ADVERTISEMENT

ഇന്റർവ്യൂ പ്രകടനം നന്നാകണമെങ്കിൽ ദീർഘകാല തയാറെടുപ്പും താൽക്കാലിക തയാറെടുപ്പും വേണം. ഭാഷ, പൊതുവിജ്ഞാനം, ഇന്റർവ്യൂ നേരിടേണ്ട രീതികൾ എന്നിവയാണ് ദീർഘകാലതയാറെടുപ്പിലുള്ളത്. 'മോക്ക് ഇന്റർവ്യൂ'കളിൽ പങ്കെടുത്ത് തെറ്റുകൾ തിരുത്തണം. നാം ചെന്നെത്താനാഗ്രഹിക്കുന്ന സ്ഥാപനത്തെയും അവിടെ നമ്മെ കാത്തിരിക്കുന്ന ജോലിയെയും പറ്റിയുള്ള പഠനവും, യോജിച്ച വേഷം തിരഞ്ഞെടുക്കുന്നതും താൽക്കാലിക തയാറെടുപ്പിൽപ്പെടും. ഇപ്പറഞ്ഞതെല്ലാം ഭംഗിയായാലും പ്രകടനം വിജയക്കാതെ പോകാം. അതനുവദിക്കരുത്.

 

നളപാചകമായാലും വിഭവങ്ങൾ ഭംഗിയായി വിളമ്പിക്കൊടുത്തില്ലെങ്കിൽ സദ്യ അലങ്കോലമാകുമെന്ന് നമുക്കറിയാം. ഇന്റർവ്യൂവിന്റെ കഥയും ഇതുതന്നെ. വിജയത്തിന് ഏതെല്ലാം കാര്യങ്ങളിൽ സവിശേഷശ്രദ്ധ വേണമെന്നു നോക്കാം:

 

∙ ഇന്റർവ്യൂസ്ഥലത്ത് കൃത്യസമയത്തിന് മുൻപുതന്നെ ചെന്നെത്തുക. മുംബൈയിലോ, ഡൽഹിയിലോ, നിങ്ങൾക്കു പരിചയമില്ലാത്ത മറ്റു സ്ഥലത്തോ വച്ചാണ് ഇന്റർവ്യൂ എങ്കിൽ, തലേദിവസംതന്നെ ഇന്റർവ്യൂകേന്ദ്രം കണ്ടെത്തി അവിടെ എത്താനുള്ള വഴി, ബസ്‌റൂട്ട് നമ്പർ മുതലായവ മനസ്സിലാക്കിക്കൊള്ളണം. 

 

∙പങ്കെടുക്കാൻ വന്ന മറ്റ് ഉദ്യോഗാർത്ഥികൾ പറയുന്ന കാര്യങ്ങൾ മുഴുവൻ കണ്ണടച്ചു വിശ്വസിക്കേണ്ടതില്ല. കേട്ടുകേൾവിവച്ച് പലരും പലതും പറഞ്ഞെന്നിരിക്കും.

 

∙ സ്ഥലകാലങ്ങൾ അറിഞ്ഞ് നന്നായി വസ്ത്രധാരണം ചെയ്തിരിക്കണം. കണ്ണഞ്ചിക്കുന്ന നിറങ്ങളും അതിരു കടന്ന ഡിസൈനുകളും ഒഴിവാക്കുക. നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് ഇന്റർവ്യൂ ബോർഡിന് ആദ്യമുണ്ടാകുന്ന മതിപ്പ് വേഷത്തിൽനിന്നും മുഖഭാവത്തിൽനിന്നും ആണ്. അർദ്ധനഗ്നനായി ചെന്നു ബ്രിട്ടീഷ് ചക്രവർത്തിയെ കാണാൻ ഗാന്ധിജിക്കു കഴിഞ്ഞത് അദ്ദേഹം ഗാന്ധിജി ആയിരുന്നതുകൊണ്ടു മാത്രമാണ്.

 

∙ ആഭരണക്കൊഴുപ്പും മൂക്കു തുളച്ചുകയറുന്ന സുഗന്ധലേപനങ്ങളും വേണ്ട. ഇറക്കി വെട്ടിയ കഴുത്തും സുതാര്യവസ്ത്രങ്ങളും ഇന്റർവ്യൂവിനു ചെല്ലുന്ന പെൺകുട്ടികൾക്കു നന്നല്ല; ഇറുകിയ വേഷവും വേണ്ട. ‘എനിക്കു കംഫർട്ടബിൾ ആയ വേഷം ഞാൻ ധരിക്കും, അതെന്റെ സ്വാതന്ത്ര്യമാണ്’ എന്ന മട്ട് ദോഷം ചെയ്‌തേക്കാം. പ്രഫഷനലായി വേഷം ധരിക്കുക.

 

∙പാന്റ്‌സിനോടൊപ്പം കറുത്ത ലതർഷൂസ് ധരിക്കുന്നത് നല്ല രീതിയാണ്. ടൈ കെട്ടി പോകുന്നത് മഹാനഗരങ്ങളിൽ സർവസാധാരണം. പക്ഷേ, നിങ്ങൾ ജീവിതത്തിൽ ആദ്യമായി ടൈ കെട്ടി ഇന്റർവ്യൂവിനു പോകാതിരിക്കുക. 

 

∙അലക്ഷ്യഭാവം പാടില്ല. പ്രസന്നമുഖം വേണം.

 

∙‘ഫസ്റ്റ് ഇംപ്രഷൻ’ ഉണ്ടാക്കാൻ രണ്ടാമത് ചാൻസ് കിട്ടില്ല. വിനയത്തോടെയുള്ള അഭിവാദ്യം, സൗമ്യമായ വേഷം എന്നിവ ചേരുമ്പോൾ ആദ്യറൗണ്ടിൽ നാം വിജയം വരിക്കും. 

∙സമയമനുസരിച്ച് ഗുഡ് മോർണിങ് സർ, ഗുഡ് ആഫ്റ്റർ നൂൺ മാഡം എന്ന മട്ടിൽ ഇന്റർവ്യൂബോർഡ്–ചെയർപേഴ്സനെ നോക്കിപ്പറയാം. May I come in, Sir? എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ചെല്ലേണ്ട. തുടക്കത്തിൽ 'സർ' പറയാമെങ്കിലും ഓരോ വാക്യത്തിന്റെയും തുടക്കത്തിലും ഒടുക്കത്തിലും 'സർ' ചേർക്കുന്ന പൊലീസ്ശൈലി വേണ്ട.  

 

∙കാൾലെറ്റർ, സർട്ടിഫിക്കറ്റുകൾ, മാർക്ക്‌ലിസ്റ്റുകൾ, സി.വി., ഫോട്ടോ മുതലായവ അടുക്കിയ ഫയൽ തലേന്നുതന്നെ സജ്ജമാക്കി വയ്ക്കുക. പേന, വാച്ച് എന്നിവയും മറക്കരുത്. സർട്ടിഫിക്കറ്റ് പകർപ്പുകൾ കൊണ്ടുചെല്ലാൻ നിർദ്ദേശമുണ്ടെങ്കിൽ അവ തയ്യാറാക്കിയിരിക്കണം. മൊബൈൽ ഫോൺ സൈലന്റ് മോഡിൽ ആക്കി വയ്ക്കുകയെങ്കിലും വേണം . ഏതെങ്കിലും സർട്ടിഫിക്കറ്റ് കാണട്ടെയെന്നു പറഞ്ഞാൽ, മൊബൈൽ ഫോണിൽ സേവ് ചെയ്തത് എടുത്തുകാണിക്കേണ്ട.  ബാഗ്, കുട മുതലായവ വേണ്ട. ഹാൻഡ്ബാഗോ മറ്റോ ഉണ്ടെങ്കിൽ അതു മേശപ്പുറത്ത് വയ്ക്കാതെ അടുത്തു തറയിൽ വയ്ക്കുക

 

∙പിരിമുറുക്കം ക്രമാധികമായാൽ ചിന്താശേഷി കുറയും, അറിയാവുന്നതുപോലും പറയാൻ വയ്യാതെ പോകും, പെരുമാറ്റരീതികൾ മോശമായെന്നു വരും. എന്താണ് ഇതിനൊരു പ്രതിവിധി? ആത്മവിശ്വാസത്തിൽ മുറുകെപ്പിടിക്കുകതന്നെ. ''മത്സരിച്ചു നില്ക്കുന്ന മറ്റാരെയുംപോലെ ഞാനും തയ്യാറെടുത്തിട്ടുണ്ട്. എനിക്കുമുണ്ട് അന്യരെപ്പോലെ ബുദ്ധിശക്തിയും ചിന്താശേഷിയും. ഞാൻ ഒരിക്കലും പിന്നിലാകുകയില്ല. ഏറ്റവും നന്നായി ഞാൻ ഇന്റർവ്യൂവിൽ ശോഭിക്കുകതന്നെചെയ്യും’’ എന്നു ചിന്തിക്കുക.

 

∙ഇരിക്കാൻ പറഞ്ഞാൽ വാക്കുകൊണ്ടോ ഭാവംകൊണ്ടോ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഇരിക്കുക. ''താങ്ക്‌യൂ, സർ'' എന്നു സൗകര്യപൂർവം പറയാം. ഹാൻഡ്‌ഷേക്കിനുവേണ്ടി അങ്ങോട്ടു കൈ നീട്ടേണ്ട. 

 

∙ശരീരഭാഷ നന്നായിരിക്കണം. അഹങ്കാരം തോന്നിക്കുന്ന രീതിയിൽ പിന്നോട്ടു വല്ലാതെ ചാരിയോ, അതിവിനയം കാട്ടുന്നതിനു കസേരയുടെ മുൻവക്കിൽ മാത്രം കഷ്ടിച്ച് ഊന്നിയോ ഇരിക്കരുത്. ചലനങ്ങൾ സ്വാഭാവികമായിരിക്കണം.

 

∙കണ്ണിൽ നോക്കി സംസാരിക്കണം. 

 

∙ നാം എന്തു പറയുന്നുവെന്നതുപോലെ പ്രധാനമാണ് എങ്ങനെ പറയുന്നുവെന്നത്. കഴിയുന്നത്ര വ്യക്തമായി നല്ല ഭാഷയിൽ ഉച്ചാരണശുദ്ധിയോടെ എല്ലാ പാനലംഗങ്ങൾക്കും കേൾക്കാവുന്നവിധം പറയണം. ആവശ്യത്തിലേറെ സ്വരം ഉയർത്തുകയോ താഴ്ത്തുകയോ അരുത്. അതിവേഗത്തിലോ, ഇഴച്ചിഴച്ചോ സംസാരിക്കരുത്. ഏതെങ്കിലും അഭിപ്രായം സ്ഥാപിക്കാൻ മേശമേൽ ഇടിക്കരുത്. സ്വരഭേദവും വാക്യഘടനയുംകൊണ്ടുതന്നെ നാം ഉദ്ദേശിക്കുന്ന തരത്തിൽ ആശയങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ കഴിയും.

 

∙ഉത്തരങ്ങൾ ആവശ്യത്തിലേറെ നീട്ടരുത്. ചോദിക്കാത്തത് പറയുകയും വേണ്ട.

 

∙ഒരിക്കൽ പറഞ്ഞത് ആവർത്തിക്കുന്നത് മടുപ്പുളവാക്കും. ശക്തി കൂട്ടുന്നതിനായി ആവർത്തനം വേണമെന്നു നിർബന്ധമുണ്ടെങ്കിൽ പറഞ്ഞ കാര്യം വേറെ വാക്കുകളിലും വാക്യഘടനയിലും കൂടെ അവതരിപ്പിക്കേണ്ടിവരും.

 

∙ഏതെങ്കിലും കാര്യം അറിയില്ലെങ്കിൽ സത്യസന്ധമായി അക്കാര്യം തുറന്നു പറയണം. 

 

∙വിവാദവിഷയങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടാൽ നമ്മുടെ അഭിപ്രായം പറഞ്ഞ് അതിനുള്ള കാരണങ്ങളും സൂചിപ്പിക്കാം. അപഗ്രഥിച്ച് സന്തുലിതമായ അഭിപ്രായം പറയാം. സന്തോഷകരമായ മദ്ധ്യമാർഗമായിരിക്കും മിക്കപ്പോഴും നല്ലത്.

 

∙ മാനസികപിരിമുറുക്കം കുറയ്ക്കാനായി തുടക്കത്തിൽ അതിലളിതമായ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. കേരളത്തിൽനിന്ന് മുംബൈയിലെത്തുന്നയാളോട് ''എങ്ങനെ വന്നു? യാത്ര സുഖമായിരുന്നോ?'' എന്നു ചോദിച്ചെന്നിരിക്കട്ടെ. ദീർഘമായ യാത്രാവിവരണം വേണ്ട.

 

∙നമ്മുടെ വിഷയത്തിലെ ചോദ്യം വന്നാൽ കൃത്യമായ ഉത്തരം നൽകണം. ഫിസിക്സുകാരനോട് `What is meant by momentum?' എന്നു ചോദിച്ചാൽ `I think, it is mass × velocity' എന്നു പറയുന്നത് ശരിയായ രീതിയല്ല. `mass × velocity' എന്നു തീർത്തു പറയുക.

 

∙ചോദ്യം തീരുന്നതിനു മുൻപ് ചാടിക്കയറി ഉത്തരം പറഞ്ഞുതുടങ്ങി, അതിസമർത്ഥനാണെന്നു വരുത്താൻ ശ്രമിക്കരുത്..

 

∙ഇന്റർവ്യൂവിന്റെ ഏതു ഘട്ടത്തിലായാലും ശുഭാപ്തിവിശ്വാസം വിടരുത്.

 

∙ഇന്റർവ്യൂവേളയിൽ നാം വരച്ചുകാട്ടുന്നത് നമ്മുടെ യഥാർത്ഥ ചിത്രം തന്നെയായിരിക്കണം. മറ്റൊരാളായി അവതരിക്കാൻ ശ്രമിച്ചാൽ വിജയിക്കയില്ല..

 

∙ആശയറ്റ ഭാവം കാട്ടി, അനുകമ്പ നേടി, നിയമനം യാചിക്കുന്ന മട്ട് വേണ്ട. ആത്മാഭിമാനം ഉള്ളവരെയാണ് സ്ഥാപനങ്ങൾക്ക് ആവശ്യം.

 

∙Tell us something about you'' എന്നു കേട്ടാൽ, ആത്മകഥ വേണ്ട. നാം ചേരാൻ ഉദ്ദേശിക്കുന്ന ഉദ്യോഗത്തിലെ ചുമതലകൾ എന്തെല്ലാമെന്നു മനസ്സിൽ  വച്ച്, അവയ്ക്കു പരമാവധി ഇണങ്ങുന്ന ശേഷികൾ നമുക്കുണ്ടെന്ന് വ്യക്തമാക്കുക.

 

∙ചില സ്ഥലങ്ങളിൽ ഇന്റർവ്യൂ കഴിയുമ്പോൾ, അതിന്റെ ചുരുക്കം എഴുതിക്കൊടുക്കാൻ നമ്മോടു പറയും. വസ്തുനിഷ്ഠമായി ചെറിയ കുറിപ്പ് എഴുതിക്കൊടുത്താൽ മതി. 

English Summary: How To Prepare For An Interview Tips By BS Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com