സർക്കാർ ഇത് അറിയുന്നുണ്ടോ? പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരുടെ ആശങ്കകൾ

HIGHLIGHTS
  • ആശങ്കകളും പ്രതിസന്ധികളും സർക്കാരിനു മുന്നിൽ സമർപ്പിക്കുന്നു
sad
Photo Credit: AJP/ Shutterstock.com
SHARE

മന്ത്രിസഭയിൽ  യുവാക്കൾക്കും പുതിയ മുഖങ്ങൾക്കും പ്രാമുഖ്യം നൽകിയ പിണറായി സർക്കാർ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ. കൂടുതൽ റാങ്ക് ലിസ്റ്റുകളുടെ പ്രതിനിധികൾ ‘തൊഴിൽ വീഥി’യിലൂടെ ആശങ്കകളും പ്രതിസന്ധികളും സർക്കാരിനു മുന്നിൽ സമർപ്പിക്കുന്നു.  

സിവിൽ പൊലീസ് ഒാഫിസർ 

കൺമുന്നിലെ സമരം സർക്കാർ കണ്ടില്ലെന്നു നടിക്കുന്നു

ശ്രീകുമാർ ജഗദീഷ് 

(സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ഹോൾഡർ) 

∙സിപിഒയുടെ റദ്ദായ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അവകാശപ്പെട്ട 3,200 ഒഴിവുകൾ അനുവദിച്ചുതരാൻ സർക്കാർ തയാറാകണം. ഈ ആവശ്യവുമായി ഉദ്യോഗാർഥികൾ ഫെബ്രുവരി 8 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിലാണ്. മാന്യമായ ഒത്തുതീർപ്പുണ്ടാക്കി സമരം അവസാനിപ്പിക്കാൻ അധികൃതർ മുൻകൈയെടുക്കണം. നിയമനത്തിന് അർഹതയുള്ള വിവരാവകാശ രേഖകളുടെയും ഉത്തരവുകളുടെയും ബലത്തിലാണു സർക്കാരിനോടു നിയമനം ആവശ്യപ്പെടുന്നത്. 

∙കോപ്പിയടി വിവാദവും ലോക്ഡൗൺ ഉൾപ്പെടെയുള്ള സാഹചര്യങ്ങളിലും 4 മാസം മാത്രമാണു സിപിഒ റാങ്ക് ലിസ്റ്റിനു കാലാവധി ലഭിച്ചത്. മറ്റു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു ലഭിച്ചതുപോലെ കാലാവധി നീട്ടിക്കിട്ടാൻ ഈ ലിസ്റ്റിലുള്ളവരും അർഹരാണ്.  

∙ഇൻ സർവീസ് ട്രെയിനിങ് പോസ്റ്റായതിനാൽ, 3 വർഷ സ്വാഭാവിക കാലാവധി സിപിഒ റാങ്ക് ലിസ്റ്റിനും ലഭ്യമാക്കാൻ നടപടി വേണം. 

വനിതാ സിവിൽ പൊലീസ് ഒാഫിസർ

അംഗബലം കൂട്ടി നിയമനം സജീവമാക്കണം 

കെ.കെ.സിജി 

(വനിതാ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ഹോൾഡർ) 

∙പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15% ആക്കുമെന്ന വാഗ്ദാനം  പാലിക്കണം. സേനയിലെ വനിതാ പ്രാതിനിധ്യം 9% മാത്രമാണ്. 

∙വനിതാ പൊലീസ് അംഗബലം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപതിലേറെ നിർദേശങ്ങൾ പൊലീസ് ആസ്ഥാനത്തുണ്ട്. ഇവയിൽ എത്രയും വേഗം തീരുമാനമെടുത്താൽ റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം നടക്കും. 

∙പൊതുതിരഞ്ഞെടുപ്പ്, ലോക്‌ഡൗൺ തുടങ്ങിയ കാരണങ്ങളാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതു വലിയതോതിൽ കുറഞ്ഞതിനാൽ മറ്റു റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയതുപോലെ വനിതാ സിപിഒ ലിസ്റ്റും കാലാവധി നീട്ടണം. 

∙2020 ഒാഗസ്റ്റ് 3നാണു റാങ്ക് ലിസ്റ്റ് നിലവിൽ വന്നതെങ്കിലും കേസ് മൂലം നടപടികൾ നീണ്ടതിനാൽ ഒക്ടോബറിലാണു നിയമന ശുപാർശ തുടങ്ങിയത്. ഈ കാലാവധി കൂടുതലായി അനുവദിക്കണം. 

∙നിയമന ശുപാർശ വേഗത്തിലാക്കാൻ പിഎസ്‌സി ശ്രദ്ധിച്ചെങ്കിലേ നിലവിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് അർഹമായ എൻജെഡി ഒഴിവുകൾ ലഭിക്കൂ. 

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് 

ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല; ഇഴഞ്ഞു നീങ്ങുന്ന നിയമനം

സി.എസ്.സച്ചിൻ 

(കമ്പനി/കോർപറേഷൻ/ബോർഡ് റാങ്ക് ഹോൾഡേഴ്സ് പ്രസിഡന്റ്) 

∙കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് രണ്ടാം റാങ്ക് ലിസ്റ്റിലെ (400/2017) നിയമനവും ഇഴഞ്ഞാണു നീങ്ങുന്നത്. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായെങ്കിലേ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടൂ.

∙മുൻ റാങ്ക് ലിസ്റ്റിന്റെ കാലത്ത് കെഎസ്ആർടിസി അഞ്ഞൂറിലധികം ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണ ഒറ്റ ഒഴിവുപോലും വന്നിട്ടില്ല. മുൻ നിയമന ശുപാർശയുടെ അടിസ്ഥാനത്തിലെ എൻജെഡി ഒഴിവുപോലും നൽകാൻ കോർപറേഷൻ തയാറാവുന്നില്ല.

∙കമ്പനി/കോർപറേഷൻ അസിസ്റ്റന്റിന്റെ 2 റാങ്ക് ലിസ്റ്റിലും ഒരേ ഉദ്യോഗാർഥികളാണുള്ളത്. ആദ്യ ലിസ്റ്റിൽ നിയമന ശുപാർശ ലഭിച്ചവർക്കുതന്നെ രണ്ടാം റാങ്ക് ലിസ്റ്റിൽ ലഭിക്കുന്നത് ഒഴിവാക്കാൻ ഉദ്യോഗാർഥികളിൽനിന്നു നിയമന സന്നദ്ധത വാങ്ങാൻ ആവശ്യമുയർന്നെങ്കിലും പിഎസ്‌സി നിരസിച്ചു. ഇതു  പുനഃപരിശോധിക്കണം. 

∙വിവിധ ക്ഷേമനിധി ബോർഡുകൾ ഒഴിവു റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ കാലതാമസം വരുത്തുന്നു. എൻജെഡി ഒഴിവുകളും അകാരണമായി വൈകിപ്പിക്കുന്നു. 

∙മേയ് 31നു ധാരാളം ജീവനക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു വിരമിച്ചിട്ടുണ്ട്. ഈ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നെന്നു സർക്കാർ ഉറപ്പാക്കണം.

ബവ്കോ എൽഡിസി

ഉറപ്പു നൽകിയ 136 ഒഴിവ് എവിടെ?

ആർ. പ്രബിരാജ് (ബവ്കോ എൽഡിസി റാങ്ക് ഹോൾഡർ) 

∙രാജിയും എൻജെഡിയും വഴിയുള്ള ഒഴിവുകളിൽ മാത്രമാണു ബവ്കോ എൽഡിസി റാങ്ക് ലിസ്റ്റിൽനിന്നു നിയമനമുള്ളത്. പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം. 

∙ബവ്കോയിലെ പുതിയ സ്റ്റാഫ് പാറ്റേൺ വഴി സർക്കാർ ഉറപ്പു നൽകിയ 136 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടില്ല. അങ്ങനെയൊരു വേക്കൻസിയില്ലെന്നാണു ബവ്റിജസ് കോർപറേഷന്റെ നിലപാട്. ഇതിനു പരിഹാരമുണ്ടാകണം.

∙പ്രമോഷൻ ഒഴിവുകൾ ഡീഗ്രേഡ് ചെയ്തു നൽകുമെന്ന സർക്കാർ പ്രഖ്യാപനവും നടപ്പായില്ല. 180ലേറെ ഒഴിവുകൾ ഇങ്ങനെ ലഭിക്കാനുണ്ട്. 

∙എൻജെഡി റിപ്പോർട്ട് ചെയ്യാനുള്ള താമസവും പിഎസ്‌സിയിൽനിന്നു നിയമന ശുപാർശ നൽകാനുള്ള താമസവും കാരണം വർഷത്തിൽ മൂന്നോ നാലോ നിയമന ശുപാർശയേ ഈ ലിസ്റ്റിൽനിന്ന് ഉണ്ടാകുന്നുള്ളൂ. 

∙നിയമനം വലിയതോതിൽ മുടങ്ങിയ സാഹചര്യത്തിൽ റാങ്ക് ലിസ്റ്റ് കാലാവധി ഇതിന് ആനുപാതികമായി നീട്ടി നൽകണം. 

കെഎസ്ആർടിസി മെക്കാനിക് ഗ്രേഡ്–2

624 താൽക്കാലികക്കാർ; 123 ഒഴിവ്: എന്നിട്ടും റാങ്ക് ലിസ്റ്റില്ല 

എം.ഷൈബു  (മെക്കാനിക് റാങ്ക് ഹോൾഡേഴ്സ് സംസ്ഥാന സെക്രട്ടറി) 

∙ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു നിയമനം നടത്താൻ തയാറാവാത്തതാണു കെഎസ്ആർടിസി മെക്കാനിക് ഗ്രേഡ്–2 റാങ്ക് ഹോൾഡേഴ്സ് നേരിടുന്ന പ്രശ്നം. ഈ തസ്തികയിൽ ആളെ ആവശ്യമില്ല എന്നതാണു ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരിക്കാൻ കാരണമെന്നു പറയുന്നു. എന്നാൽ, ധാരാളം താൽക്കാലികക്കാർ ഈ തസ്തികയിൽ ജോലി ചെയ്യുന്നുണ്ട്. 7 വർഷമായി ഈ തസ്തികയിൽ പിഎസ്‌സി വഴി ഒരാളെപ്പോലും നിയമിച്ചിട്ടില്ല. 

∙123 ഒഴിവ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 624 താൽക്കാലിക ജീവനക്കാർ ജോലിചെയ്തുവരുന്നു. റിപ്പോർട്ട് ചെയ്ത ഒഴിവ് തിരിച്ചുപിടിക്കാൻ വ്യവസ്ഥയില്ല.  എന്നിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല. 

∙കെഎസ്ആർടിസിയിലെ താൽക്കാലികക്കാരെ ഒഴിവാക്കണമെന്നു ധാരാളം കോടതി വിധികൾ നിലവിലുണ്ട്. ഇതൊന്നും പൂർണതോതിൽ പാലിക്കപ്പെടുന്നില്ല. 

പഞ്ചായത്ത് ലൈബ്രേറിയൻ ഗ്രേഡ്–4

സ്ഥിരം തസ്തിക സൃഷ്ടിക്കണം; സ്ഥാനക്കയറ്റം തോന്നുംപടിയാകരുത്  

ധനേഷ് കുമാർ  (പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് ഹോൾഡേഴ്സ് മലപ്പുറം ജില്ലാ പ്രതിനിധി) 

∙സ്ഥിരം തസ്തികകളിൽ റാങ്ക് ലിസ്റ്റിൽനിന്ന് 20% നിയമനംപോലും നടന്നിട്ടില്ല. ഇതു സംന്ധിച്ച ഉറപ്പ് സർക്കാർ പാലിക്കണം.

∙തൃശൂർ ജില്ലയിലെ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് 2 വർഷം കഴിഞ്ഞിട്ടും 2 ഭിന്നശേഷിക്കാർക്കു മാത്രമാണു നിയമന ശുപാർശ നൽകിയത്. 

∙ഈ തസ്തികയിലെ സ്ഥാനക്കയറ്റത്തിനു മാനദണ്ഡമേ പാലിക്കുന്നില്ല. മറ്റു തസ്തികകളിൽ പിഎസ്‌സി പരീക്ഷ ജയിച്ചവരിൽനിന്നു നിശ്ചിത ശതമാനം ഒഴിവിലാണു സ്ഥാനക്കയറ്റമെങ്കിൽ ഇവിടെ വ്യവസ്ഥകളേ പാലിക്കുന്നില്ല. പലപ്പോഴും ഡബിൾ പ്രമോഷനും നൽകുന്നു.

∙1999ലെ കേരള പഞ്ചായത്ത് സബോർഡിനേറ്റ് സർവീസ് റൂളിലെ കാലഹരണപ്പെട്ട ചട്ടം 3 ഭേദഗതി ചെയ്ത് പിഎസ്‌സി വഴി നേരിട്ടുള്ള നിയമനത്തിന് ആദ്യ പരിഗണന നൽകണം. 

∙റാങ്ക് ലിസ്റ്റുകൾ കുറച്ചു മാസം കൂടിയേ ഉള്ളൂ. ഇതിനകം പരമാവധി അവസരം സൃഷ്ടിച്ചു നിയമനം നടത്തിയില്ലെങ്കിൽ മുൻനിര റാങ്കുകാർക്കുപോലും നിയമനം ലഭിക്കില്ല. 

എച്ച്ഡിവി ഡ്രൈവർ 

താൽക്കാലികക്കാരെ ഒഴിവാക്കി തസ്തിക സൃഷ്ടിക്കണം

കെ.ബി.അജേഷ്  (എച്ച്ഡിവി ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ്  സെക്രട്ടറി) 

∙വാഹനങ്ങൾക്ക് ആനുപാതികമായി ഡ്രൈവർ തസ്തിക സൃഷ്ടിക്കാത്തതാണ് എച്ച്ഡിവി ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് നേരിടുന്ന പ്രധാന പ്രശ്നം. സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം.

∙ഈ തസ്തികയുടെ 95% നിയമനവും ആരോഗ്യ വകുപ്പിലാണ്. എന്നാൽ, വകുപ്പിനു കീഴിലെ പാലിയേറ്റീവ് കെയർ ആംബുലൻസുകളിൽ താൽക്കാലികക്കാരെ മാത്രമാണ് നിയമിക്കുന്നത്. ഇതിനു മാറ്റം വരണം. 

∙2 പതിറ്റാണ്ടായി ആരോഗ്യ വകുപ്പിൽ പുതിയ തസ്തിക അനുവദിച്ചിട്ടില്ല. റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ വൻതോതിൽ കുറയാൻ ഇത് ഇടയാക്കി. 

∙ലിസ്റ്റ് നിലവിലുള്ള ജില്ലകളിൽ നിലവിലുള്ള ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്തു നിയമനം നടത്തണം. പുതിയ തസ്തിക സൃഷ്ടിക്കാവുന്നിടത്ത് അതും െചയ്യണം. 

∙പ്രായപരിധി അവസാനിച്ച് ലിസ്റ്റിൽ അവശേഷിക്കുന്നവർക്കു പ്രത്യേക പരിഗണന നൽകി നിയമനം നൽകാൻ സർക്കാർ തയാറാവണം. 

നിയമന ഉത്തരവുമായി ഇനിയും ഞങ്ങൾ വീട്ടിലിരിക്കണോ ? 

എൽപിഎസ്ടി

ഓൺലൈൻ പഠനത്തിന് അധ്യാപകർ വേണ്ടേ!

ജെ.അൻസി (എൽപിഎസ്ടി റാങ്ക് ഹോൾഡർ) 

∙നിയമന ശുപാർശയും നിയമന ഉത്തരവും ലഭിച്ചവർക്കു ജോലിയിൽ പ്രവേശിക്കാൻ സർക്കാർ അനുവാദം നൽകണം. നിയമന ശുപാർശ ലഭിച്ചവർക്കു 3 മാസത്തിനകം നിയമനം നൽകണമെന്നാണു വ്യവസ്ഥ. ഒരു വർഷം കഴിഞ്ഞിട്ടും നിയമനം നൽകാത്തതു നീതിനിഷേധമാണ്. 

∙സ്കൂൾ തുറന്നിട്ടില്ല, റഗുലർ ക്ലാസ് ആരംഭിച്ചിട്ടില്ല എന്നതു സാങ്കേതികത്വം മാത്രമാണ്. ഒാരോ സ്കൂളിലും പ്രത്യേകം ഒാൺലൈൻ ക്ലാസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അപ്പോൾ അധ്യാപകരുടെ ആവശ്യകത ഏറും. 

∙നിയമന ശുപാർശ ലഭിച്ചവർ ജോലിയിൽ പ്രവേശിക്കാത്തതിനാൽ എത്ര എൻജെഡി ഒഴിവുകൾ ഉണ്ടെന്നു കണക്കാക്കാനാകുന്നില്ല. റാങ്ക് ലിസ്റ്റിന്റെ താഴേത്തട്ടിലുള്ളവർക്കു നിയമന സാധ്യതയും കുറയുന്നു. 

∙ഒരു വർഷത്തിലധികമായി നിയമനം നടക്കാത്ത സാഹചര്യത്തിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആനുപാതികമായി നീട്ടണം. ഇതിനു ശേഷമേ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പാടുള്ളൂ. 

∙സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിയമനം നീട്ടുമ്പോൾ ഒരു വർഷത്തിനിടെ വിരമിച്ചവരുടെ ഒഴിവിൽ നിയമനം നടത്താത്തതുവഴിയുള്ള സാമ്പത്തികലാഭവും കണക്കിലെടുക്കണം.   

യുപിഎസ്ടി

പ്രമോഷൻ, എൻജെഡി ഒഴിവുകളും നഷ്ടമാകുന്നു

പി.വി.ശാലിനി  (യുപിഎസ്ടി റാങ്ക് ഹോൾഡർ) 

∙2020–2021 അധ്യയനവർഷം ഒരു നിയമനം പോലും നടന്നില്ല. കോടികൾ മുടക്കി ഭൗതികസാഹചര്യം വികസിപ്പിക്കുമ്പോഴും, പല സ്കൂളിലും ആവശ്യത്തിന് അധ്യാപകരില്ലാതെ ഒാൺലൈൻ അധ്യയനംപോലും മുടങ്ങുകയാണ്. 

∙വിവിധ ജില്ലകളിലെ യുപിഎസ്ടി റാങ്ക് ലിസ്റ്റുകളിൽനിന്ന് അഞ്ഞൂറിലധികം പേർക്കു നിയമന ശുപാർശയും ഉത്തരവും ലഭിച്ചിട്ടുണ്ട്. ഇവർ  ജോലിയിൽ പ്രവേശിക്കാത്തതിനാൽ എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. 

∙യുപി അധ്യാപകരായി ജോലി ചെയ്യുന്ന ധാരാളം പേർ എച്ച്എസ്ടി, എച്ച്എസ്എസ്ടി തസ്തികകളിൽ നിയമന ശുപാർശയോ ഉത്തരവോ ലഭിച്ചവരാണ്. ഇവർക്കും ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ, യുപിഎസ്ടി റാങ്ക് ലിസ്റ്റിലുള്ളവർക്കു ലഭിക്കേണ്ട ഒഴിവുകൾ നഷ്ടപ്പെടുന്നു. 

∙സർക്കാർ സ്കൂളുകളിൽ കുട്ടികൾ വർധിച്ചിട്ടുണ്ടെന്നാണു കണക്കുകൾ. ഇതിന് ആനുപാതികമായി പുതിയ തസ്തിക സൃഷ്ടിക്കാനോ നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനോ തയാറാകണം. 

∙യുപിഎസ്ടി നിയമന ഉത്തരവ് ലഭിച്ച ധാരാളം പേർ എൽഡിഡി, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ്. ഇവർ ജോയിൻ ചെയ്തിരുന്നെങ്കിൽ ബന്ധപ്പെട്ട മറ്റു ലിസ്റ്റുകളിലെ നിയമനവും ഊർജിതമായേനേ. 

എച്ച്എസ്ടി ഫിസിക്കൽ സയൻസ്

24 ഒഴിവുണ്ട്, ഒറ്റ നിയമനമില്ല

ആൻസി എസ്. ആൻസലം  (എച്ച്എസ്ടി ഫിസിക്കൽ സയൻസ് റാങ്ക് ഹോൾഡർ) 

∙തൃശൂർ ജില്ലയിലെ എച്ച്എസ്ടി ഫിസിക്കൽ സയൻസ് റാങ്ക് ലിസ്റ്റ് 8 മാസം കഴിഞ്ഞിട്ടും ഒരാൾക്കുപോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. 24 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും നിയമന ശുപാർശ വൈകുന്നു. നാലു വർഷമായി ഈ തസ്തികയിൽ പിഎസ്‌സി നിയമനമില്ല. യോഗ്യതാ പ്രശ്നത്തിന്റെ പേരിൽ കോടതി ഉത്തരവ് പ്രകാരം ഒരു ഉദ്യോഗാർഥി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യ അഡ്വൈസിൽ ഈ ഉദ്യോഗാർഥി ഉൾപ്പെടുന്നില്ല. അതിനാൽ നിയമന ശുപാർശ നടത്തുന്നതിനും തടസ്സമില്ല  

∙സംസ്ഥാന വ്യാപകമായി അഞ്ഞൂറോളം എച്ച്എസ്ടി ഫിസിക്കൽ സയൻസ് ഒഴിവുകളുണ്ട്. യോഗ്യതയുമായി ബന്ധപ്പെട്ട കേസ് എത്രയും വേഗം തീർപ്പാക്കി ഒഴിവുകളിൽ നിയമന ശുപാർശ നടത്താൻ ശ്രമം ഉണ്ടാകണം. 

∙കഴിഞ്ഞ ഡിസംബറിൽ പത്താം ക്ലാസുകാർക്കുവേണ്ടി മാത്രം സ്കൂൾ തുറന്നിരുന്നു. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിപ്പിക്കാൻ ആവശ്യത്തിന് അധ്യാപകരില്ലാത്ത സാഹചര്യം അന്നു പല സ്കൂളിലും ഉണ്ടായി. ഇനിയെങ്കിലും ഈ പ്രശ്നത്തിനു സർക്കാർ പരിഹാരം കാണണം.

English Summary: Kerala PSC Rank Holders Needs

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA