എംസിഎ കഴിഞ്ഞ് ലക്ഷ്യത്തിലെത്താൻ ഡെലിവറി ബോയി ആയി; ഇന്ന് അഞ്ചര ലക്ഷം രൂപ ശമ്പളം

HIGHLIGHTS
  • കോഴ്സ് ചെയ്തുകൊണ്ടിരിക്കുമ്പോഴും അവൻ മറ്റു ജോലികൾ അന്വേഷിക്കുന്നുണ്ടായിരുന്നു
young-man
Representative Image. VineetSaraiwala. Photo Credit :AJP/vineetsaraiwala
SHARE

അങ്കമാലിക്കാരനായ ഒരു ചെറുപ്പക്കാരനെ ഇത്തവണ പരിചയപ്പെടുത്താം. സർക്കാർ സ്കൂളിൽനിന്നു പ്ലസ് ടു പാസായശേഷം ആലുവ യുസി കോളജിൽനിന്നു ബിഎസ്‍സി ഇലക്ട്രോണിക്സ് പൂർത്തിയാക്കി. തുടർന്ന് കുസാറ്റിൽ എംസിഎ പ്രവേശനം നേടി. അച്ഛൻ തയ്യൽക്കാരൻ, അമ്മ വീട്ടമ്മ, സഹോദരൻ ക്രെയിൻ ഓപ്പറേറ്റർ. ഇത്രയുമാണ്, പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ചെറുപ്പക്കാരന്റെ അടിസ്ഥാന വിവരങ്ങൾ. 

2020 ൽ എംസിഎ പൂർത്തിയാക്കി. ജോലികൾ പലതും അന്വേഷിച്ചു, ശരിയായില്ല. ജോലിക്കു സഹായിക്കുന്ന ഏതെങ്കിലും കോഴ്സ് കൂടി പഠിക്കണമെന്ന മോഹം ഉള്ളിലുണ്ടായിരുന്നു. താൽപര്യമുള്ളൊരു കോഴ്സ് കണ്ടെത്തി. അതിനു ഫീസ് 33,000 രൂപ വരും. വീട്ടുകാരെ ഇനിയും ബുദ്ധിമുട്ടിക്കേണ്ടെന്ന് അവൻ തീർച്ചപ്പെടുത്തി. ഫീസിനു തുക കണ്ടെത്താനായി അവൻ പാർട് ടൈമായി Zomato ഡെലിവറി ബോയ് ആയി ജോലിക്കു ചേർന്നു. ഒരു ഇരുചക്രവാഹനം സംഘടിപ്പിച്ചു. മാസം 12,000–15,000 രൂപ അതുവഴി വേതനം കിട്ടിത്തുടങ്ങി. 

മറ്റു രാജ്യങ്ങളിൽ ഈ രീതി അത്ര അപൂർവമല്ല. നല്ല വിദ്യാഭ്യാസമുള്ളവർപോലും പാർട് ടൈമായി പല ജോലിക്കും പോകും. പക്ഷേ, നമ്മുടെ നാട്ടിൽ ഇപ്പോഴും ചിന്ത അങ്ങനെയല്ല. ‘എംസിഎ കഴിഞ്ഞിട്ട് എങ്ങനെ ഡെലിവറി ബോയ് ആയി ജോലി ചെയ്യും’ എന്നാണ് ഇവിടത്തെ ചിന്താരീതി. അതിൽനിന്നു വഴി മാറി ചിന്തിച്ചു എന്നതാണ് ഈ ചെറുപ്പക്കാരനിൽ ഞാൻ കണ്ട പ്രധാന ആകർഷണം. 

കോഴ്സ് ചെയ്തുകൊണ്ടിരിക്കുമ്പോഴും അവൻ മറ്റു ജോലികൾ അന്വേഷിക്കുന്നുണ്ടായിരുന്നു. പല ഇന്റർവ്യൂകൾക്കും പോയി. ഫുൾ സ്റ്റാക്ക് ഡവലപ്പർ കോഴ്സാണ് അവൻ ചെയ്തത്. ഇന്ന് ഐടി മേഖലയിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു മേഖലയാണത്. അവൻ പങ്കെടുത്ത ഒരു ഇന്റർവ്യൂവിൽ വച്ചാണു ഞാൻ പരിചയപ്പെടുന്നത്. ഒരു ഓഫർ കൊടുക്കുകയും ചെയ്തു. പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോൾ ‘ഞാൻ ആ ജോലിക്കു ജോയിൻ ചെയ്യുന്നില്ല’ എന്നാണ് അയാൾ അറിയിച്ചത്. കാരണം, അവന് അതിലും വലിയൊരു ഓഫർ കൊച്ചിയിൽത്തന്നെ കിട്ടിയിരുന്നു. ശമ്പളം: വർഷം അഞ്ചര ലക്ഷം രൂപ! 

ഇത്തരം അദ്ഭുതങ്ങൾ പലരുടെ ജീവിതത്തിലും സംഭവിക്കാം. പക്ഷേ, അതു വെറും അദ്ഭുതമല്ലാതെ, സ്വന്തം പ്രയത്നത്താൽ നേടിയെടുത്തു എന്നതാണ് ഈ യുവാവിൽ കണ്ട വേറിട്ട കാര്യം. എംസിഎ കഴിഞ്ഞപ്പോഴും, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താൽപര്യം അവൻ കെടുത്തിയില്ല. ട്രെയിനിങ് സെന്ററിൽ പോയല്ലാതെ ഓൺലൈനായി ഇത്തരം വാല്യു ആഡഡ് കോഴ്സുകൾ പഠിക്കാവുന്ന ധാരാളം സാധ്യതകൾ ഇപ്പോഴുണ്ട്. സോഫ്റ്റ്‌വെയർ പശ്ചാത്തലമുള്ളവർക്കായി GIG Economy എന്നൊരു സാധ്യതയും ഇപ്പോഴുണ്ട്. സോഫ്റ്റ്‌വെയർ മേഖലയിൽത്തന്നെ ചെറിയ ജോലികൾ ചെയ്തുകൊണ്ടു വരുമാനം സ്ഥിരമായി നേടാവുന്ന അവസരമാണിത്. 

പ്രായപൂർത്തിയായ വിദ്യാർഥികൾക്കും ജോലി ചെയ്യാവുന്നവിധം സർക്കാർ ചട്ടങ്ങളിൽ അടുത്തിടെ ചില ഇളവുകൾ വന്നിട്ടുണ്ട്. യോഗ്യതയ്ക്കനുസരിച്ചുള്ള അവസരം വരുന്നതുവരെ കാത്തുനിൽക്കാതെ, ജോലിയിലേക്കു കടക്കാനുള്ള നല്ലൊരു വാതിലായി ഈ സാധ്യത ചെറുപ്പക്കാർക്ക് ഉപയോഗിക്കാവുന്നതാണ്. ചെറുതെങ്കിലും സ്ഥിരമായൊരു വരുമാനം ആ പ്രായത്തിൽ നൽകുന്ന ആത്മവിശ്വാസവും ചെറുതായിരിക്കില്ല. 

English Summary: Vijayatheerangal-Career Column By G Vijayaraghavan

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA