വിഡിയോ ഇന്റർവ്യൂ ആണെങ്കിൽ നേരിട്ടുള്ളതിനേക്കാൾ ശ്രദ്ധ വേണം; ഈ കാര്യങ്ങൾ മറക്കരുത്

HIGHLIGHTS
  • സ്വന്തം വ്യക്തിത്വം നേരിട്ടു വ്യക്തമാക്കാനുള്ള നല്ല അവസരമായി ഇതിനെ കാണാം
video-interview
Representative Image. Photo Credit: Andrey_Popov/ Shutterstock.com
SHARE

ആശയവിനിമയരംഗത്തെ വിസ്മയകരമായ കുതിച്ചുചാട്ടങ്ങൾ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലും വൻമാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അപേക്ഷകന്റെ സി.വി. തപാൽമാർഗ്ഗം അയച്ചു കൊടുത്തു ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട ദുഃഖം ഇന്നില്ല. വിദേശത്തു വിവരം എത്തിക്കാൻ ആഴ്ചകൾതന്നെ വേണ്ടിവന്നിരുന്നല്ലോ. ഇ-മെയിൽ സാർവത്രികമായതോടെ സെക്കൻഡുകൾക്കകം ലോകത്തിന്റെ ഏതു ഭാഗത്തും വിവരങ്ങൾ എത്തിക്കാവുന്ന നിലയായി. ഉദ്യോഗം സംബന്ധിച്ച വിശദാംശങ്ങൾ ഇന്റർനെറ്റ്‌വഴി വെബ് പേജിലെത്തി ശേഖരിക്കുക, അവിടെ വച്ചുതന്നെ അപേക്ഷകൻ വിവരങ്ങൾ സമർപ്പിക്കുക എന്ന രീതിയും ഇന്നു നടപ്പിലുണ്ട്.

ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിലെ നിയമത്തിനു മുൻപ് ഇന്റർവ്യൂ അവശ്യഘടകമാണ്. ഉദ്യോഗാർത്ഥിയുടെ പരീക്ഷായോഗ്യതയ്ക്കും അറിവിനുമുപരി വ്യക്തിത്വഗുണങ്ങൾ നിർണയിക്കാനുള്ള മാർഗമാണ് ഇന്റർവ്യൂ. ആശയവിനിമയശേഷി, പ്രസന്നത, മുൻകൈയെടുക്കാനുള്ള കഴിവ്, ആത്മവിശ്വാസം, സഹകരണശീലം, ജോലിയോടുള്ള സമീപനം, യുക്തിബോധം, ആത്മാർത്ഥത തുടങ്ങിയവ ഏതാനും മിനിറ്റ് നേരത്തെ മുഖാമുഖപരീക്ഷവഴി വിദഗ്ദ്ധർക്ക് ഒരു പരിധിവരെ വിലയിരുത്താൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദൂരദിക്കിലോ വിദേശരാജ്യത്തുതന്നെയോ ഉള്ളയാളെ ഇന്റർവ്യൂ ചെയ്യാൻ  ഉദ്യോഗദാതാവിനു പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടായിരിക്കും. യാത്രച്ചെലവും കാലതാമസവും ഒഴിവാക്കാൻ പല സ്വകാര്യസ്ഥാപനങ്ങളും ടെലിഫോൺവഴി ഇന്റർവ്യൂ നടത്താറുണ്ട്. പക്ഷേ അടുത്ത കാലത്ത് ടെലിഫോൺ ഇന്റർവ്യൂ പോയി, ഉദ്യോഗാർത്ഥിയുടെ മുഖത്തുനോക്കി സംസാരിക്കാവുന്ന വീഡിയോ ഇന്റർവ്യൂ ഗണ്യമായ പ്രചാരം കൈവരിച്ചുകഴിഞ്ഞു. നമുക്ക് അതിന്റെ വിശദാംശങ്ങൾ നോക്കാം.

lady
Representative Image. Photo Credit: fizkes/ Shutterstock.com

താരതമ്യേന ഉയർന്ന ജോലികൾക്കും ജോലി മാറി ചെല്ലുന്നവരുടെ നിയമനത്തിനുമാണ് വീഡിയോ ഇന്റർവ്യൂ കൂടുതലായി ഉപയോഗിച്ചുവരുന്നത്. ടെലിഫോണിലല്ല, വീഡിയോയിലൂടെ ഉദ്യോഗദാതാവിനെ മുഖാമുഖം കണ്ടാണു സംസാരിക്കേണ്ടത് എന്നു കേൾക്കുമ്പോൾത്തന്നെ ചിലർക്കു തെല്ലു പരിഭ്രമം തോന്നാം. പക്ഷേ, ഉദ്യോഗദാതാവും നമ്മെപ്പോലെയുള്ള മനുഷ്യൻ തന്നെയാണെന്നത് ഓർത്ത് യാതൊരു പിരിമുറുക്കത്തിനും വശംവദനാകാതെ ആത്മവിശ്വാസത്തോടെ ഇന്റർവ്യൂവിനെ സമീപിക്കുന്നതാണ് വിജയത്തിലേക്കുള്ള വഴി. എന്നല്ല, സ്വന്തം വ്യക്തിത്വം നേരിട്ടു വ്യക്തമാക്കാനുള്ള നല്ല അവസരമായി  ഇതിനെ കാണുകയുമാകാം.

ആശങ്ക വേണ്ട

വീഡിയോയിൽ എന്റെ രൂപം എങ്ങനെയാകും, കംപ്യൂട്ടറോ ഇന്റർനെറ്റോ തകരാറിലായാൽ ഇന്റർവ്യൂവിന്റെ ഗതിയെന്താകും എന്നുതുടങ്ങിയ ആശങ്ക പലർക്കുമുണ്ടാകാം. മൈക്ക്, ക്യാമറ, സ്പീക്കർ, ഇന്റർെനറ്റ്–സ്പീഡ്, പ്രകാശസംവിധാനം എന്നിവ പരിശോധിച്ച് എല്ലാം ഭദ്രമെന്ന് ഉറപ്പാക്കുന്നതിനപ്പുറം ഒന്നും ചെയ്യാനില്ല. തുറന്ന ജന്നൽ പിന്നിലുണ്ടെങ്കിൽ, മുഖത്തു നിഴൽ വീഴാം. തുറന്ന ജന്നലിനെ നോക്കിയിരുന്നാൽ ഈ പ്രയാസം ഒഴിവാകും. രാത്രിയാണ് ഇന്റർവ്യൂ എങ്കിൽ ഒന്നോ രണ്ടോ ലാമ്പുകൾ വച്ച് മുഖം തെളിക്കാം. ഏതു ടെക്നോളജിക്കും ചിലപ്പോൾ തകരാറ് വരാം. അതെപ്പറ്റി അമിതമായ ആശങ്ക വച്ചുപുലർത്തി ഇന്റർവ്യൂ മോശമാക്കരുത്. അത്യാവശ്യത്തിനു ബന്ധപ്പെടാവുന്ന ഫോൺ നമ്പർ ഇന്റർവ്യൂ ചെയ്യുന്നയാളുമായി കൈമാറിയേക്കുക. വൻതുകകൾ ചെലവുചെയ്ത് എത്രയോ വിദഗ്ധശാസ്ത്രജ്ഞർ വർഷങ്ങളോളം ശ്രദ്ധിച്ചു തയ്യാറെടുത്ത് വിക്ഷേപിക്കുന്ന സ്പേസ്റോക്കറ്റ് പോലും ചിലപ്പോൾ വേണ്ടവിധം പ്രവർത്തിക്കാറില്ല. അതുകൊണ്ട് സ്പേസ്പര്യവേക്ഷണം വേണ്ടെന്നു വയ്ക്കാറില്ലല്ലോ.

സ്‌നേഹിതരോടോ ബന്ധുക്കളോടോ രണ്ടുമൂന്നു പ്രാവശ്യമെങ്കിലും വീഡിയോവഴി സംസാരിച്ച് അതിന്റെ രീതിയുമായി പരിചയപ്പെട്ടിരിക്കണം. ക്യാമറ നോക്കിയുള്ള സംസാരത്തിൽ അസ്വാഭാവികതയോ മറ്റു പോരായ്മയോ ഉണ്ടോയെന്നു ചോദിച്ചു മനസ്സിലാക്കി, തെറ്റു തിരുത്തുന്നതു പ്രധാനം. ഇക്കാര്യത്തിൽ പരിശീലനം നല്കുന്ന ചെറുസ്ഥാപനങ്ങളുണ്ട്. ക്യാമറയുടെ മുന്നിൽ ആദ്യം വരുന്നവർക്ക് തെല്ലു സങ്കോചം സ്വാഭാവികമാണ്. കുറെ പരിചയിക്കുന്നതോടെ ഇതില്ലാതാകും. ശുഭകാംക്ഷികളുടെ സഹായത്തോടെ എത്ര കൂടുതൽ പരിശീലിച്ച് പ്രകടനം മെച്ചപ്പെടുത്തുന്നോ അത്രയും നന്ന്.

video-interview
Representative Image. Photo Credit: fizkes/ Shutterstock.com

ശൈലിയും സമീപനവും

റിഹേഴ്സൽസമയത്ത് നിങ്ങളുടെ ഇരിപ്പെങ്ങനെ, വേഷമെങ്ങനെ, ക്യാമറ ആംഗിളനുസരിച്ച് ഏതു രൂപത്തിലാണ് ചിത്രം മറുതലയിൽ കാണുന്നത് എന്നിവ വിലയിരുത്തി ആവശ്യമെങ്കിൽ തിരുത്തണം. ക്യാമറയിൽനിന്നുള്ള അകലം ബുദ്ധിപൂർവ്വം മാറ്റേണ്ടിവരാം. നോട്ടം സ്ക്രീനിലേക്കായിപ്പോകാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കി, ക്യാമറയുടെ ലെൻസിലേക്കു തന്നെ നോക്കണം. ഓർമ്മ  വയ്‌ക്കേണ്ട കാര്യങ്ങൾ പോയിന്റുകളായെഴുതി നിങ്ങൾക്കു കാണാനാവുംവിധം മുന്നിൽ ക്യാമറയ്ക്കു സമീപം വയ്ക്കാം. (നമ്മുടെ മുഖത്തു നോക്കി പറയുന്നുവെന്നു തോന്നിക്കുന്ന ടെലിവിഷൻ ന്യൂസ് റീഡർമാർ ക്യാമറയുടെ അടുത്തുവച്ചിട്ടുള്ള ടെലിപ്രോംപ്റ്റർ നോക്കി വായിക്കുകയാണെന്നതാണ് വാസ്തവം). 

കസേരയിലിരുന്ന് അനാവശ്യമായി തിരിയുകയും മറിയുകയും വേണ്ട. കൈയുടെ ചലനങ്ങളിലും ശ്രദ്ധ വേണം. അംഗവിക്ഷേപങ്ങൾ അധികമാകരുത്. ചെവി തിരുമ്മുക, മുടിയിലോ മൂക്കിനറ്റത്തോ വിരലോടിക്കുക, ഷർട്ട്ബട്ടൺ തിരിക്കുക, വസ്ത്രത്തലപ്പുകൾ വലിക്കുക മുതലായ ചേഷ്ടാവൈകൃതങ്ങൾ (mannerisms) ഒഴിവാക്കുക. തറയിലേക്കോ, മച്ചിലേക്കോ, എഴുതി താഴെ വച്ചിരിക്കുന്ന കടലാസിലേക്കോ നോക്കാൻ ഇടവരരുത്. ഇന്റർവ്യൂ ചെയ്യുന്നയാളുമായി കണ്ണുകൾവഴി സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കണം എന്ന തത്ത്വം ഇവിടെ മറ്റൊരു രീതിയിൽ നാം പാലിക്കുകയാണ്.

interview
Representative Image. Photo Credit: insta_photos/ Shutterstock.com

നിങ്ങളുടെ പ്രവർത്തനമേഖലയെയും വിഷയത്തെയും സംബന്ധിച്ച വിശദവിവരങ്ങൾ, ഭാഷാസാമർത്ഥ്യം, പൊതുവിജ്ഞാനം തുടങ്ങിയവയിൽ പ്രാവീണ്യം നേടാനുള്ള ദീർഘകാലാസൂത്രണം തീർച്ചയായും ഉണ്ടായിരിക്കണം. ജോലി നല്കുന്ന കമ്പനിയെപ്പറ്റിയുള്ള പരമാവധി വിവരങ്ങൾ ശേഖരിക്കുന്നതു താത്കാലികാസൂത്രണത്തിന്റെ ഭാഗമാണ്. കമ്പനിയുടെ ഉത്പന്നങ്ങൾ/സേവനങ്ങൾ, വലിപ്പം, ശാഖകൾ എന്നിവ പ്രധാനമാണ്. കമ്പനിയുമായി കിടമത്സരത്തിൽ ഏർപ്പെടുന്ന മറ്റു കമ്പനികളുടെ കാര്യങ്ങൾ, നിങ്ങൾക്കു കിട്ടാൻ പോകുന്ന ജോലിയിലെ ഉത്തരവാദിത്വങ്ങൾ, നിങ്ങളിൽനിന്നു കമ്പനി പ്രതീക്ഷിക്കുന്ന സേവനശൈലി എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. 

ഇവയെല്ലാം മനസ്സിൽ വച്ചുകൊണ്ട്, ഇവയ്ക്കിണങ്ങുന്ന ശേഷികളും സമീപനവും നിങ്ങൾക്കുണ്ടെന്നു സൂചിപ്പിക്കുന്ന തരത്തിൽ വേണം സംസാരിക്കുക. സ്ഫുടമായി സംസാരിക്കുക, തെറ്റുകൾ പറഞ്ഞിട്ട് അവ തിരുത്തുന്നതിനു പകരം ആദ്യമേ ശരിതന്നെ പറയുക, മുക്കലും മൂളലും ഒഴിവാക്കി വാക്കുകൾകൊണ്ടു മാത്രം മറുപടി നല്കുക, വാക്കിനു വാക്കു പറഞ്ഞ് തർക്കിക്കാതിരിക്കുക, ക്ഷോഭം ഒഴിവാക്കുക, I think, You see മുതലായവ ആവർത്തിക്കാതിരിക്കുക, ചോദ്യത്തിനു മാത്രം മറുപടി നല്കുകയും കാടുകയറൽ ഒഴിവാക്കുകയും ചെയ്യുക, അറിയാൻ വയ്യാത്ത കാര്യം തുറന്നു സമ്മതിക്കുക, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധത കാട്ടുക, പറഞ്ഞു കബളിപ്പിക്കാൻ ശ്രമിക്കാതിരിക്കുക, ആത്മവിശ്വാസം സ്ഫുരിപ്പിക്കുക എന്നിവ സാധാരണ ഇന്റർവ്യൂവിലെപ്പോലെ ഇവിടെയും സ്വീകരിക്കണം. ജോലി മാറുന്നവർ പഴയ കമ്പനിയെ പഴിക്കാൻ തുനിയരുത്.

English Summary: Video Interview Tips for a Successful Interview

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA