ADVERTISEMENT

സ്റ്റാർട്ടപ് കമ്പനികളെ വിരിയിച്ചെടുത്ത് കോഴിക്കോട് എൻഐടിയിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (ടിബിഐ). 70ലേറെ സ്റ്റാർട്ടപ്പുകൾ ഇവിടെ നിന്നു മികച്ച കമ്പനികളായി രൂപപ്പെട്ടിട്ടുണ്ട്. ടിബിഐയുടെ സഹായത്തോടെ ഒട്ടേറെ സംരംഭകർ മറ്റു സ്ഥലങ്ങളിൽ കമ്പനികൾ രൂപീകരിച്ചിട്ടുമുണ്ട്.

2004ലാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ എൻഐടിയിൽ ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ സ്ഥാപിക്കുന്നത്. തുടക്കത്തിൽ വിദ്യാർഥികൾക്കായി മാത്രമാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെങ്കിലും അധികം വൈകാതെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇപ്പോൾ 90 ശതമാനത്തിലധികം സ്റ്റാർട്ടപ്പുകളും പൊതുസമൂഹത്തിൽ നിന്നുള്ളവയാണ്. ഐടി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ മേഖലകളിലുള്ള സ്റ്റാർട്ടപ്പുകൾക്കാണ് ഇൻകുബേറ്ററിൽ പ്രവർത്തിക്കാൻ അവസരം. എന്നാൽ, എല്ലാത്തരം സംരംഭകർക്കും ഇവിടെ നിന്നു പ്രോജക്ട് പ്രപ്പോസൽ തയാറാക്കാനും ബിസിനസ് രംഗത്തേക്കു പ്രവേശിക്കാനുമുള്ള സഹായം ഇവിടെ നിന്നു ലഭ്യമാക്കും.

 

ആശയവുമായി വരൂ, നേട്ടങ്ങൾ കൊയ്യാം

ആശയങ്ങളുമായി എത്തുന്ന ഏതു സംരംഭകനെയും സഹായിക്കാൻ ടിബിഐയിലെ ഉദ്യോഗസ്ഥരുണ്ടാകും. എല്ലാവർക്കും ഒരു ‘പ്രീ ഇൻകുബേഷൻ’ കാലാവധിയുണ്ടാകും. ബിസിനസ് ആയി രൂപപ്പെടുത്താൻ പറ്റിയ സാധ്യത ആശയത്തിനുണ്ടോ എന്നത് ഈ കാലയളവിൽ പരിശോധിക്കും. ബിസിനസ് പ്ലാൻ തയാറാക്കാനും നിയമവശങ്ങൾ പരിചയപ്പെടാനും സഹായിക്കും. എൻഐടി ടിബിഐയിൽ പ്രവർത്തിക്കാനുള്ള മേഖല അല്ലെങ്കിൽ അവർക്കു പറ്റിയ മറ്റ് ഇൻകുബേറ്ററുകളോ സ്ഥാപനങ്ങളോ പരിചയപ്പെടുത്തും.

TBI

 

എൻഐടിയിലെ അധ്യാപകരും ഐഐഎം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദഗ്ധരുമടങ്ങിയ 9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇൻകുബേറ്ററിലേക്കു സംരംഭങ്ങളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്കു 3 മുതൽ 4 വർഷം വരെ സൗകര്യങ്ങൾ നൽകും. പ്രവർത്തിക്കാനുള്ള സ്ഥലസൗകര്യം, ഇന്റർനെറ്റ് സൗകര്യം, ആവശ്യമെങ്കിൽ ലോൺ, ഉൽപന്നങ്ങൾ വികസിപ്പിക്കാനുള്ള ലാബ് സൗകര്യങ്ങൾ തുടങ്ങിയവ നൽകും. ഓരോ 6 മാസവും പ്രവർത്തനങ്ങളെക്കുറിച്ചു റിവ്യൂ ഉണ്ടാകും. ഇതിനെ അടിസ്ഥാനമാക്കിയാണ് ഫണ്ടിങ് തുടരണോ എന്നു തീരുമാനിക്കുന്നത്. രാജ്യത്തെ മറ്റ് ഇൻകുബേറ്ററുകളുമായിട്ടും എൻഐടി ടിബിഐയ്ക്കു ബന്ധങ്ങളുണ്ട്. ടിബിഐയിൽ നിന്നു പുറത്തിറങ്ങിയ ആറോളം കമ്പനികൾക്കു നിലവിൽ 3 കോടിയിലധികം രൂപയുടെ ടേണോവർ ഉണ്ട്. ‌‌

 

എല്ലാ സംരംഭകർക്കും പരിശീലനം

എല്ലാ വർഷവും സംരംഭകർക്കായി ഓരോ മാസം നീളുന്ന 6 പരിശീലനങ്ങൾ ഇൻകുബേറ്ററിൽ നടത്താറുണ്ട്. സ്ത്രീ സംരംഭകർക്കായി മാത്രമാണ് ഇതിലൊന്ന്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും വെർച്വലായി പരിശീലനം നടത്തി.

 

ഏതുതരം സംരംഭകർക്കും പരിശീലനത്തിൽ പങ്കെടുക്കാം. ഒരു സംരംഭം തുടങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ, നിയമവശങ്ങൾ, പ്രോജക്ട് പ്രപ്പോസൽ തയാറാക്കൽ, നിക്ഷേപം കണ്ടെത്തൽ, മനുഷ്യവിഭവശേഷി തുടങ്ങിയവയിൽ ഇവിടെ പരിശീലനം നൽകും. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരാകും ക്ലാസുകൾ നയിക്കുക.

 

കോഴിക്കോട് എൻഐടിയുമായി വ്യവസായ സ്ഥാപനങ്ങൾക്കു ബന്ധപ്പെടുന്നതിനുള്ള പാലമാണ് ടെക്നോളജി ബിസിനസ് ഇൻകുബേറ്ററെന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സി.വി.വിജിത്ത് കുമാർ പറയുന്നു. ആർക്കും തങ്ങളെ സമീപിക്കാം. രാജ്യമെമ്പാടും കേന്ദ്രസർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഇൻകുബേറ്ററുകളുമായി ബന്ധമുള്ളതിനാൽ സംരംഭകർക്കു വലിയ സാധ്യതയാണ് ഇവിടെ ലഭിക്കുന്നതെന്നും വിജിത്ത് കുമാർ പറഞ്ഞു. വെബ്സൈറ്റ്: ww.tbi.nitc.ac.in

English Summary: Technology Business Incubator At NIT Calicut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com