർക്കാരിനു മുന്നിൽ സമർപ്പിക്കുന്നു

നിയമനങ്ങൾക്കു മുഖ്യ പരിഗണന നൽകുമെന്നു മുഖ്യമന്ത്രിയും പിഎസ്‌സി അധികൃതരും വ്യക്തമാക്കുമ്പോഴും, നിയമനം പ്രതീക്ഷിക്കുന്ന ഉദ്യോഗാർഥികൾ ആശങ്കയുടെ വലിയ തുരുത്തിലാണ്. ഒരു വശത്തു കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെങ്കിൽ,, മറുഭാഗത്ത് അനാസ്ഥ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ. രണ്ടിനുമിടയിൽ ഞെരുങ്ങുകയാണ് ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾ.

സർക്കാർ തലത്തിലെ മിക്ക പ്രശ്നങ്ങളും ചെറിയ ഇടപെടലിലൂടെ അനായാസം മറികടക്കാവുന്നവയാണ്. എങ്കിലും അറിഞ്ഞോ അറിയാതെയോ പല പ്രശ്നങ്ങൾ പരിഹരിക്കാതെ നീണ്ടുപോകുന്നു. പല തസ്തികകളിലും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നില്ല. വേണ്ടത്ര നിയമനമില്ലാതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി  അവസാനിക്കുന്നു. റാങ്ക് ലിസ്റ്റിലുള്ളവരെ നോക്കുക്കുത്തികളാക്കി പല തസ്തികയിലും താൽക്കാലിക, ആശ്രിത നിയമനങ്ങൾ പെരുകുന്നു.

ഈ പ്രശ്നങ്ങളുടെ ഗൗരവം ഉൾക്കൊണ്ടുള്ള ക്രിയാത്മക ഇടപെടലാണു പുതിയ സർക്കാരിൽനിന്ന് ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നത്. വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രതിനിധികൾ ‘തൊഴിൽ വീഥി’യിലൂടെ അവരുടെ പ്രശ്നങ്ങൾ സർക്കാരിനു മുന്നിൽ സമർപ്പിക്കുന്നു.

ലാസ്റ്റ് ഗ്രേഡ് സർവന്റ്: സർക്കാർ വാക്കു പാലിക്കണം; ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം

വിനേഷ് ചന്ദ്രൻ

(തിരുവനന്തപുരം ജില്ലാ എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി)

∙ഈ തസ്തികയിൽ ധാരാളം താൽക്കാലികക്കാർ ജോലി ചെയ്യുന്നു. ഈ രീതി മാറ്റി ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യണം.

∙തിരഞ്ഞെടുപ്പ്, ലോക്ഡൗൺ തുടങ്ങിയ കാരണങ്ങളാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതു വലിയതോതിൽ കുറഞ്ഞു. ഈ സാഹചര്യത്തിൽ റാങ്ക് ലിസ്റ്റ് കാലാവധി 6 മാസം കൂടിയെങ്കിലും നീട്ടണം.

∙നൈറ്റ്‌ വാച്ച്മാൻമാരുടെ ജോലിസമയം 8 മണിക്കൂറായി ചുരുക്കി ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന തസ്തികകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുമെന്നു സർക്കാർ നൽകിയ ഉറപ്പു പാലിക്കണം.

∙ഹയർ സെക്കൻഡറി സ്കൂളുകളിൽ ലാസ്റ്റ് ഗ്രേഡ് തസ്തിക അനുവദിക്കണമെന്ന ഹൈക്കോടതി വിധി എത്രയും വേഗം നടപ്പാക്കണം.

∙ദുരന്തനിവാരണ വകുപ്പിന്റെ 2020 ഒക്ടോബര്‍ 14ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒാഫിസിൽ ജീവനക്കാർ എത്താത്തതുമൂലമുള്ള ഒഴിവുകളിൽ ആറു മാസത്തിനു ശേഷവും തുടരുന്നവ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തണം.

എൽഡി ക്ലാർക്ക് സ്ഥാനക്കയറ്റ ഒഴിവുകളുമില്ല; ലിസ്റ്റ് വീണ്ടും നീട്ടണം

എസ്.ബി.അനന്തൻ

(തിരുവനന്തപുരം ജില്ലാ എൽഡിസി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി)

∙മാർച്ച് 31നു ശേഷമുണ്ടായ വിരമിക്കൽ ഒഴിവുകളിൽ ആനുപാതിക പ്രമോഷൻ നടത്തിയിട്ടില്ല. പഞ്ചായത്ത് വകുപ്പിൽ ഒഴികെ ഇതിനുള്ള ലിസ്റ്റ് തയാറാക്കുകയോ പ്രമോഷൻ നൽകുകയോ ചെയ്തിട്ടില്ല. ഈ നടപടികൾ ഊർജിതമാക്കിയാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു കൂടുതൽ ഒഴിവുകൾ ലഭിക്കും.

∙ഉയർന്ന തസ്തികയിലെ വിരമിക്കൽ ഒഴിവുകൾക്ക് ആനുപാതികമായി എൻട്രി കേഡറിൽ തസ്തിക സൃഷ്ടിക്കാമെന്നു മുൻ സർക്കാർ വാക്കു നൽകിയിരുന്നു. കേസിൽപ്പെട്ടു പ്രമോഷൻ തടസ്സപ്പെട്ട തസ്തികകളിലും താഴേത്തട്ടിൽ നിയമനം നടത്താമെന്നു വ്യക്തമാക്കിയിരുന്നു. ഇതിൽ തുടർനടപടികൾ ഊർജിതമാക്കണം.

∙നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന ഒാഗസ്റ്റ് 4 നകം വകുപ്പുകളിൽ ഉണ്ടാകുന്ന ഒഴിവുകൾ ആന്റിസിപ്പേറ്ററിയായോ സൂപ്പർ ന്യൂമററിയായോ റിപ്പോർട്ട് ചെയ്യണം.

∙എൽഡി ക്ലാർക്കിന്റെ പ്രാഥമിക പരീക്ഷയേ നടത്തിയിട്ടുള്ളൂ. ഇനി മെയിൻ പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയായാലേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയൂ. ഒാഗസ്റ്റ് 4 നകം ഈ നടപടികൾ പൂർത്തിയാകാൻ സാധ്യതയില്ല.  പുതിയ ലിസ്റ്റ് വരുന്നതുവരെയെങ്കിലും നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി നീട്ടണം.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്ക്

ആർ.ജെ.വിഷ്ണു

(സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ്)  

∙വിരമിക്കൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ പ്രശ്നങ്ങളില്ലെങ്കിലും പുതിയ തസ്തിക സൃഷ്ടിക്കാത്തതു പ്രതിസന്ധി സൃഷ്ടിക്കുന്നു.

∙പിഎസ്‌സിയിൽ കുറച്ചു തസ്തിക സൃഷ്ടിക്കാൻ നടപടി ആരംഭിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല. ജോലിഭാരത്തിനനുസരിച്ചു തസ്തിക സൃഷ്ടിച്ചിരുന്നെങ്കിൽ കുറച്ചു പേർക്കുകൂടി നിയമനം ലഭിച്ചേനെ.

∙ഒാഡിറ്റ് ഡിപ്പാർട്മെന്റിലും അഡ്വക്കറ്റ് ജനറൽ ഒാഫിസിലും കുറച്ചു തസ്തിക സൃഷ്ടിച്ചെങ്കിലും ജോലിഭാരം നോക്കുമ്പോൾ ഇതു പോരാ.

∙ഡപ്യൂട്ടേഷൻ ഒഴിവ് യഥാസമയം റിപ്പോർട്ട് ചെയ്യാത്തതും തസ്തികമാറ്റ നിയമനം നിയന്ത്രിക്കാത്തതും റാങ്ക് ലിസ്റ്റിലെ നിയമനത്തെ പിന്നോട്ടടിക്കുന്നു. പൊതുഭരണ വകുപ്പാണ് ഒഴിവു റിപ്പോർട്ട് ചെയ്യുന്നതിൽ പിന്നാക്കം.  

∙ഒാഡിറ്റ് ഡിപ്പാർട്മെന്റ് ഒാഡിറ്റ് കമ്മിഷനാക്കാനുള്ള കഴിഞ്ഞ ബജറ്റിലെ  പ്രഖ്യാപനം നടപ്പായാൽ കൂടുതൽ തസ്തിക സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ ഇതു നടപ്പാക്കണം.

∙റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ടു മാസംകൂടിയെങ്കിലും നീട്ടിയാൽ കഴിഞ്ഞ തവണത്തെയത്രയെങ്കിലും നിയമനം നടക്കാൻ സാധ്യതയുണ്ട്.   

റിസർവ് ഡ്രൈവർ നിയമനം തടഞ്ഞുവച്ചത് പുനഃപരിശോധിക്കണം

വിനീത് ശശിധരൻ

(കെഎസ്ആർടിസി റിസർവ് ഡ്രൈവർ അസോസിയേഷൻ)

∙വിജ്ഞാപനം പ്രസിദ്ധീകരിച്ച് 7 വർഷമായ കെഎസ്ആർടിസി റിസർവ് ഡ്രൈവർ തസ്തികയുടെ റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണം.

∙2016ൽ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 2017 മാർച്ചിൽ പ്രായോഗിക പരീക്ഷ നടത്താനിരുന്ന തസ്തികയിലെ നിയമനം തടഞ്ഞുവച്ചതു പുനഃപരിശോധിക്കണം.  

∙എംപാനൽ ഡ്രൈവർമാരെ നിയമിക്കാനും സ്ഥിരപ്പെടുത്താനുമാണു പിഎസ്‌സി നിയമനം മരവിപ്പിച്ചിരിക്കുന്നത്. താൽക്കാലിക നിയമനത്തിനെതിരായ ഹൈക്കോടതി വിധിയുടെ ലംഘനമാണിത്.

∙ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട അയ്യായിരത്തിലധികം പേരുടെ അവസരം നഷ്ടമാകാതിരിക്കാൻ പുതിയ സർക്കാരും കോർപറേഷനും  അടിയന്തരമായി ഇടപെടണം.

അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തിക കുറയുന്നു; ഉള്ളതിൽ താൽക്കാലികക്കാർ പെരുകുന്നു

ടി.എസ്.റഷീദ

(അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ 

തൃശൂർ ജില്ലാ പ്രസിഡന്റ്)

∙പുതിയ തസ്തിക സൃഷ്ടിക്കലും ഒഴിവു റിപ്പോർട്ട് ചെയ്യലും നടക്കുന്നില്ല. രാജിവച്ചവരുടെയും എൻജെഡി ഒഴിവുമാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

∙മറ്റു തസ്തികകളിൽ സാങ്ഷൻഡ് സ്ട്രങ്ത് കാലാനുസൃതമായി പരിഷ്കരിക്കുമ്പോൾ ഈ തസ്തികയിൽ കുറയ്ക്കുകയാണ്. 1996ൽ 2,100 തസ്തിക ഉണ്ടായിരുന്നതു 2007ൽ 1,488 ആക്കി. ഇതിൽ 206 തസ്തിക പിന്നീട് അനുവദിച്ചെങ്കിലും 406 എണ്ണം ഇനിയും അനുവദിക്കാനുണ്ട്.

∙അനുവദനീയ തസ്തികയിൽപ്പോലും താൽക്കാലികക്കാർ ജോലി ചെയ്യുന്നു. ഈ ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത് റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്തണം.

∙ഇനിയൊരു പിഎസ്‌സി പരീക്ഷ എഴുതാനാകാതെ പ്രായപരിധി കടന്നവരാണ് ലിസ്റ്റിൽ അധികവും. ഇവർക്കു പ്രത്യേക പരിഗണന നൽകി നിയമനം നടത്തണം.

∙തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം, ലോക്ഡൗൺ തുടങ്ങിയ കാരണങ്ങളാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനും നിയമന ശുപാർശയ്ക്കും തടസ്സം നേരിട്ടു. ഈ സാഹചര്യത്തിൽ ലിസ്റ്റുകളുടെ കാലാവധി 6 മാസംകൂടിയെങ്കിലും നീട്ടണം.

കമ്പനി/കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് : ആശ്രിത നിയമനത്തിൽ ആശയറ്റ്; സ്ഥിരം ഒഴിവും കിട്ടുന്നില്ല

കിരൺ കൃഷ്ണൻ

(കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ഹോൾഡർ)

∙കെഎസ്ഇബി ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ തസ്തികയിലെ പുതിയ ഒഴിവുകൾ നാലു വർഷമായി റിപ്പോർട്ട് ചെയ്യുന്നില്ല.

∙2017നു ശേഷം 626 പ്രമോഷൻ നടന്നെങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ ഒഴിവ് റിപ്പോർട്ട് ചെയ്തില്ല.

∙അനുവദിച്ച നിശ്ചിത ശതമാനം മറികടന്നു കെഎസ്ഇബി യിൽ നടക്കുന്ന ആശ്രിത നിയമനം തിരിച്ചടിയാകുന്നു.

∙ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ തസ്തികയിലെ കേഡർ സ്ട്രങ്ത് 1,410 ആയിരിക്കെ സ്ഥിരം ജീവനക്കാർ ആയിരത്തിനടുത്തേയുള്ളൂ. സർക്കാർ ഇക്കാര്യം പരിശോധിക്കണം.

∙കെഎസ്എഫ്ഇ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും നിയമന ശുപാർശ ലഭിച്ചവർക്കു നിയമനം വൈകുന്നു. എൻജെഡി ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്തു തുടർനിയമനം നടത്താൻ ഇതു തടസ്സമാകുന്നു.

∙മലിനീകരണ നിയന്ത്രണ ബോർഡിലെ അസിസ്റ്റിന്റ് ഒഴിവുകൾ ഈ ലിസ്റ്റിലുള്ളവർക്കു ലഭിച്ചതുപോലെ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു നിയമനം നടത്തണം.

എൽ‌ഡി ടൈപ്പിസ്റ്റ്: 331 പഞ്ചായത്തിലെ തസ്തികയെവിടെ?

രഞ്ജിത്ത് ആർ.നായർ

(എൽഡി ടൈപ്പിസ്റ്റ് റാങ്ക് ഹോൾഡേഴ്സ് അഡ്മിൻ)

∙സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ ടൈപ്പിങ് ജോലികൾ നിർവഹിക്കുന്നതു താൽക്കാലിക ഡേറ്റ എൻട്രി ഒാപ്പറേറ്റർമാരാണ്. 331 പഞ്ചായത്തിൽ എൽഡി ടൈപ്പിസ്റ്റുമാരുടെ ആവശ്യകത വ്യക്തമാക്കി പഞ്ചായത്ത് ഡയറക്ടറുടെ നിർദേശം വന്നെങ്കിലും തസ്തിക അനുവദിച്ചിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ തുടർനടപടി സ്വീകരിക്കണം.

∙എൽഡി ടൈപ്പിസ്റ്റ് തസ്തികയുടെ പേര് കംപ്യൂട്ടർ അസിസ്റ്റന്റ് എന്നു മാറ്റണം. സെക്രട്ടേറിയറ്റിലും സർവകലാശാലകളിലും മാത്രമാണു പേരുമാറ്റം നടപ്പായത്.

∙ടൈപ്പിസ്റ്റുമാരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയ നടപടികൾ വേഗത്തിലാക്കി ഇതിന്റെ അടിസ്ഥാനത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം.

∙സർക്കാർ വകുപ്പുകളിൽ പുതിയ തസ്തിക അനുവദിക്കുമ്പോൾ ടൈപ്പിസ്റ്റ് തസ്തിക അവഗണിക്കുന്നതിനു മാറ്റം വരണം.

∙ആന്റിസിപ്പേറ്ററി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളും യഥാസമയം റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ മോണിറ്ററിങ് സംവിധാനം വേണം.

ഭാഷാ ന്യൂനപക്ഷ തസ്തികകൾ‌‍‍: എട്ടു വർഷമായിട്ടും വെളിച്ചംകാണാത്ത സർക്കുലർ

കെ.ഇബ്രാഹിം ശരീഫ് (കാസർകോട്)

∙കാസർകോട് ജില്ലയിലെ എല്ലാ സർക്കാർ ഒാഫിസുകളിലും 50% കന്നഡ ജീവനക്കാർ വേണമെന്ന സർക്കുലർ അടിയന്തരമായി നടപ്പാക്കണം. 2013ൽ പുറത്തിറക്കിയ സർക്കുലർ ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല.

∙കന്നഡ മീഡിയം സ്കൂളുകളിൽ എല്ലാ വിഷയങ്ങളിലെ നിയമനങ്ങൾക്കും കന്നഡ മീഡിയത്തിൽ പഠിച്ച ഉദ്യോഗാർഥികളെ പരിഗണിക്കണം.

∙കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ ജൂനിയർ കോഒാപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിൽ കന്നട അറിയാവുന്നവരെക്കൂടി ഉൾപ്പെടുത്തണം. ഇതിനായി പ്രത്യേക വിജ്ഞാപനം ഇറക്കണം.

∙പിഎസ്‌സി പരീക്ഷകളിലെ ഭാഷാന്യൂനപക്ഷ ഉദ്യോഗാർഥികളുടെ പ്രശ്നപരിഹാരത്തിനായി  സ്ഥിരം സമിതിയെ നിയമിക്കണം.

∙സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലും കന്നഡ അറിയുന്ന ഉദ്യോഗാർഥികളെ നിയമിക്കാൻ നടപടിയുണ്ടാകണം.

റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ: എന്ന് അവസാനിക്കും താൽക്കാലിക നിയമനവും സ്ഥിരപ്പെടുത്തലും?

ഫിറോസ്ഖാൻ ആലത്തൂർ

(വാച്ചർ റാങ്ക് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റ്)

∙13 ജില്ലകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ കൊല്ലം, പാലക്കാട് ജില്ലകളിൽ മാത്രമാണ് നാമമാത്രമായെങ്കിലും നിയമനം നടന്നത്. ബാക്കി ജില്ലകളിലെ നിയമനം ഏറെ പരിതാപകരം.

∙റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും താൽക്കാലിക നിയമനമാണു കൂടുതലും. ഇത് അവസാനിപ്പിക്കണം.

∙താൽക്കാലികക്കാരെ നിയമിച്ചു നിശ്ചിത വർഷം കഴിയുമ്പോൾ സ്ഥിരപ്പെടുത്തുന്ന നടപടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു കനത്ത തിരിച്ചടിയാകുന്നു.

∙റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസംകൂടിയെങ്കിലും നീട്ടി നിയമനം വേഗത്തിലാക്കാൻ മുൻകൈയെടുക്കണം.

എൽഡിവി ഡ്രൈവർ 

ഡ്രൈവർമാരെ വേണ്ടേ സർക്കാരേ...?!

സിജോ ജോസ്

(എൽഡിവി ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറി)

∙കോടതി ഉത്തരവു പ്രകാരം പ്രൊവിഷനലായി റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ സ്ഥിരം തസ്തിക സൃഷ്ടിച്ച്, നിലവിലെ റാങ്ക് ലിസ്റ്റിൽനിന്നുതന്നെ നിയമനം നടത്തണം.

∙പല സർക്കാർ വകുപ്പിലും ഡ്രൈവർ തസ്തിക സൃഷ്ടിച്ചിട്ടില്ല. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണം.

∙പുതിയ ഡ്രൈവർ തസ്തിക സൃഷ്ടിക്കാൻ മാറിമാറി വരുന്ന സർക്കാരുകൾ താൽപര്യം കാണിക്കാറില്ല. ഇതിനു മാറ്റം വരണം. മറ്റു തസ്തികകൾക്കു നൽകുന്ന പ്രാധാന്യം ഡ്രൈവർ തസ്തികയ്ക്കും നൽകണം.

∙റാങ്ക് ലിസ്റ്റ് കാലാവധി ഒാഗസ്റ്റ് 4 വരെ നീട്ടിയെങ്കിലും നിയമനങ്ങൾ തീരെ കുറവാണ്. ഈ സാഹചര്യത്തിൽ ഒരു വർഷംകൂടിയെങ്കിലും  കാലാവധി നീട്ടണം.

English Summary: Kerala PSC Worries By Rank Holders

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA