കോവിഡാനന്തരകാലത്തെ വിദ്യാഭ്യാസവും ലോക മാതൃകകളും

school-student
Representative Image. Photo Credit: lakshmiprasada S/ Shutterstock.com
SHARE

(വിവിധ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ കോവിഡ് മഹാമാരിയെ നേരിടാനായി വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തിയ നൂതന മാതൃകകളും, അവര്‍ നേരിട്ട സങ്കീര്‍ണതകളും അവലോകനം ചെയ്യുവാനും നാളെയുടെ ലോകത്തിലേക്ക് വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുനര്‍നിര്‍മാണത്തിലേക്കു വഴിവെക്കുന്ന പുതിയ വാര്‍പ്പു മാതൃകകള്‍ നിര്‍മ്മിക്കുന്നതും ലക്ഷ്യമാക്കി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി, കൊച്ചി കാമ്പസ് നടപ്പിലാക്കിയ ഏഴു ദിവസത്തെ ആഗോള സംവാദത്തില്‍ ശ്രീലങ്ക, ഉക്രൈന്‍, കാനഡ, ജോര്‍ജിയ, ക്രോയേഷ്യ, അസര്‍ഭായിജാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്ദ്ധരുമായി നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്. )

സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ എന്നപോലെ നമ്മുടെ വിദ്യാഭ്യാസ രംഗത്തും ഒട്ടനവധി പ്രതിസന്ധികള്‍ കോവിഡ് 19 മഹാമാരി വരുത്തിയിട്ടുണ്ട്. എന്നാല്‍ സമസ്യകളുണ്ടാകുമ്പോള്‍ അതിന് പരിഹാരം കാണുവാന്‍ മാനവരാശിക്ക് സാധിക്കുമെന്നതിനാല്‍ നിരവധി നൂതന ആശയങ്ങള്‍ കോവിഡാനന്തര ലോകത്തിന് വേണ്ടി നമ്മുടെ സമൂഹം സംഭാവന ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പരമ്പരാഗതമായ വിദ്യാഭ്യാസ രീതിക്ക് മാറ്റത്തിന് തുടക്കം കുറിക്കാന്‍ കോവിഡ് കാലത്ത് സാധിച്ചുവെന്ന് പറയുന്നതില്‍ തെറ്റില്ല. ക്ലാസ് മുറികളില്‍ ഒന്നിച്ചിരുന്നുള്ള പഠന രീതിയില്‍ നിന്ന്  വീടുകളിലിരുന്ന് ഇരുന്ന് ഓണ്‍ലൈന്‍ മുഖാന്തിരം പഠനം നടത്തുവാന്‍ നമ്മുടെ കുട്ടികള്‍ ശീലിച്ചുതുടങ്ങി എന്നതാണ് കോവിഡ് സൃഷ്ടിച്ച വലിയ മാറ്റം.

കേരളം അവലംബിച്ച വിദ്യാഭ്യാസ മാതൃകകള്‍

കോവിഡാനന്തര വിദ്യാഭ്യാസമെന്നത്  പരമ്പരാഗത പഠന രീതിയില്‍ നിന്ന് ആര്‍ജ്ജിച്ച അറിവുകളും കോവിഡ് കാലത്ത് നടപ്പിലാക്കിയ ആശയങ്ങളും സമന്വയിപ്പിച്ച് രൂപപ്പെടുത്തേണ്ട മാതൃകയാണെന്നതില്‍ സംശയമില്ല.

 കേരള സാക്ഷരതാ മിഷനും, ഉന്നത വിദ്യാഭ്യാസ വകുപ്പും, പൊതു വിദ്യാഭാസ വകുപ്പുമെല്ലാം അദ്ധ്യാപക- മാനേജ്‌മെന്റ് -പിറ്റിഎ  സഹകരണത്തോടു കൂടി നിരവധി മാതൃകകള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ അവലംബിക്കുകയുണ്ടായി. ആദിവാസി ഭാഷയില്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്കായി അതേ ഭാഷയില്‍ വീഡിയോകള്‍ സൃഷ്ടിച്ചതും, ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ അപര്യാപ്തമായവര്‍ക്ക് എത്തിച്ചു നല്‍കിയ രാഷ്ട്രീയ-സാംസകാരിക- അദ്ധ്യാപക സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളും , നൂതന ടെക്‌നോളജി ഉപയോഗിച്ചു നടപ്പില്‍ വരുത്തുന്ന അദ്ധ്യാപന രീതികളുമെല്ലാം ആഗോളതലത്തില്‍  ശ്രദ്ധയാകര്‍ഷിച്ച മാതൃകകളായിരുന്നു. പൂര്‍ണമായും മികവുറ്റതെന്നോ പിഴവുകളില്ലാത്തതെന്നോ പറയുവാന്‍ സാധിക്കുകയില്ലെങ്കിലും എല്ലാവരെയും ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിച്ചു കൊണ്ട് നടത്തുന്ന ശ്രമങ്ങളത്രയും അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ നേരിടേണ്ടി വരുന്ന പിഴവുകളെയും കുറവുകളേയും പഠനവിധേയമാക്കി മികച്ച  പുതിയ വിദ്യാഭ്യാസ മാതൃകകളാവണം കോവിഡാനന്തരം കേരളം അവലംബിക്കേണ്ടത്.

ക്രോയേഷ്യന്‍ മാതൃക വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കുന്ന പാഠം

നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍  ഓണ്‍ലൈന്‍ / ഓഫ്‌ലൈന്‍ രീതികള്‍ എങ്ങനെ ഒന്നിച്ചു നടപ്പില്‍ വരുത്താം എന്നതിന് മികച്ച മാതൃകയാണ് ക്രോയേഷ്യ. കോവിഡുമായി പൊരുത്തപ്പെടുകയും സാവധാനം  കേരളത്തിലെ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നതിനാല്‍  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു സാധാരണ രീതിയില്‍ ക്ലാസുകള്‍ നടപ്പിലാക്കുന്ന ക്രോയേഷ്യന്‍ മാതൃക അവലംബനീയമാണ് . പൊതുവില്‍ ജനസംഖ്യ അധികമില്ലാത്ത രാജ്യം ഓഫ്‌ലൈന്‍-ഓണ്‍ലൈന്‍ മാതൃകയാണ് ഇന്ന് നടപ്പിലാക്കുന്നത്.

അദ്ധ്യാപകര്‍ കോവിഡ് ബാധിതരാകുന്ന പക്ഷം അവര്‍ നിര്‍ബന്ധിത ഏകാന്തവാസം സ്വീകരിക്കുകയും തുടര്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി ഉറപ്പു വരുത്തുകയുമാണ് ക്രോയോഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വീകരിച്ചുവരുന്ന മാതൃക. ഓഫ്‌ലൈന്‍ ക്ലാസുകളുടെ എണ്ണം കുറക്കുകയും അതിന് പകരമായി മാത്രം ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്ന രീതി അവലംബിച്ചു തുടര്‍വിദ്യാഭ്യാസം സാധ്യമാക്കുവാനും ക്രോയേഷ്യക്ക് സാധിച്ചു.  സാധാരണരീതിയിലുള്ള ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഉറപ്പുവരുത്തുന്നതിനാല്‍ ക്ലാസുകളും പരിസരവും അണുവിമുതമാക്കുന്നതിനും, ശുചിത്വം പാലിക്കുന്നതിനും  ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രദ്ധ ചെലുത്തുന്നുണ്ട്. ശുചിത്വം ഉറപ്പാക്കുന്നതിനുള്ള  ആവശ്യസാധനങ്ങളും സഹകരണവും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഭ്യമാക്കുന്നതിന്   ക്രോയേഷ്യന്‍ സര്‍ക്കാരും ,ആരോഗ്യമന്ത്രാലയവും വിദ്യാഭ്യാസസ്ഥാപനങ്ങളും അതീവജാഗ്രത പുലര്‍ത്തുന്നതും അനുകരണീയമാണ് .

യുനെസ്‌കോ ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ വിദ്യാഭാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചു കൊണ്ടാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സാധ്യമായ മാതൃകയാണെങ്കിലും , വിദ്യാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ ഓരോ ക്ലാസ്സിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാന്‍ എത്ര കണ്ട് സഹായിക്കുമെന്നതില്‍  സംശയമാണ്.  ഭാവിയില്‍ ഇത്തരം  സമസ്യയെക്കൂടി കരുതിയായിരിക്കണം കേരളം വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പില്‍വരുത്തേണ്ടുന്നത്.

പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് ഉക്രയിനെ  മാതൃകയാക്കാം

കേരളത്തിലെ നിരവധി വിദ്യാര്‍ത്ഥികള്‍ മെഡിസിന്‍ അടക്കമുള്ള കോഴ്‌സുകള്‍ക്കായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഉക്രൈന്‍.  ഓഫ്‌ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമാക്കപ്പെടുന്ന വിഷയങ്ങളില്‍  ഉക്രൈന്‍ കേരളത്തിന്  മാതൃകയാണ്. വിദ്യാഭ്യാസ മേഖലയില്‍ കേരളം അഭിമുഖികരിക്കുന്ന മറ്റൊരു പ്രധാന വിഷയമായ മെഡിസിന്‍, എഞ്ചിനീയറിംഗ് പോലുള്ള പ്രാക്ടിക്കല്‍ ക്ലാസുകള്‍ ആവശ്യമുള്ള വിഷയങ്ങള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഒരുക്കുമ്പോള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളിക്കുള്ള പരിഹാരമാര്‍ഗം കൂടിയാണ് ഉക്രെയിന്‍ മുന്നോട്ട് വെക്കുന്ന മാതൃക. ഇരുപതു പേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകളായി തരംതിരിച്ചുകൊണ്ടാണ് അവിടുത്തെ വിദ്യാഭ്യാസ സ്ഥാനപങ്ങള്‍ പ്രാക്ടിക്കല്‍ വിദ്യാഭ്യാസം  നല്‍കുന്നത്.  കേരളത്തിനും അവലംബിക്കാവുന്ന മികച്ച മാതൃകയാണിത്. പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് ശേഷം തിയറി ക്ലാസുകള്‍ ഗൂഗിള്‍ കോര്‍പ്പറേഷന്റെ സഹായത്തോടുകൂടി അതിമികച്ച രീതിയില്‍ നടപ്പിലാക്കുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനായി യുനെസ്‌കോ പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളും നടപ്പില്‍ വരുത്താനും, ഓണ്‍ലൈന്‍ ക്ലാസുകള്‍ അമിതമാകുമ്പോള്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങളെ തരണം ചെയ്യുവാനുമുള്ള പ്രവര്‍ത്തനങ്ങളും ഉക്രൈന്‍ വിദ്യാഭ്യാസ മേഖല ഉറപ്പുവരുത്തുന്നുണ്ട്. കോവിഡാനന്തരവും ഇതേ ഓഫ്‌ലൈന്‍-ഓണ്‍ലൈന്‍ മാതൃക തന്നെ അവലംഭിക്കുവാന്‍ സാധ്യമാകുംവിധം അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുവാനുള്ള ശ്രമങ്ങളിലാണ് അധികാരികള്‍ . ഉക്രൈനെ പോലെ  മെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാഭാസത്തിനു പ്രാധാന്യം ലഭിക്കുന്ന സ്ഥലമാണ് കേരളമെന്നതിനാല്‍  ഈ മാതൃക നമുക്ക് ഗുണകരവുമാകുമെന്നതില്‍ സംശയമില്ല.

എല്ലാവരും എല്ലാവരെയും പഠിപ്പിക്കുക എന്ന അസര്‍ഭായ്ജാന്‍ മാതൃക

യുദ്ധവും കോവിഡും ഒരുപോലെ ബാധിച്ച അവസ്ഥയില്‍ നിന്നും കരകയറുന്ന അസര്‍ഭായ്ജാന്‍  വിദ്യാഭ്യാസ മേഖലയില്‍ അവലംബിച്ച മാതൃക അനുകരണീയമാണ്. മാനസികമായി തകര്‍ന്ന ഒരു ജനതയെ പ്രധാനമായും കുട്ടികളെ തിരികെ യാഥാര്‍ഥ്യങ്ങളുടെ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ ആ മാതൃക വലിയ തോതില്‍ സഹായിച്ചു.

ബാകൂ യൂണിവേഴ്‌സിറ്റി അദ്ധ്യാപകരായ ഉല്‍ജയ്ഗിയസിയും അയിനൂര്‍ അലിസാദും മറ്റു അധ്യാപകരും പരിശ്രമിച്ചു വിജയിച്ചതും ഇതില്‍ തന്നെയാണ്. യുദ്ധക്കെടുതിയില്‍ പലപ്പോഴും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്നിട്ടും വിദ്യാര്‍ത്ഥികളുടെ ചിന്താധാരയെ ഇത്തരം സംഭവങ്ങള്‍ ഒന്നും ബാധിക്കാത്ത വിധം വിദ്യാഭ്യാസമാതൃക തീര്‍ക്കാന്‍ അസര്‍ഭായ്ജാന്‍ അദ്ധ്യാപകര്‍ക്ക് സാധിച്ചു. പദ്യങ്ങളും കഥകളുമെല്ലാം ഇംഗ്ലീഷിലേക്കും, അസര്‍ഭായിജാനിലെക്കും തര്‍ജ്ജമ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അവിടെ നടപ്പാക്കിയത്. ഇവിടെ ഉരുത്തിരിഞ്ഞ മറ്റൊരു മാതൃക എല്ലാവരും എല്ലാവരെയും പഠിപ്പിക്കുക എന്ന ആശയമാണ്. വിദ്യാഭ്യാസമുള്ളവര്‍ തന്റെ വീടിന്റെ അടുത്തുള്ള കുട്ടികളെ സ്‌കൂള്‍, കോളേജ് വ്യത്യാസമില്ലാതെ പഠിപ്പിക്കുക എന്ന ആശയം യുദ്ധം എന്ന പ്രതിസന്ധിയില്‍ ആ രാജ്യത്തിന് മുതല്‍ക്കൂട്ടായി.

യുദ്ധാനന്തരം സ്‌പോര്‍ട്‌സും മ്യൂസിക്കുമടക്കം എല്ലാം ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി സാധ്യമാക്കുവാനും  അദ്ധ്യാപകര്‍ക്ക് കഴിഞ്ഞു. ഇവിടെയാണ് ചെറിയ ക്ലാസുകളടക്കം  എല്ലാ വിഷയങ്ങളും പരമാവധി ഉള്‍ക്കൊള്ളിക്കുന്ന കേരളീയ രീതികളില്‍ മാറ്റം ആവശ്യവുമായി വരുന്നത്. സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി മാറ്റങ്ങള്‍ വരുത്തേണ്ട ഒന്നു തന്നെയാണ് കരിക്കുലവും അദ്ധ്യാപനരീതികളും. അതിനൊരു മികച്ച മാതൃകയാണ് അസര്‍ഭായ്ജാന്‍. കേരളത്തിലെ വിദ്യാലയങ്ങള്‍ പിന്തുടരേണ്ട പ്രധാന മാതൃകയാണിത് എന്ന് പറയുന്നതിലും തെറ്റില്ല.

മാറ്റം ആവശ്യമായ സമയത്ത് അവ ഉള്‍ക്കൊണ്ട്  പ്രവര്‍ത്തിച്ചവരാണ് കേരളീയര്‍. എന്നാല്‍ മാറ്റം ആവശ്യപ്പെടുന്ന രീതിയിലാണോ നാം ആ മാറ്റം നടപ്പാക്കിയത് എന്ന് വിലയിരുത്താന്‍ ഈ മാതൃക കേരളത്തെ സഹായിക്കും. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ പത്തും പന്ത്രണ്ടും ക്ലാസ്സുകളിലെ പരീക്ഷകളെ അഭിമുകീകരിക്കാന്‍ ഉതകും വിധം സിലബസ്സിലും പരീക്ഷാ മാതൃകയിലും വിദ്യാഭ്യാസ വകുപ്പ് സമയോചിതമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു എന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. എന്നാല്‍ പൂര്‍ണമായും എല്ലാ വിദ്യാലയങ്ങളും അദ്ധ്യാപക സമൂഹവും മാനേജ്‌മെന്റും ഈ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയോ എന്നതും വിദ്യാര്‍ത്ഥികളുടെ മാനസികവ്യഥകള്‍ മുന്‍നിര്‍ത്തിയുള്ള പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ചുവോ എന്നതും പഠനവിധേയമാക്കേണ്ടതുണ്ട്.

നിര്‍ബന്ധിത സൗജന്യവിദ്യാഭ്യാസ നയവും ശ്രീലങ്കന്‍ മാതൃകയും

വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശ്രീലങ്ക കേരളത്തിനു മാത്രമല്ല ഇതേ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന  എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാണ് . കോവിഡാനന്തരം ഉയര്‍ന്ന പഠന ചെലവുകള്‍ വിദ്യാര്‍ത്ഥികള്‍ വഹിക്കേണ്ടതായി വരുമെന്ന പല വികസിത രാജ്യങ്ങളുടെയും വിദ്യാഭ്യാസ നിലപാടുകളെ കവച്ചുവെക്കുന്നതായിരുന്നു എത്ര സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസ ഉറപ്പാക്കുമെന്ന നയം.

ശ്രീലങ്കന്‍ മാതൃകകളില്‍ നിന്നും കേരളത്തിന് സ്വീകരിക്കാവുന്ന നിരവധി മോഡലുകളുണ്ട്.  കോവിഡ് -19 കാലഘട്ടത്തില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നേരിട്ട തടസങ്ങളെയും, അവര്‍ക്കു മനസിലാക്കാന്‍ സാധിച്ച ഗുണവശങ്ങളെയും ഉള്‍ക്കൊള്ളിച്ചു വിദ്യാഭ്യാസ മേഖലയില്‍ നടന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശ്രീലങ്ക ആവിഷ്‌കരിച്ച പ്രധാന മാതൃകകളില്‍ ഒന്നാണ്. കോവിഡാനന്തരം  ഏത്  വിദ്യാഭ്യാസ മാതൃക പിന്തുടരുമെന്ന് നിശ്ചയിക്കുന്നതിന് സാധ്യമാകുംവിധം ശ്രീലങ്ക നടപ്പിലാക്കിയ ഗവേഷണങ്ങള്‍ കേരളത്തിലും വലിയ രീതിയില്‍ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. കേരളം മുന്നോട്ടുവെക്കുകയും പലവിധ തടസങ്ങള്‍ അഭിമുകീകരിക്കുകയും ചെയ്ത ഇന്റര്‍നെറ്റ് പദ്ധതികള്‍ പോലെയുള്ള പദ്ധതികള്‍ക്ക്  രാഷ്ട്രീയ വ്യത്യാസങ്ങള്‍ തടസമാകാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുന്ന ലങ്കന്‍ ഭരണകൂടവും കേരളത്തിന് മാതൃകയാക്കാവുന്ന ഒന്നാണ്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗജന്യ ലാപ്‌ടോപ്പ്; കോവിഡ് കാലത്ത് മികച്ച മാതൃക ഒരുക്കി ജോര്‍ജ്ജിയ

ജോര്‍ജിയയിലെ ഓരോ  വിദ്യാര്‍ത്ഥിക്കും വിദ്യാഭയസത്തിനുതകുന്ന അവശ്യ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഭരണകര്‍ത്താക്കള്‍ നല്‍കുന്ന ശ്രദ്ധ കേരളത്തിന് മാതൃകയാണ്. പ്രസ്താവനകള്‍ക്കപ്പുറം വികസന മാതൃകകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ഒരു രാജ്യം നിരന്തരം ശ്രമിക്കുന്നതെങ്ങിനെയാണെന്നതിന് ഉദാഹരണമാണ് ജോര്‍ജ്ജിയ. ഓരോ വിദ്യാര്‍ത്ഥിക്കും സൗജന്യമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ലാപ്‌ടോപ്പ് അവരുടെ പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ ഉറപ്പുവരുത്തുന്ന  ഒരു രാജ്യമാണ് ജോര്‍ജിയ. അതുപോലെ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാം  സജ്ജമാക്കുന്നതില്‍ അദ്ധ്യാപകരും അതീവ ശ്രദ്ധാലുക്കളാണ്. ഇതുതന്നെയാണ് കേരളം നടപ്പാക്കാന്‍ ശ്രമിച്ചതും പാതിവഴിയില്‍ നിലച്ചുപോയതും.

ലോകത്തെ മികച്ചഭരണകര്‍ത്താക്കളുടെ ശ്രമങ്ങളും ചിന്തകളും നാം കേരളീയരും ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷെ ഇത്തരം പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയോ നടപ്പിലാക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ഏതുതരം നേട്ടങ്ങളാകും നമ്മുടെ ഭാവിതലമുറക്ക് നഷ്ടമാകുന്നതെന്ന് തിരിച്ചറിയാന്‍ ഈ ജോര്‍ജിയന്‍ മാതൃക തന്നെ പര്യാപ്തമാണ്. ആഗോളതലത്തില്‍  കോവിഡ് കാലഘട്ടത്തിലെ മികച്ച വിദ്യാഭ്യാസ മാതൃകയായി ജോര്‍ജിയ മാറിയതും നമുക്കതു സാധ്യമല്ലാതായതും ഇത്തരം കാരണങ്ങളാലാണ്. എന്നാല്‍ ഇന്ന് ബഡ്ജറ്റ് പ്രഖ്യാപനത്തില്‍  പ്രതീക്ഷ  പുലര്‍ത്തുന്നത് ഇത്തരം മാതൃകാപരമായ ശ്രമങ്ങള്‍ അവലംബിച്ച് കേരളത്തെ ലോക മാതൃകകളോട് അടുപ്പിക്കുന്നതിനും ലോകനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം കേരളത്തിനകത്തു  നടപ്പില്‍ വരുത്താന്‍ ശ്രമിക്കന്നതിനാല്‍ കൂടിയാണ്.

കാനഡയെ കണ്ടു പഠിക്കാനുണ്ട് ഒരുപാട്

നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് കാനഡ എന്നും  മികച്ച മാതൃകയാണ്.  വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്  അതീവ പ്രാധാന്യം നല്‍കുവാന്‍ കാനഡയിലെ ഓരോ വിദ്യാലയങ്ങളും പ്രത്യേക ശ്രദ്ധ പുലര്‍ത്താറുണ്ട്. ഇവരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നുവെന്നതാണ്  കാനേഡിയന്‍ മാതൃകയുടെ സവിശേഷത. നമ്മുടെ  കേരളത്തിലെ എത്ര വിദ്യാലയങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നത് ചര്‍ച്ച ചെയ്യപ്പേടേണ്ട വിഷയമാണ്. കേരളത്തിലെ വിദ്യാഭാസസ്ഥാപനങ്ങള്‍ ക്ലാസുകള്‍ ഉറപ്പാക്കുന്നതോടൊപ്പം എത്രമാത്രം വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നുണ്ട് എന്നത് പഠനവിധേയമാക്കേണ്ട സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഗ്രേഡിങ് സിസ്റ്റത്തില്‍ വരുത്തിയ മാറ്റം കാനേഡിയന്‍ വിദ്യാഭാസരീതി കോവിഡ് കാലഘട്ടത്തില്‍ നടപ്പിലാക്കിയ മറ്റൊരു മികച്ച മാതൃകയാണ്. സാധ്യമായ വിഷയങ്ങളുടെയെല്ലാം മാര്‍കിങ് സിസ്റ്റം വ്യത്യാസം വരുത്തുകയും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും വിദ്യാലയങ്ങള്‍ ശ്രദ്ധ പുലര്‍ത്തി. കേരളത്തില്‍ വിദ്യാഭയസ മേഖല ശ്രദ്ധ ചെലുത്തേണ്ടുന്ന പ്രധാന വിഷയവും ഇതു തന്നെയാണ്.

 കേരളത്തിലെ വിദ്യാര്‍ത്ഥികളോടൊപ്പം  മറ്റു സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്  അടിമുടി പരിഷ്‌കരണം വരുത്തേണ്ട മേഖലയാണ് വിദ്യാഭ്യാസ രംഗം.  നമ്മുടെ  ക്ലാസ്സ്‌റൂമുകളും, വിദ്യാര്‍ത്ഥികളുടെ എണ്ണവും, അദ്ധ്യാപനരീതികളും, ശീലങ്ങളും എല്ലാം  ഏത് പ്രതിസന്ധി ഘട്ടത്തെയും നേരിടുന്ന രീതിയില്‍ മാറ്റി ചിട്ടപ്പെടുത്തേണ്ടത് വിദ്യാഭ്യാസ മേഖലയ്ക്ക്  അനിവാര്യമാണ്. കോവിഡ് -19  വിദ്യാഭ്യാസ പരിഷ്‌കരണത്തിലേക്ക് തുറന്നുവയ്ക്കുന്ന സാധ്യതയും അവസരവും ഇതുതന്നെയാണ്. ക്ലാസ്സ്മുറികളിലെ മനോഹരമായ അന്തരീക്ഷം മറ്റൊന്നുകൊണ്ടും നമുക്ക് മാറ്റി വരക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ക്ലാസ്സ്മുറികളിലെ അറിവു പകര്‍ന്നു നല്‍കുന്ന രീതികളെ നാം പുനര്‍നിര്‍മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി ഇന്ന് നാം കാണുന്ന പല ലേര്‍ണിംഗ് ആപ്പ് മാതൃകകളും  ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ, വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മാനസിക സാമ്പത്തിക സാമൂഹിക സാഹചര്യങ്ങള്‍ക്കൂടി വ്യക്തമായി അവലോകനം ചെയ്യേണ്ടതുണ്ട്. കടന്നുപോകുന്ന സമയത്തില്‍ തിരിച്ചറിഞ്ഞ പോരായ്മക്കളെ തിരുത്തിയുള്ള മാതൃക രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്താല്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ വലിയമാറ്റത്തിന് വഴിയൊരുക്കും എന്നതില്‍ സംശയമില്ല.

തയാറാക്കിയത്:

1. ഡോ .ജയശ്രീ കെ കുനിയത്ത്, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ജെയിന്‍ (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി )

2. ഡോ. കണ്ണന്‍ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് പ്രൊഫസര്‍- ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് സയന്‍സ്, ജെയിന്‍ (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി), കോഓര്‍ഡിനേറ്റര്‍, IQAC, ജെയിന്‍ (ഡീംഡ ്ടു ബി യൂണിവേഴ്‌സിറ്റി)

3. ഡോ. ഹരീഷ് എന്‍ രാമനാഥന്‍, (പ്രൊഫസര്‍) ഹെഡ് - ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ജെയിന്‍ (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി)

English Summary: Education In Post Covid World And Models

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA