ADVERTISEMENT

പ്ലസ്‌ടു ജയിച്ച ആൺകുട്ടികൾക്ക് കര, നാവിക വ്യോമസേനകളിൽ കമ്മിഷൻഡ് ഓഫിസർമാരായി സേവനം അനുഷ്‌ഠിക്കാൻ വഴിയൊരുക്കുന്ന എൻഡിഎ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.

 

പുണെയ്ക്കു സമീപമുള്ള ഖഡക്‌വാസലയിൽ മികച്ച അടിസ്‌ഥാന സൗകര്യങ്ങളോടെ പ്രതിരോധമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ ഡിഫൻസ് അക്കാദമിയിലെയും കണ്ണൂർ ഏഴിമലയിലെ നേവൽ അക്കാദമിയിലെയും പരിശീലനത്തിനായി കെഡറ്റുകളെ തിരഞ്ഞെടുക്കാൻ യുപിഎസ്‌സി സെപ്റ്റംബർ 5ന് ദേശീയതലത്തിൽ പരീക്ഷ നടത്തും. തിരുവനന്തപുരം, കൊച്ചി, െബംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവയും പരീക്ഷാകേന്ദ്രങ്ങളിൽ പെടും. അപേക്ഷ കിട്ടുന്ന മുറയ്ക്ക് കേന്ദ്രം അലോട്ട് ചെയ്യും.

 

ആകെ 400 സീറ്റ്. എൻഡിഎയിൽ ആർമി 208, നേവി 42, എയർ ഫോഴ്‌സ് 120 (28 ഗ്രൗണ്ട് ഡ്യൂട്ടിയടക്കം). ഏഴിമലയിലെ നേവൽ അക്കാദമിയിൽ 30.

നാവികസേനയിലോ വ്യോമസേനയിലോ ചേരാൻ പ്ലസ്‌ ടുവിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം. ഐച്ഛിക വിഷയങ്ങൾ ഏതായാലും കരസേനയിലേക്കു പരിഗണിക്കും. 12ലെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2022 ജൂൺ 24ന് അകം സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ജനനത്തീയതി 2003 ജനുവരി 2 നു മുൻപോ 2006 ജനുവരി ഒന്നിനു ശേഷമോ ആയിക്കൂടാ.

 

മികച്ച ആരോഗ്യവും ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ വൈദ്യ പരിശോധനയുണ്ട്. 

യുപിഎസ്‌സി നടത്തുന്ന എഴുത്തുപരീക്ഷയിലെ പ്രകടനം ആധാരമാക്കി അപേക്ഷകരെ റാങ്ക് ചെയ്‌ത് എസ്‌എസ്‌ബി 5 ദിവസം നീളുന്ന സമഗ്ര വ്യക്‌തിത്വ പരിശോധനയ്ക്കു ക്ഷണിക്കും. കായികവും മാനസികവുമായ ശേഷികളും അഭിരുചികളും വിലയിരുത്തിയാണു തിരഞ്ഞെടുപ്പ്. മെറിറ്റ് മാത്രമാണ് മാനദണ്ഡം. ജാതി സംവരണമില്ല. 

 

വ്യോമസേനയിലെ ഫ്ലയിങ് ബ്രാഞ്ചിൽ ചേരേണ്ടവർ പൈലറ്റ്–അഭിരുചി നിർണയിക്കുന്ന ‘കംപ്യൂട്ടറൈസ്ഡ് പൈലറ്റ് സിലക്‌ഷൻ ടെസ്റ്റ്’ (CPSS) കൂടി ജയിക്കണം.

 

എൻഡിഎയിലെ പഠനച്ചെലവ് സർക്കാർ വഹിക്കും. താമസം, ഭക്ഷണം, യൂണിഫോം, രോഗചികിത്സ, പുസ്‌തകങ്ങൾ മുതലായവയും സൗജന്യം. വസ്‌ത്രം, പോക്കറ്റ് അലവൻസ് മുതലായവയ്ക്ക് തുടക്കത്തിൽ 59,850 രൂപ കെട്ടിവയ്‌ക്കണം. അർഹതയുള്ളവർക്കു സ്കോളർഷിപ്പിനും അവസരമുണ്ട്.

2022 ജൂലൈ 2 മുതൽ 3 വർഷം എൻഡിഎയിൽ പ്രാഥമിക പരിശീലനം. ഇതു പൂർത്തിയാക്കുമ്പോഴോ തുടർന്ന് പ്രീ–കമ്മിഷൻ ട്രെയിനിങ് വേളയിലോ ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ബിടെക് / ബിഎസ്‌സി / ബിഎ ബിരുദം ലഭിക്കും. പാസിങ് ഔട്ട് കഴിഞ്ഞ് ആർമി, നേവി, എയർഫോഴ്‌സ് വിഭാഗക്കാരെ വിദഗ്ധ പരിശീലനത്തിന് അയയ്‌ക്കും. 

 

ആർമിക്കാർക്ക് ഒരു വർഷത്തിനു ശേഷം ലഫ്‌റ്റനന്റ് റാങ്കിൽ സ്‌ഥിരം കമ്മിഷൻ ലഭിക്കും. നേവിക്കാർക്ക് ഏഴിമലയിൽ ഒരു വർഷത്തെ ട്രെയിനിങ്ങിനു ശേഷം സബ് ലഫ്‌റ്റനന്റ് ആകാം. എയർഫോഴ്‌സുകാർക്കാകട്ടെ, ഒന്നര വർഷം പറക്കാൻ പഠിക്കാം. ഒരു വർഷത്തെ പരിശീലനം കഴിയുമ്പോൾ ഫ്ലയിങ് ഓഫിസർ റാങ്കിൽ കമ്മിഷൻ ലഭിക്കും.

 

നേവൽ അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 4 വർഷം കണ്ണൂരിനടുത്തുള്ള ഏഴിമലയിലെ പരിശീലനത്തിനു ശേഷം ബിടെക് കിട്ടും. വിദഗ്ധ പരിശീലന കാലത്ത് ഗണ്യമായ പ്രതിമാസ സ്‌റ്റൈപ്പൻഡുണ്ട്. കമ്മിഷൻഡ് ഓഫിസർ ആകുന്നതോടെ ആകർഷകമായ വേതനത്തിനു പുറമേ ആനുകൂല്യങ്ങളും ലഭിക്കും.

 

പ്രവേശന പരീക്ഷ ഇങ്ങനെ

∙യുപിഎസ്‌സി പരീക്ഷയിൽ ഒബ്‌ജക്ടീവ് ചോദ്യങ്ങളുള്ള 2 പേപ്പറുകൾ. ഓരോന്നും രണ്ടര മണിക്കൂർ. മാത്തമാറ്റിക്സ് 300 മാർക്ക്, ജനറൽ എബിലിറ്റി 600 മാർക്ക്. തെറ്റിനു മാർക്കു കുറയ്ക്കും.

∙മാത്തമാറ്റിക്സ് പേപ്പറിൽ ഓൾജിബ്ര, മറ്റ്രിസസ്, ഡിറ്റർമിനന്റ്‌സ്, ട്രിഗണോമെട്രി, ടൂ ആൻഡ് ത്രീ ഡൈമെൻഷനൽ അനലിറ്റിക്കൽ ജ്യോമെട്രി, ഡിഫറൻഷ്യൽ / ഇന്റഗ്രൽ കാൽക്കുലസ്, ഡിഫൻഷ്യൽ ഇക്വേഷൻസ്, വെക്‌റ്റർ ഓൾജിബ്ര, സ്‌റ്റാറ്റിസ്‌റ്റിക്‌സ് & പ്രോബബിലിറ്റി എന്നിവ അടങ്ങിയിരിക്കും.

∙ജനറൽ സ്‌റ്റഡീസ് പേപ്പറിൽ ജനറൽ ഇംഗ്ലിഷ്, പൊതുവിജ്‌ഞാനം എന്നിവയാണ്.

∙പൊതുവിജ്‌ഞാനത്തിൽ ഫിസിക്‌സ്, കെമിസ്‌ട്രി, ജനറൽ സയൻസ്, ചരിത്രം, സ്വാതന്ത്ര്യസമരം, ഭൂമിശാസ്‌ത്രം, ആനുകാലിക സംഭവങ്ങൾ എന്നിവ ഉൾപ്പെടും.

∙വിശദമായ സിലബസും മുൻപരീക്ഷയുടെ ചോദ്യങ്ങളും ഉപയോഗിച്ചു പരിശീലനം നടത്തുന്നതു പ്രധാനം. പരീക്ഷയിൽ മാത്തമാറ്റിക്കൽ ടേബിളോ കാൽക്കുലേറ്ററോ അനുവദിക്കില്ല.

∙900 മാർക്കുള്ള എസ്‌എസ്‌ബി ഇന്റർവ്യൂവിനു പ്രായോഗിക പരിശീലനം നേടി വേണം പങ്കെടുക്കാൻ. എഴുത്തുപരീക്ഷയുടെ സിലബസ് യുപിഎസ്‌സി വിജ്‌ഞാപനത്തിലുണ്ട്.

∙അപേക്ഷ 29 വരെ www.upsconline.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. ഫീസ് 100 രൂപ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതു ശാഖയിലും പണമടയ്‌ക്കാം. ഓൺലൈൻ രീതിയുമാകാം. പട്ടികവിഭാഗക്കാർ അപേക്ഷാഫീ നൽകേണ്ടതില്ല www.upsc.gov.in എന്ന സൈറ്റിലെ Examination ലിങ്കിൽ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനമുണ്ട്. സംശയപരിഹാരത്തിന് ഫോൺ : 011-23385271.

English Summary: Commissioned Officer Recruitment In Indian Defence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com