പിഎസ്‌സി: ഒഴിവ് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ വകുപ്പുമേധാവിക്കെതിരെ നടപടി

student
Representative Image. Photo Credit : Dhirendrasingh K. Bais/ Shutterstock.com
SHARE

സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ നടപടിക്രമങ്ങൾ കർശനമാക്കി സർക്കാർ ഉത്തരവിറക്കി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പുമേധാവികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.  

ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ജൂൺ 8നു പുറത്തിറക്കിയ സ.ഉ.(കൈ) നമ്പർ. 13/2021/ഉ.ഭ.പ.വ ഉത്തരവിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തിയത്.  പ്രമോഷൻ മുടങ്ങിയ തസ്തികകളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും  പ്രതിപാദിച്ചിട്ടുണ്ട്. 

വിരമിച്ചവരുടേതടക്കം ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതുമൂലം നിയമനത്തിൽ തടസ്സമുണ്ടാകുന്നതു ചൂണ്ടിക്കാട്ടി കഴിഞ്ഞ ലക്കം ‘തൊഴിൽ വീഥി’ മുഖപ്രസംഗം നൽകിയിരുന്നു.

ഉത്തരവിലെ പ്രസക്ത ഭാഗങ്ങൾ

∙കോടതിയിൽ സീനിയോറിറ്റി തർക്കം നിലനിൽക്കുമ്പോൾ റഗുലർ പ്രമോഷൻ സ്റ്റേ ചെയ്ത് കോടതി ഇടക്കാല ഉത്തരവ് നൽകിയ കേസുകളിൽ മാത്രം താൽക്കാലിക പ്രമോഷൻ നടത്തി ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന ഒഴിവുകൾ കണക്കാക്കി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണം. എന്നാൽ, ഒരു തസ്തികയിലെ പ്രമോഷൻ പൂർണമായും സ്റ്റേ ചെയ്ത കേസുകളിൽ താൽക്കാലിക പ്രമോഷൻ നടത്താനോ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനോ പാടില്ല. ഈ നടപടി പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകൾക്കു മാത്രം ബാധകമായിരിക്കും. 

∙ഒരു തസ്തികയിൽ പ്രമോഷൻ അനുവദിക്കാൻ ഒഴിവു നിലനിൽക്കുകയും അർഹരായ ജീവനക്കാർ ഇല്ലാതെ വരികയും ചെയ്താൽ, പ്രമോഷൻ തസ്തികകൾ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേക്കു താൽക്കാലികമായി തരംതാഴ്ത്തി ഒഴിവു റിപ്പോർട്ട് ചെയ്യണം. പ്രമോഷന് അർഹതയുള്ള ജീവനക്കാർ ലഭ്യമാകുന്ന മുറയ്ക്കു തസ്തിക അപ്ഗ്രേഡ് ചെയ്തു പ്രമോഷൻ അനുവദിക്കണം. ഈ നടപടിയും പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകൾക്കു മാത്രം ബാധകമായിരിക്കും. 

∙ഒരിക്കൽ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത ഒഴിവുകൾ റദ്ദാക്കാനോ കുറവു ചെയ്യാനോ കഴിയാത്തതിനാൽ തസ്തികകൾ തരംതാഴ്ത്തി ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുമ്പോൾ ഇരട്ടിപ്പു വരാതിരിക്കാൻ ശ്രദ്ധിക്കണം. 

നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയും വിവരം ബന്ധപ്പെട്ട ഭരണ വകുപ്പു സെക്രട്ടറിമാർ മുഖേന ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഉപദേശ–സി) വകുപ്പിനെ അറിയിക്കുകയും വേണം. 

English Summary: Kerala PSC Vacancy Reporting

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA